Tuesday 18 May 2021

ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെ പാർട്ടിയ്ക്കക്ക് ന്യായീകരിക്കാനാവില്ല


മുഖ്യമന്ത്രിയും പുതിയ ആൾ വരട്ടെ! നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാകണം. സിപിഎം റീപ്ലെയ്സ് ചെയ്യാൻ സാധിക്കാത്ത മന്ത്രിയാണോ പിണറായി വിജയൻ? കെ കെ ശൈലജ ടീച്ചർക്കു വേണ്ടി വാദിക്കുന്നത് വൈകാരിക പ്രകടനമാണെന്ന് പറയുന്നവർ ആദ്യം മനസ്സിലാക്കേണ്ടത് പാർട്ടിക്കുള്ളിൽ സൂക്ഷ്മ തലത്തിൽ ജെൻഡർ വർക്ക് ചെയ്യുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെയാണ് ടേം വ്യവസ്ഥയിൽ പിണറായി വിജയന് ആനുകൂല്യം ലഭിക്കുന്നത്. അതിലൊരു ശരികേടും കാണാത്തത് അന്ധത തന്നെയാണ്. 

1994 ജനുവരി ഒന്നിന് കെ.ആർ. ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയത് എന്തിനായിരുന്നു? കെ.കെ. ശൈലജ ടീച്ചറെ തഴഞ്ഞതെന്തിനായിരുന്നു എന്നീ ചോദ്യങ്ങളുടെ ഉത്തരം ജെൻഡർ എന്നു തന്നെയെന്ന് പറയേണ്ടിവരും. LDF മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാരില്ലേ എന്നാണ് ചോദ്യമെങ്കിൽ, ഉത്തരം ഇത്രയേയുള്ളൂ: കേരളം LDF തുടർച്ച ആഗ്രഹിച്ചത് LDF മന്ത്രിസഭയുടെ സംഘാടന മികവുകൊണ്ടായിരുന്നു. ലോകം മുഴുവൻ വിറങ്ങലിച്ചു നിന്നപ്പോൾ കോവിഡിനെ ഫലപ്രദമായി ചെറുത്ത ശൈലജ ടീച്ചറുടെ സംഘാടന മികവിനെ പ്രശംസിക്കാതിരിക്കാനാവില്ല. ലോകം കേരളത്തിലെ ഒരു വനിതാ നേതാവിനെ ആദരിച്ചിട്ടുണ്ടെങ്കിൽ അത് കെ കെ ശൈലജ ടീച്ചറെ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കൈക്കാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ അവസ്ഥ എന്തായിരുന്നു എന്ന് കഴിഞ്ഞ അഞ്ചു വർഷം കേരളം കണ്ടതാണ്. പരാജിതനായ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു പിണറായി എന്നും ഈ അവസരത്തിൽ വിസ്മരിക്കരുത്.

61,000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.കെ. ശൈലജ ടീച്ചർ മട്ടന്നൂരിൽ നിന്ന് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ മറ്റാർക്കും നേടാനാകാത്ത വിജയം. അതവരുടെ പ്രവർത്തന മികവിന്റെ കൂടി അംഗീകാരമാണ്. എന്തൊക്കെ ന്യായീകരണങ്ങൾ നടത്തിയാലും പാർട്ടിയുടെ ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ല.

നൂറാം വാർഷികത്തിൽ ലഡുവും കൊണ്ട് ചെന്നുകണ്ടാലോ, മരണശേഷം പാർട്ടി പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചതു കൊണ്ടോ കാര്യമില്ല. നീതി കാട്ടേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്.

പാർട്ടിയുടെ ഏത് നിയമത്തിലാണ് ക്യാപ്റ്റനെന്ന് പിണറായി വിജയനെ അഭിസംബോധന ചെയ്യുന്ന ശീലം പെടുക? ജനങ്ങൾ ക്യാപ്റ്റനെന്ന് വിളിച്ചു തുടങ്ങിയപ്പോൾ പാർട്ടി വിലക്കിയിരുന്നോ? ഇഴകീറി പരിശോധിക്കണം. വീഴ്ചവന്ന അവസരങ്ങൾ മനസ്സിലാകും. അത് തിരുത്തി വേണം മുന്നേറാൻ. അല്ലെങ്കിൽ ഈ ചരിത്രത്തിന്റെ ഭാരം താങ്ങാനാവാതെ വേച്ചു പോകുന്ന അവസ്ഥ വരും

Monday 20 July 2020

ഒരേ ഒരു ഡ്രാഗൺ



ബ്രൂസ് ലീ ഓർമ്മയായിട്ട് ഇന്നേക്ക് 80 വർഷം. മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധൻ. ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് ആവർത്തിച്ചു കണ്ടിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ. അവയിലെ ആക്ഷൻ രംഗങ്ങൾ. അവയുണർത്തുന്ന ഉന്മാദാരാധന. അതെ, ബ്രൂസ് ലീ ഞാനടക്കം വരുന്ന വലിയൊരു തലമുറയുടെ ഹീറോ ആയിരുന്നു. സിനിമാ കാഴ്ചയുടെ വസന്തരക്തം അത്രമേൽ സിരകളിൽ ഓടി തുടങ്ങാത്ത ഒരു തലമുറയ്ക്കുപോലും സുപരിചിതനായിരുന്നു ബ്രൂസ് ലീ.
ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുൻയുടെയും, ചൈനീസ്-ജർമ്മൻ പാരമ്പര്യമുള്ള ഗ്രേസിന്റെയും, മകനായി 1940 നവം‌ബർ‍ 27ന്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ജാക്സൺ സ്ട്രീറ്റ് ആശുപത്രിയിലാണ്‌ ബ്രൂസ് ലീ ജനിച്ചത്. ജൂൻഫാൻ എന്നായിരുന്നു ഗ്രേസ് മകന് നൽകിയ പേര്. പക്ഷെ, ആ ആശുപത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെർ അവനെ ബ്രൂസ് എന്നു വിളിച്ചു. പിന്നീട് ലീ എന്ന കുടുംബപ്പേരുകൂടി ചേർന്നപ്പോൾ അവൻ ബ്രൂസ് ലീ ആയി. ലേ സാൻസ് കോളേജിലും സെന്റ് ഫ്രാൻസിസ് കോളേജിലുമായായിരുന്നു ലീയുടെ വിദ്യാഭ്യാസം. മെലിഞ്ഞു ദുർബലമായ ശരീര പ്രകൃതിയായിരുന്നു കൊച്ചു ബ്രൂസിന്റേത്. മുൻകോപവും എടുത്തുചാട്ടവും അവനെ പലപ്പോഴും കുഴപ്പത്തിൽ ചാടിച്ചു. 18-ാം വയസ്സിൽ സഹപാഠിയിൽ നിന്നും രൂക്ഷമായി മർദ്ദനമേറ്റ ലീ സ്വയരക്ഷക്കായി ആയോധനകല പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. പഠന കാര്യങ്ങളിൽ ഉഴപ്പൻ. അതിനുപുറമെ അടിപിടിയും. മകൻ നാട്ടിൽ നിന്നാൽ അക്രമം നടത്തി ജയിലിൽ പോകുമെന്ന് ഗ്രേസ് ഭയന്നു. അങ്ങനെ തുടർ വിദ്യാഭ്യാസത്തിനായി ബ്രൂസിനെ അമേരിക്കയിലെ ഒരു സുഹൃത്തിനടുത്തേക്കയക്കാൻ അവർ തീരുമാനിച്ചു. അമ്മ നൽകിയ നൂറു ഡോളറും, 1958-ലെ ഹോങ് കോങ് ബോക്സിങ് ചാമ്പ്യന്റെ മെഡലുമായി ബ്രൂസ്‌ലീ അമേരിക്കയിലെത്തി. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വചിന്തയിൽ ‍ ബിരുദം സമ്പാദിച്ചു. യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത്, 1961-ൽ ലീ ലിൻഡയെ കണ്ടുമുട്ടി. പ്രണയബദ്ധരായ അവർ 1964 ആഗസ്റ്റിൽ വിവാഹിതരായി.
1060973969
ലീ ഹോയ് ചുൻ ചില ചൈനീസ് സിനിമകളിലെ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. അതിനാൽ കുഞ്ഞായിരിക്കുമ്പോൾ തന്നെ ബ്രൂസ് സിനിമയിലെത്തി. ബാല നടനായി ശ്രദ്ധേയനായ ലീ 18 വയസ്സായപ്പോഴേയ്ക്കും ഇരുപതോളം ചലച്ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 1958–1964 കാലഘട്ടത്തിൽ അഭിനയ മോഹം ഉപേക്ഷിച്ച് ലീ ആയോധന കലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1964-ലെ ലോംഗ് ബീച്ച് കരാട്ടെ ചാമ്പ്യൻഷിപ്പിലെ ലീയുടെ മാസ്മരിക പ്രകടനം കണ്ട പ്രസിദ്ധ ടെലിവിഷൻ നിർമ്മാതാവ് വില്യം ഡോസിയർ തന്റെ പുതിയ പരമ്പരയായ ഗ്രീൻഹോണറ്റിലേക്ക് ക്ഷണിച്ചതോടെയാണ്‌ ബ്രൂസ് ലീ, വീണ്ടും അഭിനയ രംഗത്തേയ്ക്കു വന്നത്. എ.ബി.സി.ആക്ഷൻ സീരീസില്‍പ്പെട്ട “ഗ്രീൻ ഹോർണറ്റ്”(Green Horneറ്റ്) എന്ന പരമ്പരയിലെ “കാറ്റോ”(Kato) എന്ന കഥാപാത്രമാകാനായിരുന്നു ക്ഷണം. 1965-ൽ ചിത്രീകരിച്ച പരമ്പര 1966-67 കാലഘട്ടത്തിലാണ്‌ സംപ്രേക്ഷണം ചെയ്തത്.
1971-ൽ തായ്‌ലാന്റിൽ ചിത്രീകരിച്ച ആദ്യ ചിത്രമായ “Tan Shan da Xiong”(ഇംഗ്ലീഷിൽ “The Big Boss”)-ലൂടെ ബ്രൂസ് ഹോങ് കോങിൽ വലിയ ചലനമുണ്ടാക്കി. തൊട്ടു പിന്നാലെ വന്ന “ഫിസ്റ്റ് ഓഫ് ഫ്യുറി”യും അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഒരു ജനകീയ ഹീറോ ആയി ഉയർന്ന ലീ സ്വന്തമായി ചലച്ചിത്ര കമ്പനി ആരംഭിച്ചു. 1973-ൽ റോബർട്ട് ക്ലൗസ് സം‌വിധാനം ചെയ്ത എന്റെർ ദ ഡ്രാഗൺ ആയിരുന്നു അടുത്ത ചിത്രം. ഗോൾഡൻ ഹാർവെസ്റ്റ്- വാർണർ ബ്രോസ് നിർമ്മാണക്കമ്പനിയുടെ ആദ്യ ചിത്രമായിരുന്നു അത്. പക്ഷേ ചിത്രം റിലീസ് ചെയ്ത്, അന്നുവരെ ലോകസിനിമയിലുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നാലു മില്യൺ അമേരിക്കൻ ഡോളർ ലാഭമുണ്ടാക്കി. എന്നാൽ, ലോക സിനിമയിലെ ഏഷ്യക്കാരനായ ആദ്യ സൂപ്പർ താരമാകുന്നത് കാണാൻ ലീ ജീവിച്ചിരുന്നില്ല!
090473
നേപ്പാളി സംസ്കാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ഗെയിം ഓഫ് ഡെത്ത് (Game Of Death) എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം. 1973 മെയ് 10-നായിരുന്നു മരണത്തിന്റെ ആദ്യ ലക്ഷണം പ്രകടമായത്. അന്ന് “എന്റർ ഫോർ ദ ഡ്രാഗണി”ന്റെ ശബ്ദലേഖനത്തിനിടെ ഗോൾഡൻ ഹാർവെസ്റ്റ് സ്റ്റുഡിയോയിൽ ബ്രൂസ് ലീ കുഴഞ്ഞു വീണു. ഹോങ് കോങിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ ചികിത്സയുടെ ഫലമായി ലീ താത്കാലികമായി രോഗമുക്തി നേടി.
1973 ജൂലൈ 20ന്‌ ഉച്ചയ്ക്ക് രണ്ടു മണിക്ക് റെയ്മണ്ട് ചോയുമായി “ഗെയീം ഓഫ് ഡെത്തി”ന്റെ നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്ത ശേഷം ലീയും ചോയും, 4 മണിക്ക് പ്രസ്തുത ചലച്ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന തായ് നടി ബെറ്റി ടിങ് പേയ്ന്റെ വീട്ടിലെത്തി. മൂവരും ചേർന്ന് തിരക്കഥയെക്കുറിച്ച് ചർച്ച നടത്തുന്നതിനിടെ, അത്താഴവിരുന്നിന്‌ ഒത്തുചേരാമെന്നു പറഞ്ഞ് റെയ്മണ്ട് ചോ യാത്ര പറഞ്ഞു.
കുറച്ചുനേരത്തെ ചർച്ചയ്ക്കുശേഷം തലവേദനയനുഭവപ്പെടുന്നുവെന്നു പറഞ്ഞ് ലീ വിശ്രമ മുറിയിലേയ്ക്കു പോയി. ബെറ്റി താൻ സ്ഥിരമായുപയോഗിക്കുന്ന ഒരു വേദനസംഹാരി നൽകി. അത്താഴവിരുന്നിന്‌ ലീയെ കാണാത്തതിനാൽ ബെറ്റിയുടെ വീട്ടിലെത്തിയ ചോ അദ്ദേഹം അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. അവരിരുവരും ചേർന്ന് അദ്ദേഹത്തെ ഹോങ് കോങിലെ പ്രശസ്തമായ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലേയ്ക്കു കൊണ്ടുപോയെങ്കിലും മാർഗ്ഗമധ്യേ മരണം സംഭവിച്ചു.

