Thursday 22 June 2017

നമുക്കുനേരെ തിരിച്ചുപിടിക്കുന്ന കണ്ണാടികൾ

മഴയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. എന്നാൽ മഴ പെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ, മഴ കാരണം നഷ്ടപ്പെട്ട ഒരു ദിവസത്തെ കൂലിയെക്കുറിച്ച് ചിന്തിച്ച് വിശന്നിരിക്കുന്നവന് മഴയെ വർണ്ണിക്കാനാവില്ല. അവനു മുന്നിൽ മഴ ദുരിതചിഹ്നമാണ്.ഇനി മഴയെ ആസ്വദിച്ചിരിക്കാന്നുവെച്ചാൽ, യാഥാർത്ഥം അതിന് അനുവദിക്കത്തില്ല. സംഘടിക്കുക  എന്നത് ഏതു കാലത്തിന്റെയും ആവശ്യമാണ്. വ്യക്തിയിൽ നിന്ന് ഗണത്തിലേക്ക് മാറുന്നത് കെട്ടുറപ്പ് നൽകപ്പെടുന്ന ഒന്നാണെന്ന വിശ്വാസത്തെ കഥ ചോദ്യം ചെയ്യുന്നുണ്ട്.എന്തിനാണ് നാം സംഘടിക്കുന്നതെന്ന ലളിതമായ ചോദ്യം കഥയ്ക്കുള്ളിൽ ഒളിച്ചു കടത്തപെട്ടിരിക്കുന്നു.ഒരു വ്യക്തിയുടെ പരിമിതികളെ മറികടക്കാൻ ഇത്തരം സംഘടിക്കൽ ഗുണം ചെയ്യും. എന്നാൽ  ചില വ്യക്തികളിലെ സ്ഥാപിത താല്പര്യങ്ങളെ താലോലിക്കുന്നതാണ് ഇത്തരം സംഘടിക്കലിന്റെ ഉദ്ദേശമെങ്കിലോ? M.R.രാജേഷിന്റെ കുടുംബശ്രീ അഥവാ  കുടുംബസ്ത്രീ എന്ന കഥ അനാവരണം ചെയ്യുന്നതും ഇത്തരം ഉദ്ദേശങ്ങളെ തന്നെയാണ്.അമ്മിണി സ്വപ്നം കാണുന്ന സുഗന്ധ ഗന്ധങ്ങളെ മലിനമാക്കുന്ന ചില തീരുമാനങ്ങളുടെ ലളിത ആവിഷ്ക്കാരമാണ് ഈ കഥ.



പുറംപണിക്ക് പോകുന്ന അമ്മിണി കുടുംബശ്രീയിൽ ചേരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സ്വയം തൊഴിലിലൂടെ സ്ഥിരവരുമാനം എന്ന രീതിയിലേക്ക് മുന്നേറാവുന്ന കുടുംബശ്രീ പദ്ധതിയോടുള്ള അമിത വിശ്വാസവും, അവളുടെ ആഗ്രഹങ്ങളും അവയ്ക്കേൽക്കുന്ന ക്ഷതങ്ങളുമാണ് ഈ കഥ. അന്യസംസ്ഥാനക്കാർ പണിക്കെത്താത്ത തൃക്കല്ലൂർ കുന്നിന്റെ മാറ്റം, സംസ്കരിക്കാനാവാത്ത മാലിന്യങ്ങളും അവയുടെ ഗന്ധവും, കമ്മ്യൂണിസ്റ്റ് അനുഭാവികൾ ഏറെയുള്ള ഒരിടത്ത്  ചിലർ ദാരിദ്രം അനുഭവിക്കുന്നതും ചിലർ പണക്കാരായി കഴിയുന്നതുമായ വിപരീത ദ്വന്ദ്വങ്ങളെ ശക്തമായി വരച്ചിടുന്നുനുണ്ട് കുടുംബശ്രീ അഥവാ കുടുംബ സ്ത്രീ. മൈക്രോ ഫിനാൻസ് പോലുള്ള കൊള്ളപലിശ ഈടാക്കുന്ന ഇടങ്ങളേക്കാൾ നല്ലത് കുടുംബശ്രീ പോലുള്ള പദ്ധതികളും അവയിലൂടെ കൈകൊള്ളാവുന്ന വായ്പകളുമാണ്. എന്നാൽ അതിനൊന്നും മുതിരാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയാനുള്ള ഒരിടമായി കുടുംബശ്രീയെ മാറ്റുന്നു. ഒടിയപാടത്ത് നെല്ല് കൊയ്യാനും കറ്റ ഏറ്റാനും ഒക്കെ കൂടിയിരുന്ന, കൂലി വർധനവിനുവേണ്ടി സംഘടിച്ചിരുന്ന ഒരു ജനതയാണ് കുടുംബശ്രീയുടെ പേരിൽ പരദൂഷണം പറയാൻ സംഘടിക്കുന്നത്. അതുമാത്രമല്ല മൈക്രോ ഫിനാൻസിന്റെ ഇടപാടിനു മുമ്പ് ഗുരവിന്റെ ദൈവദശകം ചൊല്ലുന്നതിലെ വിരോധാപാസം എത്രമാത്രം പരിഹാസ്യമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പണക്കാരെ മാത്രം ഉൾക്കൊള്ളുന്ന ദൈവങ്ങളെയും പുരോഹിതന്മാരെയും കഥ വലിച്ച് ചുമരിൽ തേക്കുന്നു.മിനമം അൻപതുരൂപയില്ലാതെ ദൈവത്തെ അമ്പലത്തിൽ പോയി കാണാനാവില്ലെന്ന അവസ്ഥയെയാണ് ഇവിടെ പരിഹസിക്കുന്നത്.അതെ,കുടുംബശ്രീ അഥവാ കുടുംബസ്ത്രീ എന്ന കഥ നമുക്കു നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ്. നമുക്ക് കാണാനും കാണാതിരിക്കാനും സൗകര്യമുണ്ട്. അത്രമാത്രം.

