Tuesday 24 April 2018

നന്തനാർ;മനസ്സിന്റെ താഴ്വരയിൽ വിടരുന്ന നൊമ്പരപ്പൂ

ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുമ്പോൾ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വഭാവികമാണ്. ജീവിതത്തോടുള്ള മടുപ്പല്ല,അടങ്ങാത്ത ആഗ്രഹമാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആഗ്രഹിച്ച ജീവിതം നേടാനാവാത്തതിന്റെ നിരാശയുടെ പ്രതിഫലനമാണ് ആത്മഹത്യയെന്ന് പറയുമെങ്കിലും,ജീവിതത്തോടുള്ള തീവ്രമായ പ്രണയമാണത്. അതൊരു തരത്തിൽ പ്രതിഷേധത്തിന്റെ സ്വരം കൂടിയാണ്.


"സ്വാദിഷ്ഠമായ ആഹാരത്തെപോല സുഖകരമായ മരണത്തെ സുകുമാരൻ ഇഷ്ടപ്പെടുന്നു. സുഖമായി അത്താഴമൂണു കഴിഞ്ഞു വന്നുറങ്ങുക. എന്നിട്ട് പിറ്റേന്ന് പിറ്റേന്നല്ല,എന്നുമെന്നും ഉണരാതിരിക്കുക,ഉറക്കത്തിലങ്ങു മരിക്കുക. എത്ര സുഖകരമായ മരണമാണത്? ആർക്കും ബുദ്ധിമുട്ടില്ല". "ആത്മാവിന്റെ നോവുകളി"ലെ എഴുത്തുകാരന്റെ തന്നെ പ്രതിബിംബമെന്ന് വിശേഷിപ്പിക്കാവുന്ന സുകുമാരനെ കുറിച്ചുള്ള വിവരണമാണിത്. മരണത്തിലേക്ക് നടന്നടുക്കുന്ന തന്നെക്കുറിച്ചുള്ള തന്റെ തന്നെ വെളിപ്പെടുത്തലായിരുന്നു നന്തനാരുടെ എഴുത്തുകൾ. ടോൾസ്റ്റോയിയുടെ സുപ്രസിദ്ധങ്ങളായ കൊസ്സാക്ക് കഥകളെ ഓർമ്മിപ്പിക്കുന്നവയെന്ന് എൻ.വി.കൃഷ്ണവാര്യർ രേഖപ്പെടുത്തിയ നന്തനാർകൃതികളിൽ മലബാർ കലാപവും, ഇന്ത്യാ-പാക് വിഭജനവും, ഹിന്ദു-മുസ്ലീം ലഹളയും  കഥകളുടെ ജീവസ്പന്ദനങ്ങളായി മാറി