മലയാളികളുടെ ശീമ തമ്പുരാന് ജന്മദിനാശംസകള്‍


ചലച്ചിത്ര നടൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ നസറുദ്ദീൻ ഷായുടെ ജന്മദിനമാണ് ഇന്ന്. ഉത്തർ പ്രദേശിലുള്ള ബാരബാങ്കി ജില്ലയിൽ 1950, ജൂലൈ 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. അജ്മീറില്‍ ഉള്ള സെയിന്റ് ആൻസെൽ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാ, അലിഗഡ് മുസ്ലീം യൂണിവേർഴ്സിറ്റിയിൽ നിന്ന് 1971-ൽ കലയിൽ ബിരുദം നേടി. ഡൽഹിയിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠനം നടത്തിയിട്ടുണ്ട്.
1980-ൽ പുറത്തിറങ്ങിയ ഹം പാഞ്ച് എന്ന സിനിമയോടുകൂടി അഭിനയരംഗത്തെത്തിയ നസറുദ്ദീൻ ഷാ, ബോളിവുഡിലെ വ്യാണിജ്യ ചലച്ചിത്രങ്ങളിലും സമാന്തര ചലച്ചിത്രങ്ങളിലും ഒരേ പോലെ അഭിനയിച്ച് വിജയം കൈവരിച്ചു. ചില അന്തർദേശീയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ (The League of Extraordinary Gentlemen) എന്ന ചലച്ചിത്രത്തിലെ ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രം അവയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ഇജാസത് (1987), ജൽ‌വ (1988), ഹീറോ ഹീരാലാൽ (1988) എന്നിവ നസറുദ്ദീൻ ഷാ നായകനായ സിനിമകളാണ്. 1988-ൽ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ രത്ന പാഠക് നായികയും ആയി ഇൻസ്പെക്റ്റർ ഗോട്ടേ എന്ന സിനിമയും പുറത്തിറങ്ങി. ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) എന്നിവയായിരുന്നു പീന്നീട് അദ്ദേഹം അഭിനയിച്ച മുഖ്യ സിനിമകൾ.
1993 – ൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന മലയാള ചിത്രത്തിൽ ഷാ അവിസ്മരണീയമാക്കിയ ശീമ തമ്പുരാൻ എന്ന കഥാപാത്രം മലയാളികൾ മറക്കാൻ വഴിയില്ല. 1940- കളിലെ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്ന ചലച്ചിത്രത്തിന്റെ കേന്ദ്ര പ്രമേയം താഴ്ന്ന ജാതിക്കാരനായ പൊന്തൻമാടയും(മമ്മൂട്ടി) ഐറിഷ് റിപബ്ലിക് ആർമിയെ പിന്തുണച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും(ഷാ) തമ്മിലുള്ള അസ്വാഭാവിക ബന്ധമാണ് ചിത്രം പറയുന്നത്. സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമ തമ്പുരാൻ എന്നീ രണ്ട്  കഥകളുടെ ദൃശ്യാവിഷ്കാരം കൂടിയായിരുന്നു ചിത്രം.
cover
ഷായുടെ സ്വപ്നമായിരുന്നു മഹാത്മാ ഗാന്ധിയുടെ റോൾ അഭിനയിക്കണം എന്നത്. 2000-ത്തിൽ കമലഹാസന്റെ ഹേ റാം എന്ന ചിത്രം ഈ ആഗ്രഹത്തിന്റെ പൂർത്തീകരണമായി. മഹാത്മാ ഗാന്ധി വധം ഘാതകന്റെ ദൃഷ്ഠിയിൽ നിന്ന് കാണാനുള്ള ഒരു ശ്രമമായിരുന്നു ഈ സിനിമ.
2001-ൽ പുറത്തിറങ്ങിയ മൺസൂൺ വെഡ്ഡിങ്ങ് എന്ന സിനിമയും 2003-ൽ ഷെയിൻ കോണറിയോടൊപ്പം അഭിനയിച്ച ദ ലീഗ് ഓഫ് എക്ടാ ഓർഡിനറി ജെന്റിൽമെൻ എന്ന സിനിമയും ആണ് അദ്ദേഹം അഭിനയിച്ച പ്രധാന വിദേശചിത്രങ്ങൾ.
2006-ൽ നിർമ്മിക്കപ്പെട്ട യൂ ഹോതാ തൊ ക്യാ ഹോത എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസം‌രംഭം. ഈ സിനിമയിൽ പരേശ് റാവൽ, ഇർഫാൻ ഖാൻ, അയിഷ ടാക്കിയ തുടങ്ങിയവരാണ് വേഷമിട്ടത്.

Friday 12 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 07

അവളുടെ വാക്കുകളിൽ ഒന്ന് പതറി, ക്ലാസ്സിൽ നിന്ന് വേനലിലേക്കിറങ്ങി. ഒരു സഹോദരന്റെ സ്ഥാനത്തെങ്കിലും എന്നെ കാണുന്നുണ്ടല്ലോ എന്നൊരാശ്വാസം അപ്പോൾ എന്നെ വന്ന് സ്പർശിച്ചതേയില്ല. വിവേകാനന്ദ കോളേജിന്റെ പടികളിറങ്ങി ബസ്സ് കാത്ത് നിൽക്കുമ്പോൾ അവൾ ചോദിച്ചു "കല്യാണത്തിന് വിളിച്ചാൽ വരില്ലേ?''

ഒന്നു പറഞ്ഞില്ല. തല കുനിഞ്ഞ് പോകുന്നപോലെ തോന്നി. നടക്കാമെന്ന് മനസ്സ് പറഞ്ഞ് തുടങ്ങി. നടത്തത്തിന് പഴയ വേഗമില്ല. കരഞ്ഞുപോയാൽ?

കുന്നിറങ്ങി നടന്നാൽ അച്ഛന്റെ വർക്ക് ഷോപ്പിലെത്താം. മുഖം വാടിയതു കണ്ടാൽ അച്ഛന്റെ നെഞ്ചിടിപ്പേറും. "എന്താടാ?" എന്ന ചോദ്യം ഇടറിയാൽ.... മനസ്സൊന്ന് പിടഞ്ഞു.

അടുത്തു കണ്ട പൈപ്പ് തുറന്ന് വെള്ളമെടുത്ത് മുഖം കഴുകി. നേരെ വർക്ക്ഷോപ്പിലേക്ക് നടന്നു.

"തലവേദനിക്കുന്നുണ്ടോ നിനക്ക്?" അച്ഛൻ ചോദിച്ചു.

"ഉം!"

"എന്നാ വാ ഒരു ചായ കുടിക്കാം"

മണിയേട്ടൻ ചായ കൊണ്ടുവന്ന് മുന്നിൽ വച്ചു..

"പഴംപൊരി കൊടുക്ക്"

"അതവൻ എടുക്കാറുള്ളതല്ലേ?"

"നല്ല തലവേദനയാണെന്ന് തോന്നുന്നു. അതാണ് ഈ ഇരുത്തം"

"ഞാനും കരുതി ഇന്നെന്താ ഇങ്ങനെയെന്ന്. അല്ലേൽ പത്രം കിട്ടീലാ എന്നൊക്കെ പറഞ്ഞ് വഴക്കടിക്കാൻ വരണ്ടതല്ലേ?"

അച്ഛനൊന്ന് ചിരിച്ചു. തെളിച്ചമുള്ള ചിരി.

"എന്താ അവന്റെയൊരു ചിരി" അച്ഛന്റെ അടുത്തിരിക്കുന്നതിനിടയിൽ ഷാജിയേട്ടൻ പറഞ്ഞു.

വിഷാദത്തിന്റെ പിടി അയഞ്ഞിരിക്കുന്നു. അച്ഛന്റെ ചിരിയുടെ മാന്ത്രിക സ്പർശം വന്ന് തൊട്ടിരിക്കുന്നു. എന്റെ ചുണ്ടുകൾ അതേ ചിരിയെ പകർത്തി.

"ഹാ... രണ്ടിന്റേയും ചിരി കണ്ടില്ലേ?"
കൈകൾ കൊണ്ട് ഒരു ചായ എന്ന് പറയുന്നതിനിടയിൽ ഷാജിയേട്ടൻ പറഞ്ഞു.

"കഴിഞ്ഞില്ലേ? ഇനി എന്താ പ്ലാൻ?"

"പി ജി ചെയ്യണം എന്നുണ്ട്‌."

ചായ കുടിച്ച് ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു.  "ഒന്നിച്ച് പോകാം"

പഞ്ചറായ ബൈക്കും തള്ളി കമിതാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേരെത്തിയപ്പോൾ അച്ഛൻ വർക്ക് ഷോപ്പിലേക്ക് നടന്നു. ബാക്ക് വീൽ അഴിച്ചെടുത്ത് അദ്ദേഹം പണിയാരംഭിച്ചു.

"വാടാ" ഷാജിയേട്ടൻ വിളിച്ചു.

മൂപ്പരുടെ കൂടെ കടയിൽ കയറി ഒന്നു രണ്ട് ഈന്തപ്പഴമെടുത്ത് തിന്നു. പുള്ളി ശ്രദ്ധയോടെ ഈന്തപ്പഴങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി. അതിനൊപ്പം ചോദ്യങ്ങൾ പല വഴിയ്ക്ക് വന്നു.
ഞങ്ങളുടെ സംസാരങ്ങളിൽ സിനിമ വന്നു നിറങ്ങി. പതിയെ ഇരുട്ട് പെയ്തു. കടയിലെ പെണ്ണുങ്ങൾ വീടുകളിലേക്ക് മടങ്ങി. റോഡുകളിൽ ഇലക്ട്രിക് വെളിച്ചം വീണ് തിളങ്ങി. മഴ പൊടിച്ചു.... ഞാനതിലേക്കിറങ്ങിയപ്പോൾ അച്ഛന്റെ ശ്വാസനയെത്തി, "പനി പിടിക്കും"

തിരിച്ചു കേറുമ്പോൾ ഒരു മാഞ്ഞു പോകാത്തൊരു വിഷാദം ചിരിയായ് പെയ്തു

നവകേരളശില്പി – ഇ. എം. എസ്


1909 ജൂൺ 13-ന്‌ ചുവന്ന താരകം ഭൂമിയിൽ ജന്മമെടുത്തു. ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന പേരിൽ അദ്ദേഹം സ്വന്തം ചരിത്രമെഴുതി ചേർത്തു. ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നും, അനാചാരങ്ങളിൽ നിന്നും മാറി മനുഷ്യ പക്ഷത്തു നിന്നു ചിന്തിച്ച ഒരാളാണ് ഇ.എം.എസ്. ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി, ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ തലവൻ, ചരിത്രകാരൻ, മാർക്സിസ്റ്റ്, തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രധാനിയാണ്.
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്ന ഇ.എം.എസിന്റെ ” ഫ്രഞ്ചു വിപ്ലവും നമ്പൂതിരി സമുദായവും” എന്ന ലേഖനം 1927 -ൽ യോഗക്ഷേമം മാസികയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് രാഷ്ട്രീയവും, സാമുദായികവും, ദാർശനികവും ആയ വിഷയങ്ങൾ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളിൽ ജീവിതാവസാനം വരെ ഇ.എം.എസിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയും വ്യാപകമായി  ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതുപക്ഷക്കാർ ചേർന്ന് ഇ.എം.എസിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്  പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ(എം) -ന്റെ ഒപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.


ആശയങ്ങൾ രൂപീകരിക്കന്നതിലും അത് പ്രയോഗത്തിൽ  വരുത്തുന്ന കാര്യത്തിലും നവ കേരളത്തിന്റെ ശില്പികളിലൊരാളായി ഇ.എം.എസ്, ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്നു. 1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ഇ.എം.എസ് സർക്കാർ ഭൂപരിഷ്കരണ നിയമം പാസ്സാക്കി. ഇതിലൂടെ ഒരാൾക്ക് കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചു. കൂടുതലുള്ള  ഭൂമി സർക്കാർ കണ്ടു കെട്ടി ഭൂമിയില്ലാത്തവർക്ക് നൽകാൻ നിയമമായി. പാട്ടവ്യവസ്ഥയും, കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും നിയമ സംരക്ഷണം ലഭിച്ചു. ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമം, സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു.

