Saturday 18 June 2016

When I was born,I was black
When I grew up,I was black
When I get hot,I'm black
When I get cold,I'm black
When I'm sick,I'm black
When I die,I'm black
When you were born,you were pink
When you grew up,you were white
When you get hot,you go red
When you get cold,you go blue
When you are sick,you go purple
When you die,you go green
AND YET YOU CALL ME COLOURED......
കറുത്തവനു ദാഹജലം പകർന്നു കൊടുക്കാൻ മടിച്ച ആര്യവർഗ്ഗ ധാർഷ്ട്യത്തിനെതിരെ ഇംഗ്ലണ്ടിലെ ബർമിങ്ങ്ഹാം സ്കൂളിലെ വിദ്യാർത്ഥിയുടെ കവിതയാണിത്.കറുപ്പിനോടുള്ള അസഹിഷ്ണുത ലോകമെമ്പാടുമുള്ളതാണ്.

ഒഴിവുദിവസത്തെ കളി അനുവർത്തനത്തിന്റെ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഉണ്ണി.ആർ-ന്റെ ഇതേ പേരിലുള്ള കഥയെ സിനിമയാക്കിയിരിക്കുകയാണ് സനൽകുമാർ ശശിധരൻ. അവസാനനിമിഷം വരെ ആകാംക്ഷ നിലനിർത്തുന്ന ഉദ്വേഗഭരിതമായ രചനയാണ് ഒഴിവുദിവസത്തെ കളി.ഒഴിവുദിവസത്തെ ഒരു കളി എന്നമട്ടിൽ തുടങ്ങുന്ന ആഖ്യാനം അവസാനിക്കുമ്പോഴാണ് അതൊരു കൊലപാതകമായിരുന്നു എന്ന് അനുവാചകർക്ക് മനസ്സിലാവുന്നത്.ഈ കൊലപാതകകഥയെ ഒരു കളി എന്ന നിലയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞ ആഖ്യാനരീതിയാണ് ഈ കഥയെ ശ്രദ്ധേയമാക്കുന്നത്.
    ഒഴിവുദിവസത്തെ കളിയിലെ സൂക്ഷ്മമായ രാഷ്ട്രീയം അധികാരത്തിന്റെ ശ്രേണീവൽക്കരണത്തെയും, ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെയും വെളിവാക്കുന്നു. ഇന്ത്യയിലെ ഭരണവർഗത്തിലൂടെ ബ്രാഹ്മണൻ തങ്ങളുടെ ആശയസംഹിതകളെയാണ് എക്കാലത്തും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇന്ത്യയിലെ അധഃകൃത വർഗ്ഗത്തിൽപ്പെട്ട സാധാരണ മനുഷ്യൻ ഇത്രത്തോളം പതിതരും, ഹതാശരും തരംതാഴ്ന്നവരും ആയിരിക്കുന്നതിന്റെ കാരണം പൂർണമായും ബ്രാഹ്മണരും അവരുടെ ദർശനവുമാണെന്ന ഡോ.ബി.ആർ.അംബേദ്കരുടെ വിലയിരുത്തലുകളെ ശരി വയ്ക്കുകയാണ് സിനിമ.ഒരു സിനിമ എന്നതിനപ്പുറം യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായി ഒഴിവുദിവസത്തെ കളി മാറുന്നു... ശരാശരി മലയാളിയിലെ വംശീയ യാഥാസ്ഥിതികത്വം വച്ചു പുലർത്തുന്ന ,കൂട്ടത്തിലെപ്പോലും അൽപം കറുത്തവനെ തങ്ങളുടെ ആജ്ഞാനുവർത്തിയാക്കാൻ ശ്രമിക്കുന്ന ജുഗുപ്സാവഹമായ ചട്ടമ്പിത്തരത്തിനെയാണ് ഒഴിവുദിവസത്തെ കളി അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. ചക്കയിടാനും കോഴിയെക്കൊല്ലാനും ഒക്കെ അനുയോജ്യൻ കറുത്തവൻ / ദളിതനാണെന്ന സവർണ ബോധത്തെ സിനിമ കാട്ടിതരുന്നു.
     ജാതിയുടെ പേരിൽ ദളിതന് അയിത്തം കൽപിക്കുന്ന സാമൂഹ്യാവസ്ഥ പ്രത്യക്ഷത്തിൽ കേരളത്തിൽ ഇല്ലെങ്കിലും, പരോക്ഷമായി ജാതിയുടെ അടിവേരുകൾ ശക്തമായി ഇവിടെ വ്യാപിച്ചിട്ടുണ്ടെന്ന് സിനിമ കാട്ടിത്തരുന്നു (സമകാലിക സംഭവങ്ങളും). ബ്രാഹ്മണനും ക്ഷത്രിയും വൈശ്യനുമെല്ലാം ചേർന്ന അധികാരവ്യവസ്ഥ തന്ത്രപൂർവം എങ്ങനെ കീഴാളനെ നിഷ്കാസനം ചെയ്യുന്നു എന്നും സ്ത്രീയെ ശരീരമായി മാത്രം കാണുന്ന ആണധികാരത്തെയും തുറന്നുകാട്ടുകയാണ് ഒഴിവുദിവസത്തെ കളി എന്ന സിനിമ .മുഖ്യധാരാ സിനിമകളുടെ ധാരാളിത്തമോ ദുർമ്മേദസ്സോ ഇല്ലാതെ എടുത്ത നല്ല സിനിമയാണിത്. എടുത്തു പറയേണ്ടത് കാസ്റ്റിംഗ് ആണ്. എല്ലാ നടീനടന്മാരും സ്വഭാവികമായ അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു. കുറഞ്ഞ ചിലവിൽ നല്ല സിനിമകൾ ഒരുക്കാമെന്ന് സനൽകുമാർ ശശിധരൻ കാട്ടിത്തരുന്നു.....
"രക്തമെല്ലാം തീരാറായി
ഇനി മുന്നോട്ടു നീങ്ങാൻ
ശക്തിയില്ല "