1926 മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പി.സി.ഗോപാലൻ,തമിഴ് ശിവഭക്ത സന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് നന്തനാർ എന്ന തൂലികാനാമം സ്വീകരിച്ചത്. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കിയ നന്തനാർ,1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്റ്ററായിരുന്നു. തുടർന്ന് 1967 മുതൽ ഫാക്ടിൽ (ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) പബ്ലിസിറ്റി വിഭാഗത്തിൽ ജോലിയിലിരിക്കെ തന്റെ 48-ാം വയസ്സിലാണ് ആത്മഹത്യ ചെയ്തത്. ഏഴു നോവലുകളും,ഒരു നാടകവും,പതിനൊന്ന് കഥാസമാഹാരവും അടങ്ങുന്നതാണ് നന്തനാരുടെ രചനാലോകം. ബാല്യം മുതൽ താൻ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകൾ കഥയിൽ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യമുള്ളവരാണ്.
നന്തനാരുടെ രചനകൾ പരിശോധിച്ചാൽ അദ്ദേഹത്തിന്റെ സർഗ്ഗാത്മകത ഏറ്റവും കൂടുതൽ പടർന്നു പന്തലിച്ചിരിക്കുന്നത് ആത്മാവിന്റെ നോവുകൾ എന്ന നോവലിലാണെന്ന് മനസ്സിലാവും. ഈ നോവൽ, "സൈൻ ഫോർ ദ ഡൗൺ" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള കന്റോൺമെന്റാണ് "ആത്മാവിന്റെ നോവുകളുടെ" ഉപരിതലം. പട്ടാളക്കാരുടെ കഥ പറയുന്ന ഈ നോവലിൽ അവരുടെ ജീവിത ദുരിതങ്ങളും ചിട്ടവട്ടങ്ങളും നാം തൊട്ടറിയുന്നു. പട്ടാള ബാരക്കുകൾ, ഓഫിസർമാരുടെ ചെറു ബംഗ്ലാവുകൾ, ഗോൾഫ് ഗ്രൗണ്ട്,ഫയറിംങ് റേഞ്ച്,ട്രാൻസ്മിറ്റിംഗ് സ്റ്റേഷൻ,ഡിവിഷണൽ സിഗ്നൽ റെജിമെന്റ് എന്നിവിടങ്ങളിലൂടെ ഈ നോവൽ വികസിക്കുന്നു. പോറ്റി,അയ്യർ, സുകുമാരൻ, വർഗ്ഗീസ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പട്ടാള ക്യാമ്പിലെ ദുരവസ്ഥകൾ ഭംഗിയായി കോറിയിട്ടിരിക്കുന്നു. വായനയ്ക്കവസാനം നോവലിന്റെ പേരിനെ കുറിച്ച് നാം ചിന്തിക്കുന്നു. അതെ, ഇവിടെ ആത്മാവിന് നോവേറ്റ എഴുത്തുകാരനുണ്ട്. ഈ കഥ അദ്ദേഹത്തിന്റെയും കൂടിയാണ്‌. നൊമ്പരങ്ങളുടെ സങ്കലനമായ ഈ കഥയിലെ മിക്ക കഥാപാത്രങ്ങും വിഷാദത്തിന്റെ മേലങ്കിയണിഞ്ഞിരിക്കുന്നു. നാട്ടിൽ കഴിയുന്ന തന്റെ അഞ്ചു പെൺമക്കളെക്കുറിച്ചോർത്ത് വിതുമ്പുന്ന തങ്കൻപ്പിള്ളയും, വീട്ടുകാരുടെ നിരന്തരമായ ആക്ഷേപത്തിൽ സഹിക്കെട്ട് പട്ടാളത്തിൽ ചേർന്ന് ഒടുവിൽ ഏരിയൽ കെട്ടാൻ മരത്തിൽ കയറുമ്പോൾ വീണു മരിക്കുന്ന പാർത്ഥസാരഥി അയ്യരും, ആത്മ സംഘർഷങ്ങൾ ഉള്ളിലൊതുക്കുന്ന സുകുമാരനും ആ നിരയിലെ ചില കണ്ണികളാണ്. 1964-ൽ കേരളസഹിത്യ
അക്കാദമി പുരസ്കാരം ആത്മാവിന്റെ നോവുകൾക്കായിരുന്നു.

1965-ൽ പുറത്തിറങ്ങിയ "അറിയപ്പെടാത്ത മനുഷ്യജീവികളാ"യിരുന്നു നന്തനാരുടെ ആദ്യ നോവൽ. അനുഭൂതികളുടെ ലോകം(1965), മഞ്ഞക്കെട്ടിടം (1968), ഉണ്ണിക്കുട്ടൻ വളരുന്നു (1969), ആയിരം വല്ലിക്കുന്നിന്റെ താഴ്വരയിൽ (1971), അനുഭവങ്ങൾ (1975) എന്നിവയാണ് മറ്റ് രചനകൾ. ജീവിതത്തിൽ നിന്നും വിരമിക്കാൻ തയ്യാറായ ഒരാളുടെ ആത്മഭാഷണമായി "അനുഭവങ്ങളെ " കാണാം. ഈ കൃതിയെ അടിസ്ഥാനമാക്കി നന്തനാരുടെ ജീവിത സന്ദർഭങ്ങളെയും,കഥാസന്ദർഭങ്ങളെയും കോർത്തിണക്കി എം.ജി.ശശി 2007-ൽ അടയാളങ്ങൾ എന്ന ചിത്രം സംവിധാനം ചെയ്തു. ആ വർഷത്തെ മികച്ച ചിത്രത്തിനുള്ളള സംസ്ഥാന പുരസ്കാരവും ആ ചിത്രത്തിനു തന്നെയായിരുന്നു.

