Wednesday 31 May 2017

ദുർഗന്ധം വഹിക്കുന്ന ഗാളിമുഖ

സുഗന്ധവും ദുർഗന്ധവും വഹിച്ചുകൊണ്ടുവരുവാൻ കാറ്റിന് കഴിവുണ്ട്.നാലാള് കൂടുന്ന നാട്ടിടവഴികൾ, ചായക്കടകൾ, ബാർബർഷോപ്പ് എന്നിവിടങ്ങളിൽ പരക്കുന്ന വാർത്തകളിലും,വർത്തമാനങ്ങളിലും കാറ്റിന്റെ ഈ സവിശേഷ സ്വഭാവം പ്രകടമായി കാണാനാവും.സത്യത്തെ അന്വേഷിക്കുന്നതിനു പകരം മറ്റൊന്നിനെ ഊട്ടി ഉറപ്പിക്കുന്ന രീതി.ഇത്തരമൊരു രീതിയെ വരച്ചുവെക്കുകയാണ് ഗാളിമുഖ എന്ന കഥയിലൂടെ K.N. പ്രശാന്ത്.



    കുന്നുകളാൽ ചുറ്റപ്പെട്ട കാറ്റിന്റെ മുഖം എന്നർത്ഥമുള്ള കാസർഗോഡിലെ ഗാളിമുഖ എന്ന മലയോര ഗ്രാമം.സുള്ള്യയിലേക്കോ മൈസൂരിലേക്കോ ഉള്ള യാത്രകൾക്കു വേണ്ടി പഞ്ചായത്ത് നിർമ്മിച്ച ഗ്രാമീണ ശൗചാലയത്തിനു പുറത്ത് കമഴന്ന് മുഖം മണ്ണിലേക്കു കുത്തി മറിഞ്ഞ തോണിപോലെ ഒരു അജ്ഞാതൻ മരിച്ചു കിടക്കുന്നു.പുലർച്ചയുടെ വിജനതയിലേക്ക് പരമാവധി വേഗത്തിൽ വണ്ടിയോടിച്ചു പോകുന്ന ഐത്തപ്പനോട് ഈ വിവരം പറയാൻ ശ്രമിച്ച്,ഐത്തപ്പാന്റെ വായിലെ തെറി വാങ്ങിച്ചു വെക്കുന്ന ഫിലിപ്പിലൂടെയാണ് ഗാളിമുഖ എന്ന കഥ ആരംഭിക്കുന്നത്.നെഞ്ചിലൂടെ തൂക്കിയിട്ടിരിക്കുന്ന കറുത്ത ബാഗ്,വിലകൂടിയ തുകൽകാലുറകളും ഗാളിമുഖകാർക്കിടയിൽ മൃതദേഹത്തെ അജ്ഞാതനാക്കുന്നുണ്ട്.ഈയൊരു വിവരണത്തിൽ നിന്നുതന്നെ ഗാളിമുഖയിലെ ജനങ്ങളുടെ സാമ്പത്തിക ജീവിതരീതികളെ വരച്ചിടാൻ കഥാകൃത്തിന് കഴിയുന്നുമുണ്ട്.ഗാളിമുഖയിലെ ഓരോ വീടും കുടപിടിച്ചു നനഞ്ഞു കുതിർന്ന് മൃതദ്ദേഹത്തിനരികിലെത്തുന്നു.അവരുടെ സംശയങ്ങളിലൂടെയാണ് ഗാളിമുഖ എന്ന ഉദ്യോഗജനകമായ കഥ വായനക്കാരനുള്ളിൽ കനൽ കോരിയിടുന്നത്.

മരിച്ചത് ശാദുലിയെ ആണന്ന സംശയത്തിൽ നിന്ന് അതൊരു തീർപ്പായി മാറുന്നതാണ് കഥയിൽ നാം പിന്നീട് കാണുന്നത്.ആനുകാലിക സംഭവങ്ങളോട് ഉടനടി പ്രതികരിക്കുന്ന സാഹിത്യകാരന്മാരെ നിത്യജീവിതത്തിൽ നാം ധാരാളം കാണാറുള്ളതാണ്.അത്തരത്തിൽ ഒരാളെ ഈ രംഗത്തേക്ക് ബോധപൂർവ്വം കൊണ്ടു വരുന്നുണ്ട് പ്രശാന്ത്.'ശാദുലി എങ്ങനെ ഗാളിമുഖഖയിൽ എത്തി എന്നതു മുതൽ അയാളുടെ ജീവചരിത്രം തന്നെ സ്ഥലത്തെ യുവനാടകകൃത്ത് ഹരിദാസ് ഷെട്ടി എഴുതിയുണ്ടാക്കുന്നു'. കഥയിലെ ഹരിദാസുമാർ നമുക്കിടയിൽ ധാരാളമുണ്ട് അവർ സത്യത്തെ അന്വേഷിക്കാറില്ല.എന്നിരുന്നാലും തങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെല്ലാം സത്യമാണെന്ന തരത്തിൽ അടയാളപ്പെടുത്തുന്നു.അത് ചരിത്രത്തോടു കാട്ടുന്ന നീതികേടാണ്.അജ്ഞാത മൃതദ്ദേഹം ശാദുലിയുടെയാണെന്ന് പറഞ്ഞറിഞ്ഞ സുറുമി മൃതദ്ദേഹത്തിനരികിൽ വന്ന് അതിനെ വടിക്കൊണ്ട് തോണ്ടി മലർത്തി കിടത്തുന്നു. കൊലചെയ്യപ്പെട്ട അജ്ഞാതനായ ആ വ്യക്തി ശാദുലി അല്ലെന്ന്ന് ഗാളിമുഖ അറിയുന്നതും അപ്പോഴാണ്.ഐത്തപ്പനും ഫിലിപ്പും ഈ അവസരത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.തെറ്റൊന്നും ചെയ്യാത്ത രണ്ടുപേർ അവരെ നിയമം ഇനി വേട്ടയാടും.അതിനെ കുറിച്ച് ഗാളിമുഖകാർക്ക് മനസ്സിലാകണമെന്നില്ല.ഒരു പക്ഷെ വർഷങ്ങളോളം അവർക്ക് വിചാരണ തsവുക്കാരായി കഴിയേണ്ടി വന്നേക്കാം എന്നു പറഞ്ഞുകൊണ്ട് നമ്മുടെ നീതിന്യായ വ്യവസ്ഥയെ പ്രഹരിക്കുകയാണ് കഥാകൃത്ത്.നാടിന് അജ്ഞാതമാകുന്ന ഒരു വ്യക്തിയുടെ സഞ്ചാരം, തൊഴിലിടം എന്നിവയെയെല്ലാം സംശയത്തിന്റെ നിഴലിൽ എങ്ങനെ നിലനിൽക്കുന്നു എന്ന് ഗാളിമുഖ വരച്ചിടുന്നു.

No comments:

Post a Comment