സ്വപ്രവർത്തികൾ കൊണ്ട് ഇ.എം.എസ് കേരള ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി. ഇന്ത്യയിൽ നിലനിൽക്കുന്ന, അർദ്ധഫ്യൂഡൽ വ്യവസ്ഥിതിയെ മാർക്സിയൻ ചരിത്ര കാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാൻ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. ഇ.എം.എസിന്റെതായി നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യമായി എഴുതിയതും ഇ.എം.എസ് ആയിരുന്നു.

Thursday 11 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 06

മഴക്കാലത്തിന്റെ തുടക്കം അത് നല്ല രസമാണ്. ഭൂമിയുടെ പ്രണയമാണ് മഴ. മണ്ണിന്, മഴയെഴുതുന്ന പ്രണയകാവ്യ സുഗന്ധമാണ് പുതുമഴ പെയ്യുമ്പോഴുണ്ടാകുന്നത് എന്ന് എനിക്ക് തോന്നും.

കുഞ്ഞായിരുന്നപ്പോൾ എന്നെ അമ്പലത്തിൽ കൊണ്ടുപോയ ഒരു അനുഭവം അമ്മ ഇപ്പഴും പറയാറുണ്ട്. അന്നെന്തോ അമ്മയുമായി വഴക്കടിച്ചിരുന്നു. ആ കലിമൊത്തം അമ്പലത്തിലെ വിഗ്രഹത്തോടായിരുന്നു. വായിൽ തോന്നിയതെല്ലാം വിളിച്ചു. അമ്മയെന്റെ ചുണ്ടിനെറ്റിയത് എനിക്കിന്നും ഓർമ്മയുണ്ട്. എനിക്കത് തീരെ ഇഷ്ടമായില്ല.അതെന്താ അങ്ങനെ വിളിച്ചാലെന്നായിരുന്നു എന്റെ സംശയം? ആ സംശയത്തെ സാധൂകരിക്കുന്ന ഒന്നും അമ്മയ്ക്ക് പറയാനായില്ല. വീണ്ടും എത്രയോ തവണ ഞാൻ അമ്പലത്തിൽ പോയിട്ടുണ്ട്, ഇഷ്ടം വരുമ്പോൾ ഇഷ്ടത്തോടെയും, ദേഷ്യം വരുമ്പോൾ അനിഷ്ടത്തോടെയും പെരുമാറിയിട്ടുണ്ട്. ഒരു സുഹൃത്തിനോട് സംസാരിക്കുന്ന രീതിയിൽ സംസാരിക്കാനായിരുന്നു എനിക്കിഷ്ടം.

പതിയെ പുളളിക്കാരനുമായി (God) ഞാൻ അകന്നു. അതിനും കാരണങ്ങളുണ്ട്.
വീട്ടിൽ കോഴി, താറാവ്, പൂച്ച, ആട് ,പശു എന്നിങ്ങനെ ആരെയെങ്കിലും വളർത്തുമായിരുന്നു. ഞങ്ങൾ സ്കൂളിലേക്കും അച്ഛൻ ജോലിക്കും പോയി കഴിഞ്ഞാൽ വീട് ശൂന്യമാകും. അന്നേരങ്ങളിൽ അമ്മയ്ക്ക് അവരുമായാണ് കൂട്ട്. വീട്ടിൽ മുപ്പത് ആടും ഒരു പശുവും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ഞാനും അനിയനും അവരുടെ കൂടെ കൂടും.


എനിക്ക് പശുക്കളെ കയറിൽ കെട്ടി കൊണ്ടു വരുന്നത് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ വട്ടകയറിൽ നിന്ന് കയറഴിച്ചെടുത്താണ് ഞാനവരെ കൊണ്ടുവരിക. ഒരു സുഹൃത്തിനോട് സംസാരിച്ച് വരുന്നപോലെയാണ് ആ നടത്തം. നാട്ടുകാരിൽ പലർക്കും അതിൽ പരാതിയുണ്ടായിരുന്നു. കയറഴിച്ചാൽ, ഒഴിഞ്ഞ പാടത്തിലൂടെ അവളോടും പിന്നെ കിതച്ചു കൊണ്ട് എന്റെയടുത്ത് വന്നു നിൽക്കും.
"പോകാം" ഞാൻ പറയും.
അവൾ കൊമ്പിട്ടിളക്കി എന്റെ മുന്നിൽ കയറി നടക്കും. ചില സമയത്ത് എനിക്കത് ഇഷ്ടമാകില്ല. ഞാനപ്പോൾ വീട്ടിലേക്ക് ഓടും. വായുവിലേക്ക് വാലുയർത്തി അവൾ പിന്നാലെ ഓടിവരും. രണ്ടു പേരും നിന്ന് കിതക്കുമ്പോൾ അമ്മ ചോദിക്കും; "നീ എന്തിനാ അവളെ ഓടിക്കണെ?"
ഞാനൊന്നും പറയാതെ അകത്തേക്ക് കയറി പോകും, അവൾ തൊഴുത്തിലേക്കും. ചിലപ്പോഴൊക്കെ സ്നേഹം കൂടി കൂടി വരുമ്പോൾ കുഞ്ഞിനെയെന്നപ്പോലെ അവളെന്നെ നക്കി തോർത്തും. പലപ്പോഴും അതിന് നിന്നു കൊടുക്കാറുണ്ടെങ്കിലും അതേറെ വേദയുള്ള ഒന്നാണ്.
''വേദനിക്കുന്നു" ഞാൻ പറയും.
അവള് നിർത്തില്ല. പിന്നെ നിർബന്ധപൂർവ്വം എഴുന്നേൽക്കും. ഞാൻ നടക്കുമ്പോൾ കുഞ്ഞിനെപോലെ എന്റെ പിന്നാലെ വരും. പിന്നെ എന്നെ മറികടന്ന് മുന്നിൽ നടക്കും. അങ്ങനെ ഞങ്ങളുടെ സൗഹൃദം തുടരുന്നതിനിടയിൽ ആടുകളിൽ ഒന്ന് മരിച്ചുപോയി. വീട് കനത്തൊരു നിശ്ശബ്ദതയിലേക്കും, അടക്കിപിടിച്ച കരച്ചിലേക്കും വഴുതി വീണു. ആടുകൾ കരഞ്ഞു തുടങ്ങുമ്പോൾ അമ്മ എന്നെ വിളിക്കും. കരഞ്ഞു കരഞ്ഞ് പിടഞ്ഞു ചാവുന്ന ആടുകളെ നോക്കി നിൽക്കുമ്പോൾ ഞാൻ നിശ്ശബ്ദനായി കരയും. എനിക്കെന്നോട് വല്ലാത്ത ദേഷ്യം തോന്നും. എന്താണ് ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങും. അന്നേരമെല്ലാം ഞാനീ പറയുന്ന ദൈവത്തോട് കേണിട്ടുണ്ട്. അന്നൊന്നും എന്നോട്ട് കനിയാത്ത ദൈവത്തിൽ നിന്ന് ഞാൻ അകലുകയായിരുന്നു. മൃഗാശുപ്രതിയുമായി ബന്ധപ്പെട്ടെങ്കിലും അവർക്കതിന്റെ കാരണം കണ്ടെത്താനായില്ല. പുല്ലിനിടയിൽ വളർന്ന ആന തൊട്ടാർവാടിയാണ് പ്രശ്നമുണ്ടാക്കിയത് എന്ന് പിന്നീടറിഞ്ഞു. അപ്പോഴേക്കും അഞ്ചാറ് അടുകൾ മരിച്ചുപോയിരുന്നു. ബാക്കിയുള്ളവയെ അച്ഛൻ വിൽക്കുകയായിരുന്നു. സ്കൂൾ വിട്ടുവന്ന ശേഷം ഒഴിഞ്ഞ കൂടിൽ ഞാൻ കയറിയിരിക്കും. എന്റെ മടിയിൽ കയറിയിരിക്കാൻ അപ്പോൾ സുന്ദരിയോ, വരയൻ പുലിയോ, പമ്പറുട്ടിയോ, ശീതളോ, മാലക്കണ്ണിയോ, മീനുട്ടിയോ ആരും തന്നെ ഉണ്ടാകില്ല. ഞാനങ്ങനെ ഇരിക്കുന്നത് അമ്മ നിശ്ശബ്ദമായി നോക്കി നിൽക്കും. തൊഴുത്തിൽ നിന്ന് അമ്മു (പശു)കരഞ്ഞു വിളിക്കും. ഞാൻ തൊഴുത്തിലെ പുൽതൊട്ടിയിൽ പോയി കിടക്കും. അവളെന്നെ കുഞ്ഞിനെപോലെ നക്കി തുടക്കും. അപ്പോൾ അവളുടെ നാവിന്റെ മൂർച്ച ഞാനറിയില്ല. അതിലും കനത്തതാണെല്ലോ എന്റെ വേദനകൾ

Wednesday 10 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 05


അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത, അവനവനില്‍ ഒതുങ്ങി നിന്ന ബാല്യകാലത്തെ മനോഹരമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. ക്ലാസ്സ് കഴിഞ്ഞുള്ള വീട്ടിലേക്കുള്ള ഓട്ടങ്ങളെല്ലാം ഇപ്പോഴും മിഴിവാര്‍ന്ന് നില്‍ക്കുന്നു. ആദ്യമെത്തുക എന്നതിനപ്പുറം എന്തായിരുന്നു ആ ഓട്ടങ്ങളുടെ ലക്ഷ്യം? അധികം സുഹൃത്തുക്കളില്ലാത്ത ഒരാള്‍ എന്തിന് തട്ടിക്കളിച്ച് നില്‍ക്കണം എന്നൊരു മറുചോദ്യത്തിലൂടെ ഞാനാ ഉത്തരത്തെ സാധൂകരിക്കുന്നു. ഒറ്റയാകാന്‍ സ്വയം പരിശീലിച്ച ഒരാളെ നിങ്ങള്‍ക്ക് കാണാനാകുന്നുണ്ടോ? ഇല്ലെങ്കില്‍ എന്നെ നോക്കൂ... ബാല്യത്തില്‍ മാത്രമല്ല ഇപ്പോഴും ഞാനാ കുട്ടിയെ സൗകര്യപൂര്‍വ്വം എടുത്തണിയുന്നുണ്ട്. ഇഷ്ടമാകാത്ത ഇടങ്ങളില്‍, സൗഹൃദങ്ങളില്‍ അയാളോളം എനിക്ക് പ്രിയമുള്ളതായി ആരുമില്ല. കൂടെയുണ്ട് എന്നതുകൊണ്ട് ഒരാളും സുഹൃത്താകണം എന്നില്ലെന്ന പാഠം പകര്‍ന്നതും അവനായിരുന്നു.

ഓര്‍മകള്‍ കണ്ണീരില്‍ കുതിര്‍ന്ന ചിരിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. ഇന്നിനെ നാളയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഇന്നിന്റെ വേദനകളെ എത്ര ലഘുവായാണ് നാം പറയുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്. ഓരോ കാലം, ഓരോ വേദനകള്‍, ചിരികള്‍... കാലമേ നിന്നില്‍ കെട്ടിയാടുന്ന വേഷങ്ങളില്‍ ശരിക്കും ഞാന്‍ ആരാണ്?

ഉത്തരമറിയാത്ത ചോദ്യങ്ങള്‍. അന്വേഷിച്ചിറങ്ങാന്‍ ശങ്കരനല്ല...


പത്തുവരെ എന്നിലേക്ക് തിരിഞ്ഞുനിന്ന എന്നെ കൂടുതല്‍ സംസാരിക്കാന്‍ പ്രാപ്തമാക്കുന്നതില്‍ അമ്മയും അച്ഛനും വഹിച്ച പങ്ക് ചെറുതല്ല. ചാലിശ്ശേരിയിലെ പഠനകാലത്ത് ചോട്ട എന്ന സുഹൃത്തിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളെ വിസ്മരിക്കുന്നില്ല. വളരെ കുറച്ചുപേരുമായി മാത്രം ക്ലോസാവുക. അവരോട് വാതോരാതെ സംസാരിക്കുക തുടങ്ങി എന്റെ അന്നത്തെ ചെയ്തികള്‍ പലതും പലര്‍ക്കും അപരിചിതമായി തോന്നിയേക്കാം. എന്നാല്‍ ആ പഴയ കാലത്തെ ഞാനിന്ന് ഏറ്റവും നന്നായി ഇഷ്ടപ്പെടുന്നു. കൂടെയുള്ളവരില്‍ വളരെ കുറച്ച് സുഹൃത്തുക്കള്‍ തന്നെയാണുള്ളത് എന്ന് മനസ്സിലാക്കുന്നു. ആവശ്യമല്ലാത്ത ഇടപെടലുകള്‍, സംസാരങ്ങള്‍ എന്നിങ്ങനെ എന്നെ എഡിറ്റ് ചെയ്യേണ്ടതിന്‍റെ ആവശ്യങ്ങളെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്.

