Thursday 22 June 2017

നമുക്കുനേരെ തിരിച്ചുപിടിക്കുന്ന കണ്ണാടികൾ

മഴയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. എന്നാൽ മഴ പെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ, മഴ കാരണം നഷ്ടപ്പെട്ട ഒരു ദിവസത്തെ കൂലിയെക്കുറിച്ച് ചിന്തിച്ച് വിശന്നിരിക്കുന്നവന് മഴയെ വർണ്ണിക്കാനാവില്ല. അവനു മുന്നിൽ മഴ ദുരിതചിഹ്നമാണ്.ഇനി മഴയെ ആസ്വദിച്ചിരിക്കാന്നുവെച്ചാൽ, യാഥാർത്ഥം അതിന് അനുവദിക്കത്തില്ല. സംഘടിക്കുക  എന്നത് ഏതു കാലത്തിന്റെയും ആവശ്യമാണ്. വ്യക്തിയിൽ നിന്ന് ഗണത്തിലേക്ക് മാറുന്നത് കെട്ടുറപ്പ് നൽകപ്പെടുന്ന ഒന്നാണെന്ന വിശ്വാസത്തെ കഥ ചോദ്യം ചെയ്യുന്നുണ്ട്.എന്തിനാണ് നാം സംഘടിക്കുന്നതെന്ന ലളിതമായ ചോദ്യം കഥയ്ക്കുള്ളിൽ ഒളിച്ചു കടത്തപെട്ടിരിക്കുന്നു.ഒരു വ്യക്തിയുടെ പരിമിതികളെ മറികടക്കാൻ ഇത്തരം സംഘടിക്കൽ ഗുണം ചെയ്യും. എന്നാൽ  ചില വ്യക്തികളിലെ സ്ഥാപിത താല്പര്യങ്ങളെ താലോലിക്കുന്നതാണ് ഇത്തരം സംഘടിക്കലിന്റെ ഉദ്ദേശമെങ്കിലോ? M.R.രാജേഷിന്റെ കുടുംബശ്രീ അഥവാ  കുടുംബസ്ത്രീ എന്ന കഥ അനാവരണം ചെയ്യുന്നതും ഇത്തരം ഉദ്ദേശങ്ങളെ തന്നെയാണ്.അമ്മിണി സ്വപ്നം കാണുന്ന സുഗന്ധ ഗന്ധങ്ങളെ മലിനമാക്കുന്ന ചില തീരുമാനങ്ങളുടെ ലളിത ആവിഷ്ക്കാരമാണ് ഈ കഥ.



പുറംപണിക്ക് പോകുന്ന അമ്മിണി കുടുംബശ്രീയിൽ ചേരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സ്വയം തൊഴിലിലൂടെ സ്ഥിരവരുമാനം എന്ന രീതിയിലേക്ക് മുന്നേറാവുന്ന കുടുംബശ്രീ പദ്ധതിയോടുള്ള അമിത വിശ്വാസവും, അവളുടെ ആഗ്രഹങ്ങളും അവയ്ക്കേൽക്കുന്ന ക്ഷതങ്ങളുമാണ് ഈ കഥ. അന്യസംസ്ഥാനക്കാർ പണിക്കെത്താത്ത തൃക്കല്ലൂർ കുന്നിന്റെ മാറ്റം, സംസ്കരിക്കാനാവാത്ത മാലിന്യങ്ങളും അവയുടെ ഗന്ധവും, കമ്മ്യൂണിസ്റ്റ് അനുഭാവികൾ ഏറെയുള്ള ഒരിടത്ത്  ചിലർ ദാരിദ്രം അനുഭവിക്കുന്നതും ചിലർ പണക്കാരായി കഴിയുന്നതുമായ വിപരീത ദ്വന്ദ്വങ്ങളെ ശക്തമായി വരച്ചിടുന്നുനുണ്ട് കുടുംബശ്രീ അഥവാ കുടുംബ സ്ത്രീ. മൈക്രോ ഫിനാൻസ് പോലുള്ള കൊള്ളപലിശ ഈടാക്കുന്ന ഇടങ്ങളേക്കാൾ നല്ലത് കുടുംബശ്രീ പോലുള്ള പദ്ധതികളും അവയിലൂടെ കൈകൊള്ളാവുന്ന വായ്പകളുമാണ്. എന്നാൽ അതിനൊന്നും മുതിരാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയാനുള്ള ഒരിടമായി കുടുംബശ്രീയെ മാറ്റുന്നു. ഒടിയപാടത്ത് നെല്ല് കൊയ്യാനും കറ്റ ഏറ്റാനും ഒക്കെ കൂടിയിരുന്ന, കൂലി വർധനവിനുവേണ്ടി സംഘടിച്ചിരുന്ന ഒരു ജനതയാണ് കുടുംബശ്രീയുടെ പേരിൽ പരദൂഷണം പറയാൻ സംഘടിക്കുന്നത്. അതുമാത്രമല്ല മൈക്രോ ഫിനാൻസിന്റെ ഇടപാടിനു മുമ്പ് ഗുരവിന്റെ ദൈവദശകം ചൊല്ലുന്നതിലെ വിരോധാപാസം എത്രമാത്രം പരിഹാസ്യമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പണക്കാരെ മാത്രം ഉൾക്കൊള്ളുന്ന ദൈവങ്ങളെയും പുരോഹിതന്മാരെയും കഥ വലിച്ച് ചുമരിൽ തേക്കുന്നു.മിനമം അൻപതുരൂപയില്ലാതെ ദൈവത്തെ അമ്പലത്തിൽ പോയി കാണാനാവില്ലെന്ന അവസ്ഥയെയാണ് ഇവിടെ പരിഹസിക്കുന്നത്.അതെ,കുടുംബശ്രീ അഥവാ കുടുംബസ്ത്രീ എന്ന കഥ നമുക്കു നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ്. നമുക്ക് കാണാനും കാണാതിരിക്കാനും സൗകര്യമുണ്ട്. അത്രമാത്രം.

Monday 12 June 2017

രാമച്ചി എന്ന കാനനഗാഥ

"കാണുന്നു കാണുന്നു
കാണാത്ത വർണങ്ങൾ "
                                 (കാട്  -ഡി.വിനയചന്ദ്രൻ)

ഒരു വ്യക്തിക്കുള്ളിൽ ഒരു കുട്ടി ഉറങ്ങുന്നതുപോലെ നമുക്കുള്ളിൽ ഒരു ആവാസഭൂമിയായി കാടും ഉറങ്ങി കിടക്കുന്നുണ്ട്.എന്നാൽ ഉറങ്ങി കിടക്കുന്ന  ചോതനകളെ ഉണർത്താൻ താല്പര്യമില്ലാത്തതു കൊണ്ട് civilised people-ആയി നാം ഓരോരുത്തരും ജീവിച്ചു പോകുന്നു.നമ്മുടെ സാംസ്കാരികത അതിന്റെ ഉയർച്ച അതെല്ലാം പ്രകൃതിയിൽ നിന്നും അകറ്റുന്നതാണ്.നാം നമുക്കുള്ളിൽ തന്നെ അപരിചിതനായി തുടരുന്നു.ആ തുടർച്ചയിൽ നിന്നും നമുക്കുള്ളിലേക്കുള്ള യാത്രയാണ് രാമച്ചി.രാമച്ചി എന്നത് കാനനഗാഥയാണ്.ആധുനിക മനുഷ്യൻ കെട്ടിയുണ്ടാക്കിയ ആറളം ഫാമിന്റെ വരണ്ട ഭൂമിയിലേക്ക് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ കഥ. ജൈവീകമായ തങ്ങളുടെ ലോകത്തേക്ക് സഞ്ചരിക്കാൻ താല്പര്യപ്പെടുന്ന മല്ലികയുടെയും മല്ലികയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുന്ന പ്രദീപന്റെയും കഥ. കൃത്രിമവും വരണ്ടതുമായ മാനസ്സികപരിസരത്തു നിന്നും കാടെന്ന ജൈവലോകത്ത് അതിന്റെ ഒഴുക്കിലേക്കും ആർദ്രതയിലേക്കും വരും തലമുറയെ വ്യാപരിക്കാൻ വിടുന്ന ഒരു അമ്മയുടെ കഥ, അങ്ങനെ ഏത് മാനങ്ങളിലൂടെയും ഈ കഥയെ വായിച്ചെടുക്കാനാവുന്നതാണ്.കാടിറങ്ങിയ ആനകൂട്ടങ്ങളെ കാടുകേറ്റാൻ ശ്രമിക്കുന്ന പ്രമുഖൻ, അത് നാം തന്നെയാണ്.ഒരിക്കൽ കാടിറങ്ങിയതിന്റെ അസുഖകരമായ ജീവിതപരിസരത്ത് മരിച്ചുജീവിക്കുന്ന നാം.പ്രമുഖൻ, ഭരണകൂടത്തിന്റെ ആയുധമാണ്.അവനെ നഷ്ടമാകുന്നത് അവരെ നിരാശരാക്കുമെങ്കിലും ഇനിയും പ്രമുഖന്മാർ ഉണ്ടായികൊണ്ടിരിക്കും.അവരെല്ലാം തലച്ചിമാരുടെ ആകർഷണത്താൽ കാടു കയറിയിരുന്നെങ്കില്ലെന്ന് ആശിച്ചുപോകുന്ന വൈരുദ്ധ്യത്തിന് നാം തല നീട്ടും.ഒരു തിരിച്ചു പോക്കിന് ഒരിക്കലും ശ്രമിക്കാത്ത ഒരു
ജനതയാണെല്ലോ നാം.


     
മല്ലിക,മഞ്ഞ മുത്തി,തലച്ചി (ആന) എന്നിവർക്ക് ഇടയിലെ സാമ്യങ്ങൾ കാടിന്റെ ജൈവികമായ പരിസരവുമായി ബന്ധപ്പെട്ടതാണ്.നമ്മുടെ ആർത്തികളാവട്ടെ പ്രകൃതിയുടെ സ്വഭാവിക ഇണക്കങ്ങളെ തകർക്കുന്നതും.എന്നാൽ കാടിന് അപരിചിതമായ ജീവിതശൈലിയിൽ നിന്നും കാടിന്റെ ജൈവീകതയിലേക്ക്, അതിന്റെ ഇണക്കമുള്ള ലാളിത്യത്തിലേക്ക് കൂട്ടികൊണ്ടു പോവുന്ന ശക്തിസ്രോതസ്സാണ് മൂവരും.മഞ്ഞ മുത്തി പരാജയപ്പെട്ടിടത്തു നിന്നും അവരുടെ അറിവിലൂടെ സഞ്ചരിച്ച് രാമച്ചിയിലെത്തുന്ന ശക്തിസാന്നിധ്യമാണ് മല്ലിക.ഇണയെ തിരഞ്ഞെടുക്കുന്നതിലും,ജീവിക്കേണ്ടുന്ന പരിസരത്തെ തിരഞ്ഞെടുക്കുന്നതിലും,സ്വന്തം തീരുമാനങ്ങൾ വ്യക്തമായി പ്രകടമാക്കുന്നതിലും അവൾ വിജയിക്കുന്നുണ്ട്.പ്രദീപനുമായുള്ള ശാരീരിക വേഴ്ച്ചയ്ക്കു ശേഷം അവനെ തന്റെ പുരുഷനായി അംഗീകരിക്കുന്ന മല്ലികയെ എത്രപേർക്ക് ഉൾക്കൊള്ളാനാവും എന്നറിയില്ല.കാടിന്റെ സ്വഭാവികമായ ജീവിതാവസ്ഥയെ നിലനിർത്താൻ ശ്രമിക്കുന്ന മഞ്ഞ മുത്തി,ദൈവീക സാന്നിധ്യമായാണ് അവർ കാണുന്നത്.എന്നാൽ കാട് വിട്ടിറങ്ങുന്ന കാടിന്റെ മക്കൾ ആധുനിക മനുഷ്യന്റെ ആർത്തികളിലേക്ക് സഞ്ചരിക്കുന്നു.അതു കൊണ്ടാണ്  മീനുകളുടെ പ്രജനനകാലത്ത് മീൻപിടിക്കരുതെന്ന മഞ്ഞ മുത്തിയുടെ അജ്ഞകളെ അവർ കാറ്റിൽ പറത്തുന്നത്. ആധുനിക മനുഷ്യന്റെ ജീവിത പരിസരത്തെത്തുന്ന കാടിന്റെ മക്കൾ മദ്യപാനികളായും, തങ്ങളുടെ  പെണ്ണുങ്ങളോട് ദയാരഹിതമായി പെരുമാറുന്നവരുമായി മാറുന്നു.വരേണ്യമായ നാമകരണത്തിൽ നിന്നും ദ്രാവിഡമായ സംസ്കാരത്തിലേക്കും  അതിന്റെ വ്യാപ്തിയിലേക്കമുള്ള യാത്രയാണ് രാമച്ചി.രാമച്ചി രണ്ടു സംസ്കാരങ്ങളുടെ ദ്വന്ദങ്ങളാകുന്നതും  ഇപ്രകാരമാണ്. നാടിന്റെ സ്വഭാവത്തിലേക്ക് അതിന്റെ രുചികളിലേക്ക് സഞ്ചരിക്കുന്ന കാടിന്റെ മക്കളും, രാമച്ചിയിലേക്കും കാടിന്റെ തനതു രുചികളിലേക്കും സഞ്ചരിക്കുന്ന പ്രദീപനും മല്ലികയും വിരുദ്ധ ദ്വന്ദ്വങ്ങളാണ്.അതു പോലെ രവിയും പ്രദീപും  വിരുദ്ധ ദ്വന്ദ്വങ്ങളാണ്.എന്നാൽ പ്രകൃതിയുടെ നിലനിൽപ്പിന് പ്രകൃതി എപ്രകാരമാണോ പ്രതിരോധങ്ങളുയർത്തുന്നത് അതുപോലെ ജൈവീകമായ പ്രതിരോധ ഭാഷ വശമുള്ള മല്ലിക രാമച്ചിയിലേക്ക് കാടു കയറുന്നത് പ്രദീപനെ കൊണ്ട് മാത്രമല്ല. ആ യാത്രയിൽ നാമും ഉൾപ്പെടുന്നു. ആശുപത്രിയിൽ ജനിച്ച് ആശുപത്രിയിൽ ഒടുങ്ങുന്ന ജീവിതത്തിന് വഴിവെട്ടാതിരിക്കുകയാണ് മല്ലിക.ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നാം കാട്ടിലേക്ക് മടങ്ങി പോകാനിരിക്കുന്നതേയുള്ള്.
" കാട്..... കറുത്തകാട്

മനുഷ്യനാദ്യം ജനിച്ച വീട്" എന്ന ഗാനം നമുക്കുള്ളിൽ ശക്തമായി മുഴങ്ങി നിൽക്കട്ടെ.ഒരോർമ്മപ്പെടുത്തലിന് അവയെല്ലാം  നല്ലതാണ്.

