Friday 2 June 2017

അഗാധ ജീവിതാവബോധത്തിന്റെ കടലാഴങ്ങൾ

ഒരു വാക്കിന്റെ വിസ്തീർണ്ണത്തിൽ ലളിതമായ് അടയാളപ്പെടുത്താനാവുന്ന ഒന്ന്,അതാണ് ജീവിതം.ഒരു വാക്കിൽ ഒതുക്കാനാവുന്ന എന്നാൽ അതിൽ നിന്നും വിപുലപ്പെട്ട് അവനവനിൽ അടയാളപ്പെടുന്ന ഒന്ന്.വ്യക്തികൾക്കനുസരിച്ച് അതിന്റെ വ്യാപ്തി വർധിക്കുന്നു. അതിനാൽ ഒരാളിലെയും അളവുകോലുകൾ മതിയാകാതെ വരും ജീവിതത്തെ അളക്കാൻ .കെ.എ.സെബാസ്റ്റ്യന്റെ അക്കരെ എന്ന കഥ അഗാധമായ ജീവിതാവബോധം പകരുന്നു.രവി പനക്കൽ, അമ്മ, വിമല, ജോയി, കുഞ്ഞുഞുമോളു ചേച്ചി,അപ്പൻ എന്നിവരാണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്.അമ്മയെ മരണത്തിലൂടെ നഷ്ടമാകാൻ പോകുന്നു എന്ന യാഥാർത്ഥ്യമാണ് പ്രധാന കഥാപാത്രത്തെ 'ഉൾ'വനത്തിന്റെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്നത്.ആ യാത്രയുടെ മടക്കമാകട്ടെ അമ്മയിലേക്കും.


അക്കരെ എന്ന കഥ സത്യത്തിന്റെ ഭ്രമക്കാഴ്ച്ചയാണ്.ഇവിടെ സത്യമെന്നത് സ്നേഹമാണ്.നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവാൻ ആവശ്യപ്പെട്ട് പീഡകളാൽ ക്രൂശിതനായ ക്രിസ്തുവും ഈ കഥയിലെ പ്രകടമായ സാന്നിധ്യമാണ്.ഇത് കഥയ്ക്ക് വെറുമൊരു പശ്ചാത്തലമൊരുക്കുക മാത്രമല്ല, കഥയുടെ ഉൾക്കാമ്പിനെ തൊടുംവിധം വായനയെ പ്രാപ്തമാക്കുന്നു.