Monday 12 June 2017

രാമച്ചി എന്ന കാനനഗാഥ

"കാണുന്നു കാണുന്നു
കാണാത്ത വർണങ്ങൾ "
                                 (കാട്  -ഡി.വിനയചന്ദ്രൻ)

ഒരു വ്യക്തിക്കുള്ളിൽ ഒരു കുട്ടി ഉറങ്ങുന്നതുപോലെ നമുക്കുള്ളിൽ ഒരു ആവാസഭൂമിയായി കാടും ഉറങ്ങി കിടക്കുന്നുണ്ട്.എന്നാൽ ഉറങ്ങി കിടക്കുന്ന  ചോതനകളെ ഉണർത്താൻ താല്പര്യമില്ലാത്തതു കൊണ്ട് civilised people-ആയി നാം ഓരോരുത്തരും ജീവിച്ചു പോകുന്നു.നമ്മുടെ സാംസ്കാരികത അതിന്റെ ഉയർച്ച അതെല്ലാം പ്രകൃതിയിൽ നിന്നും അകറ്റുന്നതാണ്.നാം നമുക്കുള്ളിൽ തന്നെ അപരിചിതനായി തുടരുന്നു.ആ തുടർച്ചയിൽ നിന്നും നമുക്കുള്ളിലേക്കുള്ള യാത്രയാണ് രാമച്ചി.രാമച്ചി എന്നത് കാനനഗാഥയാണ്.ആധുനിക മനുഷ്യൻ കെട്ടിയുണ്ടാക്കിയ ആറളം ഫാമിന്റെ വരണ്ട ഭൂമിയിലേക്ക് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ കഥ. ജൈവീകമായ തങ്ങളുടെ ലോകത്തേക്ക് സഞ്ചരിക്കാൻ താല്പര്യപ്പെടുന്ന മല്ലികയുടെയും മല്ലികയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുന്ന പ്രദീപന്റെയും കഥ. കൃത്രിമവും വരണ്ടതുമായ മാനസ്സികപരിസരത്തു നിന്നും കാടെന്ന ജൈവലോകത്ത് അതിന്റെ ഒഴുക്കിലേക്കും ആർദ്രതയിലേക്കും വരും തലമുറയെ വ്യാപരിക്കാൻ വിടുന്ന ഒരു അമ്മയുടെ കഥ, അങ്ങനെ ഏത് മാനങ്ങളിലൂടെയും ഈ കഥയെ വായിച്ചെടുക്കാനാവുന്നതാണ്.കാടിറങ്ങിയ ആനകൂട്ടങ്ങളെ കാടുകേറ്റാൻ ശ്രമിക്കുന്ന പ്രമുഖൻ, അത് നാം തന്നെയാണ്.ഒരിക്കൽ കാടിറങ്ങിയതിന്റെ അസുഖകരമായ ജീവിതപരിസരത്ത് മരിച്ചുജീവിക്കുന്ന നാം.പ്രമുഖൻ, ഭരണകൂടത്തിന്റെ ആയുധമാണ്.അവനെ നഷ്ടമാകുന്നത് അവരെ നിരാശരാക്കുമെങ്കിലും ഇനിയും പ്രമുഖന്മാർ ഉണ്ടായികൊണ്ടിരിക്കും.അവരെല്ലാം തലച്ചിമാരുടെ ആകർഷണത്താൽ കാടു കയറിയിരുന്നെങ്കില്ലെന്ന് ആശിച്ചുപോകുന്ന വൈരുദ്ധ്യത്തിന് നാം തല നീട്ടും.ഒരു തിരിച്ചു പോക്കിന് ഒരിക്കലും ശ്രമിക്കാത്ത ഒരു
ജനതയാണെല്ലോ നാം.