Saturday 10 June 2017

പ്രളയകാലം

            "പലമതസാരവുമേകമെന്നു പാരാ
            തുലകിലൊരാനയിലന്ധരെന്നപോലെ
            പലവിധയുക്തി പറഞ്ഞു പാമരൻമാ
            രലവതുകണ്ടലയാതമർന്നിടേണം" - എന്ന് ആത്മോപദേശശതകത്തിൽ ഗുരു പ്രഖ്യാപിക്കുന്നുണ്ട്.മതത്തെ,ദേവാലയങ്ങളെ എല്ലാം തള്ളി പറഞ്ഞ ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംഘപരിവാർ. ഹിന്ദുമതം,ക്രിസ്തുമതം,മുഹമ്മദുമതം തുടങ്ങിയ ഏതു മതത്തിന്റെയും സനാതനധർമ്മങ്ങൾക്ക് ഏകമായ ഭാവമുണ്ട്.ഈ ഏകം തത്ത്വവിചാരത്തിനപ്പുറം ജീവിതപ്രയോഗമാകുന്നതോടെ ജാതിവിഭജനവും മതഭേദവും അപ്രധാനമാകും.എന്നാൽ എല്ലാ മതങ്ങളിലും കണ്ടു വരുന്ന പശ്ചാതാപമെന്ന  പൊറാട്ട് നാടകത്തോട് അത്ര പ്രതിപത്തിയൊന്നും തോന്നുന്നില്ല. കുറ്റം ചെയ്ത ശേഷം ഒരു കുമ്പസാരത്താൽ വിശുദ്ധനാകുന്നപോലെ അതിങ്ങനെ മനസ്സിന്റെ ആഴങ്ങളിൽ പൊങ്ങുതടിപോലെ പൊന്തി കിടക്കുന്നു.പി.ജിംഷാറിന്റെ പ്രളയകാലത്തെ നൂഹുമാർ സംവദിക്കുന്നതും അത്തരമൊരു പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ്.എന്നാൽ ആ പശ്ചാത്തലത്തിനപ്പുറം മരണം കൊണ്ട് അവന്റെ ജീവിതം അവസാനിപ്പിക്കുകയാണ് കഥാകൃത്ത്. അതെതു കൊണ്ടാണ് നൂഹിന് ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ഒരവസരം ഒരുക്കാതിരുന്നത്?സാം മാത്യുവിന് അടിതെറ്റി വീണുപോയ ഒരു കവിതയുടെ വിഷയ പരിസരത്തെ മതവുമായി ബന്ധപ്പെടുത്തി വരച്ചിട്ടിരിക്കുകയാണ് കഥയിൽ. കഥാകൃത്തിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേൽ പടച്ചോന്റെ പേരിന്റെ വേദനയുടെ ചിത്രപ്രദർശനമെരുക്കാനുള്ള സാധ്യത നൽകാത്ത വിധമാണ് ഇത്തവണ കഥയെ ഒരുക്കി എടുത്തിരിക്കുന്നത്.
         പ്രളയകാലത്തെ നൂഹമാർ എന്ന കഥയ്ക്ക് സുസ്മേഷ് ചന്ദ്രോന്തിന്റെ മാലിനീവിധമായ ജീവിതവുമായി ബന്ധമുണ്ടോ? കഥകളുടെ പേരു കേൾക്കുമ്പോൾ തോന്നുന്ന ഈ സംശയത്തിന് ഉത്തരമായി ഒന്നേ പറയാനാവു, രണ്ടു കഥകളിലും ഒരേ പേരിനുടമയായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്.മാലിനീവിധമായ ജീവിതത്തിൽ 12 മാലിനിമാരുണ്ടെങ്കിൽ ഇവിടെ, ഈ കഥയിൽ രണ്ട് നൂഹുമാരാണുളളത്.അവരുടെ ജീവിത സന്ദർഭങ്ങളെയാണ് കഥ കൈകാര്യം ചെയ്യുന്നത്. ചിലയിടങ്ങളിൽ ഒരല്പം കൂടി വിശദീകരണമാകാമായിരുന്നെന്ന് തോന്നിപ്പിക്കുന്നുമുണ്ട്.
              "എന്നെ വളര്‍ത്തിയ ഗര്‍ഭപാത്രത്തിന് തികയാതെ പ്രസവിച്ച കുറവുകേടുകള്‍ പേറിയ മഹാവേദനയ്ക്ക്, ചെറിയ പിറവിയ്ക്ക് കണ്ണീരിന്, എന്റെ ഉമ്മയ്ക്ക് അവരിലൂടെ തുടങ്ങുന്ന പ്രണയത്തിന്!… എന്റെയീ ജീവിതം ധന്യമായി.
         ബലാത്സംഗം ചെയ്ത് ഒരുത്തിയെ കൊന്ന കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നൂഹ് ഇങ്ങനെ ചിന്തിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ, എനിക്കിപ്പോള്‍ അതിനാവില്ല. കാരണം, ഞാനാണ് നൂഹ്. ചെയ്തുപോയ തെറ്റിന് മേല്‍ തോരാത്ത കണ്ണീരുമായി നടക്കുന്നവന്‍. ജയില്‍ തന്നെയായിരിക്കും ഇങ്ങനെ ചിന്തിക്കാന്‍ പരുവപ്പെടുത്തിയത്. ചെയ്ത കുറ്റം നിഷേധിക്കുന്നില്ല. ഒരിക്കല്‍, പ്രണയം തോന്നിയ ഒരുവളെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിനാണ് ഞാനിപ്പോള്‍ ജയിലില്‍ കിടക്കുന്നത്. കുറ്റം നിഷേധിക്കുന്നില്ല. പെട്ടെന്ന്, അവളോടുള്ള വെറുപ്പിന്റെ പുറത്ത് ചെയ്തു പോയതാണ്". എന്നു തുടങ്ങുന്ന വിചിത്ര വാദത്തോടെയാണ് കഥ തുടങ്ങുന്നത്.മോഹിപ്പിക്കുന്ന കഥയുടെ ഭാഷയിലേക്ക് വഴുതിവീഴുന്ന വായനക്കാരൻ  ഇടയ്ക്കുവെച്ച് ആ രസച്ചരടുപൊട്ടി കഥയിലേക്കു തന്നെ എത്തിപെടാൻ ഇത്തിരി പ്രയാസപ്പെടും.എന്നാൽ കഥ പാതിയെത്തുമ്പോൾ സുഖമമായ പാരായണസുഖം വീണ്ടെടുക്കുന്നുമുണ്ട്. കഥയുടെ ചിലയിടങ്ങളിൽ അപൂർണങ്ങളായ വാക്യങ്ങൾ അശ്രദ്ധകൊണ്ട് വന്നു പെട്ട പിഴവായി കാണുമ്പോൾ തന്നെ,ഇതും കഥാവായനയെ സാരമായിബാധിക്കുന്നുണ്ട്.എന്നാൽ അതിന്റെ ക്രാഫ്റ്റിൽ പുലർത്തിയ സൂക്ഷ്മത ഭ്രമിപ്പിക്കുന്നതു തന്നെയാണ്.നൂഹ് നബിയിൽ നിന്നും വധശിക്ഷ കാത്തുകിടക്കുന്ന നൂഹിലേക്കും അവനാൽ കൊല്ലപ്പെട്ട കാമുകിയിലേക്കുമുള്ള സഞ്ചാരങ്ങളാണീ കഥ.
   "ഇതുങ്കുടി പെണ്ണാണെങ്കില്, നീ നിന്റെ വീട്ടിൽ പൊയ്ക്കോണം പന്നീന്റെ മോളെ, വീടിന്റെ പടി കടക്കുമ്പോൾ ഇങ്ങനെ പിറുപിറുത്തത് റാബിയ കേട്ടില്ലെങ്കിലും ഫൈനൂസത്ത് അതു കേട്ട് ഞെട്ടി. പകൽ ,ഇരുളുന്നതായും ഉമ്മ കരയുന്നതായും ഫൈനൂസത്ത് അറിഞ്ഞു.ഇപ്പോൾ, നൂഹും!". യാഥാർത്ഥ്യത്തെ മറച്ചുവെച്ച് മറ്റൊന്നിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമൊന്നും കഥയിലില്ല.പ്രസവമെന്ന ജൈവിക പ്രവൃത്തിയെ ആവിഷ്കരിക്കുന്നതിനിടയിൽ സമൂഹം അതിനെ എങ്ങനെയാണ് കാണുന്നതെന്ന ദൃഷ്ടാന്തവും ഈ കഥയിലുണ്ട്.. നൂറ്റാണ്ടുകൾ ഏറെ പിന്നിട്ടിട്ടും, ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും, സ്ത്രീജീവിതം പുരുഷാധികാര ചിഹ്നലോകത്തു നിന്നും അതിന്റെ സമ്പ്രദായിക ചട്ടക്കൂടിൽ നിന്നും ഇന്നും പുറത്തു കടന്നട്ടില്ല. അമിതാവേശത്താൽ വികാരാധീനനാവാനൊന്നും ശ്രമിക്കാതെ വായനക്കാരനെ ചിന്തയുടേതായ ലോകത്തേക്ക് തള്ളിയിട്ട് നിശ്ശബ്ദനായി മാറി നിൽക്കുന്നുണ്ട് കഥാകൃത്ത്.
           " ഒരു യാത്രക്കിടയിൽ തന്നെ തൊട്ടുരുമ്മിക്കൊണ്ട് വന്നുനിന്ന ഒരു നായയെ നോക്കി വെറുപ്പോടുകൂടി അദ്ദേഹം പറഞ്ഞു ഛീ...... മാറിപ്പോ നായേ നികൃഷ്ട ജീവിയായ നീയെന്തിനാണ് എന്റെ ചാരത്തു വന്ന് നിൽക്കുന്നത്.നൂഹ് നബി(അ) വാക്കുകൾക്ക് മറുപടിയെന്നോണം അള്ളാഹു, ആ ജന്തുവിന് സംസാരശേഷി നൽകി മറുപടി നൽകിച്ചു. അല്ലയോ, നൂഹ് നബിയേ, എന്റെ ഇഷ്ടത്തിനാണ് ഞാൻ സൃഷ്ടിക്കപ്പെടുന്നതെങ്കിൽ ഇത്രമേൽ വൃത്തികെട്ടൊരു നായയായി പിറക്കില്ലായിരുന്നു. താങ്കൾ എന്നില്ല എന്റേയും താങ്കളുടെയും സൃഷ്ടാവിനേയാണ്.ഇത് എന്നെ അവഹേളിച്ചതിനു ഫലമാണ്. നായയുടെ സ്ഥാനത്ത് നൂഹ് നബി പടച്ചോനെ ദർശിച്ചു". ചണ്ഡാലരൂപം ധരിച്ച് ശ്രീ ശങ്കരനെ പരീക്ഷിച്ച ശിവന്റെ കഥപോലെയാണിഭാഗം. മതങ്ങൾക്ക്,അവയുടെ ആശയ പ്രകടനോപാദികളിൽ സാമ്യമുണ്ട്.ഇത് ഏകമായ ഭാവത്തെയാണ്‌ പ്രകടമാക്കുന്നത്.
           നൂഹിന് സ്വപ്ന ദർശനങ്ങളാണ് കിട്ടുന്നത്.അവൾ കുറിക്കുന്ന ഓരോ സ്വപ്നങ്ങളെയും വ്യാഖ്യാനിക്കാൻ നൂഹ് ശ്രമിക്കുന്നു. പശ്ചാതാപവിവശനായി അവസാനം അള്ളാഹുവിനോട് മണ്ണിനടിയിൽ കിടന്ന് മാപ്പിരക്കുന്ന നൂഹിലൂടെ കഥ അവസാനിക്കുന്നു. എങ്കിലും സന്ദേഹങ്ങൾ ഏറെ ബാക്കിയാകുന്നു. വായനയിൽ പൂരിപ്പിക്കപ്പെടേണ്ട ഉഷ്ണമായവ വായനക്കാരനെ പൊള്ളിക്കുന്നു.
     

Friday 9 June 2017

ഭ്രമിപ്പിക്കുന്ന തൊട്ടപ്പൻ

ഒരു കഥ പറയുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഏതൊരാൾക്കും വേണമെങ്കിൽ ഒന്നോ രണ്ടോ കഥകൾ പറയുകയും ആകാം.എന്നാൽ കഥയുടെ പ്രമേയത്തിനും,ആഖ്യാന ശൈലിയ്ക്കും പ്രകടമായ മാറ്റം വരുത്തി കൊണ്ട് കഥ പറയുക എന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്.അത്തരം കഥ പറച്ചലു രീതികൾ മലയാള സാഹിത്യത്തെ വിപുലമാക്കുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആ കാഴ്ച്ചയിലേക്ക് വായനക്കാരെ വലിച്ചിടുകയാണ് ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ.



പാമ്പ് പടം പൊഴിക്കുന്നപോലെ നിലനിൽക്കുന്ന ഭാഷയുടെ പടം പൊഴിച്ച് ഭ്രമിപ്പിക്കും വിധം എഴുതപ്പെട്ട ഒരു കഥയാണ്  തൊട്ടപ്പൻ.സ്കൂൾ പൂട്ടിന് പിള്ളേരുമായി മെതിച്ചു നടക്കുന്ന,ചെറിയ കളവുകളിൽ മുഴുകുന്ന, കുഞ്ഞാടെന്ന് വിളിപേരുള്ള നായികയിൽ തുടങ്ങിയ കഥ അവസാനിക്കുന്നത് , സ്കൂൾ പൂട്ടിന് മെതിച്ചു നടക്കുന്ന പൂച്ചകളുടെ നടത്തത്തെ കഥയുടെ ആദ്യ ഭാഗവുമായി താരതമ്യം ചെയ്താണ്. ഇത്തരത്തിൽ മേനാഹരമായ ആദിയും അന്തവുമാണ് ഈ കഥയ്ക്ക് .കള്ളനായ തൊട്ടപ്പനിലൂടെ കളവിന് സഹായിയായി പാതിയിൽ ആ പാതയിൽ നിന്നും സ്വയം മാറി നടക്കുന്ന നായിക ക്രിസ്തുവിലൂടെ തൊട്ടപ്പന്റെ മരണത്തെ പറ്റി മനസ്സിലാക്കുന്നു.അതിന് പ്രതികാരം ചെയ്യാൻ ശ്രമിച്ച് മരണം വരിക്കുന്നു.വിദഗ്ധമാം വിധം മത ചിഹ്നങ്ങളെ സന്നിവേശിപ്പിക്കുന്നുണ്ട് കഥാകൃത്ത്.കാലങ്ങളുടെ ഈ വേളയിൽ സംഭവിക്കുന്ന ഒത്തിരി സംഭവങ്ങളാൽ  ദൃഢപ്പെടുന്ന കഥയിൽ നിരവധി കഥാപാത്രങ്ങളുമുണ്ട്. ഒരു കുട്ടിയുടെ വളർച്ചയിൽ എപ്രകാരമാണോ ഓരോ കാലഘട്ടങ്ങളും സുപ്രധാനമാകുന്നത് അപ്രകാരം പ്രാധാന്യമഹർക്കുന്നുണ്ട് കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്ന സംഭവങ്ങൾക്ക് . തൊട്ടപ്പന്റെ മരണവും അതിനു ശേഷം അധികം വൈകാതെ അമ്മ മരിക്കുന്നതും കൂഞ്ഞാടിനെ ഒറ്റപ്പെടുത്തുന്നു..ഒറ്റപ്പെടുമ്പോൾ സുരക്ഷ എത്രമാത്രം ഭീതി ഉണർത്തുന്നതാണെന്ന് കുഞ്ഞാടിലൂടെ കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു.ഈ അവസരത്തിലാണ് കുഞ്ഞാട് പന്ത്രണ്ടു പൂച്ചകളെ തനിക്കൊപ്പം വളർത്തുന്നത്. യേശുവിന്റെ ശിക്ഷന്മാരുടെ പേര് ചൊല്ലി വിളിച്ച പന്ത്രണ്ടുപേരും കഥാന്ത്യത്തിൽ യൂദാസുമാരാകുന്ന ഞെട്ടിപ്പിക്കുന്ന  യാഥാർത്ഥ്യത്തിലേക്കാണ് കഥ നമ്മെ കൊണ്ടെത്തിക്കുന്നത്.എന്നാൽ ഈ യാഥാർത്ഥ്യം പുരുഷന്റെ വിജയത്തിളക്കത്തെ തന്നെയാണ് താലോലിക്കുന്നത്.വെളിപ്പറമ്പിൽ തൂറാൻ വിട്ട് , ചാരായം കൊണ്ട് ചന്തി കഴുകിച്ച് തന്റെ നായികയുടെ ജീവിത രീതികളെ മൊത്തത്തിൽ പൊളിച്ചെഴുതി അരികു ജീവിതങ്ങളെ അതിന്റെ തനിമയിൽ പകർത്തിയ നൊറോണ എന്തുകൊണ്ടാണ് നായികയെ മരണത്തിന് വിട്ടുകൊടുത്തത്?.ഒരു പുരുഷ കഥാപാത്രത്തെ എതിർത്തു തോൽപ്പിക്കാൻ ശക്തിയില്ലാത്തവളാണ് തന്റെ നായികയെന്ന് കഥാകൃത്തിന് തോന്നി കാണുമോ?പുരുഷ വിജയത്തിന്റെ ആവർത്തനം,അതിന്റെ വിരസമായ കഥാപരിസരം എന്നിവയെ കൂടി മറികടന്നിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

കള്ളന്മാർക്ക് അവരുടേതായ വേദപുസ്തകങ്ങളുണ്ടാകും.സ്വന്തം വേദങ്ങളിൽ അവർ വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യും.അത്തരത്തിൽ സ്വന്തം വേദങ്ങളിൽ ജീവിച്ച് കൊല്ലപ്പെട്ട ഒരാളാണ് തൊട്ടപ്പൻ.വളരെ ലിബറലായ ഒരു കള്ളൻ.അത്തരം കള്ളന്റെ മരണം ഒരു വേദന തന്നെയാണ്.

Friday 2 June 2017

അഗാധ ജീവിതാവബോധത്തിന്റെ കടലാഴങ്ങൾ

ഒരു വാക്കിന്റെ വിസ്തീർണ്ണത്തിൽ ലളിതമായ് അടയാളപ്പെടുത്താനാവുന്ന ഒന്ന്,അതാണ് ജീവിതം.ഒരു വാക്കിൽ ഒതുക്കാനാവുന്ന എന്നാൽ അതിൽ നിന്നും വിപുലപ്പെട്ട് അവനവനിൽ അടയാളപ്പെടുന്ന ഒന്ന്.വ്യക്തികൾക്കനുസരിച്ച് അതിന്റെ വ്യാപ്തി വർധിക്കുന്നു. അതിനാൽ ഒരാളിലെയും അളവുകോലുകൾ മതിയാകാതെ വരും ജീവിതത്തെ അളക്കാൻ .കെ.എ.സെബാസ്റ്റ്യന്റെ അക്കരെ എന്ന കഥ അഗാധമായ ജീവിതാവബോധം പകരുന്നു.രവി പനക്കൽ, അമ്മ, വിമല, ജോയി, കുഞ്ഞുഞുമോളു ചേച്ചി,അപ്പൻ എന്നിവരാണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്.അമ്മയെ മരണത്തിലൂടെ നഷ്ടമാകാൻ പോകുന്നു എന്ന യാഥാർത്ഥ്യമാണ് പ്രധാന കഥാപാത്രത്തെ 'ഉൾ'വനത്തിന്റെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്നത്.ആ യാത്രയുടെ മടക്കമാകട്ടെ അമ്മയിലേക്കും.


അക്കരെ എന്ന കഥ സത്യത്തിന്റെ ഭ്രമക്കാഴ്ച്ചയാണ്.ഇവിടെ സത്യമെന്നത് സ്നേഹമാണ്.നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവാൻ ആവശ്യപ്പെട്ട് പീഡകളാൽ ക്രൂശിതനായ ക്രിസ്തുവും ഈ കഥയിലെ പ്രകടമായ സാന്നിധ്യമാണ്.ഇത് കഥയ്ക്ക് വെറുമൊരു പശ്ചാത്തലമൊരുക്കുക മാത്രമല്ല, കഥയുടെ ഉൾക്കാമ്പിനെ തൊടുംവിധം വായനയെ പ്രാപ്തമാക്കുന്നു.

ജോയിയെയും കൂട്ടി പള്ളിയിൽ നിന്നിറങ്ങുന്ന രവി പനക്കലിന്റെ സംസാരത്തിലൂടെ അയാളുടെ ബാല്യത്തിലേക്ക് പോകുകയാണ് ജോയി. രവിയുടെ അച്ഛന്റെ മരണത്തിലൂടെ അയാളുടെ(രവിയുടെ ) അമ്മ മറ്റൊരാളുടെ കൂടെ അവിടെ താമസമാക്കുന്നു. രവി ആ വീട്ടിൽ അത്യാവശ്യമുള്ള ഒരാളാണെന്ന് രവിയ്ക്കുപോലും തോന്നുന്നില്ല. സെന്റ് തോമസ്സിലെ പഠനം കഴിഞ്ഞ് ന്യൂസിലന്റിലേക്ക് പോയ രവി നാട്ടിലേക്ക് വരുന്നു. അയാളിലെ പക, ജീവിച്ചിരിക്കുന്ന അമ്മയെ അയാൾക്ക് നഷ്ടമാക്കുകയാണ്.രവിയോട് സംസാരിച്ചിരിക്കുന്ന ജോയിയെ കുഞ്ഞുമോളു ചേച്ചി Phone ചെയ്യുന്നു.അവിടെ നിന്നും ജോയിയെയും കൊണ്ട് കഥ മറ്റൊരു യാഥാർത്ഥ്യഥ്യത്തിലേക്ക് സഞ്ചരിക്കുകയാണ്. ജോലി തിരക്കു കാരണം ജോയിക്കും ഭാര്യ വിമലയ്ക്കും അമ്മയുടെ  കാര്യങ്ങളിൽ ശ്രദ്ധിക്കാനാവാത്തതിനാൽ അവരെ കുഞ്ഞുമോളു ചേച്ചിയിൽ ഏല്‌പിച്ചിരിക്കുകയാണ്. അമ്മയെ മരണത്തിലൂടെ നഷ്ടമാകാൻ പോകുന്നു എന്ന യാഥാർത്ഥ്യമാണ് പ്രധാന കഥാപാത്രത്തെ ഉൾവനത്തിന്റെ ഇരുട്ടിലേക്ക് കൊട്ടുപോകുന്നത്. ആ യാത്ര, ജോയിയെ മാറ്റുന്നു.ജീവിച്ചിരിക്കുന്ന അമ്മയെ നഷ്ടമായ രവി, ജോയുടെ മനസ്സിന്റെ പടിയിറങ്ങുന്ന കാഴ്ച്ചയാണ് കഥയ്ക്കവസാനം നാം കാണുന്നത്. ജീവിതം എങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കുന്നത് ഓരോരോ വ്യക്തികളാണ്.അതവരുടെ സ്വാതന്ത്ര്യമാണ്. അച്ഛന്റെ മരണശേഷം രവിയുടെ അമ്മ മറ്റൊരു വിവാഹത്തിന് മുതിരുന്നതും അതുകൊണ്ടുതന്നെയാണ്.അമ്മയെ സംബന്ധിച്ച് അത് ശരിയാണ്. എന്നാൽ മകനായ രവിയ്ക്ക് അത് ഉൾക്കൊള്ളാനാവുന്നില്ല..വ്യക്തികൾക്കനുസരിച്ച് ശരി തെറ്റുകൾ, അവയുടെ അളവുകൾ എന്നിവയ്ക്ക് വ്യത്യാസമുണ്ടാക്കും.ആ വ്യത്യസ്തതയെ ഉൾക്കൊള്ളാനാവുമ്പോഴേ ഒരാൾ മനുഷ്യനാവും.അതിനു കഴിയാത്തിടത്തോളം അയാളുടെ ഭാഷ പകയുടേതായിരിക്കും. അതുകൊണ്ടാണ്, ഇരുട്ടിലും നിഴലിലും ആത്മവിശ്വാസമില്ലാതെ പതുങ്ങി നിൽക്കുന്ന രവിയെന്ന സുഹൃത്തിനെ ജോയി നിഷ്കരുണം അവഗണിക്കേണ്ടി വരുന്നത്. ഉൾവനത്തിലെത്തിയ ജോയിയ്ക്ക് അയാളുടെ അപ്പൻ അപരലോകത്തെ കുറിക്കുന്ന സത്യം പകർന്നു നൽകുന്നു." ആരും പോയിട്ടില്ല, എല്ലാവരും അക്കരെയുണ്ട് ".ഈ വാക്കുകൾ അപരലോകത്തെ കുറിക്കുന്ന വെളിപ്പാടും അതേ സമയം ആശ്വാസവുമാണ്. ആ ആശ്വാസം ദു:ഖവെള്ളിയാഴ്ച്ചയിൽ ജോയിയെ ദു:ഖമില്ലാത്തവനാകാൻ പ്രാപ്തനാകുന്നു.ആശ്വാസം അയാളെ ഉണർത്തുന്നു.നിർമ്മലമായ അയാളിലെ സ്നേഹമെന്ന വികാരം ഭാര്യയോട് സംസാരിക്കുന്നത് ഇപ്രകാരമാണ്.
" ഒരാൾ മരിക്കുമ്പോൾ പുഴയുടെ ഒരു കടവിൽ നിന്നും നമ്മൾ അയാളെ യാത്രയാക്കുകയാണ്. മറ്റൊരു കടവിൽ കയറിയ കടത്തുവള്ളത്തെ മറ്റൊരു പുരുഷാരം കാത്തു നിൽക്കുന്നുണ്ട്.".പള്ളിയിൽ പോകാനിറങ്ങുന്ന ഭാര്യയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്താണ് അയാൾ ആ സന്തോഷം പ്രകടിപ്പിക്കുന്നത്.ഭാര്യയെയും കൂട്ടി അമ്മയെ കാണാൻ അയാൾ ഇറങ്ങുന്നതോടെ അക്കരെ എന്ന കഥ അവസാനിക്കുകയാണ്.ബന്ധങ്ങളെ കുറിക്കുന്ന സൂക്ഷ്മമായ രചനയാണ് അക്കരെ. കയ്യടക്കത്തോടെ മൊഴിവഴക്കത്താതാൽ കുറിച്ചിരിക്കുന്ന നല്ലൊരു കഥയാണ് കെ.എ.സെബാസ്റ്റ്യറ്യന്റെ അക്കരെ.