'കഥകളി' എന്ന സിനിമയ്ക്ക് പ്രദർശന അനുമതി നിഷേധിച്ചിരിക്കുകയാണ്.സിനിമയിൽ നഗ്നതാ പ്രദർശനം ഉണ്ടെന്ന കാരണത്താലാണ് പ്രിയ സുഹൃത്ത് സൈജോ കണ്ണാനിക്കൽ സംവിധാനം ചെയ്ത കഥകളി എന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവച്ചിരിക്കുന്നത്..
സിനിമ കണ്ട സെൻസർ ബോർഡ് അംഗങ്ങൾ കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരിൽ സെൻസർ ബോർഡിന്‍റെ സംസ്ഥാന പ്രതിനിധി സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. സിനിമയുടെ നഗ്നതാ പ്രദർശനമുള്ള ക്ലൈമാക്സ് മാറ്റണം എന്നാണ് സെൻസർബോ‍ർഡ് പറഞ്ഞിരിക്കുന്നത്. എന്നാൽ സിനിമ അതാവശ്യപ്പെടുന്ന ഒന്നാണെന്നാണ് സിനിമ കണ്ട എനിക്ക് പറയാനുള്ളത്...'''

         നിലവില്‍ ഫ്രാന്‍സിലെ നീസ് ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച സിനിമക്കും മികച്ച സിനിമാട്ടോഗ്രാഫിക്കുമായി രണ്ടു ഔദ്യോഗിക നോമിനേഷന്‍ ലഭിച്ചിരുന്നു. മാത്രമല്ല അമേരിക്കയിലെ ലോസ് അഞ്ചലോസിലെ സിനി ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നായകന്‍ കഥകളി വേഷം ഉരിഞ്ഞുകൊണ്ട് തികച്ചും ആത്മീയപരമായ പശ്ചാത്തലത്തിലാണ് ചിത്രം പര്യവസാനിക്കുന്നത്. ജനനേന്ദ്രിയങ്ങളോ, സ്ത്രീകളുടെ നഗ്നതയോ കാണിക്കാതെ നഗ്നനായി അകലേക്ക് നടന്നുപോകുന്ന നായകന്‍റെ അവസാന സീനുകള്‍ പൂര്‍ണ്ണമായും മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതായത് climax മാറ്റണമെന്ന് സാരം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ കത്രിക വെക്കുന്ന സെൻസർ ബോർഡിന്റെ നടപടികളെ തടയുക തന്നെ വേണം.
           ദാസ് എന്ന അനാഥന്റെ കഥയാണ് സിനിമ പറയുന്നത്. അനാഥാലയത്തിൽ നിന്നിറങ്ങിയ ദാസിനെ ആശാൻ ഒപ്പം കൂട്ടുന്നതും തുടർന്ന് ആശാന്റെ ചീത്ത വിളി കേട്ട് അലക്കുകാരനായി അയാൾക്കൊപ്പം കഴിയുന്ന ദാസ് ഒരു വിദേശ വനിതയുമായുള്ള സൗഹൃദത്തിലൂടെ തന്റെ നാടിന്റെ കല (കഥകളി )പഠിക്കാൻ തീരുമാനിക്കുന്നതുമാണ് സിനിമ .അന്നേരം അവനു നേരിടുന്ന പ്രശ്നങ്ങളെ സിനിമ അനാവരണം ചെയ്യുന്നു..... കാസ്റ്റിംഗിൽ ചെറിയ പാളിച്ച പറ്റിയിട്ടുണ്ടെങ്കിലും മെയിൻ നടീ നടന്മാരെല്ലാം തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. ചിലയിടങ്ങൾ തനി ഡ്രാമറ്റിക്കായെന്നു തന്നെ പറയാം .എന്നാലും നല്ലൊരു ആവിഷ്ക്കാരമാണ് കഥകളി എന്നതിൽ സംശയമില്ല.

