Sunday 4 December 2016

മലയാള ചലച്ചിത്രാനുവർത്തനത്തിന്റെ സാംസ്കാരിക പഠനം

അനുകല്പനം/അനുവർത്തനം, സാഹിത്യകൃതിയെ ദൃശ്യമാധ്യമത്തിലേക്ക് പകർത്തുന്ന പക്രിയ.ചലച്ചിത്രാനുകല്പനത്തിന് സിനിമയുടെ ആവിർഭാവത്തോളം പഴക്കമുണ്ട്.1887-ൽ ലൂമിയർ സഹോദരന്മാരൊരുക്കിയ "ദ് ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ് " എന്ന ഹ്രസ്വചിത്രം അനുകല്പനത്തിന്റെ ആദ്യകാലമാതൃകയാണ്. സിനിമയുടെ വിവിധ പരിണാമദശകളിൽ ബൈബിൾ ചെലുത്തിയ സ്വാധീനത്തിന് തത്തുല്യമായ സ്ഥാനമാണ് ഇന്ത്യൻ സിനിമയിൽ ഇതിഹാസപുരാണങ്ങൾക്ക്. മലയാളത്തിലെ രണ്ടാമത്തെ സിനിമയായ മാർത്താണ്ഡവർമ്മ ,സി വി രാമൻപിള്ളയുടെ നോവലിനെ അവലംബമാക്കി നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രനുകല്പനമാണ്.തുടർന്നിങ്ങോട്ട് സാഹിത്യകൃതികളെ ഉപജീവിച്ചുകൊണ്ട് നിരവധി സിനിമകൾ മലയാളത്തിൽ വന്നെങ്കിലും,  കാര്യമാത്ര പ്രസക്തമായ അനുകല്പനപഠനങ്ങൾ മലയാളത്തിൽ നന്നേകുറവാണ്. ഇവിടെയാണ്, ഡോ.രാജേഷ്.എം.ആർ-ന്റെ "മലയാളസിനിമ അനുവർത്തനത്തിന്റെ സംസ്കാര പഠനം" എന്ന കൃതി പ്രസക്തമാകുന്നത്. ചെറുകഥയും നാടകവും നോവലും സിനിമയിലേക്ക് അനുവർത്തനം ചെയ്യുമ്പോഴുള്ള സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക സംക്രമണത്തെക്കുറിച്ച് കൃതി ചർച്ചചെയ്യുന്നു. മൂലകൃതിയോട് കൂറ് പുലർത്തിക്കൊണ്ട് അനുവർത്തനം നടത്തേണ്ടതെന്ന അഭിപ്രായമായങ്ങളായിരുന്നു ആദ്യകാല സിദ്ധാന്തങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നീടുള്ള സിദ്ധാന്തങ്ങൾ സാഹിത്യത്തെ കേവലം അസംസ്കൃതവസ്തുവായിക്കണ്ട് ദൃശ്യഭാഷയ്ക്കിണങ്ങുന്ന വിധത്തിൽ ആവിഷ്കരിക്കുകയാണ് ചെയ്തത്. ചലച്ചിത്രാനുകല്പനങ്ങളെ മൂലകൃതിയോട് തട്ടിച്ചുനോക്കുന്ന ഒരു പൊതുബോധം ഇന്നും നിലനിൽക്കുന്നു എന്നതാണ് ഇവിടെ വൈരുധ്യം.ജോൺ ഡ്രൈഡൻ,ജോഫ്രി വാഗ്നർ,ഗസ്റ്റൺ റോബർജ് തുടങ്ങിയവർ സിദ്ധാന്തികരിക്കുന്നത് ചലച്ചിത്രഭാഷയുടെ ശൈലിക്കിണങ്ങും വിധത്തിൽ സാഹിത്യകൃതിയെ ഒരു അസംസ്കൃത വസ്തുവായി സമീപിക്കാമെന്നാണ്.ശബ്ദസന്നിവേശം, ചിത്രസംയോജനം, നിറവിന്യാസം, ക്യാമറയുടെ ചലനം, പശ്ചാത്തല സംഗീതം എന്നീ സാങ്കേതികഘടകങ്ങളുടെ വിശകലനം കൂടി സിനിമ ആവശ്യപ്പെടുന്നത്;സാഹിത്യത്തിന്റെ ഭാഷയിൽ നിന്ന് വ്യത്യസ്തമാണ് സിനിമയുടെ ഭാഷ എന്നതിനാലാണ്. അതിനാൽ അനുവർത്തനത്തിന്റെ പ്രശ്നങ്ങൾ പ്രതിനിധാനം ചെയ്യുന്നത്, രണ്ട് വ്യത്യസ്ത മാധ്യമങ്ങളുടെ വ്യത്യസ്ത സൗന്ദര്യ-സാംസ്കാരിക തലങ്ങളെയാണ്. സാഹിത്യവും സിനമയും താരതമ്യം ചെയ്ത് വിലയിരുത്തുകയല്ല, മറിച്ച് അവ തമ്മിലുള്ള അന്തരം ഏതുവിധത്തിലാണ് രൂപപ്പെട്ടിരിക്കുന്നതെന്ന അന്വേഷണമാണ് "മലയാളസിനിമ അനുവർത്തനത്തിന്റെ സാംസ്കാരിക പഠനം".