Wednesday 31 May 2017

ദുർഗന്ധം വഹിക്കുന്ന ഗാളിമുഖ

സുഗന്ധവും ദുർഗന്ധവും വഹിച്ചുകൊണ്ടുവരുവാൻ കാറ്റിന് കഴിവുണ്ട്.നാലാള് കൂടുന്ന നാട്ടിടവഴികൾ, ചായക്കടകൾ, ബാർബർഷോപ്പ് എന്നിവിടങ്ങളിൽ പരക്കുന്ന വാർത്തകളിലും,വർത്തമാനങ്ങളിലും കാറ്റിന്റെ ഈ സവിശേഷ സ്വഭാവം പ്രകടമായി കാണാനാവും.സത്യത്തെ അന്വേഷിക്കുന്നതിനു പകരം മറ്റൊന്നിനെ ഊട്ടി ഉറപ്പിക്കുന്ന രീതി.ഇത്തരമൊരു രീതിയെ വരച്ചുവെക്കുകയാണ് ഗാളിമുഖ എന്ന കഥയിലൂടെ K.N. പ്രശാന്ത്.



    കുന്നുകളാൽ ചുറ്റപ്പെട്ട കാറ്റിന്റെ മുഖം എന്നർത്ഥമുള്ള കാസർഗോഡിലെ ഗാളിമുഖ എന്ന മലയോര ഗ്രാമം.സുള്ള്യയിലേക്കോ മൈസൂരിലേക്കോ ഉള്ള യാത്രകൾക്കു വേണ്ടി പഞ്ചായത്ത് നിർമ്മിച്ച ഗ്രാമീണ ശൗചാലയത്തിനു പുറത്ത് കമഴന്ന് മുഖം മണ്ണിലേക്കു കുത്തി മറിഞ്ഞ തോണിപോലെ ഒരു അജ്ഞാതൻ മരിച്ചു കിടക്കുന്നു.പുലർച്ചയുടെ വിജനതയിലേക്ക് പരമാവധി വേഗത്തിൽ വണ്ടിയോടിച്ചു പോകുന്ന ഐത്തപ്പനോട് ഈ വിവരം പറയാൻ ശ്രമിച്ച്,ഐത്തപ്പാന്റെ വായിലെ തെറി വാങ്ങിച്ചു വെക്കുന്ന ഫിലിപ്പിലൂടെയാണ് ഗാളിമുഖ എന്ന കഥ ആരംഭിക്കുന്നത്.നെഞ്ചിലൂടെ തൂക്കിയിട്ടിരിക്കുന്ന കറുത്ത ബാഗ്,വിലകൂടിയ തുകൽകാലുറകളും ഗാളിമുഖകാർക്കിടയിൽ മൃതദേഹത്തെ അജ്ഞാതനാക്കുന്നുണ്ട്.ഈയൊരു വിവരണത്തിൽ നിന്നുതന്നെ ഗാളിമുഖയിലെ ജനങ്ങളുടെ സാമ്പത്തിക ജീവിതരീതികളെ വരച്ചിടാൻ കഥാകൃത്തിന് കഴിയുന്നുമുണ്ട്.ഗാളിമുഖയിലെ ഓരോ വീടും കുടപിടിച്ചു നനഞ്ഞു കുതിർന്ന് മൃതദ്ദേഹത്തിനരികിലെത്തുന്നു.അവരുടെ സംശയങ്ങളിലൂടെയാണ് ഗാളിമുഖ എന്ന ഉദ്യോഗജനകമായ കഥ വായനക്കാരനുള്ളിൽ കനൽ കോരിയിടുന്നത്.

മരിച്ചത് ശാദുലിയെ ആണന്ന സംശയത്തിൽ നിന്ന് അതൊരു തീർപ്പായി മാറുന്നതാണ് കഥയിൽ നാം പിന്നീട് കാണുന്നത്.ആനുകാലിക സംഭവങ്ങളോട് ഉടനടി പ്രതികരിക്കുന്ന സാഹിത്യകാരന്മാരെ നിത്യജീവിതത്തിൽ നാം ധാരാളം കാണാറുള്ളതാണ്.അത്തരത്തിൽ ഒരാളെ ഈ രംഗത്തേക്ക് ബോധപൂർവ്വം കൊണ്ടു വരുന്നുണ്ട് പ്രശാന്ത്.'ശാദുലി എങ്ങനെ ഗാളിമുഖഖയിൽ എത്തി എന്നതു മുതൽ അയാളുടെ ജീവചരിത്രം തന്നെ സ്ഥലത്തെ യുവനാടകകൃത്ത് ഹരിദാസ് ഷെട്ടി എഴുതിയുണ്ടാക്കുന്നു'. കഥയിലെ ഹരിദാസുമാർ നമുക്കിടയിൽ ധാരാളമുണ്ട് അവർ സത്യത്തെ അന്വേഷിക്കാറില്ല.എന്നിരുന്നാലും തങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെല്ലാം സത്യമാണെന്ന തരത്തിൽ അടയാളപ്പെടുത്തുന്നു.അത് ചരിത്രത്തോടു കാട്ടുന്ന നീതികേടാണ്.അജ്ഞാത മൃതദ്ദേഹം ശാദുലിയുടെയാണെന്ന് പറഞ്ഞറിഞ്ഞ സുറുമി മൃതദ്ദേഹത്തിനരികിൽ വന്ന് അതിനെ വടിക്കൊണ്ട് തോണ്ടി മലർത്തി കിടത്തുന്നു. കൊലചെയ്യപ്പെട്ട അജ്ഞാതനായ ആ വ്യക്തി ശാദുലി അല്ലെന്ന്ന് ഗാളിമുഖ അറിയുന്നതും അപ്പോഴാണ്.ഐത്തപ്പനും ഫിലിപ്പും ഈ അവസരത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.തെറ്റൊന്നും ചെയ്യാത്ത രണ്ടുപേർ അവരെ നിയമം ഇനി വേട്ടയാടും.അതിനെ കുറിച്ച് ഗാളിമുഖകാർക്ക് മനസ്സിലാകണമെന്നില്ല.ഒരു പക്ഷെ വർഷങ്ങളോളം അവർക്ക് വിചാരണ തsവുക്കാരായി കഴിയേണ്ടി വന്നേക്കാം എന്നു പറഞ്ഞുകൊണ്ട് നമ്മുടെ നീതിന്യായ വ്യവസ്ഥയെ പ്രഹരിക്കുകയാണ് കഥാകൃത്ത്.നാടിന് അജ്ഞാതമാകുന്ന ഒരു വ്യക്തിയുടെ സഞ്ചാരം, തൊഴിലിടം എന്നിവയെയെല്ലാം സംശയത്തിന്റെ നിഴലിൽ എങ്ങനെ നിലനിൽക്കുന്നു എന്ന് ഗാളിമുഖ വരച്ചിടുന്നു.

അവനവനിലെ അപരത്വം

അവനവന്റെ  ശത്രു അവനവൻ തന്നെയാണ്.സ്വയം മറികടക്കാൻ ആവാത്തതാണ് അവനവനിലെ പരിമിതി.ഓരോ വ്യക്തിയും അവനവനെ മറികടക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അവനവനെ മറികടക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. സാഹിത്യവത്ക്കരിച്ച് പറഞ്ഞാൽ ഇത് ഭ്രാന്തമായൊരു അവസ്ഥയാണ്.ജീവിതത്തിനും മരണത്തിനുമിടയിലെ സഞ്ചാരം. ഒരു നിമിഷത്തെ അശ്രദ്ധയാൽ സ്വജീവിതം നഷ്ടമായെന്നും വരാം.അത്തരമൊരു അവസ്ഥ കത്തി എന്ന കഥയിൽ ഒരുക്കി വെച്ചിരിക്കുകയാണ്  ബി.മുരളി.



Now I understand
How you suffered for Samily
How you tried to set them free.
               -song by Don Maclean
           (Vincent-starry Starry nights)

കത്തിയെന്ന കഥ ആരംഭിക്കുന്നത് ഈ ആമുഖവാക്യത്തോടെയാണ്.
           ജീവിക്കാൻ വേണ്ടി ചെറുതും വലുതുമായ എല്ലാത്തരം ജോലികളും ചെയ്തും,എല്ലായിടത്തും അൺഫിറ്റായി ഒടുവിൽ ഒരു സെയിൽസ് ഏജന്റിന്റെ വേഷംകെട്ടി നഗരത്തിലെത്തുന്ന ഗോപാലകൃഷ്ണനിലൂടെയാണ് കത്തി എന്ന കഥ ആരംഭിക്കുന്നത്.തന്റെ നിവൃത്തികേടുകൊണ്ട് ഓഫീസിലെ തന്നെ ജീവനക്കാരനായ ജോസഫിന്റെ മുറി പങ്കിടേണ്ടി വരുകയാണ് ഗോപാലകൃഷ്ണന്.അയാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തലപൊക്കുന്നതും ആ ഒരു നിമിഷത്തിലാണ്.ഗോപാലകൃഷ്ണനെ സംബന്ധിച്ച് റൂമെന്നൊൽ വീണ് തളർന്നുറങ്ങാനുള്ള ഒരിടമാണ്.തന്റെ ശത്രുവിനെ കൊല്ലാൻ കത്തിയുമായി റൂമിലൂടെ നടക്കുന്ന ജോസഫ് ഒരു ഭീതിത ചിത്രമായി ഗോപാലകൃഷ്ണനിൽ നിറയുന്നു.ജോസഫ് തന്നെ ഉപദ്രവിക്കുമോ എന്ന ചിന്തയാണ് അയാളിൽ.അതോടെ ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ വരുന്ന ഒരു വ്യക്തിയായി ഗോപാലകൃഷ്ണൻ മാറുന്നു. ഗോപാലകൃഷ്ണനെ കുറിച്ച് ജോസഫ് ചോദിച്ചറിഞ്ഞിരുന്നെങ്കിലും ജോസഫിനെക്കുറിച്ച് യാതൊന്നും അറിയാത്ത ഒരു വ്യക്തിയാണ് ഗോപാലകൃഷ്ണൻ.ജോസഫിനെ കാണാതാകുന്ന ഒരു ദിവസം ഇത്തരം ചിന്തകളിൽ കുഴങ്ങി പോകുന്നുണ്ട് അയാൾ.പിറ്റേന്ന് ഓഫീസിൽ വെച്ച് ജോസഫിനെ കാണുമ്പോഴും ആശ്ചര്യം മാറുന്നില്ല ഗോപാലകൃഷ്ണനിൽ.അവസാനം ഭയത്താൽ ചെവി നഷ്ടമായ ഗോപാലകൃഷ്ണനെയാണ് കഥാന്ത്യത്തിൽ നാം കാണുന്നത്.ആരാണ് ഗോപാലകൃഷ്ണന്റ ചെവി മുറിച്ചത്? ഗോപാലകൃഷ്ണൻ സ്വയം മുറിച്ചതാണോ ചെവി, അതോ ജോസഫ് മുറിച്ചതോ?ഈ ഒരു ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ കഥാകൃത്ത് തയ്യാറാകുന്നില്ല.എന്നാൽ വിൻസെന്റ് വാൻഗോഗിനെ പറ്റി കുറിച്ച പിൻകുറിപ്പ് കഥയുടെ  ആസ്വാദനത്തെ സാരമായി ബാധിക്കുന്നുമുണ്ട്.യഥാർത്ഥത്തിൽ എല്ലാം ഗോപാലകൃഷ്ണന്റ തോന്നലുകളാണോ?ജോസഫ് കെല്ലാൻ ശ്രമിക്കുന്നത് ജോസഫിനെ തന്നെയാണോ?ജീവിതത്തിലെ അരക്ഷിതാവസ്ഥ, ചുറ്റിലും ജീവിതം സമാധാനപ്പെടുമ്പോൾ താൻ മാത്രമെന്തേ ഇങ്ങനെ എന്ന തോന്നലാൽ ഉളളിൽ ഉടലെടുക്കുന്ന നിരാശ അയാളെ മാനസികമായി തകർത്തതായിരിക്കുമോ?                       ജോസഫിനെ ഗോപാലകൃഷ്ണനിലെ തന്നെ അപരനായി കാണാനാവും.ഗോപാലകൃഷ്ണൻ ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കുന്ന ഒരു വ്യക്തി. വലിയ പിരിമുറുക്കമേതുമില്ലാത്ത, വായിക്കുകയും അൽപം മദ്യപിക്കുകയും മറ്റും ചെയ്ത് ജീവിതം ആസ്വദിക്കുന്ന ജോസഫ്-അത്തരമൊരു ജീവിതം ഗോപാലകൃഷ്ണന്റെ മനസ്സിലുണ്ടാകും. ആ ജീവിതത്തിലെത്താൻ കഴിയാത്ത ഒരാളുടെ ആന്തരിക സംഘർഷങ്ങളായി ഈ കഥയെ വായിച്ചെടുക്കാം.അവനവനോട് മത്സരിക്കാനാവാത്ത,സ്വന്തം ശബ്ദത്തോടുപോലും എതിരിടാനാവാത്ത ഒരാളുടെ പരാജയമായും ഈ കഥയെ വായിക്കാം. അങ്ങനെ വരുമ്പോൾ അവനവനിലെ അപരനോട് തോൽക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് കത്തി എന്ന് പറയാനാവും.നിരവധി ഇടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കഥ  തുറന്നിടുന്നുണ്ടെങ്കിലും അടിക്കുറിപ്പ് അതിനെല്ലാം വിരാമമിടുന്നു.

വായനക്കാരന്റെ 'സങ്കടം'

ഭ്രമാത്മകമായ എഴുത്തിനുടമയാണ് ഉണ്ണി.ആർ.പ്രത്യേകിച്ചും പുരുഷകാഴ്ച്ചയുടെ ഭ്രാന്തമായ ഒരനുപൂതി വായനക്കാരന് പകർന്നു നൽക്കുന്നവയാണ് അവ. ഉണ്ണിയുടെ കഥകളെ മുൻനിർത്തി വിശകലനം ചെയ്താൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളു.എന്നാൽ പുതിയ കഥയായ 'സങ്കടം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് - 2017, ലക്കം-12 ) വായക്കാരനെ നിരാശപ്പെടുത്തുന്നുണ്ട്. യാത്രകളിൽ സ്ത്രീകൾ നേരിടുന്ന  പ്രശ്നത്തെ പ്രശ്നവത്ക്കരിക്കുന്ന കഥ;രാധ,സുമതി എന്നീ രണ്ടു സ്ത്രീകളുടെ ജീവിതത്തിലൂടെ മുന്നേറുന്നു.ബസ്സിൽ നിന്നിറങ്ങുന്ന രാധയുടെ ചന്തിക്ക് ആരോ മുറുക്കെപ്പിടിക്കുന്നു.ഈ സംഭവത്തിന്റെ തുടർച്ചയായിട്ടാണ് കഥ ആരംഭിക്കുന്നത്.അവനിട്ട് രണ്ട് കൊടുക്കാനാവാത്ത ആത്മരോക്ഷമാണ് ആറു പേജോളം നീളുന്ന ഉണ്ണി.ആർ - ന്റെ പുതിയ കഥ. കോട്ടയത്തെ കെ.കെ റോഡിലുള്ള തുണിക്കടയിലെ ജോലിക്കാരായ സുമതിയും രാധയും അതോടെ അയാളെ(രമേശനെ) തേടിയിറങ്ങുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അയാളുടെ പേര് രമേശൻ എന്നാണെന്നും അയാളൊരു പച്ചക്കറി കച്ചവടക്കാരനാണെന്നും അവർ മനസ്സിലാക്കുന്നു.എന്നാൽ അയാളെ കണ്ടെത്താൻ കഴിയാത്ത അവർ,രമേശന്റെ പച്ചക്കറി വണ്ടിക്ക് അടുത്ത് നിൽക്കുന്ന പയ്യനോട് ചോദിച്ച് പല സ്ഥലങ്ങളിലും അയാളെ അന്വേഷിക്കുന്നു.അയാളുടെ വീടുവരെ എത്തുന്നുണ്ട് രാധയും സുമതിയും.ഭർത്താവിന്റെ കയ്യിലിരിപ്പിനെക്കുറിച്ച് അയാളുടെ ഭാര്യയെ ബോധ്യപ്പെടുത്തി മടങ്ങുന്ന അവർ വീണ്ടും പയ്യനോട് അയാളെ കുറിച്ച് അന്വേഷിക്കുന്നു. പലിശക്കാശ് വാങ്ങാൻ ഗുഡ്ഷെഡ്ഡില് അയാൾ വരുമെന്ന് അവൻ പറയുന്നു.അവിടെ രമേശനെ കാത്തുനിന്ന അവർ കാണുന്നത് അയാൾക്ക് കുത്തൽക്കുന്നതാണ്.അയാളെ ഹോസ്പിറ്റലാക്കുന്ന രാധയെയും സുമതിയെയുമാണ് കഥയിൽ പിന്നെ നമ്മൾ കാണുന്നത്.നല്ല ബോധത്തിലായിരിക്കുമ്പോൾ നാല് തെറി പറഞ്ഞ് രണ്ടെണ്ണം കൊടുക്കണം എന്നു കരുതി രാധ ഒരാഴ്ച്ചയ്ക്ക് ശേഷം ഹോസ്പിറ്റലിലേക്ക് പോകുന്നു.അവിടെനിന്നും അയാളെ  ബന്ധുക്കൾ മാറ്റിയെന്ന് അവരറിയുന്നു.എന്നാൽ മറ്റു ഹോസ്പിറ്റലുകളിൽ അയാളെ കണ്ടെത്താനാവുന്നുമില്ല.രമേശനെ തേടി വീണ്ടും അയാളുടെ വീട്ടിലെത്തും മുമ്പ് അയാൾ മരിച്ചെന്ന വാർത്ത രാധയും സുമതിയും അറിയുന്നു..രമേശനിട്ട് രണ്ട് കൊടുക്കാനാവാത്ത രാധയുടെയും സുമതിയുടെയും സങ്കടമാണ് ഈ കഥ.