Thursday 9 June 2016

ഒരു നഗരത്തിൽ ഒരു അനീതിയുണ്ടായാൽ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലതെന്ന് തോന്നുകയാണ്......
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ബലാത്സംഗത്തിനിരയായ സംഭവം;കേസിൽ സർക്കാർ അടിയന്തരമായി ഇടപെടുക തന്നെ വേണം. മേയ് 31-നും ജൂണിനും ഇടയിലുള്ള ദിനങ്ങളിലൊന്നിലാണ് യുവതി ബലാത്സംഗത്തിനിരയായത്. എന്നിട്ട് എന്തുകൊണ്ട് ഇക്കാര്യം പുറം ലോകം അറിഞ്ഞില്ല?
യുവതിയുടെ വീട്ടുകാരാരും പരാതി നൽകിയതായി അറിവില്ല.അതുകൊണ്ടു തന്നെ ഈ കേസിൽ പോലീസ് അന്വേക്ഷണം ഉണ്ടായിട്ടുമില്ല. ഇത് വേട്ടക്കാരന് രക്ഷപ്പെടാനുള്ള അവസരമായി മാറുകയാണ്.ഇതനുവദിച്ചുകൂടാ.പ്രതി എത്ര തന്നെ ഉന്നതനായാലും ശിക്ഷിക്കപ്പെടണം!

NB:- ബലാത്സംഗത്തിനിരയാക്കപ്പെട്ട ആ യുവതിയുടെ ആരോഗ്യസ്ഥിതികളെ കുറിച്ചറിയാൻ നിങ്ങൾ ശ്രമിച്ചോളു. ദയവു ചെയ്ത് അവരുടെ പേരും മുഖവും വെച്ച് അവളുടെ വേദനയെ നിങ്ങൾ ആഘോഷമാക്കാതിരിക്കുക. ഇരകളെ വീണ്ടും വീണ്ടും വേട്ടയാടുകയല്ല മറിച്ച് വേട്ടക്കാരനെ കണ്ടെത്താനും സമൂഹത്തിനുമുന്നിൽ അവനെ കൊണ്ടുവരാനുമാണ് പക്വതയുള്ള ഒരു സമൂഹം ശ്രമിക്കേണ്ടത്.