പ്രമേയത്തിൽ നിന്ന് മാറ്റി നിർത്താനാവാത്ത വിധം വിഷാദഛായ ഉള്ളതായിരുന്നു നന്തനാരുടെ കഥാപാത്രങ്ങൾ. സ്വ-ജീവിതവും അത്തരത്തിലുള്ളതിനാലാവാം 1974-ൽ പാലക്കാട്ടെ ഒരു ലോഡ്ജിൽ തന്റെ ജീവിതത്തിന്  അദ്ദേഹം നിത്യവിരാമമിട്ടത്. നന്തനാർ ഓർമ്മയായിട്ട് ഇന്നേക്ക് 44 വർഷങ്ങൾ, മനസ്സിന്റെ താഴ്വരയിൽ വിടർന്നു നിൽപ്പുണ്ടൊരു നൊമ്പരപ്പൂ

Wednesday 4 April 2018

സിനിമയിലെ ഇതിഹാസകാരന് 86-ാം ജന്മവർഷം

ലോകസിനിമയിലെ മഹാനായ സംവിധായകന്, ഇതിഹാസകാരന് ഇന്ന് എൺപത്തിയാറാം ജന്മവർഷം.സിനിമയിൽ പുതുമയുടെ കലാപം തീർത്ത ആന്ദ്രെ തർക്കോവ്സ്കി 7 കഥാചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനാണ് ആന്ദ്രേ.

പ്രസിദ്ധ റഷ്യൻ കവിയും വിവർത്തകനുമായ ആർസെനി തർക്കോവ്സ്കിയുടെയും മരിയ ഇവാനോവയുടേയും പുത്രനായി 1932 ഏപ്രിൽ 4 ന് മോസ്കോയിൽ ജനിച്ചു. സ്റ്റേറ്റ് ഫിലിം സ്കൂളിൽ നിന്ന് 1960-ൽ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.
പന്ത്രണ്ടു വയസ്സുകാരനായ ഇവാന്റെ ഓർമ്മകളിലൂടെ രണ്ടാം ലോകമഹായുദ്ധകാലത്തെ കഥ പറഞ്ഞ ഇവാൻഡ് ചൈൽഡ് ഹുഡ് (1962) ആണ് ആദ്യ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ പുരസ്കാരം നേടി കൊണ്ട് അദ്ദേഹം നവ റഷ്യൻ സിനിമയുടെ പതാക വാഹകനായി.
അർസെനി തരക്കോവസ്കിയുടെ പല കവിതകളും ആന്ദ്രെയുടെ സിനികളിൽ പുതിയ അനുഭവമാകുന്ന കാഴ്ച്ചയ്‌ക്കാണ് തുടർന്ന് സിനിമാലോകം സാക്ഷ്യം വഹിച്ചത്. വിഖ്യാത മധ്യകാല റഷ്യൻ ചിത്രകാരനായ ആന്ദ്രെ റുബ്ലേവിന്റെ ജീവിതത്തെ ആസ്പദമാക്കി 1966-ൽ നിർമ്മിച്ച "ആന്ദ്രെ റുബ്ലേവ് " 1971-ൽ മാത്രമേ പുറത്തിറക്കാൻ സോവിയേറ്റ് അധികൃതർ അനുവദിച്ചുള്ളു.സ്വന്തം ജീവിത സ്മരണകളുടെ ആദ്യന്ത്യമില്ലാത്ത ആവിഷ്കാരമായി 1974-ൽ നിർമ്മിച്ച "ദ മിറർ'', ഒരു തലമുറയുടെ സ്മരണയായി മാറി.1986-ൽ പുറത്തിറങ്ങിയ "സാക്രിഫൈസ് " ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമയും, ഏറ്റവും മികച്ച സൃഷ്ടിയും.
ചരിത്രം, ആത്മകഥ,ശാസ്ത്രം, ഫാന്റസി,പ്രണയം, എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ കാര്യങ്ങൾ പറഞ്ഞുപോയ സംവിധായകനായിരുന്നു തർക്കോവ്സ്കി. ഇത്രയും വ്യതിരിക്തമായി സിനിമയെ സമീപിച്ച അധികം സംവിധായകരുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ സ്വയമൊരു ഇതിഹാസമാവുകയായിരുന്നു തർക്കോവ്സ്കി.