ഉണ്ണി.ആർ-ന്റെ മുൻകാല രചനകളിൽ കാണുന്ന ഭ്രമിപ്പിക്കുന്ന ഭാഷാമികവ് അവകാശപ്പെടാനാവാത്താണ് സങ്കടം. കാലികപ്രസക്തിയുള്ള വിഷയത്തെ അതിന്റെ പ്രാധാന്യം  ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കാനാവാത്ത ഒരു കഥാക്കാരന്റെ ആവിഷ്ക്കാരമെന്ന നിലയിൽ വേണമെങ്കിൽ ഈ കഥയെ വായിക്കാം.

Wednesday 17 May 2017

നാം പണിയുന്ന സുരക്ഷയെന്ന വീഴ്ച്ചകൾ

അവനവന്റെ സുരക്ഷയെപറ്റി വ്യാകുലപ്പെടുന്നവരാണ് നാമടക്കമുള്ള സമൂഹം.നമുക്കുള്ളിൽ വളർന്നു വന്ന ഭയമെന്ന വികാരം കാല് പന്തുകളി തുടങ്ങിയിട്ട് നാളേറെയായി.ഫൗൾ ചെയ്തിട്ടെങ്കിലും പന്തിനെ സ്വന്തം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന ഒരു ജനതയാണ് നാം.പക്ഷെ എത്രമാത്രം ശ്രദ്ധയോടെയാണ് കാലം നമുക്കിടയിൽ കിടന്ന് പന്തുതട്ടികളിക്കുന്നത്. ആരാധകഹൃദയങ്ങളിൽ നാം കൊത്തിവെച്ച പേരുകളെ നിർദ്ദാഷണ്യം അത് വലിച്ചു കീറുന്നു.തുടരെ തുടരെ ഗോളടിച്ചുകൊണ്ട് കാലം  നമ്മെ അപമാനിക്കുകയാണ്.പാരജിതന്റെ ഭാരിച്ച തലയുമായി ഓരോ തവണയും കളം വിടേണ്ടി വരുന്നു.അപ്പോൾ, അപ്പോൾ മാത്രം നമ്മിൽ ഓരോരുത്തരും പരാജയത്തിന്റെ കാരണത്തെ തൊടുന്നു. തിരിച്ചറിവുകളുടെ ബോധത്തിൽ നിന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ ഇനിയൊരിക്കലും നികത്താനാവാത്ത ഒരു വലിയ നഷ്ടം ഹൃദയത്തിൽ വൃണമായി പൊട്ടിയൊലിക്കുന്നു.

സ്വന്തമായി ഒരു വീട് വെക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. അതിനു വേണ്ടി ഗൃഹപാഠം ചെയ്യുന്ന നാളുകൾ ഏറെയാണ്.നൂറു നൂറ് ഐഡിയകൾ, നൂറു നൂറ് അഭിപ്രായങ്ങൾ എല്ലാം ക്രോഡീകരിച്ച് വലിയ പരിക്കുകളില്ലാതെ ഒരു വീടുവെക്കുക എന്നത് ഭഗീരത പ്രയത്നം തന്നെയാണ്. ഒരു വീട് വെച്ചു കഴിയുമ്പോഴേക്കും ഇതുവരെയുള്ള സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് അതിലേക്ക് പോവുകയും ചെയ്യും.വീട് താമസിക്കാനുള്ള ഇടം എന്നതിൽ നിന്നും മറ്റു ചിലതിലേക്ക് മാറുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുന്നത്.എന്നാൽ ഈ ആഢംബരഭ്രമം വരുത്തിവെക്കുന്ന കടങ്ങൾ നികത്താൽ ഒരായുസ്സ് തന്നെ ബലി നൽകേണ്ടി വരും.വീട് എന്ന സങ്കൽപ്പത്തെ താലോലിക്കുന്നത് അമ്മയുടെ സാന്നിധ്യമാണ്.അമ്മയില്ലാതാകുമ്പോൾ വീടില്ലാത്തവരായി മാറുകയാണ് നമ്മളിൽ ഓരോരുത്തരും. അത്ര മാത്രം സുരക്ഷിതമായൊരിടം ജനനസമയത്തും ജനിച്ചശേഷവും നമുക്ക് വേറെ കിട്ടാനില്ല.ഡി.വിനയചന്ദ്രൻ വീട്ടിലേക്കുള്ള വഴി എന്ന കവിതയിൽ  കുറിക്കുന്നുണ്ട് അമ്മയില്ലാത്തവർക്കേതു വീട് എന്ന്. വീടെന്ന നമ്മുടെ സങ്കല്പം അമ്മ തന്നെയാണ്. ആ സങ്കല്പത്തെ താലോലിക്കുന്ന ഒരു കഥയാണ് അജിജേഷ് പച്ചാട്ടിന്റെ " പാർപ്പിടങ്ങൾ "



1.16 കോടി രൂപ ചിലവിൽ, നയന - ഹരി എന്നീ 'എം ബി എ 'ക്കാരായ ദമ്പതിമാർ പണിയാൻ ഉദ്ദേശിക്കുന്ന 2500 ചതുരശ്ര അടി വലിപ്പമുള്ള വീടിനെ കുറച്ചുള്ള പ്ലാനിന്റെ സംസാരത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. മുമ്പ്, ശേഷം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന കഥയുടെ ആദ്യഭാഗം വീടുപണിയുടെ പ്ലാനിനെ പറ്റിയുള്ള സംസാരമാണ്‌. സ്ത്രീ പക്ഷത്തുനിന്നും കഥയെ നോക്കി കാണുമ്പോൾ ഹരി ഒരു മെയിൽ ഷോവനിസ്റ്റാണ്.26-ക്കാരനായ സാംശങ്കർ എന്ന ആർക്കിടെക്റ്റും ഹരിയും ചേർന്ന് വീടിന്റെ പ്ലാൻ മുൻകൂട്ടി തയ്യാറാക്കി കഴിഞ്ഞിരുന്നു. അതൊന്ന് ഭാര്യയായ നയനയെ കാണിക്കുക,വെറുതെയാണെങ്കിലും അവളുടെ അഭിപ്രായങ്ങൾ കേൾക്കുക, അതിനു മുകളിൽ സ്വന്തം തീർപ്പുകളെ കയറ്റി വെക്കുക - ഇത്രമാത്രമാണ് അയാൾ ചെയ്യുന്നത്.ആദ്യ ഭാഗത്ത് ഹരിയും നയനയും മാത്രമേ വരുന്നുള്ളു. ഹരിയുടെ അമ്മയും,അവരുടെ പൂച്ചകളും പട്ടികളുമെല്ലാം സംസാരത്തിനിടയ്ക്ക് കേറിവരുന്ന ബിംബങ്ങളോ ചിത്രങ്ങളോ ആണ്. ആ ചിത്രങ്ങൾക്ക് അതിഭംഗീരമായ മികവു കിട്ടുന്നുണ്ട് 'ശേഷ'ത്തിൽ.

"ബെഡ്റൂംസ് നാലെണ്ണം മതിയോ ഹരി?
പ്ലാൻ കിടക്കയിലേക്ക് വെച്ചുകൊണ്ട് 60 കിലോ തൂക്കം വരുന്ന നയനയുടെ ശരീരം ഹരിക്ക് അഭിമുഖമായി
കൂടുതലെന്തിനാ? നീയൊരു ഡെലിവറി നടത്തിയാൽ മതി.
ചുമരുകളിൽ മുഴുവൻ പച്ച ച്ചായം പടർന്നു കഴിഞ്ഞപ്പോൾ ഹരിയുടെ കണ്ണുകൾ വീടിനു മുകളിലൂടെ അരിച്ചു നടന്നു.
പിന്നീട് ഉണ്ടാവില്ലാ എന്നില്ലല്ലോ
നയനയുടെ മറുപടി ഹരിയുടെ നെറ്റിയിൽ ചുളിവുകളുണ്ടാക്കി
ഭ്രാന്ത് പറയല്ലെ കുട്ടാ, ഒരു കുഞ്ഞിലൂടെ എത്ര സമയാ ഭാര്യയ്ക്കും ഭർത്താവിനും നഷ്ടമാകുന്നതെന്നറിയാമോ? 21,50,000 മിനിട്ടുകൾ
നയന കുസൃതിയോടെ ചിരിച്ചു ".

കുഞ്ഞുപോലും ബാധ്യതയായേക്കാവുന്ന ദാമ്പത്യ ചിത്രമാണീ വരികളിൽ കഥാകൃത്ത് വരക്കുന്നതെന്ന് വ്യക്തം.21,50,000 മിനിട്ടുകൾ എന്നു വെച്ചാൽ നാലു വർഷം;ഒരു മാസം 27 ദിവസം. ഒന്നു കൂടി കൃത്യമായി പറഞ്ഞാൽ പ്രസവാനന്തരം കുഞ്ഞിന് മൂന്നു വയസും രണ്ടു മാസവും 27 ദിവസവും പ്രായം. ഈ പ്രായത്തിലാണ് കുഞ്ഞുങ്ങൾക്ക് വീടുനുള്ളിലെ താൽപര്യം കുറയുന്നതും, നഴ്സറിയിൽ പോകാൻ മാനസികായി തയ്യാറാകുന്നതും.കുട്ടിക്ക് വൈകാരിക വളർച്ച കൈവരുന്ന ഒരു സമയവും ഇതുതന്നെയാണ്.ഇത്രയും കാര്യങ്ങളറിഞ്ഞു കൊണ്ട് നയനയുടെ വാക്കുകളെ പരിശോധിക്കുമ്പോൾ അത് വെറും കുസൃതി അല്ല എന്ന് മനസ്സിലാകും.പുതിയ കാലത്തിന്റെ കാഴ്ച്ചകൾ അത് ഏതു തരത്തിലാണ് സഞ്ചരിക്കുന്നത് എന്നതിന്റെ ചിത്രമാണിത്.ഇവിടെ മാനുഷിക മൂല്യങ്ങൾക്കൊന്നും വലിയ വിലയില്ല. ഉത്തരാധുനിക സമൂഹത്തിന്റെ സ്വഭാവ സവിശേഷതകളിലെല്ലാന്നായ വേഗത്തിൽ കുരുങ്ങി എന്തിനോ വേണ്ടി യാന്ത്രികമായി സഞ്ചരിക്കുകയാണ്.

മഴ പെയ്തു തുടങ്ങുമ്പോൾ വീടു പൊളിക്കാനുള്ള ശ്രമത്തിൽ നിന്നാണ് രണ്ടാമത്തെ ഭാഗമായ ശേഷം ആരംഭിക്കുന്നത്. സുരക്ഷയുടെ കാരണങ്ങൾ പറഞ്ഞ് ഹരി നിർമ്മിച്ച വീട് അവനുമുമ്പിൽ തന്നെ ഒരു ചോദ്യച്ചിഹ്നംപോലെ ഉയർന്നു നിൽക്കുകയാണ്. ആർക്കിടെക്റ്റായ സാംശങ്കർ ഈ ഒരു അവസരത്തിൽ തീർത്തും പരാചിതനാകുന്നു.പ്രകാശൻ,നിസാർ, ആശാരിമുരളി, വാർപ്പ് പണിക്കാരൻ അബോകർക്ക, ആർക്കിടെക്റ്റ്റ് സാംശങ്കർ - അങ്ങനെ എല്ലാരും വീടിനുള്ളിൽ എങ്ങനെ കയറുമെന്ന് ചിന്തിച്ച് യാതൊരു മാർഗ്ഗവും കാണാതെ ജെ സി ബി കൊണ്ടുവരുന്നു. വർക്ക് ഏരിയായുടെ ചുമരിൽ ഒരാൾക്ക് കടന്നു പോകാൻ പതിനേഴ് ഇഞ്ചോളം ഉള്ളോട്ട് തുരക്കുന്നു.. അതിലൂടെ കടന്ന നിസാറും, ഹരിയും, സാംശങ്കറും ഉള്ളിൽ തിരച്ചിൽ നടത്തുകയാണ്. സുരക്ഷയുടെ കാരണങ്ങൾ പറഞ്ഞ് ഹരിയൊരുക്കിയ സജ്ജീകരണങ്ങൾ ഈ നിമിഷത്തിൽ അയാൾക്ക് തന്നെ പാരയാകുന്നു.ഇവരിതെന്തിനാണ് വീട് പൊളിച്ച് അകത്തു കയറിയത് എന്ന ചോദ്യത്തെ ക്ലൈമാക്സാക്കി സൂക്ഷിച്ചിരിക്കുകയാണ് കഥാക്കാരൻ .ആ ക്ലൈമാക്സിനു തൊട്ടുമുമ്പ് അത്രതന്നെ മനോഹരമായൊരു രംഗമുണ്ട്. അതിങ്ങനെ-"നിസാറിന്റെ കൈയ്യിലെ ബള്‍ബ്, വെളിച്ചത്തിനേയും കൊണ്ട് പാസ്സേജിലേക്ക് പാഞ്ഞു. പാസ്റ്റേജിന്റെ വലത്തേയറ്റത്തുള്ള ബെഡ്‌റൂമിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഹരിയുടെ ശ്രദ്ധ അവിടെ പറ്റി നില്‍ക്കുമ്പോള്‍ നിസ്സാര്‍ ബള്‍ബ് ഇടത്തേയറ്റത്തേക്ക് നീട്ടി.
പൊടുന്നനെ ആ ഭാഗത്തുനിന്നും ഒരു കനമുള്ള കറുത്ത പൂച്ച മുരള്‍ച്ചയോടെ അവര്‍ക്ക് നേരെ ചാടി. സാംശങ്കറിന്റെ നെഞ്ചില്‍ നഖങ്ങള്‍കൊണ്ട് ഭംഗിയുള്ള ചില ചിത്രങ്ങള്‍ നിര്‍മ്മിച്ച് തികഞ്ഞ അഭ്യാസിയെപ്പോലെ അത് നിലത്തേക്ക് പതുങ്ങി തേറ്റ കാട്ടി അപ്പുറത്തെ ഇരുട്ടിലേക്ക് കലങ്ങി ".അമ്മ വളർത്തുന്ന പൂച്ചകൾക്ക് മിഴിവേറുന്നത് ഈ ഇത്രയും വായിച്ച് അടുത്ത വരികളിലേക്ക് കടക്കുമ്പോഴാണ്.പൂച്ചകൾ സാംശങ്കറിനെ ആക്രമിച്ചതിനെ സാധൂകരിക്കുന്നതാണ് ആ ഭാഗം. ഒരു ആർക്കിടെക്റ്റിനുവേണ്ട വിവേകമില്ലാത്ത അയാളെ സമൂഹമാണ് ശിക്ഷിക്കേണ്ടത്.ആ ശിക്ഷയുടെ വിധിയിൽ അവരുടെ ഭാഗം അവർ ഭംഗിയായി ചെയ്യ്തു.
"മാർബിൾ തറയിൽ ചീഞ്ഞഗന്ധം ഉല്പാദിപ്പിച്ച് അഴുകി കിടക്കുന്ന മാംസത്തിലെ വെളുത്ത പുഴുക്കളുടെ പുളഞ്ഞുമറിയുന്ന ശരീരചലനങ്ങളിലേക്ക് കണ്ണുകൾ തുറിക്കവേ ഹരി ആദ്യമായി തന്റെ അനാഥമായ പുക്കിൾച്ചുഴി അമർത്തിപ്പിടിച്ച് പതുക്കെ ചുമരിലേക്ക് ചാരി". കഥ ഇവിടെ തീരുകയാണ്.വീടില്ലാത്തവനായി ഹരി മാറുകയാണ്..... ഒരു പക്ഷെ ആ നിമിഷത്തിൽ നയനയോടു പറഞ്ഞ ആ വാക്കുകൾ അതിങ്ങനെ [ മികച്ച ഓരോ വീടും തികവുറ്റ സ്ത്രീയുടൽ പോലെയാകണം. വഴിതെറ്റി അലയണം അപ്പഴേ ആസ്വദിക്കാനാവു] വേദനയുടെ വൃണമായി അയാളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരിക്കും. സുരക്ഷയ്ക്കു വേണ്ടി നാം ഒരുക്കുന്ന ഓരോന്നും ഒരു നാഗത്തെ പോലെ നമ്മെ തിരിഞ്ഞു കൊതുകയാണെന്ന് ഓർമ്മിച്ചു കൊണ്ട് കഥ അവസാനിക്കുന്നു.