ആദ്യമേ പറഞ്ഞല്ലോ എന്റെ ബോധ്യങ്ങളെ മാത്രം മുഖവിലയ്‌ക്കെടുത്ത് കഴിയുന്ന ഒരാളെന്ന നിലയില്‍ ചിലരില്‍ നിന്നെല്ലാം വൃത്തിയായി മാറി നില്‍ക്കാന്‍ തന്നെയാണ് ഉദ്ദേശം. മുറിവേല്‍ക്കുന്നത് അത്ര സുഖകരമല്ലെന്ന് മാത്രമറിയാം.

വാല്‍: അനുഭമെഴുത്തിന്റെ ഈ തുടര്‍ച്ചയില്‍ ഇത്തരമൊരു എഴുത്ത് പ്രതീക്ഷിച്ചിരിക്കില്ല എന്നറിയാം. എന്നാലും പറയാതെ എങ്ങനെ?

Tuesday 9 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 04

കുഞ്ഞായിരിക്കുമ്പോള്‍ എല്ലാവരും മഹാന്മാരാണ്. കുട്ടിയായിരിക്കുമ്പേള്‍ ചില സന്ദര്‍ഭങ്ങളില്‍ നാം പറഞ്ഞ കാര്യങ്ങളോര്‍ത്ത് ഇപ്പോള്‍ അത്ഭുതപ്പെട്ട് പോകുന്നത് അതുകൊണ്ടാണ്. കുഞ്ഞുവായിലെ വലിയ വര്‍ത്തമാനമെന്ന് പറഞ്ഞ് കുടുംബവും സമൂഹവുമെല്ലാം അന്നാ കാഴ്ചയുടെ ആഴങ്ങളെ പരിമിതപ്പെടുത്തും. എന്നിട്ടും മായുന്നില്ല ചില ചിത്രങ്ങള്‍. ചിതല്‍ തിന്ന ഓര്‍മ്മകളില്‍ നിന്നും ചിലത് ബാക്കിയാവുന്നു. ശ്വാസം കഴിക്കാന്‍ അനുവദിക്കാതെ അതിങ്ങനെ പിന്തുടരുന്നു. അനുഭവിച്ച ഇടം മാറിയിരിക്കുന്നു. എന്നിട്ടും. ബാല്യത്തിലേക്കെത്താനാവാതെ എനിക്കുള്ളിലെ കുട്ടി കലങ്ങി നില്‍പ്പാണ്.

പത്തുവരെയുള്ള കലാലയ ജീവിതം കോണ്‍വന്റ് സ്‌കൂളിലായിരുന്നു. അതില്‍ തന്നെ ഒന്നു മുതല്‍ പത്തുവരെയുള്ള കാലങ്ങള്‍ക്ക് രണ്ട് സ്‌കൂളുകളുമായി ബന്ധമുണ്ട്. പഠനത്തില്‍ ഒട്ടും പുറകിലല്ലാത്ത, കണക്കിനോടും സാഹിത്യത്തോടും കൊച്ചുകൊച്ചു കണ്ടുപിടുത്തങ്ങളോടും(എന്റെ ഭാഷയില്‍) ഏറെ പ്രിയമുള്ള നിധിനെ ആ കാലഘട്ടത്തിലെ ഒരൊറ്റ സുഹൃത്തുക്കളും മറക്കാന്‍ വഴിയില്ല. ചിലര്‍ക്ക് നല്ല സുഹൃത്തായിരിക്കുമ്പോള്‍ തന്നെ മറ്റു ചിലര്‍ക്ക് എന്നോട് കനത്ത നീരസമായിരുന്നു. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് മറക്കാന്‍ വഴിയില്ല എന്ന് പറഞ്ഞത്(അന്ന് നീരസം കാട്ടി നടന്നിരുന്നവരില്‍ പലരും ഇന്നത്തെ ബല്ല്യ ചങ്ങായിമാരാണ്). ഞാന്‍ ചെര്‍ളയം എച്ച്.സി.സി.യു.പി.എസില്‍ പഠിക്കുന്ന സമത്തെ ഒരനുഭവമാണിത്. അവിടെ ആണ്‍കുട്ടികള്‍ക്ക് അന്ന് നാലു വരെയേ പഠിക്കാനാവും. നാലുവരെ അവിടെ തുടരാനനുവദിക്കാതെ അച്ഛനെന്നെ വേരോടെ പിഴുതെടുത്ത് മറ്റൊരു കോണ്‍വെന്റിലേക്ക് ചേര്‍ത്തു. ആ പിഴുതെടുക്കല്‍ എന്നില്‍ വലിയൊരു മാറ്റത്തിന് കാരണമാക്കിയിട്ടുണ്ട്.

ഉണ്ണി പഠിക്കുന്നിടത്ത് പഠിക്കണമെന്ന് ഞാന്‍ വാശി പിടിച്ചതോണ്ടാണ് അങ്ങനെ മാറ്റിയതെന്ന് അച്ഛന്‍ പറയുന്നു. എനിക്കെന്തായാലും അതോര്‍മ്മയില്ല. ഞാനങ്ങനെ പറയാന്‍ ഒരു സാധ്യതയും ഇല്ലെന്നാന്ന് മനസ്സ് പറയുന്നത്. ആ സ്‌കൂള്‍ മാറ്റം നഷ്ടമാക്കിയ മാങ്ങ അച്ചാറിന്റെ രുചിയില്‍ ഞാനിന്നും ഓര്‍ക്കുന്ന ഒരു മുഖമുണ്ട്. അത് അവളാണ്!
ഇന്നും കുട്ടിയായിരിക്കാന്‍ ആഗ്രഹിക്കുന്നതിനുപിന്നില്‍ അവളെ കാണണമെന്ന ആഗ്രഹം കൂടിയാണ്. കുട്ടിയായിരുന്ന നിധിനുമാത്രമേ അവളെ തിരിച്ചറിയാന്‍ കഴിയു. ഒരു സ്‌കൂള്‍ മാറ്റത്തിലൂടെ നഷ്ടമായതാണ് അവളെ. ആദ്യമൊന്നും ആ വേര്‍പാടെന്നെ അലട്ടിയിരുന്നില്ല. പതിയെ രണ്ടാം ക്ലാസ്സ് മറന്നു. കൂടെ പഠിച്ചവരെ മറന്നു. അതില്‍ അവളുടെ പേരും മാഞ്ഞു. പിന്നീടെപ്പോഴോ ഓര്‍മ്മയുടെ പാളികളില്‍ അവള്‍ തെളിഞ്ഞു. ഒന്നു കാണണമെന്ന്, ഒരിക്കല്‍ക്കൂടി ഊഞ്ഞാലാടണമമെന്ന്, നിധ്യേ എന്ന വിളിയില്‍ അലിയണമെന്ന് തോന്നി. പഴയ ഫോട്ടോകള്‍ പരതിനോക്കി. അവളെവിടെ? ഓര്‍മ്മകള്‍ക്കുമേല്‍ കനംവെച്ചു നില്‍ക്കുന്ന മറവിയുടെ ചില്ലകള്‍.

എന്റെ ബുക്കിലെ ഒരു പേജ് കീറി ഓടിയതിന്, ബഞ്ചിന്റെ മുകളിലൂടെ പാഞ്ഞ് അവളെ പിടിക്കാന്‍ നോക്കിയതും, അവളുടെ വെള്ളമുത്തുമാല പൊട്ടിച്ചിതറിയതും ഇന്നും നല്ല ഓര്‍മ്മയുണ്ട്. കരഞ്ഞു നില്‍ക്കുന്ന അവളിലേക്ക് ഒന്നേ നോക്കിയുള്ളു. പിന്നെ കണ്ണ് നിറഞ്ഞു കാണണം.

'ഒരു പേജ് കീറിയതിനാണോ നീയിങ്ങനെ ചെയ്തെ' ക്ലാസ്സ് ടീച്ചറുടെ ചോദ്യം.

ഉത്തരമൊന്നുമില്ല. കയ്യിലേക്ക് ചൂരല്‍ വന്നു പതിച്ചു. അതിന്റെ നീറ്റലില്‍ അവളെ നോക്കി.അവളിപ്പോഴും കരഞ്ഞു നില്‍ക്കുകയാണ്.

രാത്രി പണി മാറ്റി വരുന്ന അച്ഛനെ കാത്ത് ഞാനുമ്മറത്തിരിക്കുകയാണ്. പാടവരമ്പിലൂടെ അച്ഛന്‍ വന്ന് വീട്ടിലേക്ക് കയറുന്നതിനുമുമ്പ് കുളത്തില്‍ കാല് കഴുകും. ആ ശബ്ദം കേട്ടാല്‍ ഏത് ഉറക്കത്തില്‍ നിന്നും ഞാന്‍ എഴുന്നേല്‍ക്കും. അച്ഛന്‍ വെള്ളത്തിലേക്ക് കാലിറക്കുന്ന ശബ്ദത്തിന്റെ താളം എനിക്കിന്നും മന:പാഠമാണ്. പുസ്തകത്തിനു മുമ്പില്‍ ഇരുന്നുറങ്ങുന്ന സമയങ്ങളില്‍ ആ ശബ്ദം കേട്ട് ഉറക്കെ വായിച്ച്; പഠിക്കുകയാണ് ഞാനെന്ന് എത്ര തവണ അഭിനയിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ അച്ഛനതറിയാമായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി ഒളിച്ചിരിക്കാറുണ്ട്. ചിലപ്പോ ഉറങ്ങി പോകുമ്പോള്‍ നിധിമോനെ എന്നദ്ദേഹം നീട്ടിവിളിക്കും. എന്നും കേള്‍ക്കാന്‍ രസമുള്ള ഒരു വിളി. അച്ഛന്‍ വീട്ടിലേക്ക് കയറിയ ഉടനെ ഞാന്‍ പറഞ്ഞു,'എനിക്ക് രണ്ട് വലിയ വെള്ളമുത്തുമാല വേണം'.

'എന്തിനാടാ?'

ക്ലാസ്സ് റൂം എന്നില്‍ നിന്നും അച്ഛനിലേക്കെത്തി. അച്ഛനെന്റെ കണ്ണിലേക്ക് തന്നെ നോക്കി കുറച്ചുനേരമിരുന്നു. ആ നേരമത്രയും അദ്ദേഹമെന്ന നിശ്ശബ്ദനായി വായിക്കുകയായിരുന്നിരിക്കണം. പിന്നെ ഒട്ടും സമയം കളയാതെ എന്നെയും കൂട്ടി ടൗണിലേക്ക് പുറപ്പെട്ടു. രണ്ട് വലിയ മുത്തുമാലകള്‍ അച്ഛന്‍ വാങ്ങി തന്നു. ഞാന്‍ ചിരിച്ചു, അച്ഛനും.

ഒരു രാത്രി തീര്‍ന്നുകിട്ടാന്‍ ഇത്രയധികം ആശിച്ച മറ്റൊരു ദിവസമുണ്ടാവില്ല. ബാഗിലേക്ക് ആ മാലയെടുത്ത് വെക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടായിരുന്നു.

പിറ്റേന്ന് ക്ലാസ്സ് ടീച്ചറുടെ കയ്യില്‍ മാല ഏല്‍പിച്ചു.

'ഞാന്‍ പൊട്ടിച്ച മാലയ്ക്ക് പകരം.'

 ടീച്ചറെന്നെ നോക്കി. അവരുടെ ചുണ്ടുകള്‍ക്കിടയില്‍ നിന്ന് ചിരിവിടര്‍ന്നിറങ്ങി. അവള്‍ക്ക് മാല കൈമാറുമ്പോള്‍ ടീച്ചറെന്നെ അഭിനന്ദിച്ചത് എനിക്കോര്‍മ്മയുണ്ട്. അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കി കിടന്നു. ഇന്നലെ തെറ്റുതിരുത്താന്‍ ഒരവസരം തരാതെ ശിക്ഷിച്ചു. ഇന്ന് അഭിനന്ദിക്കുന്നു. അതൊരു ചോദ്യമായി എന്നില്‍ നിന്നിറങ്ങി നിന്നപ്പോള്‍ ടീച്ചറൊന്ന് പകച്ചു. ക്ലാസ്സില്‍ ചോദ്യം ചോദിക്കുന്ന അവസരത്തില്‍ ഉത്തരമറിയാതിരിക്കുമ്പോള്‍ പിരീഡ് അവസാനിക്കുന്ന ബെല്ലുകള്‍ രക്ഷയ്ക്കത്താറുള്ളപോലെ ടീച്ചര്‍ ആ നിമിഷത്തെ അതിജീവിച്ചത് അത്തരമൊരു ബല്ലിന്റെ ബലത്തിലായിരുന്നു.

അന്നുമുതല്‍ ഉത്തരം കിട്ടാത്ത ആ ചോദ്യവുമായി ഞാനങ്ങനെ കുറെ അലഞ്ഞു. പിന്നതിനെ ഉപേക്ഷിച്ചു കാണണം.