     
മല്ലിക,മഞ്ഞ മുത്തി,തലച്ചി (ആന) എന്നിവർക്ക് ഇടയിലെ സാമ്യങ്ങൾ കാടിന്റെ ജൈവികമായ പരിസരവുമായി ബന്ധപ്പെട്ടതാണ്.നമ്മുടെ ആർത്തികളാവട്ടെ പ്രകൃതിയുടെ സ്വഭാവിക ഇണക്കങ്ങളെ തകർക്കുന്നതും.എന്നാൽ കാടിന് അപരിചിതമായ ജീവിതശൈലിയിൽ നിന്നും കാടിന്റെ ജൈവീകതയിലേക്ക്, അതിന്റെ ഇണക്കമുള്ള ലാളിത്യത്തിലേക്ക് കൂട്ടികൊണ്ടു പോവുന്ന ശക്തിസ്രോതസ്സാണ് മൂവരും.മഞ്ഞ മുത്തി പരാജയപ്പെട്ടിടത്തു നിന്നും അവരുടെ അറിവിലൂടെ സഞ്ചരിച്ച് രാമച്ചിയിലെത്തുന്ന ശക്തിസാന്നിധ്യമാണ് മല്ലിക.ഇണയെ തിരഞ്ഞെടുക്കുന്നതിലും,ജീവിക്കേണ്ടുന്ന പരിസരത്തെ തിരഞ്ഞെടുക്കുന്നതിലും,സ്വന്തം തീരുമാനങ്ങൾ വ്യക്തമായി പ്രകടമാക്കുന്നതിലും അവൾ വിജയിക്കുന്നുണ്ട്.പ്രദീപനുമായുള്ള ശാരീരിക വേഴ്ച്ചയ്ക്കു ശേഷം അവനെ തന്റെ പുരുഷനായി അംഗീകരിക്കുന്ന മല്ലികയെ എത്രപേർക്ക് ഉൾക്കൊള്ളാനാവും എന്നറിയില്ല.കാടിന്റെ സ്വഭാവികമായ ജീവിതാവസ്ഥയെ നിലനിർത്താൻ ശ്രമിക്കുന്ന മഞ്ഞ മുത്തി,ദൈവീക സാന്നിധ്യമായാണ് അവർ കാണുന്നത്.എന്നാൽ കാട് വിട്ടിറങ്ങുന്ന കാടിന്റെ മക്കൾ ആധുനിക മനുഷ്യന്റെ ആർത്തികളിലേക്ക് സഞ്ചരിക്കുന്നു.അതു കൊണ്ടാണ്  മീനുകളുടെ പ്രജനനകാലത്ത് മീൻപിടിക്കരുതെന്ന മഞ്ഞ മുത്തിയുടെ അജ്ഞകളെ അവർ കാറ്റിൽ പറത്തുന്നത്. ആധുനിക മനുഷ്യന്റെ ജീവിത പരിസരത്തെത്തുന്ന കാടിന്റെ മക്കൾ മദ്യപാനികളായും, തങ്ങളുടെ  പെണ്ണുങ്ങളോട് ദയാരഹിതമായി പെരുമാറുന്നവരുമായി മാറുന്നു.വരേണ്യമായ നാമകരണത്തിൽ നിന്നും ദ്രാവിഡമായ സംസ്കാരത്തിലേക്കും  അതിന്റെ വ്യാപ്തിയിലേക്കമുള്ള യാത്രയാണ് രാമച്ചി.രാമച്ചി രണ്ടു സംസ്കാരങ്ങളുടെ ദ്വന്ദങ്ങളാകുന്നതും  ഇപ്രകാരമാണ്. നാടിന്റെ സ്വഭാവത്തിലേക്ക് അതിന്റെ രുചികളിലേക്ക് സഞ്ചരിക്കുന്ന കാടിന്റെ മക്കളും, രാമച്ചിയിലേക്കും കാടിന്റെ തനതു രുചികളിലേക്കും സഞ്ചരിക്കുന്ന പ്രദീപനും മല്ലികയും വിരുദ്ധ ദ്വന്ദ്വങ്ങളാണ്.അതു പോലെ രവിയും പ്രദീപും  വിരുദ്ധ ദ്വന്ദ്വങ്ങളാണ്.എന്നാൽ പ്രകൃതിയുടെ നിലനിൽപ്പിന് പ്രകൃതി എപ്രകാരമാണോ പ്രതിരോധങ്ങളുയർത്തുന്നത് അതുപോലെ ജൈവീകമായ പ്രതിരോധ ഭാഷ വശമുള്ള മല്ലിക രാമച്ചിയിലേക്ക് കാടു കയറുന്നത് പ്രദീപനെ കൊണ്ട് മാത്രമല്ല. ആ യാത്രയിൽ നാമും ഉൾപ്പെടുന്നു. ആശുപത്രിയിൽ ജനിച്ച് ആശുപത്രിയിൽ ഒടുങ്ങുന്ന ജീവിതത്തിന് വഴിവെട്ടാതിരിക്കുകയാണ് മല്ലിക.ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നാം കാട്ടിലേക്ക് മടങ്ങി പോകാനിരിക്കുന്നതേയുള്ള്.
" കാട്..... കറുത്തകാട്

മനുഷ്യനാദ്യം ജനിച്ച വീട്" എന്ന ഗാനം നമുക്കുള്ളിൽ ശക്തമായി മുഴങ്ങി നിൽക്കട്ടെ.ഒരോർമ്മപ്പെടുത്തലിന് അവയെല്ലാം  നല്ലതാണ്.