ആഗോളീകരണ കാലത്തെ കടുവകൾ

മനുഷ്യാരംഭം മുതൽ മണ്ണിനും പെണ്ണിനും വേണ്ടിയുള്ള യുദ്ധങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നെന്ന് പഴമക്കാർ പറയും. മനുഷ്യാരംഭം മുതൽ മനുഷ്യാവസാനം വരെ അതിങ്ങനെ തുടർന്നുകൊണ്ടിരിക്കും.നിലവിൽ,യുദ്ധത്തിന്റെ രൂപം മാറുകയും അത് രക്തചൊരിച്ചലില്ലാത്ത വിവേകത്തിന്റെ ഇടപെടലായി രൂപാന്തരപെടുകയും ചെയ്യുന്നു. ഉത്തരാധുനിക സമൂഹമാണ് ഇത്തരമൊരു മാറ്റത്തിന് കാരണം.ആഗോളീകരണത്തിന്റെ ഉല്പന്നമാണിത്.ശക്തിയേക്കാൾ വിവേകത്തിന് പ്രാധാന്യം നൽകുന്ന ഈ പ്രവണത ലക്ഷ്യം വയ്ക്കുന്നത് കോപ്പറേറ്റു താല്പര്യങ്ങളെ മാത്രമാണ്.അവിടെ മാനുഷികമായ മൂല്യങ്ങൾക്ക് യാതൊരു വിലയുമില്ല. പ്രകൃതിവിഭവ ചൂഷണത്തിന് പരിധികളില്ല. അത് നമ്മുടെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കും.എന്നാൽ അതിനെതിരെ പ്രതികരിക്കാനാവാത്ത വിധം നമ്മെ നിയന്ത്രിക്കുന്നുണ്ട് ആഗോളീകരണം. പ്രകൃതിക്കുമേൽ മനുഷ്യൻ ആധിപത്യം പുലർത്തുന്നതിന്റെ എത്രയോ ചിത്രങ്ങൾ കാലം വരച്ചു കഴിഞ്ഞിരിക്കുന്നു. പ്രകൃതിയും സ്ത്രീയും ഒന്നാണ്. അവയ്ക്കു നേരെയുള്ള ആക്രമണത്തിന് പ്രതിരോധമെന്ന പോലെ കലാസൃഷ്ടികൾ അനുദിനം ഇറങ്ങി കൊണ്ടിരിക്കുന്നു.എത്ര എഴുതിയാലും, എത്രകണ്ട് പറഞ്ഞാലും തീരാത്ത ഒന്നായി സ്ത്രീയും പ്രകൃതിയും മാറിയിരിക്കുന്നു.പുരുഷ്യനാൽ കോളനിവത്ക്കരിച്ച ഒരു രാജ്യമായി സ്ത്രീയും പ്രകൃതിയും മാറിയിരിക്കുന്നു എന്നു സാരം.അതിൽ നിന്നൊരു മോചനം അനിവാര്യമാണ്.അതിനു വേണ്ടി നിരന്തരം കലഹിക്കേണ്ടിവരും.ആ കലഹങ്ങളുടെ വിവിധ രൂപങ്ങളിൽ ഒന്നുമാത്രമാണ് എഴുത്ത്.അതാകട്ടെ തീയായി മാറുന്നൊരു വാഗ്-രൂപമാണ്.

"Folklore is an echo of the past, but at the same time it is also the vigourous voice of the paesent - റഷ്യൻ ഫോക്‌ലോറിസ്റ്റ് സൊക്കോളോവിന്റെ വാക്കുകളാണിവ. ഈ വാക്കുകൾ പ്രത്യക്ഷാനുഭവത്തിന്റെ തലത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ ഹാസ്യാത്മക വിശദീകരണമാണ് അയ്മനം ജോണിന്റെ 'മഹർഷിമേട് മാഹാത്മ്യം' എന്ന് എൻ.പ്രഭാകരൻ" അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായത്തോട് യോജിക്കാതെ തരമില്ല.അത് വാസ്തവമാണ്.


"ടൈഗർഹിൽ അപ്പാർട്ട്മെന്റ്സ് എന്ന പേരിൽ പാർപ്പിടക്കൂട്ടമായി പരിണമിച്ചുകഴിഞ്ഞ, എന്റെ വീടിനടുത്തുള്ള കടുവാക്കുന്ന് എന്ന ഭൂപ്രദേശം പണ്ടു പണ്ട് 'മഹർഷിമേട് ' എന്നാണറിയപ്പെട്ടിരുന്നതെന്നും അത് സത്യവ്രതൻ, സദാനന്ദൻ, സരളമനസ്കൻ, ശാന്തചിത്തൻ എന്നിങ്ങനെ നാല് മഹർഷിമാർ ദീർഘകാലം, എന്നുവെച്ചാൽ അവരുടെ ആയുസ്സെത്തുംവരെ, തപസ്സിരുന്ന സ്ഥലമായിരുന്നുവെന്നുമാണ്‌ ഐതിഹ്യം".മഹർഷിമേട് മാഹാത്മ്യം എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.ഇവിടെ ആഖ്യാതാവ് എഴുത്തുക്കാരൻ തന്നെയാണ്.ഐതിഹ്യമാലവായിക്കുന്നപോലെ രസച്ചരടുമുറിയാതെ ആദ്യാവസാനംവരെ വായനക്കാരനെ കഥയിൽ കോർത്തിടാൻ കഥാകൃത്തിന് കഴിയുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള വലിയൊരു വളർച്ചയൊന്നും കഥയിൽ കണ്ടെത്താനാവുന്നില്ല. പാരിസ്ഥിതിക രാഷ്ട്രീയത്തിലൂന്നികൊണ്ട് ആഗോളീകരണം വരുത്തി വെക്കുന്ന വിനാശരൂപങ്ങളെ സരസമായി കഥാകൃത്ത് ആവിഷ്ക്കരിക്കുമ്പോൾ വലിയൊരു സ്ഫോടനമൊന്നും വായനക്കാരനിൽ ഉണ്ടാകുന്നില്ല. ഇതിലും എത്രയോ മുമ്പ്, ഇതിലും ശക്തമായി "ഒതപ്പെ"ന്ന നോവലിൽ പുഴക്കൽ പാടം ശോഭാ സിറ്റിയുടെ അടിത്തറയായി രൂപാന്തരപ്പെടുന്നതിനെപ്പറ്റി സാറാജോസഫ് എഴുതിയിരുന്നു.അത്രമാത്രം കൃത്യതയോടെ, കയ്യടക്കത്തോടെ ഈ വിഷയത്തെ കൈക്കാര്യം ചെയ്യാൻ എഴുത്തുക്കാരന് കഴിയുന്നില്ല. അദ്ദേഹത്തിന്റെ തന്നെ മറ്റു കഥകളുടെ ഒതുക്കവും ഭംഗിയും ഈ കഥയ്ക്ക് അവകാശപ്പെടാനില്ല.എങ്കിലും ശക്തമായൊരു പ്രമേയത്തിലൂടെ ശ്രദ്ധേയമാകുന്നുണ്ട് മഹർഷിമേട് മാഹാത്മ്യം.

ആത്മാന്വേഷണത്തിന്റെ കേന്ദ്രസ്ഥാനത്ത് സത്യത്തെ പ്രതിഷ്ഠിച്ച്, മനുഷ്യമനസ്സിന്റെ ഓരോ ചോദനകൾക്കും പിറകിൽ പ്രവർത്തിക്കുന്ന പ്രപഞ്ചസത്യങ്ങൾ ഏതേതൊക്കെയാണെന്നുള്ള അന്വേഷണമായിരുന്നു സത്യവ്രതമഹർഷിയ്ക്ക് ജീവിതം. ആനന്ദമെന്ന അനുഭവത്തെ സദാനേരവും ഹൃദയത്തിൽ സൂക്ഷിക്കാനും അന്യർക്ക് പകർന്നുനൽകാനുമുള്ള മാർഗ്ഗങ്ങളെന്തൊക്കെ എന്ന് കണ്ടെത്താനുള്ള യജ്ഞമായിരുന്നു സദാനന്ദ മഹർഷിയ്ക്ക് ജീവിതം.സരളതയാണ് ഭൂജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും വലിയ സദ്ഗുണം എന്ന് വിശ്വസിച്ചുപോന്ന ഒരു മുനിയായിരുന്നു സരളമനസ്ക മഹർഷി .മനശ്ശാന്തി മന്ത്രങ്ങളുടെ ഉപാസകനായിരുന്നു ശാന്തിചിത്ത മഹർഷി.ഈ പറയുന്ന മഹർഷിമാരുടെ വംശത്തെ കടുവകളുടെ വംശം അതിജീവിച്ചതിനാലാണ് മഹർഷിമേട് പിൽക്കാലത്ത് കടുവാക്കുന്നാവുന്നത്.മഹർഷിമാർ തപസ്സിരുന്ന പ്രദേശങ്ങളായിരുന്നതു കൊണ്ടു തന്നെ ആ നാട്ടുകാർക്കിടയിൽ കടുവാക്കുന്നിന് പുണ്യസ്ഥലത്തിന്റെ പരിവേഷം ഉണ്ടായിരുന്നു. രാജഭരണകാലത്ത് സൗജന്യമായി തീറെഴുതിക്കിട്ടിയതുമുതൽ കടുവാക്കുന്നിന്റെ ഉടമസ്ഥരായിത്തീർന്ന മേലേക്കാട് മനക്കാർ ഏറെക്കാലത്തോളം അത് വിൽക്കാനിട്ടു.ഭയമാണെല്ലോ മതത്തിന്റെ ആയുദ്ധം..., അതു കൊണ്ടു തന്നെ നാട്ടുകാരാരും അവിടെ സ്ഥലം വാങ്ങാൻ താല്പര്യപ്പെട്ടില്ല.എന്നാൽ അഞ്ചാറുവർഷങ്ങൾക്കുമുമ്പ് ഗോൾഡൻ ബേ ബിൽഡേഴ്സ് ആ സ്ഥലം വാങ്ങി ടൈഗർഹിൽ അപ്പാർട്ട്മെന്റ്സ് പണികഴിപ്പിച്ച് വിറ്റ് വൻ ലാഭമുണ്ടാക്കി.ഇത്തരത്തിൽ വില്ലകളായി മാറിയ കടവാക്കുന്നെന്ന സ്ഥലത്തെ മുൻനിർത്തി ആഖ്യാതാവിന്റെ ഓർമ്മകളിലേക്കും ,വർത്തമാനകാല അവസ്ഥകളിലേക്കും, മുൻഷി സാർ രചിച്ച ആറ്റിറമ്പു മാഹാത്മ്യത്തിലേക്കും ആഖ്യാതാവ് നടത്തുന്ന സഞ്ചാരമാണീ കഥ. കഥയിലൊരിടത്ത് പ്രത്യക്ഷപ്പെടുന്ന ബംഗാളി, അന്യസംസ്ഥാനക്കാർക്ക് പറുദ്ദീസയാണ് കേരളമെന്ന് പറഞ്ഞു നടക്കുന്ന ബോധത്തിന്റെ ഛേദിക്കുന്നുണ്ട്.ഇതൊരു തരത്തിൽ സാക്ഷരതയെ ചോദ്യം ചെയ്യുന്ന ഒന്നാകുന്നു.അക്ഷരങ്ങൾ എഴുതി സാക്ഷര കേരളത്തെ സൃഷ്ടിക്കുന്ന നമ്മുടെ സംസ്കാര സാക്ഷരതയെയാണ് കഥാകൃത്തിവിടെ ചോദ്യം ചെയ്യുന്നത്.കഥയിലൊരിടത്ത് ലൈബ്രേറിയനായി മാറും മുമ്പ് നാട്ടിലെങ്ങും ഇഷ്ടികക്കച്ചവടക്കാരനായി അറിയപ്പെട്ടിരുന്ന കരുണാകരൻ ചേട്ടൻ ആറ്റിറമ്പ് മാഹാത്മ്യം തേടിച്ചെന്ന ആഖ്യാതാവുമായി സംസാരിക്കുന്നുണ്ട്. സംസാരത്തിൽ സ്വ-വംശീയ അക്ഷേപത്തിന് തുടക്കം കുറിക്കുന്നുണ്ട്.അയാൾ സ്വയം പരിഹസിക്കുന്ന ഒരു ചിത്രമാണിത്. സവർണ്ണമായൊരു ബോധമാണ് അവിടെ അയാളെ ഭരിക്കുന്നത്.സത്യ മഹർഷിയുടെ തപോവനം - ക്രിമിനൽ വക്കീൽ ജോർജ് സെബാസ്റ്റ്യന്റെയും ,സദാനന്ദമഹർഷിയുടേത് ഫൈനാൻസിയർ മുനിയപ്പയുടെയും, സരളമനസ്ക മഹർഷിയുടേത് ജൂവലർകുളത്തുങ്കൽ കുര്യന്റെയും, ശാന്തചിത്തമഹർഷിയുടേത് ഷെയർ ബ്രോക്കർ സദാനന്ദ ഷേണായുടെയും വില്ലകളായി രൂപാന്തരപ്പെടുകയാണ്. ഇത് ആശയപരമായി രണ്ടാശയങ്ങളുടെ എതിർദിശയിലേക്കുള്ള സഞ്ചാരമാണ്. മഹർഷിമാർ ചിന്താസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകി പരസ്പരമുള്ള സംസാരം വരെ കുറച്ച് പ്രവൃത്തികളിൽ മുഴുകിയിരുന്നെങ്കിൽ, സ്വവർളർച്ചയുടെ പുതിയ സിലബസുകളുമായി പഴമയെ മാറ്റി നിർത്തുകയാണ് പുതിയ താമസക്കാർ.

മഹർഷിവേഷം കെട്ടി ദൂരെയുള്ള അമ്പലങ്ങളിൽ പോയി ഭജനയിരുന്ന് കാശുണ്ടാക്കിയിരുന്ന കേശവൻ ആത്മീയതയെ കമ്പോളവത്ക്കരിക്കുന്ന ചിത്രവും, അതിലൂടെ സ്ത്രീയെ പ്രാപിക്കാനുള്ള ശ്രമങ്ങളും മറ്റും നടത്തുന്നതിന്റെ ചിത്രവും അയാളെ സന്യാസ വേഷത്തിൽ നിന്ന് നാട്ടുകാർ മുക്തനാക്കുന്ന ചിത്രവും വരച്ചിടുന്നു.കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്;"മുൻഷി സാർ തന്റെ 'ആറ്റിറമ്പ് മാഹാത്മ്യം 'എന്ന ദേശചരിത്ര പുസ്തകത്തിന്റെ തുടക്കത്തിൽ മഹർഷിമേടിൽ മഹർഷിമാർക്കൊപ്പം ധാരാളം കടുവകളും പാർത്ത്ത് പോന്നിരുന്നുവെന്നും കടുവകളുടെ വംശം മഹർഷിമാരുടെ വംശത്തെ അതിജീവിച്ചുവെന്നും എഴുതിയത് വഴി നാടിന്റെ ചരിത്രവും പാരമ്പര്യവും മഹർഷിമാരിലൂടെയെന്ന പോലെതന്നെ കടുവകളിലൂടെയും വായിക്കാനുള്ള വഴി തുറന്നിട്ടിരുന്നത് എത്ര നന്നായി !" ഉത്തരാധുനികമായൊരു  (പരിഷ്കൃത) സമൂഹം നടത്തുന്ന ആപൽക്കരമായ സഞ്ചാരമാണീ കഥ. പരിഷ്കൃത സമൂഹത്തിന്റെ സമൂഹചോദനങ്ങളെ നാമിനിയും വിചിന്തനത്തിന്റെ മുൾമുനയിൽ നിർത്തേണ്ടിയിരിക്കുന്നു.അല്ലെങ്കിൽ ഇഞ്ചിക്കാടിന്റെ കവിത പോലെ ഈ ഭൂമിയെ നോക്കി നിസ്സഹായരായി നമുക്ക് പാടേണ്ടി വരും;ഇനി വരുന്നൊരു തലമുറയ്ക്ക്.......

Tuesday 16 May 2017

സമൂഹപാതകം

തികഞ്ഞ പുരുഷബോധങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ഒരു സമൂഹത്തെ തിരിച്ചു കൊണ്ടുവരിക എന്നത് ഏറെ പ്രയാസമുള്ള ഒരു കാര്യമാണ്. എത്ര തന്നെ പുരോഗമനം പറയുന്ന ഒരാളിലും ആണിന്റെ, ആണധികാരത്തിന്റെ, ആൺബോധത്തിന്റെ പൊടിപ്പുകൾ വെണ്ണീറുവീണു മൂടപ്പെട്ട കനലായി നിലകൊള്ളും. ഒരു ചെറു കാറ്റിനാൽ ആ കനലിനെ ഒരഗ്നിയായി വീണ്ടെടുക്കാനാകും.ഇതൊരു അപകടകരമായ അവസ്ഥയാണ്.ഈ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.പുരുഷാധിപത്യം സ്ത്രീയെ ഒരു ഉപകരണമായാണ് കാണുന്നത്.സെക്സിനും, വീട്ടുജോലികൾക്കും, കുട്ടികളെ ഉത്പാദിപ്പിക്കാനുമുള്ള ഒരു ഉപകരണം.അതിനപ്പുറം സ്ത്രീ ആരുമല്ലാതെയാകുന്നു, ഒന്നുമല്ലാതാകുന്നു.ഒരു പെൺകുട്ടി ജനിക്കുന്ന നാൾ തൊട്ട് അവളെ പറഞ്ഞു പഠിപ്പിക്കുന്ന കാര്യങ്ങൾക്ക് ഇന്നും യാതൊരു മാറ്റവുമില്ല. ഇവിടെ സ്ത്രീയൊരു product മാത്രമാകുന്നു. വാർപ്പു മാതൃകകളെ പിൻപറ്റുന്ന സ്ത്രീ, സമൂഹത്തിന്റെ ഇച്ഛകൾക്കനുസരിച്ച് നിൽക്കുന്ന സ്ത്രീ,ഇവരെല്ലാം വിവാഹകമ്പോളത്തിൽ ഏറ്റവും മാർക്കറ്റുള്ള എെെറ്റമാകുന്നു.ഇതിന്റെ തുടർച്ചകൾ.ഒരറപ്പുമില്ലാതെ അതിനെ പിൻപറ്റുന്ന ഒരു സമൂഹം.ഒപ്പം ആചാരങ്ങളും വിശ്വാസങ്ങളുടെയും അയുക്തിതികമായ, അസ്വസ്ഥപ്പെടുത്തുന്ന ഗന്ധങ്ങളും.അപ്പോൾ കുറച്ച് ശുദ്ധവായു കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

പുരുഷാധിപത്യം സ്ത്രീയെ ഒരു ഉപകരണമായാണ് കാണുന്നത് എന്നത്, പഴകിയ ധാരണയല്ലേ എന്നു തോന്നുമെങ്കിലും ഇന്നും മഹാ-ഭൂരിഭാഗവും ഇങ്ങനെ തന്നെയാണ് കരുതുന്നതും സ്ത്രീയോട് പെരുമാറുന്നതും.ഞാൻ ഭാര്യയെ വീട്ടിൽ സഹായിക്കാറുണ്ടെന്ന് ഉച്ചത്തിൽ സൈബർ പോസ്റ്റിടുന്ന എത്രപേർ ,സ്ത്രൈണതയുടെ സ്ഥിരരൂപമായ വീട്ടുജോലികൾ ഒരു ദൈനംദിന സാഹചര്യത്തിൽ ഏറ്റെടുക്കും? ഇത് ,ഒന്നോ രണ്ടോ ദിവസത്തിൽ ചെയ്യേണ്ടതും; അത് മഹാസംഭവമായി കൊണ്ടാടപെടേണ്ടതുമല്ല.പുരുഷബോധത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾക്ക് തുടക്കം കുറിക്കേണ്ടത് വീട്ടിൽ നിന്നാണ്.ആൺമക്കൾ ചൂലുതൊട്ട് പഠിക്കട്ടെ, അതിൽ ഒരമ്മയ്ക്കും വിഷമം തോന്നേണ്ട കാര്യമില്ല. വീട്ടുജോലികൾ ആണിനും പെണ്ണിനും എന്ന് കാറ്റഗറി ചെയ്യുന്നതിലെ അപകടസാധതകളെ ആദ്യം മനസ്സിലാക്കേണ്ടതും അമ്മമാരാണ്.പെൺക്കുട്ടികൾ വളരട്ടെ വിലക്കുകളുടെ ചങ്ങല കളങ്ങളിൽ അവരെ കെട്ടിയിടാതിരുന്നാൽ മതി. വീടും - കലാലയവും ഇത്തരത്തിൽ ആൺ-പെൺ ബോധങ്ങളെ കുഞ്ഞിലേ തച്ചുടച്ചാൽ, പുരുഷ കാഴ്ച്ചകളുടെ ആധിപത്യസഞ്ചാരങ്ങളെ നമുക്ക് തടഞ്ഞ് നിർത്താനാകും. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗികമായ വിദ്യാഭ്യാസം.നമ്മുടെ സമൂഹത്തിൽ അതിന്റെ കുറവ് പ്രകടമാണ്.
     