അന്നത്തെ ആ സംഭവത്തിനുശേഷം ഞാനും അവളും വലിയ കൂട്ടായി. ഒരേ ബഞ്ചില്‍ അടുത്തടുത്തായി പിന്നീടുള്ള ഇരുത്തം. കളിസമയങ്ങളില്‍ കഥ പറഞ്ഞിരുന്നും, കളിവീടുകെട്ടിയും ഞങ്ങള്‍ പറവകളായി. ഉച്ച സമയങ്ങളില്‍ ഒന്നു രണ്ട് കുഞ്ഞുരുളകള്‍ എന്നിലേക്ക് നീളും. മാങ്ങ അച്ചാറിന്റെ രുചിയുള്ള ചോറുരുളകള്‍. അവള്‍ കൊണ്ടു വരുന്ന മാങ്ങ അച്ചാറിന്റെ രുചി. അതുപോലൊന്ന് ഞാനിന്നുവരെ കഴിച്ചിട്ടല്ല. ഇനിയും ആ രുചി തിരിച്ചറിയാന്‍ എനിക്കു കഴിയും. അങ്ങനെ തുടരുന്ന കാലത്താണ് ഈ പറഞ്ഞ സ്‌കൂള്‍ മാറ്റം. സ്‌കൂള്‍ മാറ്റത്തിനുമുമ്പ് വരാന്തയിലിരുന്ന് ഞാനവളോട് സംസാരിച്ചിരുന്നു. അപ്പോഴൊക്കെ ഞാന്‍ കരഞ്ഞിരുന്നു, അവളും.

പിന്നീട് ഞാനവളെ ഇന്നോളം കണ്ടിട്ടില്ല. അവളുടെ ഓര്‍മ്മകള്‍ പിന്നീടെന്നിലേക്ക് വരുന്നത് എന്റെ പ്ലസ് വണ്‍ കാലം മുതലാണ്. അപ്പോഴൊക്കെ ഞാന്‍ കൂട്ടുകാരുടെ അടുത്ത് പോയിരിക്കും. ഈ കഥ അവര്‍ക്കെല്ലാം അറിയുന്നതു കൊണ്ടാവണം ഉച്ചയ്ക്ക് അവരെല്ലാം ചോറ് വാരിത്തരും. ഈ കാലഘട്ടം വരെ അതിന് മുടക്കമൊന്നും ഉണ്ടായിട്ടില്ല. ഇന്ന് അച്ഛനമ്മമാരുടെ ജോലി സംബന്ധമായ ട്രാന്‍സ്ഫറുകള്‍ കാരണം സ്‌കൂളുകള്‍ മാറേണ്ടി വരുന്ന കുട്ടികളെ കാണുമ്പോള്‍ എനിക്കെന്നെ ഓര്‍മ്മ വരും. വലിയൊരു നിശ്ശബ്ദതയ്ക്ക് തല വെച്ചു കൊടുത്ത എന്നെ.

Monday 8 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 03



ജീവിതം, ഓരോ നിമിഷവും മുറുകുകയും, വിരലോടിച്ചാൽ വേദനയുടെ രാഗമായ് പെയ്യ്
തൊഴിയുകയും വിധം സങ്കീർണമാവുകയും ചെയ്തു. പുറമേ കാണുന്ന ചിരികളൊന്നും ചിരികളല്ലെന്നും, പുറത്തിറക്കാതെ അടക്കി വെച്ച വേദനകളാണ് അവയെന്നുമുള്ള അനുഭവങ്ങളിലേക്കെത്തപ്പെട്ടു. മറ്റൊരാൾക്കും മനസ്സിലാക്കാൻ കഴിയാത്ത വിധം അത്രമേൽ സങ്കീർണമാണ് ഓരോ ജീവനും എന്ന തിരിച്ചറിവിലേക്ക് സ്വയം സഞ്ചരിച്ചിരിക്കുന്നു.

ഞാൻ ഏഴിൽ പഠിക്കുന്ന കാലം വരെ എന്റെ വീട്ടിൽ കറന്റില്ലായിരുന്നു. അടുത്ത്, ചുരുക്കം ചില വീടുകളിലുണ്ട് എന്ന തൊഴിച്ചാൽ മറ്റുള്ള വീട്ടുകാരുടെയും അവസ്ഥ വിഭിന്നമല്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. അക്കാലത്തെ ഓർക്കുക എന്നതിൽ പരം സുഖം വേറെയില്ല. അന്ന്, നാട്ടിൽ ഒന്നോ രണ്ടോ വീട്ടിൽ മാത്രമാണ് ടി വി -യുണ്ടായിരുന്നത്. "ശക്തിമാൻ, കാട്ടിലെ കണ്ണൻ" എന്നീ സീരിയല്ലുകളിൽ കുരുങ്ങി പോയിരുന്നു ബാല്യം, ചായങ്ങളിലേക്കും, പുസ്തകങ്ങളിലേക്കും വഴുതിയിറങ്ങിയിരുന്നതും അപ്പോഴാണ്.

അന്ന് പലയിടത്തും റേഡിയോ ആണ് താരം. അതുകൊണ്ടു തന്നെ ഞങ്ങൾ കുട്ടികൾക്ക് റേഡിയോ ഒരു അത്ഭുത വസ്തുവായിരുന്നു. റേഡിയോയിൽ നിന്ന് വരുന്ന ശബ്ദത്തെക്കുറിച്ച് ഒരുപാട് സംശയമുണ്ടായിരുന്നു അന്നെനിക്ക്.

അമ്മ
പറമ്പായ പറമ്പെല്ലാം കയറിയിറങ്ങി, നാട്ടിലെ രുചികളിലേക്ക് നാക്ക് മുക്കിയിരുന്നു. മരത്തിൽ തൊലിയുരിഞ്ഞു പൊട്ടിയ വേദന സഹിച്ച്, സ്വവേഗത്താൽ ചാട്ടുരുട്ടി കാലത്തെ തട്ടിക്കളിച്ച് മുന്നേറാൻ കുതിച്ചിരുന്നു. മുറിവുകളൊന്നും ആഴങ്ങളിൽ വേരോടിച്ചിട്ടില്ലായിരുന്നു. ഒരു "ഡാ" വിളിയിൽ അവ അലിഞ്ഞിലാതാകും വിധം  ലളിതമായിരുന്നു. ചാടികടക്കാന്‍ പാകത്തില്‍ കെട്ടിനിര്‍ത്തിയ വേലികള്‍. ഉരഞ്ഞുപൊട്ടിയാലും ഒരു കമ്മ്യുണിസ്റ്റ് പച്ച-കൊണ്ട് വേദന മാറ്റിയിരുന്നു നാം. ഇടുങ്ങിയതെന്ന് നാം കരുതിയ നാട്ടിടവഴികള്‍ വലുതായിരിക്കുന്നു. നാമോ, നമുക്കിടയിലെ സൗഹൃദമോ? അതിപ്പോഴും ആ ഇടുങ്ങിയ നാട്ടിടവഴിയില്‍ നില്‍ക്കുകയാണ്.
സന്ധ്യക്ക് വിളക്കുവെച്ചു കഴിഞ്ഞാല്‍ അമ്മ കഥ പറയാന്‍ ഇരിക്കും. ചിലപ്പോഴൊക്കെ കവിതകളിലെക്കോ,പാട്ടുകളിലെക്കോ അമ്മ സഞ്ചരിക്കും. സിനിമ കാണുമ്പോലെ മനോഹരമാണ് അമ്മ കഥ പറയുന്നത്. "മുണ്ടകന്‍ പാടത്തെ ഞെണ്ടിന്‍ കുഞ്ഞും", നാഴി പയറു വറുക്കാന്‍ കൊടുത്തിട്ട് ഉരി പയറായതിനാല്‍ അമ്മക്കിളി കൊത്തിക്കൊന്ന കുഞ്ഞിക്കിളിയും മനസ്സില്‍ വേദനയായി പടരും. ചില സിനിമാ ഗാനങ്ങള്‍ക്ക് അമ്മ അക്ഷരങ്ങളാല്‍ ദൃശ്യങ്ങള്‍ നെയ്യും. പിന്നീട് ആ ഗാനങ്ങള്‍ കാണും നേരം അമ്മയുണ്ടാക്കിയ കഥയില്‍ കൗതുകം കൂറും. "ഇല കൊഴിയും ശിശിരത്തില്‍" എന്ന പാട്ടെല്ലാം അത്തരത്തിലുള്ള അമ്മക്കഥ ആയാണ് ഞാനനുഭവിച്ചത്.

അമ്മക്കഥകള്‍ വറ്റാത്ത അക്ഷയ ഖനികളാണ്. അവ, സ്നേഹത്തിന്റെയും നന്മയുടെയും പ്രതിരൂപങ്ങളായിരിക്കും. എത്രതന്നെ വളര്‍ന്നാലും അവ  നമ്മെ വിട്ടുപോകുന്നില്ല. വളര്‍ന്നപ്പോള്‍ നക്ഷ്ടമായത് അമ്മയുടെ മടിയിലേക്കുള്ള ദൂരമാണ്. നേടിയവക്കോ, ഇനി നേടാന്‍ സാധ്യതയുള്ളവക്കോ ഒരിക്കലും തരാനാകില്ല ആ സ്നേഹോന്മാദങ്ങള്‍ എന്ന തിരിച്ചറിവില്‍ അടയിരിക്കുകയാണ്. ഭംഗിയായി ചിത്രങ്ങള്‍ നെയ്യാന്‍ പഠിപ്പിച്ചത് അമ്മയാണ്, അവര്‍ പറഞ്ഞ കഥകളാണ്.

നീ ഇല്ലാത്ത ലോകത്ത് ഞാന്‍ ഏകാകിയാകുമെന്നറിയാം. നിന്നോളം എന്നെയറിയാന്‍ കഴിയുന്ന ഒരാളിനിയുണ്ടാകില്ലെന്നും. അമ്മേ, നിനക്കല്ലാതെ മറ്റാര്‍ക്കാണ് എന്നെ മനസ്സിലാക്കാനാവുക? ഭയം തിന്നുതുടങ്ങിയ ഒരു രാജ്യമാണ് ഞാന്‍. വേദനയെ ധ്യാനിച്ചിരുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി.
രണ്ടക്ഷരം കൊണ്ടൊരു ലോകമാണ് നീ (അമ്മ). ഏകാകിയും വിരഹിയുമാവാന്‍ കഴിയുന്ന എനിക്ക്, എത്തിപ്പെടാനാവുന്ന ഏക ദ്വീപ്.  ആദ്യാക്ഷരങ്ങള്‍ നാവില്‍ കുറിച്ച സ്‌നേഹം. എന്നിട്ടും ദൂരെയാണ്.

യാത്രകളെ ഇഷ്ടപ്പെടുമ്പോഴും നിന്നെ വിട്ടകന്ന് ഞാന്‍ താണ്ടുന്ന ദൂരങ്ങള്‍, വേദന മാത്രമാണ്. കാണുമ്പോഴൊക്കെ വഴക്കടിന്നു. കാണാതാകുന്ന നേരങ്ങളില്‍ തനിച്ചിരുന്ന് നിന്നിലേക്കെത്തുന്നു. നിഷേധത്തിന്റെ അള്‍രൂപം, നീ ഇല്ലെങ്കില്‍ അണഞ്ഞുപോകുന്ന വിളക്ക്. നഷ്ടപ്പെടുന്നു എന്നത്, ഉന്മാദയുടെ ചിറകരിയലായിരിക്കും .

'ഒരാളെ മാത്രമേ ജീവനോടെ കിട്ടൂ' എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുയപ്പോള്‍ അതിനെയെല്ലാം തോല്പിച്ചാണ് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഞാന്‍ നിന്റെ വിരലില്‍ തൂങ്ങിയത്‌. ഇപ്പോള്‍ ഭയം മാത്രമാണ്. നിനക്ക് വയസ്സാകുന്നു. കഴിയില്ലമ്മാ... നിന്റെ മടിയില്‍ തലചായ്ച്ച് കഥകള്‍ കേട്ടുറങ്ങുന്ന കുട്ടിയില്‍ നിന്നും ഞാന്‍ സഞ്ചരിച്ചിട്ടില്ല.  സഞ്ചരിക്കാനാവില്ല.

വിഷാദിയാകാന്‍ എളുപ്പം സാധിക്കുന്നൊരാള്‍. വേദനയിലൂടെ മനസ്സിനെ നടത്തിക്കുന്ന, നോവില്‍ അഭിരമിക്കുന്ന ഒരാള്‍. അയാള്‍ ഇടറി നില്‍ക്കുന്നത് പാട്ടുകൊണ്ടാണ്. സന്തോഷങ്ങളെ നെയ്തതിനേക്കാള്‍ വേദനകള്‍ തുന്നിയ കുപ്പായമാണ് അയാള്‍ക്ക് പാട്ട്. വേരില്ലാത്ത മരം ചെറിയ കാറ്റില്‍ തന്നെ കടപ്പിഴകും. പുസ്തകങ്ങള്‍ക്കോ, അക്ഷരങ്ങള്‍ക്കോ അയാളെ ആശ്വസിപ്പിക്കാനാവില്ല. അയാള്‍ക്കാണ്‌ അമ്മയെ വേണ്ടത്. ഒരവയവം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ പ്രാധാന്യം മനസിലാക്കാന്‍ പലരും ശ്രമിക്കുക. എന്നാല്‍ ഈ ഒരൊറ്റ പാട്ട് നിന്നില്‍നിന്നും നിന്നിലെത്തുന്ന എന്നെ വരയ്ക്കുന്നു.