Saturday 10 June 2017

പ്രളയകാലം

            "പലമതസാരവുമേകമെന്നു പാരാ
            തുലകിലൊരാനയിലന്ധരെന്നപോലെ
            പലവിധയുക്തി പറഞ്ഞു പാമരൻമാ
            രലവതുകണ്ടലയാതമർന്നിടേണം" - എന്ന് ആത്മോപദേശശതകത്തിൽ ഗുരു പ്രഖ്യാപിക്കുന്നുണ്ട്.മതത്തെ,ദേവാലയങ്ങളെ എല്ലാം തള്ളി പറഞ്ഞ ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംഘപരിവാർ. ഹിന്ദുമതം,ക്രിസ്തുമതം,മുഹമ്മദുമതം തുടങ്ങിയ ഏതു മതത്തിന്റെയും സനാതനധർമ്മങ്ങൾക്ക് ഏകമായ ഭാവമുണ്ട്.ഈ ഏകം തത്ത്വവിചാരത്തിനപ്പുറം ജീവിതപ്രയോഗമാകുന്നതോടെ ജാതിവിഭജനവും മതഭേദവും അപ്രധാനമാകും.എന്നാൽ എല്ലാ മതങ്ങളിലും കണ്ടു വരുന്ന പശ്ചാതാപമെന്ന  പൊറാട്ട് നാടകത്തോട് അത്ര പ്രതിപത്തിയൊന്നും തോന്നുന്നില്ല. കുറ്റം ചെയ്ത ശേഷം ഒരു കുമ്പസാരത്താൽ വിശുദ്ധനാകുന്നപോലെ അതിങ്ങനെ മനസ്സിന്റെ ആഴങ്ങളിൽ പൊങ്ങുതടിപോലെ പൊന്തി കിടക്കുന്നു.പി.ജിംഷാറിന്റെ പ്രളയകാലത്തെ നൂഹുമാർ സംവദിക്കുന്നതും അത്തരമൊരു പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ്.എന്നാൽ ആ പശ്ചാത്തലത്തിനപ്പുറം മരണം കൊണ്ട് അവന്റെ ജീവിതം അവസാനിപ്പിക്കുകയാണ് കഥാകൃത്ത്. അതെതു കൊണ്ടാണ് നൂഹിന് ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ഒരവസരം ഒരുക്കാതിരുന്നത്?സാം മാത്യുവിന് അടിതെറ്റി വീണുപോയ ഒരു കവിതയുടെ വിഷയ പരിസരത്തെ മതവുമായി ബന്ധപ്പെടുത്തി വരച്ചിട്ടിരിക്കുകയാണ് കഥയിൽ. കഥാകൃത്തിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേൽ പടച്ചോന്റെ പേരിന്റെ വേദനയുടെ ചിത്രപ്രദർശനമെരുക്കാനുള്ള സാധ്യത നൽകാത്ത വിധമാണ് ഇത്തവണ കഥയെ ഒരുക്കി എടുത്തിരിക്കുന്നത്.
         പ്രളയകാലത്തെ നൂഹമാർ എന്ന കഥയ്ക്ക് സുസ്മേഷ് ചന്ദ്രോന്തിന്റെ മാലിനീവിധമായ ജീവിതവുമായി ബന്ധമുണ്ടോ? കഥകളുടെ പേരു കേൾക്കുമ്പോൾ തോന്നുന്ന ഈ സംശയത്തിന് ഉത്തരമായി ഒന്നേ പറയാനാവു, രണ്ടു കഥകളിലും ഒരേ പേരിനുടമയായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്.മാലിനീവിധമായ ജീവിതത്തിൽ 12 മാലിനിമാരുണ്ടെങ്കിൽ ഇവിടെ, ഈ കഥയിൽ രണ്ട് നൂഹുമാരാണുളളത്.അവരുടെ ജീവിത സന്ദർഭങ്ങളെയാണ് കഥ കൈകാര്യം ചെയ്യുന്നത്. ചിലയിടങ്ങളിൽ ഒരല്പം കൂടി വിശദീകരണമാകാമായിരുന്നെന്ന് തോന്നിപ്പിക്കുന്നുമുണ്ട്.
              "എന്നെ വളര്‍ത്തിയ ഗര്‍ഭപാത്രത്തിന് തികയാതെ പ്രസവിച്ച കുറവുകേടുകള്‍ പേറിയ മഹാവേദനയ്ക്ക്, ചെറിയ പിറവിയ്ക്ക് കണ്ണീരിന്, എന്റെ ഉമ്മയ്ക്ക് അവരിലൂടെ തുടങ്ങുന്ന പ്രണയത്തിന്!… എന്റെയീ ജീവിതം ധന്യമായി.
         ബലാത്സംഗം ചെയ്ത് ഒരുത്തിയെ കൊന്ന കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നൂഹ് ഇങ്ങനെ ചിന്തിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ, എനിക്കിപ്പോള്‍ അതിനാവില്ല. കാരണം, ഞാനാണ് നൂഹ്. ചെയ്തുപോയ തെറ്റിന് മേല്‍ തോരാത്ത കണ്ണീരുമായി നടക്കുന്നവന്‍. ജയില്‍ തന്നെയായിരിക്കും ഇങ്ങനെ ചിന്തിക്കാന്‍ പരുവപ്പെടുത്തിയത്. ചെയ്ത കുറ്റം നിഷേധിക്കുന്നില്ല. ഒരിക്കല്‍, പ്രണയം തോന്നിയ ഒരുവളെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിനാണ് ഞാനിപ്പോള്‍ ജയിലില്‍ കിടക്കുന്നത്. കുറ്റം നിഷേധിക്കുന്നില്ല. പെട്ടെന്ന്, അവളോടുള്ള വെറുപ്പിന്റെ പുറത്ത് ചെയ്തു പോയതാണ്". എന്നു തുടങ്ങുന്ന വിചിത്ര വാദത്തോടെയാണ് കഥ തുടങ്ങുന്നത്.