Tuesday 7 June 2016

കഥയെഴുത്തിന്റെ ഉത്തരാധുനിക ഇടവഴികള്‍



Jun 07 2016 07:39 AM
നിധിൻ.വി.എൻ
കാലത്തെ അതിവർത്തിക്കുമെന്ന ധാരണയിൽ നിന്നുണ്ടായ ദാർശനിക ബോധമായിരുന്നു ആധുനിക മലയാള ചെറുകഥയുടെ ശക്തിയും ദൗർബല്യവും. എഴുത്തുകാരന്റെ/കാരിയുടെ കണ്ണിലൂടെ ലോകത്തെ കാണാൻ പ്രേരിപ്പിക്കുന്ന ആത്മങ്ങളുടെ ആഖ്യാന വഴികളായിരുന്നു അത്. ഒരർത്ഥത്തിൽ അത് സാഹിത്യത്തിലെ എഴുത്തുകാരനെന്ന/കാരിയുടെ സംവർഗ്ഗത്തിന് ആദർശാത്മക നില സൃഷ്ടിച്ചു നൽകി. എഴുത്തുകാരന്റെ/കാരിയുടെ ബോധം ഏറെ ഗാഢവും അഗാധവുമായ അയാളുടെ ചിന്തകളുടെ ഭാഗമായി തിരിച്ചറിയപ്പെട്ടു. ആദർശമുക്തവും മുൻധാരണകളാൽ വികലമാക്കപ്പെടാത്തതുമായ ജീവിതമാണ് ആധുനികോത്തര മലയാള ചെറുകഥാകൃത്തുക്കളുടെ എഴുത്തിൽ നിറയുന്നത്. അസ്തിത്വ പ്രശ്നങ്ങളേക്കാൾ സാംസ്ക്കാരികമായ അന്വേക്ഷണമായി ഓരോ കഥയും മാറുന്നു. ഏകതലത്തിലേക്ക് പൊട്ടിയമരുന്ന ആധുനികതയുടെ കഥന ഭാവുകത്വത്തിൽ നിന്നും അനേക തലങ്ങളിലേക്ക് പൊട്ടിച്ചിതറുന്ന സാംസ്കാരികരൂപമായി നവീനകഥ മാറി. ആധുനികോത്തര മലയാളകഥയിൽ വിപണിസംസ്ക്കാരം, മാധ്യമസംസ്ക്കാരം, സ്ത്രീവാദം, ദളിത് വാദം, പരിസ്ഥിതിവാദം തുടങ്ങിയ വ്യത്യസ്ത ആശയ മണ്ഡലങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സ്വാധീനത്തിന്റെ ഫലമായി ആധുനികോത്തര മലയാളചെറുകഥ എങ്ങനെ രൂപപ്പെട്ടു എന്ന അന്വേക്ഷണമാണ് ഡോ.ദിവ്യ ധർമ്മദത്തന്റെ കഥായനം.

ആധുനികോത്തര മലയാളചെറുകഥയിലെ ദിശാവ്യതിയാനം രേഖപ്പെടുത്തുന്ന പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ കൃതിയെ രണ്ടുഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സമകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പന്ത്രണ്ട് ലേഖനങ്ങൾ പ്രാതിനിധ്യ സ്വഭാവമുള്ള ഇരുപത്തെട്ട് കഥകളെയാണ് പഠനവിധേയമാക്കുന്നത്. ആധുനികോത്തര സമൂഹം ശരീരത്തെ എങ്ങനെ വീക്ഷിക്കുന്നു എന്ന പഠനമാണ് 'ആധുനികോത്തരകഥയിലെ ശരീരം' എന്ന ലേഖനം. പി വി ഷാജികുമാറിന്റെ വെള്ളരിപ്പാടം, ഇപി ശ്രീകുമാറിന്റെ പരസ്യശരീരം, സിതാര.എസിന്റെ കറുത്തകുപ്പായക്കാരി എന്നീ കഥകളിലൂടെ സ്ത്രീ ശരീരത്തെ എങ്ങനെ പ്രതിരോധത്തിന്റെ മാധ്യമമായും കാഴ്ച്ചവസ്തുവായും ഉപഭോഗവസ്തുവായും മാറ്റുന്നുവെന്ന് ദിവ്യ സമർത്ഥിക്കുന്നു. ഈ ലേഖനത്തോട് ചേർത്തുവെച്ച് വായിക്കാവുന്ന ലേഖനമാണ് 'ശരീരവും വിപണിയും -ഇ.പി.ശ്രീകുമാറിന്റെ കഥകളിൽ' എന്നത്. അതിനെക്കുറിച്ച് വഴിയേ പറയാം.