രാവിന് നീളമേറുന്നു. ഡി വിനയചന്ദ്രന്‍ മാഷിന്റെ 'വീട്ടിലേക്കുള്ള വഴി' എന്ന കവിത പതിഞ്ഞ താളത്തില്‍ കാലം ചൊല്ലുന്നു..

Sunday 7 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 02


അനിയനോടൊപ്പം
അത്ര സുഖകരമല്ലാത്ത ഒരനുഭവം പറയാം. ഒരു പക്ഷെ sexual harassment-ന് പെൺകുട്ടികളെപോലെ ആൺകുട്ടികളും ഇരയാക്കപെടുന്നു എന്നോർമ്മിപ്പിക്കുന്ന ഒന്ന്. ഞാൻ, അഞ്ചിലോ അറിലോ പഠിക്കുന്ന സമയം മുതലാണ് സ്കൂളിലേക്ക് ബസ്സിൽ പോകാൻ തുടങ്ങിയത്. അതുവരെ ഞാനും ഉണ്ണിയും മോഹനേട്ടന്റെ ജീപ്പിലായിരുന്നു സ്കൂളിൽ പോയിരുന്നത്. കുട്ടികളെ ഭയങ്കര ഇഷ്ടമുള്ള ഒരു പാവം മനുഷ്യൻ. ഞങ്ങൾക്കെല്ലാം വലിയ ഇഷ്ടമായിരുന്നു മോഹനേട്ടനെ. വളരെ ശ്രദ്ധിച്ച് മാത്രം വണ്ടിയോടിക്കുന്ന ഒരാൾ. സാമ്പത്തിക ബാധ്യത കാരണം അദ്ദേഹം ഗൾഫിൽ പോകുന്നതോടെയാണ് ഈ പറഞ്ഞ ബസ്സ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. കമ്പിപ്പാലത്തു നിന്ന് കുന്നംകുളത്തേക്ക് കൺസക്ഷൻ നിരക്കനുസരിച്ച് രണ്ടുപേർക്ക് 1രൂപ50 പൈസയാണ് ചാർജ്ജ്. അതും കൊടുത്ത് ബസ്സുകാരുടെ തെറിവിളിയും കേട്ട്, എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി ഞങ്ങൾ രണ്ടും സ്കൂളിലേക്ക് പോകും. ഒന്നോ രണ്ടോ തവണ ബസ്സുകാരുമായി തട്ടി കയറിയിട്ടുണ്ട്. അതോടെ ഇങ്ങോട്ടുള്ള മെക്കട്ടു കേറ്റം തീർന്നുകിട്ടിയിട്ടുണ്ട്.

കുന്നംകുളത്ത് ബസ്സിറങ്ങി കുറച്ചധികം നടക്കണം. സ്കൂളാണെങ്കിൽ കുന്നിൻ പുറത്തും. ഞാൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നൊഴിച്ച് ബാക്കിയെല്ലാം കുന്നിൻ പുറത്തായിരുന്നു. സ്കൂളിലേക്ക് പോകുന്നതിലും രസം കുന്നിറങ്ങുന്നതാണ്. വേഗത്തിൽ ഓടി കുന്നിറങ്ങും. ജനഗണമന കേൾക്കുമ്പോൾ തന്നെ ബാഗെല്ലാം റെഡിയാക്കി വെക്കും. ബെല്ലടിക്കേണ്ട താമസം ഓടി ഗെയ്റ്റ് കടന്നു കാണും. ഉണ്ണി അതേ സമയത്ത് പുറത്തുവരും. അല്ലേൽ എനിക്ക് ദേഷ്യം വരും. പിന്നെ അവന്റെ കൈയ്യും പിടിച്ച് ഒറ്റ ഓട്ടമാണ്. താഴെയുള്ള കടവരെ ഞങ്ങൾ ഓടും. പുളിയച്ചാറോ, തേൻമിഠായിയോ വാങ്ങി വായിലിടും. എന്നിട്ട് ബസ്റ്റാന്റിലേക്ക് നടക്കും. ഇതെല്ലാ ദിവസത്തേയും പതിവാണ്.ഉണ്ണിക്കാണെങ്കിൽ വഴക്കുണ്ടാക്കുന്ന സ്വഭാവമുണ്ട്. അവനൽപ്പം പോക്കിരിയാണ്.

ഒരിക്കൽ എന്റെ ക്ലാസ്സിൽ പഠിക്കുന്ന ജിഷ്ണുവുമായി അവൻ വഴകുണ്ടാക്കി. ജിഷ്ണു തടിച്ച ശരീരത്തിനുടമയും നല്ല ആരോഗ്യമുള്ളവനുമാണ്. "പ്രണവിന്റെ കോളറിൽ കയറിപിടിച്ചത് മാത്രമേ എനിക്ക് ഓർമ്മയുള്ളു" എന്ന് പിന്നീടൊരിക്കൽ അവൻ തന്നെ പറഞ്ഞത് ഞാനോർക്കുന്നുണ്ട്. ആ നിലയ്ക്ക് ഞാനവനെ മർദ്ദിച്ചവശനാക്കിയത്രെ. ദേഷ്യം വരുമ്പോ നീ പിശാശാണെന്ന് അവനടക്കം പലരുമെന്നോട് പറഞ്ഞിട്ടുമുണ്ട്. അത് ശരിയാണെന്ന് ചില പ്രവൃത്തികൾ എന്നെ ഓർമ്മിപ്പിക്കാറുമുണ്ട്. അവനെ തൊട്ടാൽ ഞാൻ ചോദിക്കാൻ വരുമെന്ന ധൈര്യത്തിൽ സ്കൂളിൽ കുറച്ചൊക്കെ അവനും വിലസാൻ തുടങ്ങിയിരുന്നു. ഞാനത് കാര്യമാക്കാറില്ലായിരുന്നു. അവൻ ജനിച്ച അവസരത്തിൽ ''ന്റെ ഉണ്ണീനെ ആരും കാണണ്ടാന്ന് " പറഞ്ഞ് ബഹളം വെച്ച്, അവന്റെ അടുത്തേക്ക് ആരെയും കടത്തിവിടാതിരുന്ന ഒരു വികൃതിയാണ് ഞാനെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.  അതേ ഞാൻ കാരണം തന്നെയാണ് അവന്റെ തലയിൽ 12 സ്റ്റിച്ചിടേണ്ടി വന്നട്ടുള്ളത്.ദേഷ്യം വന്നപ്പോ പിടിച്ച് തളളി എന്നാണ് അവനും അമ്മയും പറയുന്നത്. എനിക്കത് ഓർമ്മയില്ല. ദേഷ്യം വരുന്ന സമയത്ത് ഞാൻ എല്ലാം മറന്നു പോകുന്ന ഒരവസ്ഥയിൽ വന്നെത്താറുണ്ട്. പിന്നീട് പുസ്തകങ്ങളിലേക്കും വരയിലേക്കും എഴുത്തിലേക്കും വന്നെത്തുന്നതും അങ്ങനെയാണ്. ഇത്തരത്തിൽ ഞാൻ കാരണം ഒരുപാട് വേദനയനുഭവിച്ചുണ്ട് അവൻ. അതു കൊണ്ടുതന്നെ അവനധികം വേദനിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല. വഴക്കു കൂടുമ്പോൾ എന്നെ എതിരിടാനാവാതെ, കരഞ്ഞുകൊണ്ട് അവനെന്നെ തല്ലുമായിരുന്നു. ആദ്യമൊക്കെ ഞാനെന്റെ ദേഷ്യം തീരുന്നവരെ തിരിച്ച്തല്ലും. ഒരിക്കൽ അവനെന്നെ തല്ലുമ്പോൾ ഞാനവന്റെ കണ്ണിലേക്കുതന്നെ നോക്കി. കണ്ണു നിറഞ്ഞിരിക്കുന്നു. എന്നെ തല്ലാൻ പറ്റാത്തതിന്റെ ദേഷ്യവും, സങ്കടവും എല്ലാം മുഖത്തുണ്ട്. ബലവാനുമുന്നിൽ ദുർബലനെന്നപോലെ അവൻ. പുറമേ ചിരിച്ചു കൊണ്ട് അവന്റെ ദേഷ്യം തീരുന്നവരെ തല്ലാൻ ഞാനപ്പോൾ നിന്നുകൊടുത്തു. അന്നാണ് ദുർബലത എത്ര വലിയ ശാപമാണെന്ന് ഞാനറിഞ്ഞത്.

അനിയനും ഞാനും
ഞങ്ങളുടെ വഴക്കുകൾക്ക് പലപ്പോഴും കളമൊരിക്കാറ് നാട്ടിലെ മുതിർന്ന ചേട്ടന്മാരായിരുന്നു. അവർ പറയുന്നത് കേട്ട് എന്നോട് വഴക്കടിക്കാൻ വരുന്നതിലായിരുന്നു എനിക്കനിഷ്ടം.( തൽക്കാലം അത്തരക്കാരുടെ പേര് ഞാൻ എഴുതുന്നില്ല). പിന്നീട് ഞാൻ തന്നെ അവന് അത് പറഞ്ഞു ബോധ്യമാക്കിയിട്ടുമുണ്ട്. അതിനുശേഷം ഞാനും അവനും വഴക്കടിച്ചതായി ഓർമ്മയില്ല.
     
എല്ലായ്പ്പോഴും കനത്ത തലവേദന എന്നെ അലട്ടുമായിരുന്നു. ആ സമയത്ത് ആരും അടുത്തു വരുന്നതോ, ശബ്ദിക്കുന്നതോ എനിക്കിഷ്ടമില്ലായിരുന്നു. എന്നിലെ ദേഷ്യത്തിന് ഒരു പരിധിവരെ അതും കാരണമായിട്ടുണ്ട്. നീണ്ട നാളത്തെ (വർഷങ്ങളായുള്ള )ചികിത്സയിൽ അതെല്ലാം മാറുകയാണുണ്ടായത്. അതിനെല്ലാം മുമ്പ്, ഉണ്ണിക്ക് വയ്യാതെ സ്കൂളിൽ പോവാതിരുന്ന നാളുകളിൽ ഒന്നിൽ, സ്കൂൾ വിട്ട് ബസ്സിൽ കയറിയ എന്റെ പാന്റിന്റെ ഇടയിലേക്ക് ഒരാൾ കൈ നീട്ടി. ബസ്സിലെ ലോങ്ങ് സീറ്റിനും ഡബിൾസീറ്റിനും ഇടയിലുള്ള ഗേപ്പിൽ നിൽക്കുന്നതുകൊണ്ടും, ബസ്സിലെ തിരക്കു കൊണ്ടും സംഭവിച്ചതാകും എന്നാണ് ഞാനാദ്യം കരുതിയത്. ബസ്സ് വീണ്ടും നീങ്ങി. രണ്ടാമതും അയാളുടെ കൈനീണ്ടപ്പോൾ എനിക്ക് സംശയമായി. മൂന്നാമത്തെ തവണ ഞാനുറക്കെ നിലവിളിച്ചു കൊണ്ട് അയാളുടെ മൂക്കിനിടിച്ചു. എനിക്ക് വേദന സഹിക്കാനാവുന്നില്ലായിരുന്നു. അയാളെന്തിനാണ് എന്റെ ജനനേന്ദ്രിയത്തിൽ പിടിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. ബസ്സ് നിർത്തി അയാളെ ഇറക്കിവിട്ടു. എന്റെ കാഴ്ച്ചയിൽ നിന്ന് അയാൾ മായുന്നവരെ ഞാനയാളെ രൂക്ഷമായി നോക്കി.

പിന്നീടൊരിക്കൽ, എന്നും എന്റെയടുത്ത് നിൽക്കുന്ന പയ്യൻ പറഞ്ഞു.
 "അയാൾ എന്നെയാണ് സ്ഥിരമായി ഉപദ്രവിക്കാറ് ".
അവനത് പറഞ്ഞു തീരുംമുമ്പ് ഞാനവന്റെ മുഖത്തടിച്ചത് എനിക്കിന്നും ഓർമ്മയുണ്ട്. ഞാനെന്താണ് അങ്ങനെ പ്രതികരിക്കാൻ കാരണമെന്നറിയില്ല. പക്ഷെ, ഇന്നിരുന്ന് ചിന്തിക്കുമ്പോൾ ആ പ്രതികരണത്തിന് ഒരർത്ഥമുണ്ടെന്ന് തോന്നും. മറ്റു ചിലപ്പോൾ ആ പ്രതികരണം തെറ്റായിരുന്നോ എന്ന തോന്നൽ വേദനയുടെ ഭാരമേറിയ കല്ലായി നെഞ്ചിലേക്ക് പതിക്കും.