കെ. സരസ്വതിയമ്മ, എഴുത്തു വഴിയിലെ കലാപശബ്ദം;ജീവിതത്തിലെയും




എഴുത്തിലും ജീവിതത്തിലും നിരന്തരം പേരാടിയ കെ.സരസ്വതിയമ്മയുടെ 99-ാം ജന്മവർഷമാണ് ഇന്ന്. തിരുവനന്തപുരം നഗരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിൽ കിഴക്കേവീട്ടിൽ തറവാട്ടിൽ പത്മനാഭപിളളയുടെയും, കാർത്ത്യായനിയമ്മയുടെയും മകളായി 1919 ഏപ്രിൽ നാലിന് സരസ്വതിയമ്മ ജനിച്ചു. കാല്പനികതയിൽ അഭിരമിച്ച് പോകാതെ യാഥാർഥ്യത്തെ വരച്ചിടുകയായിരുന്നു അവർ.1938-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന "സീതാഭവനം" ആണ് ആദ്യ കഥ.

പതിനേഴാം വയസ്സിൽ അച്ഛൻ മരിച്ചതോടെ യഥാർഥ ലോകമെന്തെന്ന് അവരറിഞ്ഞു. പുരുഷന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും, സ്ത്രീ നേരിടേണ്ടി വരുന്ന പരിമിതകളെ കുറിച്ചും മനസ്സിലാക്കി. എന്നാൽ ആണിന്റെ അധീശ്വത്വം സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. സ്വയാവബോധമില്ലാത്ത, സ്വന്തം അസ്വാതന്ത്ര്യത്തെക്കുറിച്ച് തിരിച്ചറിവില്ലാത്ത സ്ത്രീകളെ അവർ വിമർശിച്ചു. വേറിട്ടു കേട്ട പെണ്ണൊച്ചയിൽ കാലം പരിഭ്രാന്തമായപ്പോൾ, തകഴിയും ബഷീറും പൊൻകുന്നം വർക്കിയും കേശവദേവും നിറഞ്ഞുനിന്ന സാഹിത്യലോകത്തേക്ക് സരസ്വതിയമ്മ സ്വന്തം കസേര വലിച്ചിട്ടിരുന്നു.