അടുത്ത ലേഖനം 'വിമതലൈംഗികത മലയാളചെറുകഥയിൽ' എന്ന വിഷയത്തെ ആധാരമാക്കിയുള്ളതാണ്. സ്ത്രീ-പുരുഷ ബന്ധമാണ് പ്രകൃതിസഹജമെന്നു കരുതുന്നവരാണ് ഭൂരിപക്ഷ സമൂഹവും.എന്നാൽ സമൂഹത്തിന്റെ ഈ വ്യവസ്ഥാപിത ലൈംഗിക ശീലങ്ങളിൽ നിന്നും വ്യതിചലിച്ചു ജീവിക്കുന്നവരുടെ ഏതാനും ചെറുകഥകൾ മലയാള സാഹിത്യത്തിലുണ്ട്. മാധവിക്കുട്ടിയുടെ നപുംസകങ്ങൾ, ഇന്ദുമേനോന്റെ ഒരു ലെസ്ബിയൻ പശു, പ്രമോദ് രാമന്റെ ഛേദാംശജീവിതം, സിതാര.എസിന്റെ ചാന്തുപൊട്ട് എന്നീ കഥകളുടെ വെളിച്ചത്തിൽ വിമതലൈംഗികത മലയാള ചെറുകഥയിൽ എങ്ങനെ അടയാളപ്പെടുന്നുവെന്ന് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയൽ കാലഘട്ടത്തിൽ രൂപപ്പെട്ട ഇന്ത്യൻ ദേശീയബോധം എങ്ങനെ ഏകശിലാത്മകമായ ദേശീയതയ്ക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് കെ.രേഖയുടെ മഞ്ഞുകുട്ടികൾ, ഇന്ദുമേനോന്റെ സംഘപരിവാർ എന്നീ കഥകളുടെ അടിസ്ഥാനത്തിൽ 'ദേശീയതയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ' എന്ന ലേഖനത്തിൽ പറയുന്നു.

അഗോളവത്ക്കരണം, കമ്പോളസംസ്ക്കാരം, മാധ്യമസംസ്ക്കാരം എന്നിവയാണ് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ കേരളസമൂഹത്തെ സ്വാധീനിച്ച ചില പ്രധാന ഘടകങ്ങൾ.ഇതിന്റെ ഫലമായി സമൂഹത്തെ മുഴുവൻ വിപണിയായി കാണുന്ന, വ്യക്തിയുടെ സ്വകാര്യതപോലും വിറ്റുകാശാക്കുന്ന കമ്പോള - മാധ്യമ സംസ്ക്കാരത്തിന്റെ ഇരകളായി മാറിയിരിക്കുകയാണ് കേരളീയർ. സമൂഹത്തിലെ മൂല്യവ്യവസ്ഥകൾക്കുപകരം കമ്പോളാധിഷ്ഠിത മൂല്യങ്ങൾ സ്ഥാനം പിടിക്കുന്നു. തത്ഫലമായി അപമാനവീകരണം കേരള സമൂഹത്തെ അർബുദം പോലെ ബാധിച്ചിരിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ചരിഞ്ഞ സുഷിരങ്ങൾ, കൊച്ചുബാവയുടെ വ്യദ്ധമാതാവ്, ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ മലബാർ എക്സ്പ്രസ്, സുഭാഷ് ചന്ദ്രന്റെ തല്പം, എം.മുകുന്ദന്റെ ഫോട്ടോ, ഇ.പി.ശ്രീകുമാറിന്റെ വൃദ്ധജന ബാങ്ക്, അശോകൻ ചരുവിലിന്റെ പലതരം വീടുകൾ എന്നീ കഥകളെ പഠനവിധേയമാക്കി അപമാനവീകരണം മലയാള ചെറുകഥയിൽ എങ്ങനെ അടയാളപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ലേഖനമാണ് 'അപമാനവീകരണം ആധുനികാനന്തര ചെറുകഥയിൽ'.

ആധുനികോത്തര മലയാള ചെറുകഥയിൽ വൈവിധമാർന്ന നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അതിൻ പ്രധാനമായ ഒന്നാണ് പാഠാന്തരത. സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ പി.സുരേന്ദ്രന്റെ രവിയുടെ ഇതിഹാസാനന്തരജീവിതം എന്നീ കഥകളിലൂടെ പാഠാന്തരതയെ ആധുനികാന്തര കഥാകൃത്തുക്കൾ ഉപയോഗിച്ചതെങ്ങനെയാണെന്ന പഠനമാണ് 'പാഠാന്തരത സമകാലീന കഥയിൽ' എന്ന ലേഖനം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിർത്തികൾ നിർണയിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ പ്രതിരോധങ്ങളായി മലയാളകഥയിൽ വന്ന കെ.ആർ മീരയുടെ ഓർമയുടെ ഞരമ്പ്, കെ.രേഖയുടെ നല്ലനടി എന്നീ കഥകളുടെ പഠനമാണ് 'ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തികൾ'. മതഭ്രാന്തൻ, ഒരു പാട്ടിന്റെ ദൂരം എന്നീ ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ വ്യക്തിഭയം സമൂഹത്തിന്റെ ഭയവായി മാറുന്നതിന്റെ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളെ വിശകലനം ചെയ്യുകയാണ് 'ഭരണകൂടത്തിന്റെയും പുരുഷാധിപത്യസമൂഹത്തിന്റെയും ഭയപ്പെടുത്തലിന്റെ പാഠങ്ങൾ' എന്ന ലേഖനത്തിലൂടെ.