ജോയിയെയും കൂട്ടി പള്ളിയിൽ നിന്നിറങ്ങുന്ന രവി പനക്കലിന്റെ സംസാരത്തിലൂടെ അയാളുടെ ബാല്യത്തിലേക്ക് പോകുകയാണ് ജോയി. രവിയുടെ അച്ഛന്റെ മരണത്തിലൂടെ അയാളുടെ(രവിയുടെ ) അമ്മ മറ്റൊരാളുടെ കൂടെ അവിടെ താമസമാക്കുന്നു. രവി ആ വീട്ടിൽ അത്യാവശ്യമുള്ള ഒരാളാണെന്ന് രവിയ്ക്കുപോലും തോന്നുന്നില്ല. സെന്റ് തോമസ്സിലെ പഠനം കഴിഞ്ഞ് ന്യൂസിലന്റിലേക്ക് പോയ രവി നാട്ടിലേക്ക് വരുന്നു. അയാളിലെ പക, ജീവിച്ചിരിക്കുന്ന അമ്മയെ അയാൾക്ക് നഷ്ടമാക്കുകയാണ്.രവിയോട് സംസാരിച്ചിരിക്കുന്ന ജോയിയെ കുഞ്ഞുമോളു ചേച്ചി Phone ചെയ്യുന്നു.അവിടെ നിന്നും ജോയിയെയും കൊണ്ട് കഥ മറ്റൊരു യാഥാർത്ഥ്യഥ്യത്തിലേക്ക് സഞ്ചരിക്കുകയാണ്. ജോലി തിരക്കു കാരണം ജോയിക്കും ഭാര്യ വിമലയ്ക്കും അമ്മയുടെ  കാര്യങ്ങളിൽ ശ്രദ്ധിക്കാനാവാത്തതിനാൽ അവരെ കുഞ്ഞുമോളു ചേച്ചിയിൽ ഏല്‌പിച്ചിരിക്കുകയാണ്. അമ്മയെ മരണത്തിലൂടെ നഷ്ടമാകാൻ പോകുന്നു എന്ന യാഥാർത്ഥ്യമാണ് പ്രധാന കഥാപാത്രത്തെ ഉൾവനത്തിന്റെ ഇരുട്ടിലേക്ക് കൊട്ടുപോകുന്നത്. ആ യാത്ര, ജോയിയെ മാറ്റുന്നു.ജീവിച്ചിരിക്കുന്ന അമ്മയെ നഷ്ടമായ രവി, ജോയുടെ മനസ്സിന്റെ പടിയിറങ്ങുന്ന കാഴ്ച്ചയാണ് കഥയ്ക്കവസാനം നാം കാണുന്നത്. ജീവിതം എങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കുന്നത് ഓരോരോ വ്യക്തികളാണ്.അതവരുടെ സ്വാതന്ത്ര്യമാണ്. അച്ഛന്റെ മരണശേഷം രവിയുടെ അമ്മ മറ്റൊരു വിവാഹത്തിന് മുതിരുന്നതും അതുകൊണ്ടുതന്നെയാണ്.അമ്മയെ സംബന്ധിച്ച് അത് ശരിയാണ്. എന്നാൽ മകനായ രവിയ്ക്ക് അത് ഉൾക്കൊള്ളാനാവുന്നില്ല..വ്യക്തികൾക്കനുസരിച്ച് ശരി തെറ്റുകൾ, അവയുടെ അളവുകൾ എന്നിവയ്ക്ക് വ്യത്യാസമുണ്ടാക്കും.ആ വ്യത്യസ്തതയെ ഉൾക്കൊള്ളാനാവുമ്പോഴേ ഒരാൾ മനുഷ്യനാവും.അതിനു കഴിയാത്തിടത്തോളം അയാളുടെ ഭാഷ പകയുടേതായിരിക്കും. അതുകൊണ്ടാണ്, ഇരുട്ടിലും നിഴലിലും ആത്മവിശ്വാസമില്ലാതെ പതുങ്ങി നിൽക്കുന്ന രവിയെന്ന സുഹൃത്തിനെ ജോയി നിഷ്കരുണം അവഗണിക്കേണ്ടി വരുന്നത്. ഉൾവനത്തിലെത്തിയ ജോയിയ്ക്ക് അയാളുടെ അപ്പൻ അപരലോകത്തെ കുറിക്കുന്ന സത്യം പകർന്നു നൽകുന്നു." ആരും പോയിട്ടില്ല, എല്ലാവരും അക്കരെയുണ്ട് ".ഈ വാക്കുകൾ അപരലോകത്തെ കുറിക്കുന്ന വെളിപ്പാടും അതേ സമയം ആശ്വാസവുമാണ്. ആ ആശ്വാസം ദു:ഖവെള്ളിയാഴ്ച്ചയിൽ ജോയിയെ ദു:ഖമില്ലാത്തവനാകാൻ പ്രാപ്തനാകുന്നു.ആശ്വാസം അയാളെ ഉണർത്തുന്നു.നിർമ്മലമായ അയാളിലെ സ്നേഹമെന്ന വികാരം ഭാര്യയോട് സംസാരിക്കുന്നത് ഇപ്രകാരമാണ്.
" ഒരാൾ മരിക്കുമ്പോൾ പുഴയുടെ ഒരു കടവിൽ നിന്നും നമ്മൾ അയാളെ യാത്രയാക്കുകയാണ്. മറ്റൊരു കടവിൽ കയറിയ കടത്തുവള്ളത്തെ മറ്റൊരു പുരുഷാരം കാത്തു നിൽക്കുന്നുണ്ട്.".പള്ളിയിൽ പോകാനിറങ്ങുന്ന ഭാര്യയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്താണ് അയാൾ ആ സന്തോഷം പ്രകടിപ്പിക്കുന്നത്.ഭാര്യയെയും കൂട്ടി അമ്മയെ കാണാൻ അയാൾ ഇറങ്ങുന്നതോടെ അക്കരെ എന്ന കഥ അവസാനിക്കുകയാണ്.ബന്ധങ്ങളെ കുറിക്കുന്ന സൂക്ഷ്മമായ രചനയാണ് അക്കരെ. കയ്യടക്കത്തോടെ മൊഴിവഴക്കത്താതാൽ കുറിച്ചിരിക്കുന്ന നല്ലൊരു കഥയാണ് കെ.എ.സെബാസ്റ്റ്യറ്യന്റെ അക്കരെ.

No comments:

Post a Comment