അമലിന്റെ "പാതകം വാഴക്കൊലപാതകം" എന്ന കഥ ഇത്തരം ചിന്തകളെ ,അതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മോട് സംസാരിക്കുന്നുണ്ട്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമപ്പെട്ട ഒരാളുടെ പ്രവൃത്തിയിലൂടെ പത്മനാഭക്കുകുറുപ്പിനുണ്ടാകുന്ന പ്രശ്നങ്ങളെ പ്രശ്നവത്ക്കരിക്കുകയാണ് ഈ കഥ.ആ പ്രശ്നങ്ങളാകട്ടെ സാമൂഹികാപചയത്തിന്റെ നേർക്കാഴ്ച്ചകളാകുന്നു. കഥയുടെ തുടക്കത്തിൽ,പത്മനാഭൻ പറഞ്ഞതത്രയും കേട്ട് വിറക്കുന്ന തന്റെ ശരീരത്തെ അടുത്തു നിൽക്കുന്ന തെങ്ങിലേക്ക് ചാരി നിർത്തിയ റൊസാരിയോയെപോലെ  കഥ വായിച്ചു കഴിയുന്നൊരാൾ ഒരു താങ്ങ് അന്വേഷിച്ചാൽ അത്ഭുതപ്പെടാനില്ല... മൂന്നു മക്കളെയും കെട്ടിച്ചയച്ച പത്മനാഭക്കുറിപ്പ് തന്റെ കയ്യിൽ അവശേഷിക്കുന്ന, ഭഗവതി നടയുടെ പിറകിൽ ഇടിഞ്ഞുവീണ മതിലിനോട് ചേർന്നു കിടക്കുന്ന ഒരേക്കർ ഭൂമിയിൽ വാഴ കൃഷി ചെയ്യുന്നു. ഈ ഒരേക്കർ വാഴതോപ്പ് തന്റെ പേരിൽ എഴുതി തരണമെന്ന് ഇളയമകൾ അച്ഛനോട് പറയുന്നുണ്ട്... സ്വന്തം പെൺമക്കളെ എന്നപോലെ വാഴകളെ നോക്കുന്ന പത്മനാഭൻ അതിനു കഴിയുന്നില്ല.പത്മനാഭന്റെ പ്രവൃത്തികളിൽ അദ്ദേഹത്തിന്റെ ഭാര്യ കനകപ്രഭ ഒട്ടും തൃപ്തയല്ല.പത്മനാഭൻ കൊള്ളാവുന്നൊരു മെയിൽ ഷോവനിസ്റ്റാണെന്നതിനുള്ള മതിയായ തെളിവുകൾ കഥയിൽ തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട്.എന്നിരുന്നാലും സ്ത്രീ സുരക്ഷയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അയാൾ വ്യാകുലപെടുന്നുണ്ട്. അതുകൊണ്ടാണ് സെയിദിന്റെ മകൾക്ക് വയ്യെന്നും ഒന്നു രണ്ടു തവണ ശർദ്ദിച്ചെന്നും പറഞ്ഞപ്പോൾ ഉടനെ ഡോക്ടറെ കാണിക്കാൻ പറയുന്നത്.വായിച്ചറിയുന്ന വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പീഢനമെന്ന വാക്കിന്റെ ഊക്കൻ പ്രഹരത്താൽ വിങ്ങുന്ന ഹൃദയവും താണ്ടി നടക്കുകയാണയാൾ.എന്നാൽ അയാളുടെ വാഴകളിൽ ചിലത് വാടി തുടങ്ങിയും അവയുടെ തണ്ടുകൾ തുരക്കപ്പെട്ട നിലയിൽ കാണുകയും ചെയ്തപ്പോൾ ആരെങ്കിലും ശത്രുതയ്ക്ക് ചെയ്തതാകും എന്നാണ് അയാൾ കരുതുന്നത്.സത്യം സർപ്പത്തെ കണക്കേ അയാളെ ആഞ്ഞു കൊത്തുന്ന വേളയിൽ അപകർഷതാബോധത്തിന്റെയും പകയുടെയും ആൾരൂപമായി അയാൾ മാറുന്നു. വീണ്ടും വീണ്ടും അപമാനിക്കപ്പെട്ട വാഴകളെ നോക്കി അരിശം പൂണ്ട് അവയെ എല്ലാം വെട്ടിനിരത്തുകയും ചെയ്യുന്നു. ഒരിക്കലും പിടിക്കപ്പെടാത്ത,വാഴകൾ തുരന്ന് ലൈംഗികതയിലേർപ്പെടുന്ന ആൾ വ്യക്തിയല്ല. അതൊരു സമൂഹമാണ്. ആസക്തിയുടെ ലോകത്തേക്ക് അവനെ തള്ളിവിട്ട ഞാനും നിങ്ങളുമടങ്ങുന്ന ഒരു സമൂഹം.ആ സമൂഹ കാഴ്ച്ചയുടെ ചിത്രമാണ് പാതകം വാഴക്കൊലപാതകം എന്ന കഥ. അമലൊരു ചിത്രക്കാരനാണെന്നതിന്റെ മികവ് അയാളുടെ വാക്കുകളിൽ പ്രകടമാണ്. അക്ഷരങ്ങൾ കൂട്ടിവായിക്കുമ്പോൾ മുതൽ ഒരു സിനിമ കാണുന്ന പ്രതീതി ജനിപ്പിക്കാൻ അമലിന് കഴിയുന്നുണ്ട്.

വാഴകളിൽ ലൈംഗികാസക്തി തീർക്കുന്നവനും, പെൺകുഞ്ഞുങ്ങളെ ലാളിക്കുന്നതിൽ അസ്വഭാവികമായതെല്ലാം കാണാനാവുന്ന, പെൺകുട്ടികളുടെ മൂത്രപ്പുരയിൽ ഒളിഞ്ഞു നോക്കിയതിന് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട നകുലനുമെല്ലാം ചികിത്സ ആവശ്യമുള്ള മാനസ്സിക രോഗികളാണ്. ലൈംഗികതയെക്കുറിച്ച് അറിവില്ലാത്തതും പുരുഷ ബോധവുമാണ് അവരുടെ പ്രശ്നമെങ്കിൽ, വികസനത്തിന്റെ പേരിൽ കൃഷിയെ കൊല്ലുന്ന എന്തിലും ലാഭം മാത്രം കാണുന്ന പുതുതലമുറയുടെ കമ്പോളബോധമാണ് ഇളയമകളിലും അവളുടെ ഭർത്താവിലും ഉള്ളത്. ആ ബോധത്തെ താലോലിക്കുന്ന കനകപ്രഭയുടെ മാനസ്സികാവസ്ഥയും ശരിയാണെന്ന് തോന്നുന്നില്ല.  ഇത്തരത്തിൽ വായിക്കുമ്പോൾ മനസ്സിന്റെ താളം തെറ്റിയ ഒരു സമൂഹം നടത്തുന്ന പാതകത്തിന്റെ, കൊലപാതകത്തിന്റെ കഥയാണ് "പാതകം വാഴക്കൊലപാതകം".

Sunday 7 May 2017

കാലത്തോട് ശ്രീരാമകഥയെക്കെന്താണ് ബോധിപ്പിക്കാനുള്ളത്?

" കാലത്തോട് ശ്രീരാമകഥയെക്കെന്താണ്
ബോധിപ്പിക്കാനുള്ളത്?
ഈ വഴിയേ പോരിക എന്നോ
വഴി മാറി നടക്കുക എന്നോ?"
              ( ഹരിതരാമായണം -വി.ടി.ജയദേവൻ)
കാലത്തോട് ശ്രീരാമകഥയെക്കെന്താണ് ബോധിപ്പിക്കാനുള്ളതെന്ന് ഹരിതരാമായണത്തിൽ  ജയദേവൻ ചോദിക്കുന്നു. സങ്കീർണമായ ഈ ചോദ്യത്തിനുത്തരം തേടിയുള്ള യാത്രകളല്ലേ ഓരോ രാമകഥയും? ആ രാമകഥകളിലെല്ലാം അധികാരത്തിന്റെ അനേകം രൂപങ്ങളെ സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു.രാമായണത്തിന്റെ വശീകരണത്തിനും അതിന്റെ കാലികതയ്ക്കും കാരണം ഈ അധികാരം തന്നെയാണ്.

ഹരിതരാമായണത്തിന്റെ തുടർച്ചയായെത്തുന്ന വനാന്തരം, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിലേക്കുള്ള യാത്രയാണ്.സീതയെ പ്രകൃതിയായും, രാമനെ നാഗരികനായും, രാവണനെ പ്രാചീനനായുമാണ് വനാന്തരം ചിത്രീകരിക്കുന്നത്. സി.എൻ.ശ്രീകണ്ഠൻ നായരുടെ കാഞ്ചനസീതയ്ക്കൊരുക്കിയ ചലച്ചിത്രഭാഷയിലും സീതയെ  പ്രകൃതിയായാണ് അരവിന്ദൻ കാണുന്നത്...ഇത്തരം സാധ്യതകൾ രാമായണത്തിൽ തന്നെ ഒളിഞ്ഞു കിടക്കുന്നുമുണ്ട്.ആ സാധ്യതകളെ മുന്നോട്ടു കൊണ്ടുവരികയാണ് രാമായണത്തിന്റെ പുനരാഖ്യാനമായ വനാന്തരത്തിൽ.

അംഗഭംഗമാർന്ന ശരീരത്തിൽ നിന്നും പ്രാണൻ വേർപ്പെടുത്താനെത്തുന്ന അമ്പിൻ മുന കൊള്ളും മുമ്പേ രാമന്റെ കണ്ണിൽ നോക്കി ചിരിച്ചോർമ്മിപ്പിക്കുകയാണ് രാവണൻ.
" ശ്രീരാമാ,ദൈവാശ്രയാൽ
സാധ്യം ശത്രുസംഹാരം,
സാധ്യമോ നിനക്കിനി
സീതയിൽ അധികാരം!"
പ്രാചീനനായ രാവണന്റെ ഗോത്രജയായ സീതയ്ക്കും നാഗരികനായ രാമനുമിടയിൽ അധികാരം ലക്ഷ്മണരേഖ വരയ്ക്കുന്നു. ആ രേഖ മറികടന്ന് സീതയിലെത്താൻ രാമന് കഴിയുന്നില്ല.രാവണന്റെ ചോദ്യം സത്യമാവുകയും,
രാവണനേക്കാൾ വലിയ പരാജയം നേരിടേണ്ടിവരുന്ന രാമനാണ് കഥാന്ത്യത്തിൽ . ആരണ്യസന്ദേശം സ്നേഹത്തിന്റെയാണ് ,നാഗരികന്റേത് അധികാരത്തിന്റെയും ഹിംസയുടെയുടേതുമാണ്.ഇവ തമ്മിലെങ്ങനെ പൊരുത്തപ്പെടും?നാഗരികത ശക്തിപ്രാപിക്കുമ്പോൾ പ്രകൃതിനശിപ്പിക്കപ്പെടും.യുദ്ധം ക്ഷത്രീയന്റെ കടമയായി കാണുന്ന സമൂഹത്തിൽ സ്നേഹത്തിന് എന്ത് പ്രസക്തി?
യുദ്ധാന്തരം സീതയെ ഉപേക്ഷിക്കാൻ ഒരുങ്ങുന്ന രാമന്റെയും അതിന് ചുമതലപ്പെടുന്ന ലക്ഷ്മണന്റെയും ആന്തരസംഘർഷങ്ങൾ ഭംഗിയായി വരച്ചിടുന്നുണ്ട് വനാന്തരത്തിൽ.സീതയെ വനത്തിലുപേക്ഷിച്ച് കൊട്ടാരത്തിലേക്കു മടങ്ങുന്ന സൗമിത്രിയെ ആശ്വസിപ്പിക്കുന്ന ജാനകി- ലക്ഷ്മണനെന്നപോലെ നമുക്കുണ്ടാകുന്ന ആശ്വാസം ചെറുതല്ല.

" സാധിക്കും ഖലന്മാർക്കേതു
പൂവിനേയുമിറുക്കുവാൻ
അസാധ്യം പൂവിൽ നിന്നും
സുഗന്ധത്തെയെടുക്കാൻ "സീതയ്ക്കു മുന്നിൽ വരുന്ന രാവണനോട് സീത പറയുന്നതാണീ വരികൾ. സീത വെറും ശരീരമല്ലെന്ന് ഇവിടെ ഓർമ്മിപ്പിക്കുന്നുണ്ട്.ഇതു മനസ്സിലാക്കി തന്നെയാകണം രാവണൻ മറുപടി പറയുന്നതും ആ മറുപടിയിൽ സീത പ്രകൃതിയാണെന്ന് ഓർമ്മപ്പെടുത്തുന്നതും.പ്രകൃതിയിലേക്കുള്ള കവിയുടെ യാത്രയാണീ കവിത.

Friday 5 May 2017

മൃത്യുഞ്ജയൻ

പുരാണേതിഹാസങ്ങൾ ഏതു കാലത്തും സർഗ്ഗപ്രതിഭകൾക്ക് പ്രചോദനമായിട്ടുണ്ട്.അവയെ അവലംബമാക്കി നിരവധി സാഹിത്യരൂപങ്ങൾ എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്.ഭാരതീയ പുരാണേതിഹാസങ്ങളായ രാമായണ-മഹാഭാരതാദികളുടെ കാര്യത്തിലും ഈ രീതി ഭിന്നമല്ല.ഒട്ടനവധി കൃതികളിലൂടെയും പഠനങ്ങളിലൂടെയും മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങും നമുക്കു മുമ്പിൽ എത്തിയിരിക്കുന്നു. പലതും അവിസ്മരണീയമായ രചനകൾ തന്നെയാണ്.മലയാളത്തിൽ തന്നെ ശ്രദ്ധേയമായ എത്രയോ കൃതികൾ വന്നിരിക്കുന്നു.അതിൽ തന്നെ പി.കെ.ബാലകൃഷ്ണന്റെ  "ഇനി ഞാനുറങ്ങട്ടെ" കർണന്റെ സമ്പൂർണകഥയെ അനാവരണം ചെയ്യുന്നതോടൊപ്പം സമാന്തരമായി ദ്രൗപതിയെയും വരയ്ക്കുന്നു. ദ്രൗപതിയെ വരയ്ക്കുന്ന ചായങ്ങളിൽ നിന്നും കർണനിലേക്കുള്ള ചില വർണ്ണങ്ങളുടെ ഒഴുക്ക്,കടലിലേക്കുള്ള പുഴയൊഴുക്കിന് സമാനമാണ്.

കൗരവപക്ഷത്തിൽ ഉണ്ടായിരുന്നിട്ടും അനാവൃതമാകാതെ പോകുന്ന ന്യായങ്ങളുടെയും ധർമത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രകാശമാണ് കർണനിലൂടെ ശിവാജി സാവന്ത് മൃത്യുഞ്ജയെന്ന മറാഠി നോവലിൽ വരച്ചു വെക്കുന്നത്.കർണന്റെ എഴുപതു വർഷത്തെ സംഭവബഹുലമായ ജീവിതത്തിലൂടെ മഹാഭാരതകഥ അനാവരണം ചെയ്യുകയാണ് ഈ നോവൽ. മഹാഭാരതകഥയെ കഥാപാത്രത്തിന്റെ പ്രായവുമായി തുലനം ചെയ്തു കൊണ്ട് എഴുതപ്പെട്ട അപൂർവ്വം കൃതികളിൽ ഒന്നായിരിക്കും ഈ നോവൽ.ഒരു ഇതിഹാസപുരുഷന്റെ ജീവിതാനുഭവങ്ങളിലൂടെ നടത്തുന്ന ഈ അന്വേഷണത്തിന് നിരവധി വിവർത്തനങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. ഡോ.പി.കെ.ചന്ദ്രനും, ഡോ.ടി.ആർ.ജയശ്രീയും ചേർന്ന് ഈ കൃതിയെ കർണനെന്ന പേരിൽ മനോഹരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു.


 കർണൻ, കുന്തി,വൃഷാലി, ദുരോധനൻ, ശ്രോണർ, ശ്രീകൃഷ്ണൻ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ ഒൻപത് അദ്ധ്യായങ്ങളിലായാണ് ഈ നോവൽ വികസിക്കുന്നത്.

അർജ്ജുനനേക്കാൾ വലിയ യോദ്ധാവ്,ധർമപുത്രരെക്കാൾ ധർമിഷ്ടൻ, സ്നേഹ സൗഹൃദങ്ങൾക്ക് പ്രാണനേക്കാൾ വിലനൽകുന്നവൻ.എന്നിട്ടും ഘോരമായ അവഗണനയും,തീവ്രമായ തിരസ്കാരവും ഏറ്റുവാങ്ങാൻ വിധിക്കപ്പെടുകയാണ് കർണൻ.അമ്മ,വാക്ക്,കടമ- ഇവ മൂന്നും സർവ്വശ്രേഷ്ഠമെന്നു കരുതുന്ന കർണന്റെ ബലഹീനതയും ഇവ തന്നെയാണ്.അടയ്ക്കപ്പെട്ട ഒരു പെട്ടിയിൽ അശ്വനദിയിലൂടെ സഞ്ചരിച്ച് ഗംഗയിലൂടെ മുന്നൂറ് യോജന പിന്നിട്ട് ചമ്പാനഗരിയിലെത്തി അധിരഥന്റെയും രാധയുടെയും കൈകളിലെത്തുന്നിടത്തുനിന്നും അയാളുടെ ജീവിതത്തിന് മറ്റൊരുമാനം കൈവരുന്നു....ലോകത്തിന്റെ മുന്നിൽ സൂതപുത്രനായി ജീവിക്കേണ്ടി വരുന്നതിനെ മറികടക്കാനാണ് അയാൾ വില്ലാളിയും,രാജാവും, അജയനമാകുന്നത്.