മോഹിപ്പിക്കുന്ന കഥയുടെ ഭാഷയിലേക്ക് വഴുതിവീഴുന്ന വായനക്കാരൻ  ഇടയ്ക്കുവെച്ച് ആ രസച്ചരടുപൊട്ടി കഥയിലേക്കു തന്നെ എത്തിപെടാൻ ഇത്തിരി പ്രയാസപ്പെടും.എന്നാൽ കഥ പാതിയെത്തുമ്പോൾ സുഖമമായ പാരായണസുഖം വീണ്ടെടുക്കുന്നുമുണ്ട്. കഥയുടെ ചിലയിടങ്ങളിൽ അപൂർണങ്ങളായ വാക്യങ്ങൾ അശ്രദ്ധകൊണ്ട് വന്നു പെട്ട പിഴവായി കാണുമ്പോൾ തന്നെ,ഇതും കഥാവായനയെ സാരമായിബാധിക്കുന്നുണ്ട്.എന്നാൽ അതിന്റെ ക്രാഫ്റ്റിൽ പുലർത്തിയ സൂക്ഷ്മത ഭ്രമിപ്പിക്കുന്നതു തന്നെയാണ്.നൂഹ് നബിയിൽ നിന്നും വധശിക്ഷ കാത്തുകിടക്കുന്ന നൂഹിലേക്കും അവനാൽ കൊല്ലപ്പെട്ട കാമുകിയിലേക്കുമുള്ള സഞ്ചാരങ്ങളാണീ കഥ.
   "ഇതുങ്കുടി പെണ്ണാണെങ്കില്, നീ നിന്റെ വീട്ടിൽ പൊയ്ക്കോണം പന്നീന്റെ മോളെ, വീടിന്റെ പടി കടക്കുമ്പോൾ ഇങ്ങനെ പിറുപിറുത്തത് റാബിയ കേട്ടില്ലെങ്കിലും ഫൈനൂസത്ത് അതു കേട്ട് ഞെട്ടി. പകൽ ,ഇരുളുന്നതായും ഉമ്മ കരയുന്നതായും ഫൈനൂസത്ത് അറിഞ്ഞു.ഇപ്പോൾ, നൂഹും!". യാഥാർത്ഥ്യത്തെ മറച്ചുവെച്ച് മറ്റൊന്നിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമൊന്നും കഥയിലില്ല.പ്രസവമെന്ന ജൈവിക പ്രവൃത്തിയെ ആവിഷ്കരിക്കുന്നതിനിടയിൽ സമൂഹം അതിനെ എങ്ങനെയാണ് കാണുന്നതെന്ന ദൃഷ്ടാന്തവും ഈ കഥയിലുണ്ട്.. നൂറ്റാണ്ടുകൾ ഏറെ പിന്നിട്ടിട്ടും, ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും, സ്ത്രീജീവിതം പുരുഷാധികാര ചിഹ്നലോകത്തു നിന്നും അതിന്റെ സമ്പ്രദായിക ചട്ടക്കൂടിൽ നിന്നും ഇന്നും പുറത്തു കടന്നട്ടില്ല. അമിതാവേശത്താൽ വികാരാധീനനാവാനൊന്നും ശ്രമിക്കാതെ വായനക്കാരനെ ചിന്തയുടേതായ ലോകത്തേക്ക് തള്ളിയിട്ട് നിശ്ശബ്ദനായി മാറി നിൽക്കുന്നുണ്ട് കഥാകൃത്ത്.
           " ഒരു യാത്രക്കിടയിൽ തന്നെ തൊട്ടുരുമ്മിക്കൊണ്ട് വന്നുനിന്ന ഒരു നായയെ നോക്കി വെറുപ്പോടുകൂടി അദ്ദേഹം പറഞ്ഞു ഛീ...... മാറിപ്പോ നായേ നികൃഷ്ട ജീവിയായ നീയെന്തിനാണ് എന്റെ ചാരത്തു വന്ന് നിൽക്കുന്നത്.നൂഹ് നബി(അ) വാക്കുകൾക്ക് മറുപടിയെന്നോണം അള്ളാഹു, ആ ജന്തുവിന് സംസാരശേഷി നൽകി മറുപടി നൽകിച്ചു. അല്ലയോ, നൂഹ് നബിയേ, എന്റെ ഇഷ്ടത്തിനാണ് ഞാൻ സൃഷ്ടിക്കപ്പെടുന്നതെങ്കിൽ ഇത്രമേൽ വൃത്തികെട്ടൊരു നായയായി പിറക്കില്ലായിരുന്നു. താങ്കൾ എന്നില്ല എന്റേയും താങ്കളുടെയും സൃഷ്ടാവിനേയാണ്.ഇത് എന്നെ അവഹേളിച്ചതിനു ഫലമാണ്. നായയുടെ സ്ഥാനത്ത് നൂഹ് നബി പടച്ചോനെ ദർശിച്ചു". ചണ്ഡാലരൂപം ധരിച്ച് ശ്രീ ശങ്കരനെ പരീക്ഷിച്ച ശിവന്റെ കഥപോലെയാണിഭാഗം. മതങ്ങൾക്ക്,അവയുടെ ആശയ പ്രകടനോപാദികളിൽ സാമ്യമുണ്ട്.ഇത് ഏകമായ ഭാവത്തെയാണ്‌ പ്രകടമാക്കുന്നത്.
           നൂഹിന് സ്വപ്ന ദർശനങ്ങളാണ് കിട്ടുന്നത്.അവൾ കുറിക്കുന്ന ഓരോ സ്വപ്നങ്ങളെയും വ്യാഖ്യാനിക്കാൻ നൂഹ് ശ്രമിക്കുന്നു. പശ്ചാതാപവിവശനായി അവസാനം അള്ളാഹുവിനോട് മണ്ണിനടിയിൽ കിടന്ന് മാപ്പിരക്കുന്ന നൂഹിലൂടെ കഥ അവസാനിക്കുന്നു. എങ്കിലും സന്ദേഹങ്ങൾ ഏറെ ബാക്കിയാകുന്നു. വായനയിൽ പൂരിപ്പിക്കപ്പെടേണ്ട ഉഷ്ണമായവ വായനക്കാരനെ പൊള്ളിക്കുന്നു.
     