ഒന്നാം അദ്ധ്യായമായ അനുവർത്തനത്തിന്റെ സൈദ്ധാന്തിക മാതൃകകൾ, അനുവർത്തനം വഴി രൂപപ്പെടുന്ന സാംസ്കാരികപാഠങ്ങളെ വിശകലനം ചെയ്തെടുക്കാൻ ക്രിസ്റ്റ്യൻ മെറ്റ്സ്,ഴാക്ക് ലക്കാൻ, ലൂയി അൽത്തൂസർ ,റൊളാങ്ങ് ബർത്ത്, ലോറ മൾവി തുടങ്ങിയ നിരവധി സൈദ്ധാന്തികരുടെ സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തികൊണ്ട് ശ്രമിക്കുന്നു. വിവർത്തന സങ്കല്പനങ്ങളെ പിൻപറ്റി രൂപപ്പെട്ട ആദ്യകാല അനുകല്പന സിദ്ധാന്തങ്ങൾ, ദൃശ്യമാധ്യമത്തിന്റെ സവിശേഷതകൾക്ക് അനുസൃതമായി രൂപാന്തരപ്പെട്ടു. ആ നിലയ്ക്ക് ആദ്യകാല അനുകല്പനങ്ങളിൽ നിന്ന് പിൻകാല അനുകല്പനങ്ങൾക്കുണ്ടായ മാറ്റം ഈ അദ്ധ്യായത്തിൽ വിശകലനം ചെയ്യുന്നു. ക്യാമറയുടെ ചലനം, ശബ്ദസന്നിവേശം, ചിത്രസംയോജനം, നിറവിന്യാസം എന്നിവയൊക്കെ സിനിമയ്ക്ക് സൗന്ദര്യാനുഭൂതിയോടൊപ്പം അർത്ഥ തലങ്ങും പ്രദാനം ചെയ്യുന്നതെങ്ങനെയെന്ന് ഉദാഹരണങ്ങളിലൂടെ പഠനവിധേയമാക്കുന്നു. അതിനുശേഷം ചെറുകഥ, നാടകം, നോവൽ എന്നീ സാഹിത്യഗണങ്ങളെ അവലംബമാക്കി അനുവർത്തനങ്ങളുടെ സാദ്ധ്യതകൾ സൈദ്ധാന്തികാന്തരീക്ഷത്തിലൂടെ വെളിപ്പെടുത്തുകയാണ് തുടർന്നുള്ള മൂന്ന് അദ്ധ്യായങ്ങളിൽ. സാഹിത്യകൃതിയെന്ന നിലയ്ക്കും സിനിമയെന്ന നിലയ്ക്കും ഏറെ പ്രശസ്തമായ "ഓളവും തീരവും","കാഞ്ചനസീത", "മതിലുകൾ" എന്നീ സാഹിത്യ-സിനിമാ പാഠങ്ങളെ താരതമ്യപഠനത്തിന് വിധേയമാക്കുന്നു. ഈ കൃതിയുടെ രീതിശാസ്ത്രം അനുവർത്തനസിദ്ധാന്തങ്ങളുടെയും സാംസ്കാരികസിദ്ധാന്തങ്ങളുടെയും പിൻബലത്തിൽ രൂപപ്പെടുത്തിയെടുത്തതാണ്. സാഹിത്യത്തിൽ നിന്ന് വ്യത്യസ്തമായി സിനിമയെ കാണുകയും ദൃശ്യമാധ്യമത്തിന്റെ ചിഹ്നവ്യവസ്ഥയ്ക്കനുസൃതമായി അതിനെ വിലയിരുത്തുകയും ചെയ്യുന്ന സൈദ്ധാന്തിക സമീപനം കൈക്കൊണ്ടിരിക്കുകയാണ്.സാഹിത്യം സിനിമയാകുമ്പോൾ അത് വ്യത്യസ്തമായ ആശയമാണ് നിർമ്മിച്ചെടുക്കുകയെന്ന ബോധം ഈ മൂന്ന് അദ്ധ്യായങ്ങളിൽ പ്രകടമാണ്. മൂലകൃതിയെ അതേപടി പിന്തുടരാതെ, അതിനോടു കൂറുപുലർത്താതെ സിനിമയുടെ ദൃശ്യവല്ക്കരണ സാദ്ധ്യതയ്ക്ക് ശ്രമിക്കുന്ന അനുവർത്തനങ്ങളെ സിനിമയുടെ വ്യാകരണമുപയോഗിച്ച് വിശകലനം ചെയ്യുന്ന ഒരു രീതിശാസ്ത്രത്തെയാണ് ഡോ.രാജേഷ്.എം.ആർ പിന്തുടരുന്നതെന്ന് വ്യക്തം. അതിന് തെളിവാണ് "ഓളവും തീരവും - ചെറുകഥയും സിനിമയും ", "കാഞ്ചനസീത-നാടകവും സിനിമയും", "മതിലുകൾ - നോവലും സിനിമയും " എന്നീ മൂന്ന് അദ്ധ്യായങ്ങൾ.ചെറുകഥ, നാടകം, നോവൽ എന്നീ സാഹിത്യപാഠങ്ങളെ സിനിമയിലേക്ക് പരിവർത്തനപ്പെടുത്തുമ്പോഴുള്ള പ്രശ്നപരിസരങ്ങളെ വേണ്ടവിധം വിശകലനം ചെയ്തശേഷം,നാല് അദ്ധ്യായങ്ങളിലൂടെ നടത്തിയ ചർച്ചയിലൂടെയും വിശകലനത്തിലൂടെയും ഉരുത്തിരിഞ്ഞ നിഗമനങ്ങളെ ഉപസംഹാരത്തിൽ ക്രോഡീകരിക്കുന്നു. സിനിമാ വായനയുടെ വേറിട്ട മാതൃകയായ ഈ കൃതി സിനിമാപ്രേമികൾക്കും പൊതുവായനാസമൂഹത്തിനും ഒരുപോലെ മുതൽകൂട്ടായിരിക്കും.
               ...............................