"പലർക്കും വെറും സ്നേഹിതയായി മാത്രം സ്ത്രീയെ സ്നേഹിക്കാനറിഞ്ഞുകൂടാ. അവരുടെ സൗഹൃദത്തിന്റെ അടിയിലെപ്പോഴും ലിംഗവ്യത്യാസത്തെ അടയാളപ്പെടുത്തിയുള്ള ശാരീരിക പ്രേരണ പുകഞ്ഞുകിടക്കും; തരം കിട്ടിയാൽ വെളിയിൽ പ്രകാശിക്കുകയും ചെയ്യും" (ഒരേ ഒരു രാത്രി ) എന്ന് ഇന്ത്യ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന കാലത്താണ് സരസ്വതിയമ്മ എഴുതിയതെന്ന് ഓർക്കണം. അത്രമാത്രം സ്വ-സ്വാതന്ത്ര്യത്തെക്കുറിച്ച് അവർ ബോധവതിയായിരുന്നു. പുരുഷന് സ്ത്രീ എന്നത് ശാരീരികാസക്തികളുടെ ശമനത്തിനുള്ള ഒരുപാധി മാത്രമാണെന്ന ബോധ്യം അവരിൽ ആദ്യമേ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്വ-പ്രയത്നത്താൽ സമ്പാദിച്ച വീട്ടിൽ ഏകയായി കഴിഞ്ഞുവന്നു.
ഫെമിനിസ്റ്റ് സ്വഭാവം പുലർത്തുന്ന, സ്ത്രീ സ്വത്വം ആവിഷ്കരിക്കുന്ന രചനകൾ കൊണ്ടു മാത്രം അംഗീകാരം നേടിയ സരസ്വതിയമ്മയെ ഫെമിനിസ്റ്റ് ചിന്തയുടെ മുൻനിരക്കാരിയായി തിരിച്ചറിയുന്നതും കുറച്ചു വർഷങ്ങൾക്ക് മുമ്പാണെന്നതാണ് വാസ്തവം. വായനക്കാരുടെ സജീവ ചർച്ചകളിലേക്ക് സരസ്വതിയമ്മ കടന്നുവരുന്നത് അവരുടെ മരണശേഷമാണ്.
സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവർത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു.
 "നിങ്ങളുടെ കഥകളെ 'പുരുഷവിദ്വേഷത്തിന്റെ കഥകൾ' എന്ന് വിശേഷിപ്പിക്കുന്നതിനോട് യോജിപ്പുണ്ടോ?" എന്ന് 1970- ജനുവരി ഒന്നിന് ടി.എൻ.ജയചന്ദ്രൻ കെ.സരസ്വതിയമ്മയുമായി നടത്തിയ അഭിമുഖത്തിൽ ചോദിച്ചു. അതിന് മറുപടിയായി സരസ്വതിയമ്മ പറഞ്ഞത് ഇങ്ങനെയാണ്, "എന്റെ കഥകളെ 'പുരുഷവിദ്വേഷത്തിന്റെ കഥകള്‍' എന്നു വിശേഷിപ്പിച്ചുകേട്ടപ്പോള്‍ വാസ്തവത്തില്‍ അമ്പരപ്പാണു തോന്നിയത്. തന്നെയുമല്ല, കഥകളില്‍ പുരുഷവിദ്വേഷം അല്പം പോലുമുണ്ടെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ തണലില്ലാതെ എനിക്കു ബാഹ്യലോകത്തെ അഭിമുഖീകരിക്കേണ്ടിവന്നു. പുറത്തിറങ്ങി, പുരുഷന്മാരുടെ ലോകത്ത് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു സ്ത്രീയായി ജനിച്ചതിന്റ പരിമിതികള്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. അന്നുണ്ടായിരുന്നത് തീര്‍ത്തും പുരുഷന്മാരുടെ ലോകമാണ്. പുരുഷന് എന്തും ചെയ്യാം. സ്ത്രീകള്‍ക്ക് യാതൊന്നും വയ്യ. എല്ലാവരും പുരുഷന്റെ അധീശാധികാരം സമ്മതിച്ചുകൊടുത്താലേ ജീവിക്കാന്‍ പറ്റൂ. സ്ത്രീ എപ്പോഴും ഏറ്റവും താഴ്ന്ന പടിയില്‍ നിന്നുകൊളളണം. ഇതു സമ്മതിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പ്രതിരോധത്തിനു മാത്രമല്ല, പ്രത്യാക്രമണത്തിനും ഞാന്‍ സന്നദ്ധയായിരുന്നു. ഇതായിരിക്കണം പുരുഷവിദ്വേഷം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ". സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതുമ്പോൾ അത് പുരുഷവിദ്വേഷത്തിന്റെ ശബ്ദമാണെന്ന് പറയുന്നതിനോട് അവർക്ക് യോജിപ്പില്ലായിരുന്നെന്ന് സാരം.
1944-ൽ ആദ്യകൃതിയും, 1958-ൽ അവസാന കൃതിയും പ്രസിദ്ധീകരിച്ചെങ്കിലും , തുടർന്നുള്ള ജീവിതത്തിന്റെ പതിനേഴു വർഷങ്ങളിൽ ഒരു വരിപോലും അവർ എഴുതിയില്ല. തൊണ്ണൂറോളം കഥകളും, പ്രേമഭാജനം എന്ന നോവലെറ്റും, ദേവഭൂതി എന്ന നാടകവും, പുരുഷന്മാരില്ലാത്ത ലോകം എന്ന ലേഖന സമാഹാരവും അടങ്ങുന്നതാണ് സരസ്വതിയമ്മയുടെ സാഹിത്യലോകം. മനുഷ്യജാതിയിൽ പിറന്ന ഏവർക്കും ഒരേപ്പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടാനും കഴിയുന്ന ഒരവസ്ഥ രൂപപ്പെടുന്നവരെ ഇത്തരം വേറിട്ട ശബ്ദങ്ങൾ കലാപമുയർത്തുക തന്നെ ചെയ്യും.