Friday 9 June 2017

ഭ്രമിപ്പിക്കുന്ന തൊട്ടപ്പൻ

ഒരു കഥ പറയുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഏതൊരാൾക്കും വേണമെങ്കിൽ ഒന്നോ രണ്ടോ കഥകൾ പറയുകയും ആകാം.എന്നാൽ കഥയുടെ പ്രമേയത്തിനും,ആഖ്യാന ശൈലിയ്ക്കും പ്രകടമായ മാറ്റം വരുത്തി കൊണ്ട് കഥ പറയുക എന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്.അത്തരം കഥ പറച്ചലു രീതികൾ മലയാള സാഹിത്യത്തെ വിപുലമാക്കുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആ കാഴ്ച്ചയിലേക്ക് വായനക്കാരെ വലിച്ചിടുകയാണ് ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ.



പാമ്പ് പടം പൊഴിക്കുന്നപോലെ നിലനിൽക്കുന്ന ഭാഷയുടെ പടം പൊഴിച്ച് ഭ്രമിപ്പിക്കും വിധം എഴുതപ്പെട്ട ഒരു കഥയാണ്  തൊട്ടപ്പൻ.സ്കൂൾ പൂട്ടിന് പിള്ളേരുമായി മെതിച്ചു നടക്കുന്ന,ചെറിയ കളവുകളിൽ മുഴുകുന്ന, കുഞ്ഞാടെന്ന് വിളിപേരുള്ള നായികയിൽ തുടങ്ങിയ കഥ അവസാനിക്കുന്നത് , സ്കൂൾ പൂട്ടിന് മെതിച്ചു നടക്കുന്ന പൂച്ചകളുടെ നടത്തത്തെ കഥയുടെ ആദ്യ ഭാഗവുമായി താരതമ്യം ചെയ്താണ്. ഇത്തരത്തിൽ മേനാഹരമായ ആദിയും അന്തവുമാണ് ഈ കഥയ്ക്ക് .കള്ളനായ തൊട്ടപ്പനിലൂടെ കളവിന് സഹായിയായി പാതിയിൽ ആ പാതയിൽ നിന്നും സ്വയം മാറി നടക്കുന്ന നായിക ക്രിസ്തുവിലൂടെ തൊട്ടപ്പന്റെ മരണത്തെ പറ്റി മനസ്സിലാക്കുന്നു.അതിന് പ്രതികാരം ചെയ്യാൻ ശ്രമിച്ച് മരണം വരിക്കുന്നു.വിദഗ്ധമാം വിധം മത ചിഹ്നങ്ങളെ സന്നിവേശിപ്പിക്കുന്നുണ്ട് കഥാകൃത്ത്.കാലങ്ങളുടെ ഈ വേളയിൽ സംഭവിക്കുന്ന ഒത്തിരി സംഭവങ്ങളാൽ  ദൃഢപ്പെടുന്ന കഥയിൽ നിരവധി കഥാപാത്രങ്ങളുമുണ്ട്. ഒരു കുട്ടിയുടെ വളർച്ചയിൽ എപ്രകാരമാണോ ഓരോ കാലഘട്ടങ്ങളും സുപ്രധാനമാകുന്നത് അപ്രകാരം പ്രാധാന്യമഹർക്കുന്നുണ്ട് കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്ന സംഭവങ്ങൾക്ക് . തൊട്ടപ്പന്റെ മരണവും അതിനു ശേഷം അധികം വൈകാതെ അമ്മ മരിക്കുന്നതും കൂഞ്ഞാടിനെ ഒറ്റപ്പെടുത്തുന്നു..ഒറ്റപ്പെടുമ്പോൾ സുരക്ഷ എത്രമാത്രം ഭീതി ഉണർത്തുന്നതാണെന്ന് കുഞ്ഞാടിലൂടെ കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു.ഈ അവസരത്തിലാണ് കുഞ്ഞാട് പന്ത്രണ്ടു പൂച്ചകളെ തനിക്കൊപ്പം വളർത്തുന്നത്. യേശുവിന്റെ ശിക്ഷന്മാരുടെ പേര് ചൊല്ലി വിളിച്ച പന്ത്രണ്ടുപേരും കഥാന്ത്യത്തിൽ യൂദാസുമാരാകുന്ന ഞെട്ടിപ്പിക്കുന്ന  യാഥാർത്ഥ്യത്തിലേക്കാണ് കഥ നമ്മെ കൊണ്ടെത്തിക്കുന്നത്.എന്നാൽ ഈ യാഥാർത്ഥ്യം പുരുഷന്റെ വിജയത്തിളക്കത്തെ തന്നെയാണ് താലോലിക്കുന്നത്.വെളിപ്പറമ്പിൽ തൂറാൻ വിട്ട് , ചാരായം കൊണ്ട് ചന്തി കഴുകിച്ച് തന്റെ നായികയുടെ ജീവിത രീതികളെ മൊത്തത്തിൽ പൊളിച്ചെഴുതി അരികു ജീവിതങ്ങളെ അതിന്റെ തനിമയിൽ പകർത്തിയ നൊറോണ എന്തുകൊണ്ടാണ് നായികയെ മരണത്തിന് വിട്ടുകൊടുത്തത്?.ഒരു പുരുഷ കഥാപാത്രത്തെ എതിർത്തു തോൽപ്പിക്കാൻ ശക്തിയില്ലാത്തവളാണ് തന്റെ നായികയെന്ന് കഥാകൃത്തിന് തോന്നി കാണുമോ?പുരുഷ വിജയത്തിന്റെ ആവർത്തനം,അതിന്റെ വിരസമായ കഥാപരിസരം എന്നിവയെ കൂടി മറികടന്നിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