"Freedom is not worth having if it does not include the freedom to make mistakes"- Mahatma Gandhi

അവന് പറയാൻ കഴിയാതെ പോയ, പ്രതികരിക്കാനാകാതെ പോയ അവസ്ഥയെ കുറിച്ചുള്ള ബോധം ഇന്നെനിക്കുണ്ട്

Saturday 6 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 01

അച്ഛനോടൊപ്പം
ഭൂതകാലസഞ്ചാരം, അത് പൊതുവേ പ്രിയമുള്ളതാണ്. മണ്ണിനോടും വിണ്ണിനോടും പ്രണയിച്ചും, കലഹിച്ചും എത്രയെത്ര ദൂരങ്ങൾ താണ്ടുന്നു. ഒന്നിനു പുറകെ ഒന്നായി നടന്നു തീർത്ത വഴികൾ വീണ്ടും കാണുമ്പോൾ, നിന്നു പോകും. പഴയ കാല കാഴ്ച്ചകളെ പരതും. അതാകെ മാറിയിരിക്കുന്നു. നിരാശയുടെ താളം പെരുമ്പറ കൊട്ടുന്നു. പഴമയോട് ചേർന്നു പോകുന്ന എന്തോ ഉള്ളിലുണ്ടെന്നു തോന്നും. ഓർമ്മകളുടെ കുന്നിറങ്ങുന്ന കുട്ടിയാണ് ഞാൻ. വേഗം, അന്നവനിൽ തീർത്ത ഹരങ്ങളൊന്നും ഇന്നില്ല. കൊഴിഞ്ഞുപോയ പല്ല് കൊഴിഞ്ഞതു തന്നെയാണ്. അതിലേക്കിനി നോക്കിയിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും അതു തീർക്കുന്ന വിടവ്, അതെനിക്കിഷ്ടമല്ല.

അച്ഛൻ
അച്ഛന്റെ സൈക്കിളിനു മുന്നിലിരിക്കുമ്പോൾ, ഓരോ കയറ്റങ്ങളും അദ്ദേഹം ചവിട്ടി കയറുന്നതിന്റെ കൃത്യം താളമറിയാറുണ്ട്. ഇറക്കത്തിലേക്ക് സൈക്കിൾ കുതിക്കുന്നത് ഒരു ഹരമാണ്. എപ്പോൾ വേണമെങ്കിലും ഒരപകടം വന്നേക്കാമെന്ന ചിന്തയിൽ, ബ്രേയ്ക്കിൽ തൊട്ടുതൊട്ടില്ല എന്ന നിലയിൽ അദ്ദേഹത്തിന്റെ വിരലുകൾ ഹാന്റിലിൽ ചലനങ്ങൾ സൃഷ്ടിക്കും. പലതും ശ്രദ്ധിക്കുമായിരുന്നു അച്ഛൻ. അതു കൊണ്ടുതന്നെ ചില സൂത്രവിദ്യങ്ങൾ അദ്ദേഹം ഒപ്പിക്കുമായിരുന്നു. എത്രതന്നെ ശ്രമിച്ചാലും അഴിക്കാനാവാത്ത ചില കുരുക്കുകൾ, ഒരൊറ്റ വലിക്ക് അഴിച്ചെടുക്കാവുന്ന കുരുക്കുകൾ അങ്ങനെ പലതും. എനിക്കെന്തോ അവയോടൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. കോൺവെന്റിലാണ് പഠനമെന്നതിനാൽ സന്മാർഗകഥകൾ പഠിക്കാനുണ്ടായിരുന്നു. അധ്യയന വർഷാരംഭത്തിനു മുന്നേ പുസ്തകം കിട്ടിയാൽ, മലയാള പാഠാവലിയും, സന്മാർഗകഥകളും ഞാനിരുന്ന് വായിച്ച് തീർക്കും. പുതുമണ്ണിന്റെ ഗന്ധംപോലെ ആസാദ്യമായിരുന്നു എനിക്കാ പുതുമണങ്ങൾ.രാമായണവും, മഹാഭാരതവും, ബൈബിളും വീട്ടിലുണ്ടായിരുന്നു. ബാല്യത്തിൽ എനിക്കതിനോട് പ്രിയമില്ലായിരുന്നു. പിന്നീട് ഞാനെന്റെ ഡിഗ്രി കാലത്താണ് അവയെല്ലാം വായിക്കുന്നത്. വലിയ പുസ്തക ശേഖരമൊന്നും വീട്ടിലില്ലാത്തതുകൊണ്ട് പാഠപുസ്തകങ്ങൾ തന്നെ നിരവധി തവണ വായിക്കുമായിരുന്നു. വായനയിലേക്ക് എന്നെയെടുത്തെറിഞ്ഞതും അച്ഛൻ തന്നെ. യൂറിക്ക അന്ന് വീട്ടിൽ വരുത്തുമായിരുന്നു. എനിക്കേറെ പ്രിയമായിരുന്നു അതിനോട്. പഴ ബാലമാസികകളും ബാലവാരികകളും കെട്ടുകണക്കിന് അദ്ദേഹം വാങ്ങി തരുമായിരുന്നു. എനിക്കത് ഏറെ ഇഷ്ടമായിരുന്നു. ഒറ്റയിരിപ്പിന് എത്രയോ പുസ്തകങ്ങൾ വായിക്കാം. എനിക്കെന്തോ അക്ഷരങ്ങളോട് വിശപ്പാണെന്ന് അച്ഛനപ്പോൾ തമാശ പറയും. എനിക്കും അങ്ങനെ തോന്നും. ആ വിശപ്പിന്നും കൂടെയുണ്ട്.

അപ്പച്ചനോ അമ്മമ്മയോ പറഞ്ഞു തരുന്ന കഥകൾ, അപ്പച്ചൻ കൊണ്ടുതരുന്ന തീവണ്ടി ടിക്കറ്റ് -അങ്ങനെ ചെറുകാര്യങ്ങളുടെ വലിയ ഇഷ്ടക്കാരനായിരുന്നു ഞാൻ. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലായിരുന്നു. ഹൊറർ കഥകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു എനിക്ക്. അത്ര തന്നെ പേടിയും, ഇന്നവയെല്ലാം തമാശകളായി തോന്നുമെങ്കിലും. എന്നെ അച്ഛനോടടുപ്പിച്ചത് അമ്മയാണ്.... അമ്മയ്ക്കു മാത്രമറിയുന്ന ഒരു രസക്കൂട്ടുണ്ടതിനു പിന്നിൽ. അച്ഛനെ പറ്റി പറയുമ്പോൾ അവരൊരു എഴുത്തുകാരിയാകും; അക്ഷരങ്ങളാൽ ഹൃദയത്തിലെഴുതും. ആഴമുള്ള ഭാഷയായിരുന്നു അമ്മയുടേത്.

അച്ഛനും വല്ല്യച്ഛന്മാരും അമ്മായിയും
അച്ഛന് വർക്ക്ഷോപ്പ് പണിയായിരുന്നു. അതുകൊണ്ടു തന്നെ ഉറപ്പുള്ളൊരു ശരീരഭാഷ പ്രകടമായിരുന്നു. ആ ഉറപ്പുകൾ അദ്ദേഹത്തിന്റെ സംസാരങ്ങളിലും തീരുമാനങ്ങളിലും പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ രൂപവും ചിരിയും നടത്തവുമെല്ലാം എന്നിലും പ്രകടമാണെന്ന് എല്ലാവരും പറയുമ്പോൾ തലയുയർത്തി പിടിക്കും. ഒരിക്കൽ, ഒരിക്കൽ മാത്രമാണ് അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞ് ഞാൻ കണ്ടിട്ടുള്ളത്. അന്ന് ഞങ്ങൾക്കെല്ലാം ചിക്കൻപോക്സ് വന്ന് മാറിയ സമയം. എനിക്കും അമ്മയ്ക്കും ഒരുമിച്ചാണ് വന്നത്. മെഴുക്കുള്ളതൊന്നും കഴിക്കാൻ പാടില്ലെന്നറിഞ്ഞും അച്ഛനറിയാതെ ഞങ്ങളെല്ലാം കഴിക്കുമായിരുന്നു. ചിലപ്പോഴൊക്കെ വഴക്കു പറയും. പിന്നെ പിന്നെ പറയാതെയായി. പറഞ്ഞിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തിന് തോന്നി കാണും. ഞങ്ങൾക്ക് രണ്ടാൾക്കും അസുഖം മാറാൻ ഏറെ സമയം എടുത്തു. ആ സമയത്താണ് അച്ഛനും ചിക്കൻപോക്സിന്റെ പിടിക്കുന്നത്.
 "നന്ദാ" എന്നു വിളിച്ച് വീട്ടിലേക്ക് കയറിവന്ന റാഫിക്കയെ എനിക്കിന്നും ഓർമ്മയുണ്ട്.
"കാശ് വേണോ നിനക്ക് "
ആ ചോദ്യത്തിനു മുന്നിൽ അച്ഛനൊന്നു ചിരിച്ചു.  "വേണ്ടടാ കാശുണ്ട്". അച്ഛൻ മറുപടി പറഞ്ഞു.
ഒരു പാട് നേരമിരുന്ന് സംസാരിച്ച് ഇക്കാക്ക പോയി.
സംസാരിക്കുന്നതിനിടയിലൊക്കെ എനിക്ക് അസുഖമാണ് അച്ഛൻ ഓർമ്മിപ്പിക്കും.
"നിനക്ക് വല്ല വട്ടുണ്ടാ. പകര്യേ.. നീയൊന്ന് പോയേ നന്ദാ..." എന്ന് ഇക്കാക്ക പറയും. എന്നിട്ട് ഉറക്കെ ചിരിക്കും. [അച്ഛമ്മയ്ക്ക് ]
അമ്മയ്ക്ക് തീരെ വയ്യെന്നറിഞ്ഞ് ഏട്ടന്മാർ വന്നപ്പോൾ അച്ഛൻ ഒരേ ഇരിപ്പിരുന്നു. അത്ര മാത്രം ക്ഷീണിതനും അവശനുമായിരുന്നു അദ്ദേഹം. അസുഖവിവരം അറിയാമെങ്കിലും അമ്മ [അച്ഛമ്മ] കാണണമെന്ന് വാശി പിടിക്കുന്നെന്ന് ഏട്ടന്മാർ പറഞ്ഞു. അച്ഛൻ എഴുന്നേൽക്കാൻ ശ്രമിച്ചു. പിന്നെ വേദന കൊണ്ട് ഒരേ ഇരിപ്പിരുന്നു. ഏട്ടന്മാർക്ക് അവസ്ഥ മനസ്സിലായിട്ടാവണം അവർ പോയി. അപ്പോൾ റാഫിക്ക പറയുന്നത് ഞാൻ കേട്ടു;"നിന്നെ ഞാൻ കൊണ്ടവാം".
"എഴുന്നേൽക്കാൻ പറ്റണില്ലടാ" നിസ്സഹായനായ ഒരു മനുഷ്യന്റെ സ്വരമായിരുന്നു അത്. പിറ്റേന്ന് അമ്മയുടെ മരണവാർത്തയാണ് അച്ഛനാദ്യം കേട്ടത്. അച്ഛന്റെ ഫോട്ടോയിലേക്ക് അവരേറെ നേരം നോക്കിയിരുന്നിരുന്നത്രെ. അത്രയ്ക്കിഷ്ടായിരുന്നു പന്ത്രണ്ടാമനായ അച്ഛനെ. "അവന് വരാനാവില്ലല്ലേ.. അത്രയ്ക്ക് വയ്യേ ന്റെ കുട്ടിക്ക്?" അമ്മ അവസാനം പറഞ്ഞ വാക്കുകൾ അതായിരുന്നെന്ന് ഹരി വല്ല്യച്ഛൻ അച്ഛനോട് പറയുന്നത് ഞാൻ കേട്ടു. ചിത ഒരുക്കുമ്പോഴെങ്കിലും അച്ഛനടുത്ത് വേണമെന്ന് അവർ. അച്ഛനെന്നെ നോക്കി
 "നിധിമോൻ വരും, കുഞ്ഞുണ്ണിയും"
അച്ഛൻ ഉമ്മറത്തു നിന്ന് എഴുന്നേറ്റ് പതിയെ റൂമിൽ പോയിരുന്നു.
നിശ്ശബ്ദമായി അച്ഛൻ കയരുകയായിരുന്നു.
എന്നെ കണ്ട് അച്ഛൻ പറഞ്ഞു;"വല്ല്യച്ഛന്റെ കൂടെ പോയ്ക്കോ..."
അച്ഛനപ്പോ ഏകനായിരിക്കണമെന്ന് തോന്നി കാണും. അമ്മയില്ലാതാകുന്നതോടെ അനാഥരാവുകയല്ലേ നാം.?