Wednesday 3 January 2018

വേദനയുടെ കാവ്യപാടവം

സോക്രട്ടീസ്.കെ.വാലത്തിന്റെ "വെറോണിക്ക@15" എന്ന കഥ സ്ത്രീ സുരക്ഷയുടെ സമകാലിക അവസ്ഥകളെ അടയാളപ്പെടുത്തുന്നു.സ്ത്രീ സുരക്ഷ എന്നാൽ പുരുഷ വിദേഷമാണെന്ന ലേബലിലേക്കല്ലേ ഈ കഥയുടെ സഞ്ചാരമെന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്.സ്ത്രീയ്ക്ക് സുരക്ഷ ഒരുക്കേണ്ടി വരുന്ന ഒരവസ്ഥ മനപ്പൂർവ്വം സൃഷ്ടിക്കപ്പെടേണ്ട ഒന്നാണ്.സ്ത്രീയോട് എങ്ങനെ ഇടപെടണം എന്നറിയാത്ത ഒരു സമൂഹത്തിൽ മാത്രമേ അവൾ സംരക്ഷിക്കപ്പെടേണ്ടതായി വരുകയുള്ളു.എന്നാൽ ആണധികാരത്തിന്റെ ഭരണദണ്ഡുയർത്തി സ്ത്രീ അബലയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, സ്വഭാഗത്തെ പിഴവിനെ സൗകര്യപൂർവ്വം മറച്ചുവെക്കുന്നു.ഈ പ്രവർത്തി നിരന്തരം സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്.

പതിനഞ്ചു വയസ്സ് പ്രായമുള്ള പത്താം ക്ലാസിൽ പഠിക്കുന്ന വെറോണിക്ക,ഒരു വെള്ളിയാഴ്ച്ച ദിവസം ബയോളജി പരീക്ഷാ പേപ്പറിൽ അവളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്."ആണൊരുത്തനെ ബലാത്സംഗം ചെയ്യണം. പറ്റിയാ അങ്ങനെ ചെയ്ത് അവനെ കൊല്ലണം. ഞാനാണത് ചെയ്തത് എന്ന് പോലീസിൽ വിളിച്ചു പറയണം. പോലീസ് വരണെനും മുമ്പ് കെട്ടിത്തൂങ്ങിച്ചാവണം" - എന്നൊരു തീരുമാനം അവിചാരിതമല്ലെന്ന് കഥയിലേക്ക് കടക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ വികസിക്കുന്ന കഥാഗതിയാണ് "വെറോണിക്ക@15" -ന്റേത്.പരീക്ഷാപേപ്പറുമായി വീട്ടിലെത്തുന്ന ആനി ടീച്ചർ അതേ ദിവസം പേപ്പർ നോക്കിയിരുന്നെങ്കിൽ സംഭവിക്കാൻ പോകുന്ന സാങ്കല്പിക കൂടിക്കാഴ്ച്ചയിലെ ടീച്ചർ-വെറോണിക്ക സംഭാഷണത്തിലൂടെയാണ് വെറോണിക്കയുടെ ജീവിതദുരിതം മനസ്സിലാകുന്നത്.പുരുഷൻ തന്റെ ഉദ്ദൃതമായ കാമനയുടെ ശമനത്തിനായി പെണ്ണുടൽ തേടിയിറങ്ങുമ്പോൾ വെറോണിക്കയെ പോലൊരു പെൺകുട്ടി ഇത്തരമൊരു തീരുമാനമെടുക്കുന്നുവെങ്കിൽ അത് ധീരതയുടെയും ആത്മനിയന്ത്രണത്തിന്റെയും നിദർശനമായാണ് പരിഗണിക്കേണ്ടത്.സ്വന്തം ചേച്ചിയുടെ മാനം ചീന്തിയെടുത്തവൻ ഒരു പോറൽപോലുമേൽക്കാതെ സസുഖം വാഴുമ്പോൾ,ആണുടലിനോട് പക തോന്നുന്നതും,തന്റെ ആഗ്രഹപൂർത്തീകരണത്തിനു ശേഷം,താൻ ചെയ്ത കുറ്റം ഏറ്റു പറഞ്ഞ് ആത്മഹത്യ ചെയ്യണം എന്നു കരുതുന്നതും വിപ്ലവമല്ലാതെ മറ്റെന്താണ്?ആണധികാര വ്യവസ്ഥിതിയോടുള്ള വെറോണിക്കയുടെ ഈ കലഹം ഇതുവരെ കണ്ടിട്ടുള്ള പ്രതിഷേധങ്ങളിൽ നിന്നും വേറിട്ടതാകുന്നുവെങ്കിലും, നടക്കുന്നത് മറ്റൊന്നാണ്. സുമംഗലയുടെ മരണശേഷം വാതിൽ കുറ്റിയിടാതെ കിടക്കാൻ വെറോണിക്കയോടു പറയുന്ന സുമംഗലയുടെ ഭർത്താവായ ജയശീലൻ നായരിലും,തന്റെ ആഗ്രഹം നടപ്പിലാക്കാൻ രാത്രി മുകളിലെത്തിയ വെറോണിക്കയെ പിന്നിൽ നിന്നും തന്നിലേക്ക് ചേർക്കുന്ന ജയകൃഷ്ണനിലുമെല്ലാം സ്വകാമനകയുടെ പൂർത്തീകരണത്തിനായി പെണ്ണുടലിലേക്കാഴുന്ന കഴുകനെ കണ്ടെടുക്കാനാവും."ആടാ- നീയെന്റെ പ്ലാനൊക്കെ പൊളിച്ച്.അമ്മ ചത്താലും കഴപ്പുതീർന്നു കിട്ടിയാ മതിയെന്ന് കരുതണ എനമാണ് നീയുമെന്ന് ഞാൻ വിചാരിച്ചോ" എന്ന ഒരൊറ്റ ഡയലോഗിൽ തന്നെ ജയകൃഷണനെ മലർത്തിയടിക്കാനാകുന്ന വെറോണിക്കയുടെ യാത്ര ചെന്നെത്തുന്നത് അവളുടെ മരണത്തിലാണ്.