കള്ളന്മാർക്ക് അവരുടേതായ വേദപുസ്തകങ്ങളുണ്ടാകും.സ്വന്തം വേദങ്ങളിൽ അവർ വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യും.അത്തരത്തിൽ സ്വന്തം വേദങ്ങളിൽ ജീവിച്ച് കൊല്ലപ്പെട്ട ഒരാളാണ് തൊട്ടപ്പൻ.വളരെ ലിബറലായ ഒരു കള്ളൻ.അത്തരം കള്ളന്റെ മരണം ഒരു വേദന തന്നെയാണ്.

Friday 2 June 2017

അഗാധ ജീവിതാവബോധത്തിന്റെ കടലാഴങ്ങൾ

ഒരു വാക്കിന്റെ വിസ്തീർണ്ണത്തിൽ ലളിതമായ് അടയാളപ്പെടുത്താനാവുന്ന ഒന്ന്,അതാണ് ജീവിതം.ഒരു വാക്കിൽ ഒതുക്കാനാവുന്ന എന്നാൽ അതിൽ നിന്നും വിപുലപ്പെട്ട് അവനവനിൽ അടയാളപ്പെടുന്ന ഒന്ന്.വ്യക്തികൾക്കനുസരിച്ച് അതിന്റെ വ്യാപ്തി വർധിക്കുന്നു. അതിനാൽ ഒരാളിലെയും അളവുകോലുകൾ മതിയാകാതെ വരും ജീവിതത്തെ അളക്കാൻ .കെ.എ.സെബാസ്റ്റ്യന്റെ അക്കരെ എന്ന കഥ അഗാധമായ ജീവിതാവബോധം പകരുന്നു.രവി പനക്കൽ, അമ്മ, വിമല, ജോയി, കുഞ്ഞുഞുമോളു ചേച്ചി,അപ്പൻ എന്നിവരാണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്.അമ്മയെ മരണത്തിലൂടെ നഷ്ടമാകാൻ പോകുന്നു എന്ന യാഥാർത്ഥ്യമാണ് പ്രധാന കഥാപാത്രത്തെ 'ഉൾ'വനത്തിന്റെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്നത്.ആ യാത്രയുടെ മടക്കമാകട്ടെ അമ്മയിലേക്കും.


അക്കരെ എന്ന കഥ സത്യത്തിന്റെ ഭ്രമക്കാഴ്ച്ചയാണ്.ഇവിടെ സത്യമെന്നത് സ്നേഹമാണ്.നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവാൻ ആവശ്യപ്പെട്ട് പീഡകളാൽ ക്രൂശിതനായ ക്രിസ്തുവും ഈ കഥയിലെ പ്രകടമായ സാന്നിധ്യമാണ്.ഇത് കഥയ്ക്ക് വെറുമൊരു പശ്ചാത്തലമൊരുക്കുക മാത്രമല്ല, കഥയുടെ ഉൾക്കാമ്പിനെ തൊടുംവിധം വായനയെ പ്രാപ്തമാക്കുന്നു.