ഇ.പി.ശ്രീകുമാറിന്റെ വൈദ്യം, ശവവസ്ത്രക്കച്ചവടം എന്നീ കഥകൾ ശരീരം എങ്ങനെ ഒരു വിപണിയാകുന്നുവെന്ന് സൂചിപ്പിക്കുന്നു (ശരീരവും വിപണിയും ഇ.പി.ശ്രീകുമാറിന്റെ കഥകളിൽ). 'രണ്ടു മത്സ്യങ്ങൾ;അതിജീവനത്തിന്റെ ഗാഥ' എന്ന ലേഖനം രണ്ടു. മത്സ്യങ്ങൾ എന്ന അംബികാസുതൻ മാങ്ങാടിന്റെ കഥയെ ആധാരമാക്കി അമിതവിഭവചൂഷണംമൂലം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ചർച്ച ചെയ്ത് അതിനുകാരണമായ ആഗോളവത്കൃത ലോകത്തിന്റെ വിപണന താല്പര്യങ്ങളെ വിചിന്തനം ചെയ്യുന്നു. 'ഒഴിവുദിവസത്തെ കളി കാര്യമാകുമ്പോൾ' എന്ന ലേഖനം ഉണ്ണി.ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയെ വിശകലനം ചെയ്ത് അധികാരത്തിന്റെ ശ്രേണീ വൽകരണത്തെയും ജാതിയുടെ ഉച്ചനീചത്വങ്ങളെയും വെളിവാക്കുന്നു. ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയുടെ പഠനമാണ് 'ഗ്രേസിയുടെ ഗൗളിജന്മം - ചില സ്ത്രീപക്ഷ ചിന്തകൾ' എന്ന ലേഖനം. സ്ത്രീ സ്വത്വാന്വേഷണത്തിലേക്കും അതിന്റെ ആത്മസംഘർഷത്തിലേക്കും ഈ ലേഖനം കടന്നു ചെല്ലുന്നു. 'സന്തോഷ് ഏച്ചിക്കാനത്തിന്റെ ഡേവിഡ്ജികോഡിലെ ആഖ്യാനം' ഡേവിഡ്ജികോഡെന്ന കഥയുടെ പഠനമാണ്. അതിനൊപ്പം മലയാള ചെറുകഥ നാളിതുവരെ കടന്നുവന്ന വഴികളെ ലേഖനം രേഖപ്പെടുത്തുന്നു .സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ ആഖ്യാനത്തെക്കുറിച്ചും പാഠാന്തരതയെക്കുറിച്ചും ലേഖനം വിശകലനം ചെയ്യുന്നു.

ആധുനികോത്തരകഥ ''മനുഷ്യൻ എന്ന ഏകവചനത്തിൽ ശ്വാസം മുട്ടിച്ചത്ത" സകല വൈവിദ്ധ്യങ്ങളെയും തിരികെ കൊണ്ടുവരുന്നു. പകരം ആധുനികതയുടെ സാഹിത്യബോധ്യങ്ങളെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നുവെന്ന് കഥായനം ധ്വനിപ്പിക്കുന്നു. കഥായനം, മികച്ച വായനാനുഭവമാകുന്ന അതേ അവസരത്തിൽ ഈ കൃതിയിൽ പഠനവിധേയമായ കഥകളെല്ലാം മുഖ്യധാരാ സാഹിത്യത്തിൽ ഇടംപിടിച്ചവരുടെ ശ്രദ്ധേയമായ രചനകളാണെന്ന കാര്യം വിസ്മരിക്കരുത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് അത്ര ഉദാരമായ ഒന്നല്ല. കാരണം പഠനവിധേയമാക്കേണ്ട ഒട്ടനവധി കഥകൾ പുറത്തു നിൽക്കപ്പെടുന്നത് സാഹിത്യത്തിലെ ഒരു തരം വരേണ്യ കാഴ്ച്ചയുടെ അവസ്ഥാവിശേഷമാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും ദിവ്യയുടെ കഥായനം ആധുനികോത്തര മലയാള ചെറുകഥകളുടെ മികച്ച പഠനങ്ങളിൽ ഒന്നാകുമെന്ന കാര്യത്തിൽ തര്‍ക്കമില്ല.