ജയകൃഷ്ണനെ റേപ്പ് ചെയ്യാൻ മുകളിലെത്തുന്ന വെറോണിക്കയെ പിന്നിൽ നിന്നും കടന്നുപിടിക്കുന്ന ജയ്കൃഷണനോട്  പറയുന്ന വാചകം ഉള്ളു പൊള്ളിക്കുന്നു. "നിന്നെ റേപ്പ് ചെയ്യാൻ വന്നതാണ്.ഞാൻ നിന്നേക്കാൾ സൈസായതുകൊണ്ട് എനിക്കത് ഈസിയാണല്ലേ.പിന്ന,നിനക്ക് അമ്മ മരിച്ച പെലേള്ള സിതിക്ക് എന്തായാലും നീ എതിർക്കുന്ന് കരുതി ".തുടർന്ന് വാഗ്യുദ്ധത്തിനു മുന്നിൽ പതറി,അവൾക്കു മുന്നിൽ ഭയത്തോടെ നിലവിളിക്കുന്ന +1 ക്കാരനായ ജയകൃഷ്ണനെയാണ്  കാണുന്നത്.വെറോണിക്കയുടെ ശരീരത്തിനുമേൽ  അവളുടേതല്ലാത്ത ഒരധികാരത്തെയും ഇഷ്ടപ്പെടാത്തതിന്റെ വിജയമാണ് അവളുടെ മരണം. ആനി ടീച്ചറുടെ ജീവിതത്തിലാണെങ്കിൽ അവരിൽ അധീശ്വതം സ്ഥാപിക്കുന്ന പുരുഷനെ കാണാനാകും.വെറോണിക്ക@15 ഒരേ സമയം രണ്ടു വീടുകളിൽ രണ്ടു സ്ത്രീകളിൽ നടക്കുന്ന മാനസ്സികവും ശാരീരികവുമായ വ്യാപാരത്തിന്റെ കൗതുകകരമായ ആഖ്യാനമാണ്.

 She who bring victory,true image  എന്നാണ് വെറോണിക്ക എന്ന പേരിന്റെ അർത്ഥം എന്നറിയുമ്പോൾ എത്രമാത്രം സൂക്ഷ്മതയുളളതാണ് കഥാകൃത്തിന്റെ രചനാപാടവം  എന്ന് മനസ്സിലാകും.