 അനുജൻ ശ്രോണനോടൊപ്പം ചമ്പാനഗരി വിടുന്ന കർണന് നേരിടേണ്ടി വരുന്ന് ഘോരമായ അവഗണനയാണ്.ഈ അവഗണന തന്നെയാണ് അയാളെ പാകപ്പെടുത്തിയെടുക്കുന്നത്. രാജകുമാരന്മാരോടൊപ്പം അസ്ത്രവിദ്യ പഠിക്കാൻ അവസരം കിട്ടിയ കർണനെ കാത്തിരുന്നത് ദ്രോണരുടെ ജാതിയിൽ താഴ്ന്നവനെന്ന അവജ്ഞ... (നിറവും ജാതിയും മതവും തന്നെയാണ് ഇന്നും സമൂഹത്തെ ഭരിക്കുന്നത്. അതിനൊരു അറുതി വരണമെങ്കിൽ ദ്രോണരുടെ കീഴിലുള്ള ശിക്ഷണമാണ് സമൂഹം ഉപേക്ഷിക്കേണ്ടത്.) ഗുരുവിൽ നിന്നും ആരംഭിച്ച് മരണംവരെ നിരന്തരം വേട്ടയാടപ്പെടുന്നുണ്ട് കർണൻ.രാജഗുണങ്ങളിൽ ഏറെ മുന്നിലായിരുന്നിട്ടും പക്ഷപാതങ്ങളുടെ പെരുമ്പറയിൽ അവയെല്ലാം മുങ്ങി പോകുന്നു.

 മൗനങ്ങളിലൂടെയാണെങ്കിലും അംഗീകാരങ്ങൾ നൽകുന്ന ഭീഷ്മപിതാമഹൻ, ശത്രുവിന്റെ തേരാളിയായ ശ്രീകൃഷ്ണൻ, ഉത്തമ സുഹൃത്തായ ദുരോധനൻ, വസുവേട്ടാ  എന്നു വിളിച്ച് കൂടെ നിൽക്കുന്ന ശോണൻ, ഗുരു പുത്രനായ അശ്വത്ഥാമാവ്, പ്രിയപത്നി വൃഷാലി അങ്ങിനെ വളരെ ചുരുക്കംപേർ മാത്രം കർണനെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കൊന്നും മനസ്സിലാക്കാൻ കഴിയാത്ത ആത്മസംഘർഷങ്ങളുടെ ഒരഗ്നിപർവ്വതമായി അയാൾ മാറിയിരുന്നു.ശ്രീകൃഷ്ണനോ, കുന്തിക്കോ, ഭീഷ്മപിതാമഹനോ ഒരു വാക്കുകൊണ്ട് വെളിപ്പെടുത്താമായിരുന്ന കർണന്റെ ജന്മസുകൃതം അയാളുടെ മരണംവരെ മറച്ചുവെക്കപ്പെടുന്നു. ആത്മാവിൽ മുറിവേറ്റ തന്നെ ഉയർത്തിയെടുത്ത ദുരോധനോടൊപ്പം നിന്ന് സ്വന്തം സഹോദരങ്ങൾക്കുനേരെ യുദ്ധം ചെയ്യേണ്ടി വരുന്ന കർണന്റെ അവസ്ഥയെ ശിവാജി സാവന്ത് ഇനങ്ങനെ വരച്ചിടുന്നു." അങ്ങയുടെ വിജയത്തിനായി ഞാൻ എന്റെ പ്രാണൻപോലും പണയംവെക്കാം. എന്നെ സാരഥിയിൽ നിന്നും സാമ്രാട്ടാക്കിയ സുഹൃത്തേ സ്നേഹപൂർവ്വം അങ്ങയോടൊത്ത് കഴിഞ്ഞ എന്റെ ഈ ജീവിതം രണാങ്കണത്തിലും താങ്കളോടൊപ്പമേ സാർഥകമാകുകയുള്ളൂ. പൊയ്ക്കൊള്ളൂ, നിദ്രയും വാക്കും ഒരിക്കലും അപൂർണമാകാൻ പാടില്ല''.

അത്യന്തം നൂതനമായ കഥാഖ്യാനരീതിയും ഭാവതലങ്ങളെ തൊട്ടുണർത്തുന്ന വൈകാരിക സംഭവങ്ങളുമായി ഒരു ശില്പിയുടെ കരവിരുത് പ്രകടമാകുന്നുണ്ട്  ഈ നോവലിൽ.. രഥ ചക്രങ്ങളുയർത്തവെ ചതിയുടെ ബാണമേറ്റ് മരണം കാത്തു കിടക്കുമ്പോൾ ഭിക്ഷ തേടിയെത്തുന്ന വൃദ്ധ ബ്രാഹ്മണന് തന്റെ സ്വർണപ്പല്ല് കല്ലുകൊണ്ട് ഇളക്കി നൽകുന്ന കർണൻ, പതിവ്രതയായ പാഞ്ചാലിയോട് ഞാൻ മാപ്പ്  ചോദിച്ചതായി പറയണമെന്ന് ശ്രീകൃഷ്ണനോട്  കർണൻ പറയുന്നതും, വായുജിത്തെന്ന കർണന്റെ കുതിര യജമാനന്റെ ജഡത്തിനരികിൽ വാലിലെ രോമങ്ങളിളക്കി നിൽക്കുന്നതടക്കം നിരവധി മൃദുലസന്ദർഭങ്ങളാൽ മനസ്സിനെ മഥിക്കുന്നുണ്ട് ഈ നോവൽ. രഹസ്യമായി  കുന്തിമാതാവിനെ കാണിച്ച ശേഷം കുന്നിൻമുകളിൽ കരിങ്കലുകൾ മാത്രം നിറഞ്ഞ ഇടത്ത് കർണന് ചിതയൊരുക്കുന്നു.കത്തുന്ന ചിതയിൽ പ്രിയഭാര്യ വൃഷാലി ആത്മാർപ്പണം ചെയ്യുന്നു. വായുജിത്തിനൊപ്പം  കുന്നിറങ്ങുന്ന കൃഷ്ണൻ പറയുകയാണ് "ചിതയുടെ നാളങ്ങൾ കണ്ട് കുന്ന് ഓടിക്കയറുമാൻ തുടങ്ങിയിരുന്നു.ഞാൻ വ്യക്തമായി കണ്ടു .ആളിക്കത്തുന്ന പന്തങ്ങൾ അഞ്ചെണ്ണമുണ്ട്.അത് പാണ്ഡവർ തന്നെയാണ്. പക്ഷേ വൈകിപ്പോയി, വളരെ വൈകിപ്പോയി ".

ഇത്രയും മനോഹരമായി ഒരു രചന അവസാനിക്കുന്നത് അപൂർവ്വമാണ്.ഒറ്റപ്പെട്ടവന്റെ കരളുറപ്പിന്റെ കഥ മൃത്യുവിനെ കടന്നു പോകുന്ന ജീവിതം...ഒറ്റപ്പെട്ടുപോകുന്നവർക്ക് വന്നു ചേരാനുള്ള ഒരു തുരുത്താണ് ഈ നോവൽ.വായനക്കവസാനം കണ്ണുനിറഞ്ഞാൽ അത്ഭുതപ്പെടാനില്ല.

Tuesday 2 May 2017

സംവാദങ്ങൾക്ക് തുടക്കം കുറിക്കുന്ന - കുട നന്നാക്കുന്ന ചോയി.

മയ്യഴിപ്പുഴയുടെ തീരങ്ങളിലോ,ദൈവത്തിന്റെ വികൃതികളിലോ പറയാത്ത എന്താണ് മുകുന്ദന് ഇനി മയ്യഴിയിൽ പറയാനുള്ളത് എന്ന അന്വേഷണം ഏതൊരാളെയും കുട നന്നാക്കുന്ന ചോയിയിലേക്ക് വലിച്ചിട്ടേക്കാം. അവിടെ നിന്ന് മയ്യഴിയെ കാണുമ്പോൾ ഏതൊരു വായനക്കാരന്റെയും സംശയങ്ങൾക്കുള്ള ഉത്തരം നെയ്യ്തെടുക്കുന്നുണ്ട് മുകുന്ദൻ.ആ നെയ്തെടുപ്പാകട്ടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുഭാഷയെയും തനതുരുചികളെയും ചേർത്തെടുത്തു കൊണ്ടാണ്.അതൊരു തരത്തിൽ പുതു തലമുറയോടുള്ള ഓർമ്മപ്പെടുത്തലും ആഗോളീകരണത്തോടുള്ള പ്രതിഷേധവുമായി മാറുന്നു.നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രാദേശിക തനതുസ്വതങ്ങളെ തിരിച്ചുപിടിക്കാനുള്ള എഴുത്തുകാരന്റെ വെമ്പൽ കൂടിയാണ് ഒരു തരത്തിൽ കുട നന്നാക്കുന്ന ചോയി.

ഫ്രഞ്ച് അധീനഭൂമിയായിരുന്ന മയ്യഴിയിലെ ജനങ്ങളും ഫ്രാൻസും തമ്മിലുള്ള ബന്ധമാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലും, ദൈവത്തിന്റെ വികൃതികളിലും, കുട നന്നാക്കുന്ന ചോയിയിലും മുകന്ദൻ പറഞ്ഞു വെക്കുന്നത്. ഫ്രഞ്ചുക്കാർ മാഹി വിട്ടുപോകുന്നതു മുതൽ കാവിവൽക്കരണത്തിന്റെ ഭീകരതയിൽ നടുങ്ങുന്ന ആധുനിക കാലംവരെ  കുട നന്നാക്കുന്ന ചോയിക്ക് പ്രമേയമാകുന്നു. താൻ ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുവാനുള്ള എഴുത്തുക്കാരന്റെ ബോധപൂർവ്വമായ ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്. വിവാദങ്ങൾക്ക് കീഴടങ്ങുകയല്ല സംവാദങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ഒരെഴുത്തുക്കാരൻ ചെയ്യേണ്ടതെന്ന ധാർമ്മികബോധത്തിന്റെ അടിത്തറയിലാണ്  കുട നന്നാക്കുന്ന ചോയിയെ മുകുന്ദൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതാകട്ടെ ധീരമായൊരു പ്രവൃത്തിയുമാകുന്നു.

ചോയി,താൻ മരിച്ചാലെ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാൻസിലേക്കു പോകുന്നിടത്താണ് കുട നന്നാക്കുന്ന ചോയി എന്ന നോവൽ മുകുന്ദൻ തുടങ്ങുന്നത്. ചോയി ഫ്രാൻസിലേക്ക് പോയതിനേക്കാളും മയ്യഴിയിൽ സംസാരമാകുന്നത് ചോയി മാധവനുകൊടുത്ത ലക്കോട്ടിൽ എന്താണ് എന്നതാണ്.നാട്ടുകാർക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം  ആ ലക്കോട്ട്‌ തുറക്കുന്നു. ഫ്രാൻസിൽ പോയി പട്ടാളത്തിൽ ചേർന്ന് ജിബൂത്തിയിലെ സൈനിക നടപടിക്കിടയിൽ കൊല്ലപ്പെട്ട ചോയിയേക്കാളും,അയാൾ മാധവനുകൊടുത്ത ലക്കോട്ട് മയ്യഴിയിലെ ഒരു ആഭ്യന്തരപ്രശ്നമാകുന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട വിഷയമല്ല.ഒരു വ്യക്തിയുടെ ജീവനേക്കാളും മറ്റു ചിലതിന് പ്രാധാന്യമർഹിക്കുന്നത് സാംസ്കാരിക അപചയത്തിന്റെ ദൃഷ്ടാന്തമല്ലാതെ മറ്റെന്താണ്? ഒരു വ്യക്തിയുടെ സ്വകാര്യതകളിലേക്കുപോലും ഏതു നിമിഷവും കടന്നു ചെല്ലാൻ മടിയില്ലാത്ത അധികാരവർഗ്ഗത്തിന്റെ ധാർഷ്ട്യം തായക്കണ്ടി കണ്ണനിലും,വളവിൽ ആന്റണി പോലീസിലും കാണാം.ആ അധികാരസ്വാധീനം ഒരു ജനതയുടെ സാമൂഹിക-സാംസ്കാരിക ജീവിത പരിസരങ്ങളെ എത്രമാത്രം ഭീതിതമാക്കും എന്നാണ് മാധവനിലൂടെ മുകുന്ദൻ വരച്ചുകാട്ടുന്നത്.

ചോയിയുടെ മൃതദേഹം കാണാൻ കാത്തു നിന്ന അന്തോണി സായിവ്മാഷും, വിദ്വാൻ കുഞ്ഞിരാമൻ മാഷും, ചോയിയുടെ മരണത്തിൽ കരഞ്ഞുപോയ മാധവി അമ്മായിയുമെല്ലാം ഇനിയും മനുഷ്യത്വം നശിക്കാത്ത ചിലരായി ബാക്കി നിൽക്കുമ്പോഴും ലക്കോട്ടിനു പിന്നാലെ പാഞ്ഞ ഒരു നാടിന്റെ പ്രത്യയശാസ്ത്രം എന്താണെന്ന് മനസ്സിലാകുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിനോ അവന്റെ / അവളുടെ സ്വകാര്യതകൾക്കോ യാതൊരു വിലയും നൽകാത്ത ഒരു കാലത്തെ ഇതിലും മനോഹരമായി മുകുന്ദൻ വരയ്ക്കുന്നതെങ്ങനെ?അധികാരവർഗ്ഗത്തിന്റെ അജണ്ടകൾ നിരന്തരം മാറുകയും,അവർ വ്യക്തികളെ ചൂഷ്ണം ചെയ്യുകയും,അവരോട് അനുഭാവം പുലർത്തുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കുകയും ചെയ്യുന്നു.സാമൂഹിക-സാംസ്കാരിക അപചയങ്ങൾക്ക് കാരണമാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശബ്ദമുയർത്തുന്നവരെ കൊന്നൊടുക്കയും ചെയ്യുമ്പോൾ [കൽബുർഗിയുടെ  കൊലപാതകം ഇത്തരത്തിൽ വായിച്ചെടുക്കേണ്ട ഒന്നാണ്] അതിനോടുള്ള എഴുത്തുകാരന്റെ പ്രതിഷേധമാണ് കുട നന്നാക്കുന്ന ചോയി.

                              രാധ, കമല

കുട നന്നാക്കുന്ന ചോയിലെ ശക്തമായ പെൺ സാന്നിധ്യമാണ് മാധവന്റെ പെങ്ങൾ രാധയും, ചോയിയുടെ പെങ്ങൾ കമലയും.ഇവർ തമ്മിൽ ഒരുപാട് സാമ്യങ്ങൾ നോവലിൽ നിന്ന് വായിച്ചെടുക്കാനാവും. ചോയിക്ക് കമലയോടുള്ള ഇഷ്ടംപോലെ മാധവന് ഏറെ പ്രിയപ്പെട്ടവളാണ് അവന്റെ പെങ്ങൾ.എന്നാൽ കമലയ്ക്കു വേണ്ടി ചോയി നടത്തുന്ന സാഹസങ്ങളോളമൊന്നും മാധവന്റെ പ്രവൃത്തി വളരുന്നില്ല.ചോയിക്കുവേണ്ടി പെങ്ങളിൽ നിന്നും ഒരല്പം അകലം പാലിക്കേണ്ടി വരുന്നുണ്ട് മാധവന്.അതിലവന് അതിയായ ദുഃഖമുണ്ട്. ആ ദുഃഖം ഒരു തരത്തിൽ പെങ്ങൾ തന്നെ മനസ്സിലാക്കാത്തതിലേക്കും വളരുന്നു.ലക്കോട്ടിന്റെ വിഷയത്തിൽ മറ്റുള്ളവരെപ്പോലെ തന്നെയാണ് രാധയുടെ സമീപനം എന്നതൊഴിച്ചാൽ പലപ്പോഴും വായനക്കാരെ ഞെട്ടിക്കുന്നുണ്ട് രാധ.ഒരു സ്ത്രീയുടെ ജൈവികമായ പരിണാമങ്ങളെക്കുറിച്ച് യാതൊരു മടിയും കൂടാതെ മാധവന് പറഞ്ഞുകൊടുക്കാനും,ദ്രാവിഡ വംശജരായ ഒരു ജനത വെളുത്തവരായതിന്റെ ചരിത്ര പശ്ചാത്തലത്തെ ഓർമ്മപ്പെടുത്താനും,മാധവനിൽ മോഷണക്കുറ്റം ആരോപിച്ച് വളവിൽ  ആന്റണിപോലീസും മറ്റും വീടു പരിശോധിക്കുമ്പോൾ അവരെ എതിർക്കാനും രാധയ്ക്ക് കഴിയുന്നുണ്ട്. പുരുഷക്കാഴ്ച്ചയുടെ സ്ഥിരം കലാസ്വാദന പരിധിയിൽ നിന്നും മാറി രാധ സഞ്ചരിക്കുന്നത് ഇങ്ങനെയാണെങ്കിൽ സ്വന്തം അഭിപ്രായങ്ങളിൽ അടിയുറച്ചു നിൽക്കുന്ന സ്ത്രീ സാന്നിധ്യമായി കമല മാറുകയാണ്.തന്റെ വിവാഹത്തിന് തന്റെ താല്പര്യമാണ് കൈകൊളേണ്ടതെന്ന വാശിയെ വിജയിപ്പിക്കുന്ന കമലയെയാണ്‌ മുകുന്ദൻ വരച്ചുകാട്ടുന്നത്.....
                      
