Monday 12 June 2017

രാമച്ചി എന്ന കാനനഗാഥ

"കാണുന്നു കാണുന്നു
കാണാത്ത വർണങ്ങൾ "
                                 (കാട്  -ഡി.വിനയചന്ദ്രൻ)

ഒരു വ്യക്തിക്കുള്ളിൽ ഒരു കുട്ടി ഉറങ്ങുന്നതുപോലെ നമുക്കുള്ളിൽ ഒരു ആവാസഭൂമിയായി കാടും ഉറങ്ങി കിടക്കുന്നുണ്ട്.എന്നാൽ ഉറങ്ങി കിടക്കുന്ന  ചോതനകളെ ഉണർത്താൻ താല്പര്യമില്ലാത്തതു കൊണ്ട് civilised people-ആയി നാം ഓരോരുത്തരും ജീവിച്ചു പോകുന്നു.നമ്മുടെ സാംസ്കാരികത അതിന്റെ ഉയർച്ച അതെല്ലാം പ്രകൃതിയിൽ നിന്നും അകറ്റുന്നതാണ്.നാം നമുക്കുള്ളിൽ തന്നെ അപരിചിതനായി തുടരുന്നു.ആ തുടർച്ചയിൽ നിന്നും നമുക്കുള്ളിലേക്കുള്ള യാത്രയാണ് രാമച്ചി.രാമച്ചി എന്നത് കാനനഗാഥയാണ്.ആധുനിക മനുഷ്യൻ കെട്ടിയുണ്ടാക്കിയ ആറളം ഫാമിന്റെ വരണ്ട ഭൂമിയിലേക്ക് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ കഥ. ജൈവീകമായ തങ്ങളുടെ ലോകത്തേക്ക് സഞ്ചരിക്കാൻ താല്പര്യപ്പെടുന്ന മല്ലികയുടെയും മല്ലികയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുന്ന പ്രദീപന്റെയും കഥ. കൃത്രിമവും വരണ്ടതുമായ മാനസ്സികപരിസരത്തു നിന്നും കാടെന്ന ജൈവലോകത്ത് അതിന്റെ ഒഴുക്കിലേക്കും ആർദ്രതയിലേക്കും വരും തലമുറയെ വ്യാപരിക്കാൻ വിടുന്ന ഒരു അമ്മയുടെ കഥ, അങ്ങനെ ഏത് മാനങ്ങളിലൂടെയും ഈ കഥയെ വായിച്ചെടുക്കാനാവുന്നതാണ്.കാടിറങ്ങിയ ആനകൂട്ടങ്ങളെ കാടുകേറ്റാൻ ശ്രമിക്കുന്ന പ്രമുഖൻ, അത് നാം തന്നെയാണ്.ഒരിക്കൽ കാടിറങ്ങിയതിന്റെ അസുഖകരമായ ജീവിതപരിസരത്ത് മരിച്ചുജീവിക്കുന്ന നാം.പ്രമുഖൻ, ഭരണകൂടത്തിന്റെ ആയുധമാണ്.അവനെ നഷ്ടമാകുന്നത് അവരെ നിരാശരാക്കുമെങ്കിലും ഇനിയും പ്രമുഖന്മാർ ഉണ്ടായികൊണ്ടിരിക്കും.അവരെല്ലാം തലച്ചിമാരുടെ ആകർഷണത്താൽ കാടു കയറിയിരുന്നെങ്കില്ലെന്ന് ആശിച്ചുപോകുന്ന വൈരുദ്ധ്യത്തിന് നാം തല നീട്ടും.ഒരു തിരിച്ചു പോക്കിന് ഒരിക്കലും ശ്രമിക്കാത്ത ഒരു
ജനതയാണെല്ലോ നാം.