ജോയിയെയും കൂട്ടി പള്ളിയിൽ നിന്നിറങ്ങുന്ന രവി പനക്കലിന്റെ സംസാരത്തിലൂടെ അയാളുടെ ബാല്യത്തിലേക്ക് പോകുകയാണ് ജോയി. രവിയുടെ അച്ഛന്റെ മരണത്തിലൂടെ അയാളുടെ(രവിയുടെ ) അമ്മ മറ്റൊരാളുടെ കൂടെ അവിടെ താമസമാക്കുന്നു. രവി ആ വീട്ടിൽ അത്യാവശ്യമുള്ള ഒരാളാണെന്ന് രവിയ്ക്കുപോലും തോന്നുന്നില്ല. സെന്റ് തോമസ്സിലെ പഠനം കഴിഞ്ഞ് ന്യൂസിലന്റിലേക്ക് പോയ രവി നാട്ടിലേക്ക് വരുന്നു. അയാളിലെ പക, ജീവിച്ചിരിക്കുന്ന അമ്മയെ അയാൾക്ക് നഷ്ടമാക്കുകയാണ്.രവിയോട് സംസാരിച്ചിരിക്കുന്ന ജോയിയെ കുഞ്ഞുമോളു ചേച്ചി Phone ചെയ്യുന്നു.അവിടെ നിന്നും ജോയിയെയും കൊണ്ട് കഥ മറ്റൊരു യാഥാർത്ഥ്യഥ്യത്തിലേക്ക് സഞ്ചരിക്കുകയാണ്. ജോലി തിരക്കു കാരണം ജോയിക്കും ഭാര്യ വിമലയ്ക്കും അമ്മയുടെ  കാര്യങ്ങളിൽ ശ്രദ്ധിക്കാനാവാത്തതിനാൽ അവരെ കുഞ്ഞുമോളു ചേച്ചിയിൽ ഏല്‌പിച്ചിരിക്കുകയാണ്. അമ്മയെ മരണത്തിലൂടെ നഷ്ടമാകാൻ പോകുന്നു എന്ന യാഥാർത്ഥ്യമാണ് പ്രധാന കഥാപാത്രത്തെ ഉൾവനത്തിന്റെ ഇരുട്ടിലേക്ക് കൊട്ടുപോകുന്നത്. ആ യാത്ര, ജോയിയെ മാറ്റുന്നു.ജീവിച്ചിരിക്കുന്ന അമ്മയെ നഷ്ടമായ രവി, ജോയുടെ മനസ്സിന്റെ പടിയിറങ്ങുന്ന കാഴ്ച്ചയാണ് കഥയ്ക്കവസാനം നാം കാണുന്നത്. ജീവിതം എങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കുന്നത് ഓരോരോ വ്യക്തികളാണ്.അതവരുടെ സ്വാതന്ത്ര്യമാണ്. അച്ഛന്റെ മരണശേഷം രവിയുടെ അമ്മ മറ്റൊരു വിവാഹത്തിന് മുതിരുന്നതും അതുകൊണ്ടുതന്നെയാണ്.അമ്മയെ സംബന്ധിച്ച് അത് ശരിയാണ്. എന്നാൽ മകനായ രവിയ്ക്ക് അത് ഉൾക്കൊള്ളാനാവുന്നില്ല..വ്യക്തികൾക്കനുസരിച്ച് ശരി തെറ്റുകൾ, അവയുടെ അളവുകൾ എന്നിവയ്ക്ക് വ്യത്യാസമുണ്ടാക്കും.ആ വ്യത്യസ്തതയെ ഉൾക്കൊള്ളാനാവുമ്പോഴേ ഒരാൾ മനുഷ്യനാവും.അതിനു കഴിയാത്തിടത്തോളം അയാളുടെ ഭാഷ പകയുടേതായിരിക്കും. അതുകൊണ്ടാണ്, ഇരുട്ടിലും നിഴലിലും ആത്മവിശ്വാസമില്ലാതെ പതുങ്ങി നിൽക്കുന്ന രവിയെന്ന സുഹൃത്തിനെ ജോയി നിഷ്കരുണം അവഗണിക്കേണ്ടി വരുന്നത്. ഉൾവനത്തിലെത്തിയ ജോയിയ്ക്ക് അയാളുടെ അപ്പൻ അപരലോകത്തെ കുറിക്കുന്ന സത്യം പകർന്നു നൽകുന്നു." ആരും പോയിട്ടില്ല, എല്ലാവരും അക്കരെയുണ്ട് ".ഈ വാക്കുകൾ അപരലോകത്തെ കുറിക്കുന്ന വെളിപ്പാടും അതേ സമയം ആശ്വാസവുമാണ്. ആ ആശ്വാസം ദു:ഖവെള്ളിയാഴ്ച്ചയിൽ ജോയിയെ ദു:ഖമില്ലാത്തവനാകാൻ പ്രാപ്തനാകുന്നു.ആശ്വാസം അയാളെ ഉണർത്തുന്നു.നിർമ്മലമായ അയാളിലെ സ്നേഹമെന്ന വികാരം ഭാര്യയോട് സംസാരിക്കുന്നത് ഇപ്രകാരമാണ്.
" ഒരാൾ മരിക്കുമ്പോൾ പുഴയുടെ ഒരു കടവിൽ നിന്നും നമ്മൾ അയാളെ യാത്രയാക്കുകയാണ്. മറ്റൊരു കടവിൽ കയറിയ കടത്തുവള്ളത്തെ മറ്റൊരു പുരുഷാരം കാത്തു നിൽക്കുന്നുണ്ട്.".പള്ളിയിൽ പോകാനിറങ്ങുന്ന ഭാര്യയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്താണ് അയാൾ ആ സന്തോഷം പ്രകടിപ്പിക്കുന്നത്.ഭാര്യയെയും കൂട്ടി അമ്മയെ കാണാൻ അയാൾ ഇറങ്ങുന്നതോടെ അക്കരെ എന്ന കഥ അവസാനിക്കുകയാണ്.ബന്ധങ്ങളെ കുറിക്കുന്ന സൂക്ഷ്മമായ രചനയാണ് അക്കരെ. കയ്യടക്കത്തോടെ മൊഴിവഴക്കത്താതാൽ കുറിച്ചിരിക്കുന്ന നല്ലൊരു കഥയാണ് കെ.എ.സെബാസ്റ്റ്യറ്യന്റെ അക്കരെ.