                                    തിരുത്ത്
"വയറ്റു പിഴപ്പിനു വേണ്ടിയാണ് ഞാൻ കപ്പൽ കയറി പോകുന്നത്. എന്റെ നാട് ഗാന്ധിയുടെ ഇന്ത്യയാണ്.ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം നമ്മുടെ ഇന്ത്യയുടെ ദേശീയ പതാകയിൽ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം.അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല". - ഫ്രാൻസിലേക്കു പോകുമ്പോൾ ചോയി മാധവനെ ഏൽപ്പിച്ച കത്തിൽ ഇതായിരുന്നു ഉണ്ടായിരുന്നത്. ഒരു നാടുമൊത്തം കാലങ്ങളോളം അന്വേഷിച്ചു നടന്ന കത്തിലെ വാക്കുകൾ ഇതായിരുന്നു.എന്നിട്ടും ആ വാക്കുകളെ ചോയുടെ മരണാനന്തരം മാധവൻ തിരുത്തുന്നുണ്ട്. അതിങ്ങനെയാണ് -"എന്റെ നാട് ഭാരതമാണ്. ഭാരതദേശത്തിന്റെ സംസ്കാരത്തിലും പാരമ്പര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം കാവിയിൽ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല".തർക്കമന്ദിരം തകർന്നെന്നെഴുതിയ സുഹ്റയെ,ബാബറി മസ്ജിദ് എന്നു തിരുത്തി ചരിത്രപരമായ ദൗത്യം നിർവ്വഹിച്ച ചുല്യാറ്റിനെ മറന്നു കൊണ്ട് മാധവൻ ചോയിയുടെ വാക്കുകളെ തിരുത്തുമ്പോൾ കാവിവൽക്കരണത്തിന്റെ വരവ് സാധാരണക്കാരുടെ ജീവിതത്തിലേക്ക് എങ്ങനെയാണ് എത്തുന്നതെന്ന് മുകുന്ദന് ആവിഷ്ക്കരിക്കാനാവുന്നുണ്ട്.ചുവപ്പിൽ നിന്നും കാവിയിലേക്ക് മാധവനെ മാറ്റിയെടുക്കുന്നതും അവന്റെ ജീവിത പരിസരമാണ്.മാധവന്റെ സ്കൂൾ കാലങ്ങളിലൊന്നിൽ കുഞ്ഞിമ്മൂസയുടെ അരയിൽ കിടക്കുന്ന ചുവന്നചരട് മാധവനും,മാധവന്റെ കറുത്ത ചരട് കുഞ്ഞിമ്മൂസയും മാറിമാറി കെട്ടുന്നു. കുഞ്ഞുങ്ങളിലെ കൗതുകമെന്നോ വികൃതിയെന്നോ പറഞ്ഞ് തളളികളയാവുന്ന ഒന്നിനെ പ്രശ്നവത്ക്കരിച്ച് അവർക്ക് ശിക്ഷ്യ ലഭിക്കുന്നിടത്തുനിന്നും അവരുടെ നിഷ്കളങ്കമായ ബോധവും സാമൂഹിക യാഥാർത്ഥവും തമ്മിലുടക്കുന്നു.ആ ഉടക്കലിന്റെ അനന്തരഫലങ്ങളാണ് ചുവപ്പിനെ ഇഷ്ടപ്പെട്ടിരുന്ന മാധവന് ചോയി,വളവിൽ ഡഗ്ലസിന്റെ കയ്യിൽ ചുവന്നകുടകൊടുത്തയച്ചപ്പോൾ മാധവനതിനോട് വിരക്തി തോന്നാനും, ചോയിയുടെ കത്ത് തിരുത്തി വായിക്കാനും പ്രേരിപ്പിക്കന്നത്.മാധവനെ കാവിയുടെ പാതയിലേക്കെടുത്തെറിയുന്നതിൽ കുടുംബത്തിനും സമൂഹത്തിനും വലിയ പങ്കുണ്ട്. നമ്മൾ തിരുത്തേണ്ട് ഇവിടെയാണ്.അല്ലെങ്കിൽ ഇന്ത്യയിൽ നിന്നും ഭാരതത്തിലേക്കും, അതിൽ ഊറ്റം കൊള്ളുന്ന സംസ്കാരത്തിലേക്കും നാം നിർബന്ധപൂർവ്വം നടന്നടുക്കേണ്ടി വരും. അതൊരു തരത്തിൽ അറിഞ്ഞുകൊണ്ട് ഫാസിസത്തിന് കീഴsങ്ങലായി മാറും. ഇവിടെ നാം തിരുത്തേണ്ടത് നമുക്കുള്ളിലെ ചുല്യാറ്റന്മാർക്കൊരവസരം കൊടുത്തുകൊണ്ടാവണം.

Sunday 30 April 2017

സ്വപ്നേപി -സ്ത്രീയുടെ വസ്ത്രധാരണരീതികളിൽ പുരുഷൻ പുലർത്തുന്ന ആസ്വാദന കാഴ്ച്ചയ്ക്കൊരു മറുപുറം

ജാൻസി ജോസിന്റെ സ്വപ്നേപി ഒരു വീട്ടമ്മയുടെ സ്വപ്നാവസ്ഥയുടെ വിവരണമാണ്.ആ സ്വപ്നമാകട്ടെ വായനക്കാരനെ കൊണ്ടെത്തിക്കുന്നത് സ്ത്രീ സ്വാതന്ത്യത്തിന്റെ മേച്ചിൻ പുറങ്ങളിലേക്കാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾക്ക് മാറ്റം വരുകയും വിദ്വേഷത്തിന്റെ ഭാഷയ്ക്ക് ലയം സംഭവിച്ച് അത് അവകാശത്തെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്യുന്നിടത്തേക്കാണ് സ്വപ്നേപി കടന്നുവരുന്നത്. അനിതാതമ്പിയുടെ മുറ്റമടിക്കുമ്പോൾ എന്ന കവിതയെപ്പോലെ ആഗ്രഹങ്ങളുടെ ഭാഷയല്ല ആജ്ഞയുടെ കനത്ത ഭാഷയെ അതിന്റെ പ്രഹരപരിസരത്തിൽ വേണ്ടുവിധം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ജാൻസി ജോസഫ്.
സ്ത്രീയുടെ വസ്ത്രധാരണരീതികളിൽ പുരുഷൻ പുലർത്തുന്ന ആസ്വാദന കാഴ്ച്ചയ്ക്കൊരു മറുപുറമൊരുക്കാൻ ഈ കഥയിലൂടെ ജാൻസി ജോസഫിന് കഴിഞ്ഞിട്ടുണ്ട്. ആ കാഴ്ച്ചയാകട്ടെ സ്ത്രീയുടെ വസ്ത്രധാരണ രീതിയിൽ പുരുഷനെ കുരുക്കിയിടുന്ന ഒന്നാണ്.സ്ത്രീയിൽ നിന്നും വിഭിന്നമായി പുരുഷൻ അനുഭവിക്കുന്ന സ്വാതന്ത്ര്യലോകത്തേക്ക് സ്വപ്നത്തിലൂടെയുള്ള സ്ത്രീയുടെ പരകായപ്രവേശമാണീ കഥ. എന്നാൽ സ്വപ്നത്തിൽ പോലും ചോരയൊലിപ്പിക്കുന്ന യാഥാർത്ഥ്യം കഥക്കവസാനം അവളെ തിരിഞ്ഞു കൊത്തുന്നുണ്ട്.ആ യാഥാർത്ഥ്യത്തിലേക്കുള്ള ഇറക്കം തന്നെയാണ് ഈ കഥയെ മനോഹരമാക്കുന്നതും.

Saturday 29 April 2017

മാലിനീവിധമായ ജീവിതം -പുരുഷ- കലാസ്വാദനകാഴ്ച്ചയുടെ ചളിക്കുളത്തിൽ നിന്നും മുലകളെ സ്വതന്ത്ര്യമാക്കുമ്പോൾ

കഥ വായിപ്പിക്കാനുള്ള രാസത്വരക സാന്നിധ്യം സുസ്മേഷ് ചന്ദ്രോത്തിന്റെ കഥകളുടെ പ്രത്യേകതയാണ്..അത്തരത്തിൽ ഒഴുക്കിൽ ഒതുക്കി ഒരുക്കിയെടുത്ത കഥ അതാണ് ഒറ്റവാക്കിൽ മാലിനീവിധമായ ജീവിതം. പതിനൊന്ന് മാലിനിമാർക്കിടയിലൂടെയുള്ള ഒരുവന്റെ വളർച്ചയാണീ കഥ. അതിൽ ഇനിയൊരിക്കലും തിരിച്ചുവരാത്ത ഗ്രാമീണ ജീവിതത്തിന്റെ ഊഷ്മളതയുണ്ട്. ചിലപ്പോഴൊക്കെ എന്റെ തലമുറയിലെ ചിലരെങ്കിലും അനുഭവിച്ച ഓർമ്മകളുടെ ശൃഹാതുരമായ വീണ്ടെടുപ്പുണ്ട്.കോളറക്കാലത്തെ പ്രണയത്തിൽ ഡോ.ആർബിനോ , വളർത്തു തത്തയെ പിടിക്കാൻ കയറുന്ന രംഗമുണ്ട്. അതുപോലൊരു രംഗം മാലിനീവിധമായ ജീവിതത്തിലുമുണ്ട്. ഉയരങ്ങളിൽ നിന്നും താഴേക്ക് നോക്കുന്നതും സമതല പ്രദേശത്തു നിന്ന് നോക്കുന്നതിനുമിടയിൽ രൂപപ്പെടാവുന്ന ഒരു കാഴ്ച്ച,അതീകഥയിലുണ്ട്.അതൊരു തരത്തിൽ പുരുഷ - കലാസ്വാദന കാഴ്ച്ചയുടെ ചളിക്കുളത്തിൽ പെൺമുലകളെ സ്വതന്ത്ര്യമാക്കുന്ന ഒന്നാണ്. ആണിനും പെണ്ണിനും ട്രാൻസിനുമൊക്കെ മുലകളുണ്ട്‌.എന്നാൽ പെൺ മുലകളെ ഒരു ലൈംഗിക വസ്തു (sexual Object) എന്ന നിലയിലാണ് കലയിലും സാഹിത്യത്തിലും  അടയാളപ്പെടുത്തിയിരിക്കുന്നത്.ഈ അടയാളപ്പെടുത്തലിനെ തകർത്തെറിഞ്ഞ് ഒരാണിന്റെ  കുട്ടിക്കാലം മുതലുള്ള അഭയസ്ഥാനമായി മുലകൾ മാറുന്നു.മഹാശ്വേതാദേവിയെപ്പോലെയുള്ളവർ  സഞ്ചരിച്ച പെൺമുലയുടെ ആഴങ്ങളിലേക്ക് സുസ്മേഷ് സഞ്ചരിക്കുന്നത് പെണ്ണെഴുത്തുകാരെ മറികടന്നുകൊണ്ടാണ്.

എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേക പതിനൊന്ന് മാലിനിമാരുടെയും ജീവിതത്തെ വരച്ചു വെക്കുമ്പോൾ ആസ്വാദനത്തിന്റെ രസച്ചരടു മുറിയാൻ ഇടവരാതെ  മുന്നോട്ടു നീങ്ങുന്നു എന്നതാണ്.അതിൽതന്നെ, ഭയം ഭക്തനാക്കുന്നവന്റെ ബോധം  കാതലില്ലാത്ത ഒന്നാണെന്ന് പറഞ്ഞുവെക്കാൻ കഥാകൃത്തിന് നിഷ്പ്രയാസം സാധിക്കുന്നുണ്ട്. ഞൂഞ്ഞിയടെ ഹൃദയം കവരാൻ ശ്രമിക്കുന്ന മുറപ്പെണ്ണായ മാലിനിയുടെ പ്രശ്നം അവളുടെ അതിജീവനത്തെ ആശ്രയിച്ചിരിക്കുന്നതാണെന്ന് കഥ പറയുന്നു.ഞൂഞ്ഞിയ്ക്ക് ഇഷ്ടമില്ലെങ്കിൽ ഞൂഞ്ഞിയുടെ(മായക്കുട്ടന്റെ ) ഭാര്യയായി താൻ വരില്ലെന്ന് പൊൻമാലിനി തീർത്തു പറയുന്നുണ്ടെങ്കിലും അവളിലെ ആശങ്കകൾ മായനിലേക്ക് അവളെ അടുപ്പിക്കുകയാണ്...... ഒരാണിന്റെ വളർച്ചാഘട്ടത്തിൽ അനുഭവപ്പെടുന്ന ആത്മസംഘർഷങ്ങളുടെ പച്ചയായ ആവിഷ്ക്കാരവും കുട്ടിക്കാല ഓർമ്മകളുടെ മാധുര്യവും നിറഞ്ഞതാണീ കഥ.

NB :- ലീജിഷ. A.T -യുടെ ചില നിരീക്ഷണങ്ങൾ കൈകൊണ്ടിട്ടുണ്ട്.

മത,പരിസ്ഥിതി,സ്ത്രീ-രാഷ്ട്രീയം - ഉമ്മ കയറാത്ത തീവണ്ടിയിൽ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അർഷാദ് ബത്തേരിയുടെ "ഉമ്മ കയറാത്ത തീവണ്ടി "സമീപകാലത്തെ ശ്രദ്ധേയമായ കഥകളിൽ ഒന്നാണ്.ഒട്ടേറെ തലങ്ങളിൽ വായിച്ചെടുക്കാനാവും ഈ കഥ. വയനാടൻ ഗ്രാമത്തിലെ വീടിനകത്ത് തളച്ചിടപ്പെട്ട ഉമ്മയും, അവരുടെ മകനായ അൻവുമാണ് ഈ കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. പണ്ട് ഉമ്മയ്ക്കു വന്ന കത്തിലൂടെ അറിഞ്ഞ ഉമ്മയുടെ കാമുകനെ അന്വേഷിച്ചുള്ള അൻവറിന്റെ യാത്രകളിലൂടെയാണ് ഉമ്മ കയറാത്ത തീവണ്ടി എന്ന കഥ അർഷാദ് ബത്തേരി ആരംഭിക്കുന്നത്.ഗ്രാമങ്ങൾ നഗരങ്ങളാകുന്ന അപകട യാത്രയെ, വയനാട്ടിലേക്ക് ഓടിയെത്താൻ പോകുന്ന തീവണ്ടിയിലൂടെ അർഷാദ് വരച്ചു വെക്കുന്നു.ജയിൽ മുറിയിലെന്നപോലെ വീടിനുള്ളിൽ കുരുങ്ങി പോകുന്ന ഉമ്മയുടെ സന്തോഷങ്ങളിലേക്കുള്ള യാത്രയുടെ വാഹനചിഹ്നവും തീവണ്ടിയാകുന്നത്, തീവണ്ടി ഒരേസമയം കരുത്തിന്റെയും വേഗതയുടെയും രൂപമായി മാറുന്നതിലൂടെയാണ്.ഉമ്മയുടെ കാമുകനെ കണ്ടെത്തി ഉമ്മയെയും കൊണ്ട് കാമുകനടുത്തേക്ക് തീവണ്ടിയിൽ പോകുന്ന മകനെ വെട്ടിച്ച് പാതിയിൽ ഇറങ്ങി പോകുന്ന ഉമ്മ അഴിച്ചു വെക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വീണ്ടെടുക്കുന്നു.

ഈ വീണ്ടെടുപ്പ് പ്രകൃതിയിലേക്കുള്ള പ്രണയാതുരമായ യാത്രാവുകയാണ്.ഉമ്മയെ വരക്കുമ്പോൾ അർഷാദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് , ട്രെയിൻ യാത്രക്കിടയിൽ അവർ വാങ്ങിയ കടല അടുത്തിരിക്കുന്നവർക്ക് കൊടുക്കുന്നതും അവരത് വാങ്ങാതിരിക്കുമ്പോൾ വിഷമിക്കുന്നതും വാങ്ങുമ്പോൾ സന്തോഷിക്കുന്നതുമെല്ലാം. നാഗരികതയുടെ മുഖപേച്ചുകൾ ഗ്രാമത്തിനില്ല.എന്നാൽ വികസനമെന്ന രാസായുധത്താൽ നാം ഗ്രാമങ്ങളെ കൊന്നൊടുക്കുന്നതിന്റെ തീവ്രമായ നോവ് എഴുത്തുകാരനിൽ കാണാം.തീവണ്ടിയിൽ ആവർത്തിച്ചാവർത്തിച്ച് നിർവ്വഹിക്കപ്പെടുന്ന ഹജിൽ ഊറ്റം കൊള്ളുന്ന പണച്ചാക്കുകൾക്കൊപ്പം മരുന്ന് വാങ്ങാൻ കാശില്ലാതെ വിങ്ങുന്ന കാൻസർ രോഗിയും സഞ്ചരിക്കുന്നു. ഈ സഞ്ചാരം അവനവനിലേക്കെത്തിക്കാൻ കഴിയുന്നു എന്നിടത്താണ് ഈ കഥയുടെ വിജയം. പ്രവാചകൻ ഒരിക്കൽ മാത്രം നിർവ്വഹിച്ച ഹജ്, ചിലർ ധാരാളം പണമുള്ളതിനാൽ ആവർത്തിക്കുന്നു- ഇതിലെ നീതികേടിനെ ചോദ്യം ചെയ്യുകയാണ് ഈ സന്ദർഭത്തിലൂടെ അർഷാദ്. ഉമ്മ എന്ന കഥാപാത്രത്തിലൂടെ സ്ത്രീയുടെ വിഹ്വലതയും സ്വാതന്ത്രേച്ഛയും നന്നായി വരച്ചുകാട്ടുന്നു ഈ കഥ , ഒപ്പം പരിസ്ഥിതിയും രാഷ്ട്രീയ പ്രലോഭനവും മത ജീർണതയുമെല്ലാം വിഷയീഭവിക്കുന്നു.....

അർഷാദിന്റെ പാരിസ്ഥിതിക രാഷ്ട്രീയം - കണ്ണുകൾക്കു മീതെ.....കാതുകൾക്കു കീഴെ

ഒരു മുത്തശ്ശിക്കഥപ്പോലെ രസാവഹമാണ് "കണ്ണുകൾക്കു മീതെ കാതുകൾക്ക് കീഴെ ".സന്മാർഗിക കഥ മാത്രമായി ചുരുങ്ങാവുന്ന ഒരു വിഷയത്തെ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്തതിലെ മിടുക്കാണ് " കണ്ണുകൾക്കു മീതെ കാതുകൾക്കു കീഴെ".സുകുമാരന്റെ മകനായ ഹരി, നാട്ടിലുള്ള നിധികളെല്ലൊം എവിടെയാണെന്നറിയുന്ന ഭാസ്ക്കരനെ പിൻതുടരുന്നിടത്തു നിന്നാണ് കഥ തുടരുന്നത്.അച്ഛൻ മരിച്ചുപോയ കുട്ടിയാണ് ഹരിയെന്ന ഓർമ്മയുണ്ടായാലേ ഹരിയുടെ ദേഷ്യപ്പെടലിന്റെ ഉത്തരം കിട്ടുകയുള്ളു.അതൊരിക്കലും കഥയിൽ പറഞ്ഞുവെക്കാൻ കഥാകൃത്ത് തയ്യാറാകാത്തിടത്താണ് കഥ വായനക്കാരന് കൂടുതൽ പ്രിയങ്കരമാകുന്നത്.ഭാസ്ക്കരനെ പിൻതുടർന്ന് നിധി കയ്യിലാക്കാൻ ശ്രമിക്കുന്ന ഹരി മറ്റൊരു തിരിച്ചറിവിലേക്ക് എടുത്തെറിയപ്പെടുന്നിടത്താണ് കഥ അവസാനിക്കുന്നത്.ആ തിരിച്ചറിവ് ഹരിയെ കൊണ്ടെത്തിക്കുന്നത് പ്രകൃതിയിലേക്കാണ്..
                  
മനുഷ്യൻ പ്രകൃതിയിൽ നിന്നകലുന്ന കാലത്ത് പ്രകൃതിയെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെയല്ലേ? വസ്ത്രങ്ങളിലെ അഴുക്ക് കഴുകികളയുന്നതിൽ അലക്കുകല്ലിനുള്ള പങ്കിനെപ്പോലെ ശരീരത്തിലെ കൊഴുപ്പിനെ (അഴുക്കിനെ) നീക്കം ചെയ്യുന്നതിൽ കാന്താരിമുളകിനുള്ള പ്രാധാന്യം ചർച്ചചെയ്യുന്നത്  ഒരെഴുത്തുകാരനിലെ നിരീക്ഷണപാഠവത്തിന് ഉദ്ദാഹരണമാണ്. ഇതൊരുതരത്തിൽ എഴുത്തുകാരന്റെ തന്നെ രാഷ്ട്രീയ നിലപാടുകളെ അലക്കി വെളുപ്പിക്കുന്നതിന്റെ  ചിത്രണമായും കണക്കാക്കാം.നിധിക്കാക്കുന്ന മനുഷ്യന്റെ കഥ പഴങ്കഥയാണ് എന്നാൽ ജലം കാക്കുന്ന ഭാസ്കരന്റെ കഥ  അങ്ങനെയല്ല. രണ്ടു കൊച്ചു മരങ്ങൾ മടങ്ങി വരുന്നതും നോക്കി കാത്തുനിൽക്കാൻ ഭാസ്ക്കരനൊപ്പം നാം വിധിക്കപ്പെടുന്നതും അതുകൊണ്ടാണ്.