     
മല്ലിക,മഞ്ഞ മുത്തി,തലച്ചി (ആന) എന്നിവർക്ക് ഇടയിലെ സാമ്യങ്ങൾ കാടിന്റെ ജൈവികമായ പരിസരവുമായി ബന്ധപ്പെട്ടതാണ്.നമ്മുടെ ആർത്തികളാവട്ടെ പ്രകൃതിയുടെ സ്വഭാവിക ഇണക്കങ്ങളെ തകർക്കുന്നതും.എന്നാൽ കാടിന് അപരിചിതമായ ജീവിതശൈലിയിൽ നിന്നും കാടിന്റെ ജൈവീകതയിലേക്ക്, അതിന്റെ ഇണക്കമുള്ള ലാളിത്യത്തിലേക്ക് കൂട്ടികൊണ്ടു പോവുന്ന ശക്തിസ്രോതസ്സാണ് മൂവരും.മഞ്ഞ മുത്തി പരാജയപ്പെട്ടിടത്തു നിന്നും അവരുടെ അറിവിലൂടെ സഞ്ചരിച്ച് രാമച്ചിയിലെത്തുന്ന ശക്തിസാന്നിധ്യമാണ് മല്ലിക.ഇണയെ തിരഞ്ഞെടുക്കുന്നതിലും,ജീവിക്കേണ്ടുന്ന പരിസരത്തെ തിരഞ്ഞെടുക്കുന്നതിലും,സ്വന്തം തീരുമാനങ്ങൾ വ്യക്തമായി പ്രകടമാക്കുന്നതിലും അവൾ വിജയിക്കുന്നുണ്ട്.പ്രദീപനുമായുള്ള ശാരീരിക വേഴ്ച്ചയ്ക്കു ശേഷം അവനെ തന്റെ പുരുഷനായി അംഗീകരിക്കുന്ന മല്ലികയെ എത്രപേർക്ക് ഉൾക്കൊള്ളാനാവും എന്നറിയില്ല.കാടിന്റെ സ്വഭാവികമായ ജീവിതാവസ്ഥയെ നിലനിർത്താൻ ശ്രമിക്കുന്ന മഞ്ഞ മുത്തി,ദൈവീക സാന്നിധ്യമായാണ് അവർ കാണുന്നത്.എന്നാൽ കാട് വിട്ടിറങ്ങുന്ന കാടിന്റെ മക്കൾ ആധുനിക മനുഷ്യന്റെ ആർത്തികളിലേക്ക് സഞ്ചരിക്കുന്നു.അതു കൊണ്ടാണ്  മീനുകളുടെ പ്രജനനകാലത്ത് മീൻപിടിക്കരുതെന്ന മഞ്ഞ മുത്തിയുടെ അജ്ഞകളെ അവർ കാറ്റിൽ പറത്തുന്നത്. ആധുനിക മനുഷ്യന്റെ ജീവിത പരിസരത്തെത്തുന്ന കാടിന്റെ മക്കൾ മദ്യപാനികളായും, തങ്ങളുടെ  പെണ്ണുങ്ങളോട് ദയാരഹിതമായി പെരുമാറുന്നവരുമായി മാറുന്നു.വരേണ്യമായ നാമകരണത്തിൽ നിന്നും ദ്രാവിഡമായ സംസ്കാരത്തിലേക്കും  അതിന്റെ വ്യാപ്തിയിലേക്കമുള്ള യാത്രയാണ് രാമച്ചി.രാമച്ചി രണ്ടു സംസ്കാരങ്ങളുടെ ദ്വന്ദങ്ങളാകുന്നതും  ഇപ്രകാരമാണ്. നാടിന്റെ സ്വഭാവത്തിലേക്ക് അതിന്റെ രുചികളിലേക്ക് സഞ്ചരിക്കുന്ന കാടിന്റെ മക്കളും, രാമച്ചിയിലേക്കും കാടിന്റെ തനതു രുചികളിലേക്കും സഞ്ചരിക്കുന്ന പ്രദീപനും മല്ലികയും വിരുദ്ധ ദ്വന്ദ്വങ്ങളാണ്.അതു പോലെ രവിയും പ്രദീപും  വിരുദ്ധ ദ്വന്ദ്വങ്ങളാണ്.എന്നാൽ പ്രകൃതിയുടെ നിലനിൽപ്പിന് പ്രകൃതി എപ്രകാരമാണോ പ്രതിരോധങ്ങളുയർത്തുന്നത് അതുപോലെ ജൈവീകമായ പ്രതിരോധ ഭാഷ വശമുള്ള മല്ലിക രാമച്ചിയിലേക്ക് കാടു കയറുന്നത് പ്രദീപനെ കൊണ്ട് മാത്രമല്ല. ആ യാത്രയിൽ നാമും ഉൾപ്പെടുന്നു. ആശുപത്രിയിൽ ജനിച്ച് ആശുപത്രിയിൽ ഒടുങ്ങുന്ന ജീവിതത്തിന് വഴിവെട്ടാതിരിക്കുകയാണ് മല്ലിക.ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നാം കാട്ടിലേക്ക് മടങ്ങി പോകാനിരിക്കുന്നതേയുള്ള്.
" കാട്..... കറുത്തകാട്

മനുഷ്യനാദ്യം ജനിച്ച വീട്" എന്ന ഗാനം നമുക്കുള്ളിൽ ശക്തമായി മുഴങ്ങി നിൽക്കട്ടെ.ഒരോർമ്മപ്പെടുത്തലിന് അവയെല്ലാം  നല്ലതാണ്.

No comments:

Post a Comment