Thursday 4 June 2020

മഴ നനയുന്ന കാട്

മഴ നനയുന്ന കാട്

യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിന് സാധിക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം. സഞ്ചാരികളാവാനുള്ള പ്രിയം മനസ്സില്‍ തന്നെ കുഴിച്ചുമൂടിക്കൊണ്ട്  അവരവരുടെ ദിനചര്യകളില്‍ ഒതുങ്ങുന്ന പതിവ് ശീലങ്ങളിലേക്ക് വഴുതി വീണു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ യാത്ര ചെയ്യാനൊക്കെ എവിടെ സമയം? അതിനൊക്കെ കുറെ പണം വേണ്ടേ? എന്നീ ചോദ്യങ്ങള്‍ പലരുടെയും ഉള്ളില്‍ സുലഭമാണ്. എന്നാല്‍ മാറ്റിവെക്കാന്‍ ഒരല്‍പ്പം സമയമുണ്ടെങ്കില്‍ വലിയ പണചെലവില്ലാതെ പോയി വരാന്‍ പറ്റുന്ന ഇടങ്ങള്‍ ചുറ്റുമുണ്ട്. തിരക്കുകള്‍ സ്വയം എടുത്തണിഞ്ഞ് അവനവനില്‍ ഒതുങ്ങുന്നില്ലെങ്കില്‍ ചുറ്റുപ്പാടും നമുക്കായി ഒരുങ്ങും. അങ്ങനെ ഒരുങ്ങിയ ഒരൊറ്റ ദിവസം കൊണ്ട് മൂന്നു സംസ്ഥാനങ്ങളിലൂടെ കാടറിയുകയായിരുന്നു സലീഷും, മിഥുനും, ഞാനും.

The bonnet macaque (Macaca radiata) is a macaque endemic to southern India

The bonnet macaque (Macaca radiata) is a macaque endemic to southern India

A view from Thamrassery churam

കേരളം മഴക്കാലത്തെ വരവേറ്റുതുടങ്ങിയിരിക്കുന്നു. ചുറ്റും പച്ചയിലേക്ക് പടര്‍ന്നു കയറുകയാണ്. ചാറിതുടങ്ങിയ മഴയിലേക്ക് കാറിന്റെ ഏക്സിലേട്ടര്‍ അമര്‍ത്തി. പതിഞ്ഞ താളത്തില്‍ ഒഴുകിതുടങ്ങിയ പാട്ടില്‍ ലയിച്ച് മുത്തങ്ങ, ബന്ദിപൂര്‍, മുതുമലെ, മസനഗുഡി എന്നിവിടങ്ങളിലേക്കുള്ള ഒഴുക്കുതുടങ്ങി. കാടറിയുന്ന ഒരാളായിരുന്നു സലീഷ്. വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫിയുടെ ഭാഗമായി കേരളത്തില്‍ അവന്‍ കയറി ഇറങ്ങാത്ത കാടുകള്‍ വിരളമാണ്. മൃഗങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് ആവേശം കൊള്ളുമ്പോള്‍ കേള്‍വിക്കാരാകാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. കാട്, ഒരേ സമയം ആവേശവും, ഭയത്തിന്റെ തെയ്യവുമായി ഉള്ളില്‍ രൂപാന്തരപ്പെടുന്നു.

A view from Thamrassery churam

താമരശ്ശേരി ചുരം കയറുമ്പോള്‍ ചെറിയ കോടവന്നു തൊട്ടു. മഴയില്‍ മാത്രം രൂപംകൊള്ളുന്ന ചെറു വെള്ളചാട്ടങ്ങളിലേക്ക് സലീഷിന്റെ ക്യാമറ കണ്ണുകള്‍ നീണ്ടു. ആദ്യ കാഴ്ചയില്‍ കുടുങ്ങിയത് പതിവുപോലെ കുരങ്ങന്മാരായിരുന്നു. ചുരത്തിലെ 9- മാത്തെ വളവില്‍ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ ഉപേഷിച്ചുപോയ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ചെറുതല്ലാത്ത വിധത്തില്‍ അസ്വസ്തപ്പെടുത്തുന്നുണ്ട്. സഞ്ചാരികള്‍ കൊടുത്ത ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിച്ചും, ഉപേക്ഷിച്ച പ്ലാസ്റ്റിക്‌ കവറുകള്‍ ഭക്ഷിച്ചും കുരങ്ങന്മാര്‍ സ്വജീവനെ അപായപ്പെടുത്തുന്നത് ഏറെ നേരം കണ്ടു നില്‍ക്കാനായില്ല. ഒരു ജീവിയുടെ ആവാസവ്യവസ്ഥയിലേക്ക് ഇടിച്ചുക്കേറി അതിന്റെ സ്വാഭാവിക ജീവിതാവസ്ഥയില്‍ മാറ്റം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. സ്നേഹിക്കുകയെന്നാല്‍ വേദനിപ്പിക്കുക എന്നല്ല അര്‍ത്ഥമെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

The Chital (Axis axis): also known as spotted dear or axis deer, is a species of deer that is native in the Indian subcontinent

The wild boar (Sus scrofa) : also known as the wild swine, Eurasian wild pig, or simply wild pig

Elephant enjoying monsoon

The female Asian Elephant

The Asian or Asiatic elephant (Elephas Maximus) : is the only living species of the genus Elephant and is distributed in southeast Asia from India and Nepal in the west to Borneo in the east

ചുരം താണ്ടി, സുല്‍ത്താന്‍ ബത്തേരി പിന്നിട്ട് മുത്തങ്ങയിലെത്തുമ്പോഴേക്കും മഴ കനത്തിരുന്നു. നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ കാറ്റില്‍ വിറച്ചുപോകുന്നു. മരം പെയ്യുന്നു. കാടിന്റെ മഴ വേറൊരു അനുഭൂതിയാണ്. സ്വ-കാഴ്ചയില്‍ മാത്രം വിടരുന്ന വസന്തമാണ്. കബനി കലങ്ങി മറിഞ്ഞു ഒഴുകുന്നുണ്ട്. സലീഷ് മുമ്പ് വന്ന ഓര്‍മ്മകളെ പുറത്തേക്കിറക്കി വിടുന്നു. മാനുകള്‍ ചെറു പുല്ലുകള്‍ തിന്നുകൊണ്ട്‌ നില്‍ക്കുന്ന ദൃശ്യങ്ങളെ മിഥുനും പകര്‍ത്തി തുടങ്ങിയിരിക്കുന്നു.  ഞാന്‍ കാഴ്ചകളിലേക്ക് മാത്രമായി ഒതുങ്ങി.


A tusked male Asian Elephant at night

പതിയെ കനം വെച്ചു വരുന്ന മഴ. മഴ നനഞ്ഞ മുത്തങ്ങ കാട്. ഇരു സൈഡുകളിലുമായി ഇളമ്പുല്ലുകൾ തിന്നു നിൽക്കുന്ന മാനുകൾ, മ്ലാവുകൾ. പതിയെ ബന്ധിപ്പൂർ വിടുകയായി. പകൽ മങ്ങി, സന്ധ്യ ചേക്കേറി. കൂടണയുന്ന പറവകളെ കണ്ടുതുടങ്ങി. കാട് വിട്ട് നഗരത്തിലേക്കിറങ്ങി. വീണ്ടും കാട്ടിലേക്ക്. ഊട്ടി റൂട്ടിലൂടെ മസനഗുടി ഫോറസ്റ്റ് റേഞ്ചിലേക്ക് പതിയെ നീങ്ങി. ഇരുട്ട് പോലെ ഭയം, മുന്നിൽ തസ്ക്കർ. മുന്നോട്ടും പിറകോട്ടും വണ്ടി എടുക്കാൻ പറ്റാത്ത അവസ്ഥ. നാട്ടാനകളാകേണ്ടി വന്നവയെ അല്ല, ആനയെ കാണണമെങ്കില്‍ കാട്ടില്‍ നിന്നുതന്നെ കാണണം. അവയുടെ സ്വാഭാവിക ജീവിതപരിസരങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി അവയെ സ്നേഹിക്കുന്നു എന്ന നാട്യങ്ങളിലൂടെ വേദനകള്‍ മാത്രം നല്‍കുന്ന പ്രണയത്തെ ഉപേക്ഷിക്കണം. കാട്, മനുഷ്യന്റെയും ആദ്യവീട് തന്നെയാണ് എന്ന തിരിച്ചറിവുവേണം.
തിരിച്ച് മുതുമലൈ വഴി ഗൂഡല്ലൂർ എത്തിനിൽക്കുന്നു. മഴ കുറഞ്ഞിരിക്കുന്നു. പിന്നിട്ട വഴികളിൽ നാലോ അഞ്ചോ ആനകളെ കണ്ടുകഴിഞ്ഞിരിക്കുന്നു. ഭയം കൗതുകമായി, പതിയെ ഇഷ്ടമായി മാറിയിരിക്കുന്നു. യാത്ര തുടരുകയാണ്, മുന്നിൽ തളം കെട്ടിക്കിടക്കുന്ന കോട. നാടുകാണി ചുരമിറങ്ങി നിലമ്പൂര്‍ വഴി, വീണ്ടും കോഴിക്കോടേക്ക്. ചിലയാത്രകള്‍ അങ്ങനെയാണ് വേഗം തീര്‍ന്നു പോയതായി തോന്നും. അവ ബാക്കിവെക്കുന്ന അനുഭവങ്ങള്‍ മാത്രമായിരിക്കും ശേഷിപ്പുകള്‍. കാഴ്ചകള്‍ വെറും കാഴ്ചകള്‍ മാത്രമല്ലെന്നും, അവ പകര്‍ത്തപ്പെടേണ്ട പാഠങ്ങള്‍ കൂടിയാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തും.

ഫോട്ടോ: സലീഷ് കുമാർ

Friday 20 March 2020

ഈ കൂട്ടത്തെ നമുക്കറിയാം

''നീ തീര്‍ന്നു മോളെ. നിന്റെ കണ്ണില്‍ മുളക് അല്ല തേക്കേണ്ടത്, നിന്റെ മുഖത്ത് ആസിഡ് ഒഴിക്കണം. നായിന്റെ മോള്‍''

ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന്റെ ആരാധകരില്‍ പലരും കുറിച്ച വാക്കുകളാണിത്. ഇന്ന് അതേ ആരാധകര്‍ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിന്റെ ആഹ്ലാദത്തിലാണ്. ഫെമിനിച്ചി എന്ന പദത്തെ വലിയ തെറിയായി കാണുന്ന ആണ്‍ബോധങ്ങള്‍ തന്നെയാണ് ഈ കൂട്ടം എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

ജീവിക്കുന്ന സമൂഹത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ബോധവും, നിലപാടുകളും, താന്‍ ഇടപെടുന്ന മേഖലയിലും മാറേണ്ടേ കാഴ്ചപ്പാടുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള സ്ത്രീകളെ അവരുടെ ഫെയ്സ്ബുക്കില്‍ പോയി തെറിവിളിച്ചും, ഡീഗ്രയ്ഡ് ചെയ്തും തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂട്ടമാണിത്.

ഇതേ ആളുകള്‍ തന്നെയാണ് ഹൈദരാബാദ് പോലീസിന് ജയ് വിളിച്ചര്‍, ഇവര്‍ തന്നെയാണ് ആസിഡ് ആക്രമണം നടത്തിയവനെ പച്ചയ്ക്ക് കൊളുത്തണമെന്ന് വികാരഭരിതരായത്. ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന സമയത്തുപോലും കായിക താരത്തിന്റെ ജാതി നോക്കുന്ന സവിശേഷ സ്വഭാവമുള്ളവരാണ് ഇത്തരകാര്‍. ദളിതരെയും അന്യസംസ്ഥാന തൊഴിലാളികളെ പരിഹസിക്കുന്നതും ഇവര്‍ തന്നെയാണ്. പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതും ഇതേ കൂട്ടമായിരുന്നു. റിമ കല്ലിങ്കലിന്റെ പോസ്റ്റിനടിയില്‍ പൊരിച്ച മത്തിയെന്ന് കമന്റിടുന്ന ഈ കൂട്ടം കൂടുതല്‍ തീവ്രമാവുകയാണ്. സ്ത്രീ വിദുദ്ധതകൊണ്ട് അടയാളപ്പെടുന്ന ഇവരുടെ നാട്യങ്ങളെ എങ്ങനെയാണ് കണ്ടില്ലെന്ന് വെക്കുക?

ഗോവിന്ദ ചാമിയുടെ ജയിലിലെ സുഖങ്ങളെക്കുറിച്ച് ആത്മരോക്ഷം കൊള്ളുന്ന ഇതേ കൂട്ടം തന്നെയാണ് രേഷ്മയുടെ മുഖത്ത് ആസിഡൊഴിക്കണം എന്ന് അലറിയത്.

ഈ കൂട്ടത്തെ നമുക്കറിയാം, ഏറിയും കുറഞ്ഞും അതീ സമൂഹമാണ്‌