Thursday 11 July 2019

ഒന്നും അന്യമല്ലാത്ത കവി

ലോകം ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു കവി ഉണ്ടാകുമോ? ലോകം ഒരേ സമയം അംഗീകരിക്കുകയും, സ്നേഹിക്കുകയും ചെയ്ത കവിയാണ്‌ നെരൂദ. 1904 ജൂലൈ 12 ചിലിയിലെ പരാലില്‍ ജനിച്ചു. അമ്മയുടെ അകാല വിയോഗത്തെതുടര്‍ന്ന് അച്ഛനും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു നെരൂദ തന്റെ കുട്ടിക്കാലം ചിലവഴിച്ചത്. നെരൂദ എന്ന തൂലികാ നാമത്തില്‍ 10 വയസ്സുമുതല്‍ കവിതകള്‍ എഴുതിതുടങ്ങി. റിക്കാര്‍ഡോ എലിസെന്‍ നെഫ്താലി റെയ്സ്ബസോ ആള്‍ട്ടോ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പ്രസിദ്ധ ചിലിയന്‍ കവി ഗബ്രിയേല്‍ മിസ്റ്റ്രലിന്റെ സാഹിത്യാഭിരുചികള്‍ ചെറുപ്പം മുതല്‍ക്ക് നെരൂദയെ ആകര്‍ഷിച്ചിരുന്നു. ഇരുപത് വയസ്സായപ്പോഴേക്കും നെരൂദ ചിലിയന്‍ കവി എന്ന വിശേഷണത്തിന് അര്‍ഹനായിരുന്നു. ഭാവഗീതങ്ങളായിരുന്നു നെരൂദയുടെ കവിതയില്‍ ഏറെയും. തന്റെ ആശയങ്ങളെ പിന്തുണക്കാനുള്ള ഉപാധിയായിരുന്നു നെരൂദക്ക് കവിത. കാല്പനികതയും, ഉത്തരാധുനികതയും പ്രതിഫലിക്കുന്ന നെരൂദയുടെ കവിതകളില്‍ ചിലിയന്‍ ജനതയുടെ പ്രശ്നങ്ങളും, ഓരോ കാലഘട്ടത്തിന്റെ ചരിത്രവും  അടങ്ങിയിട്ടുണ്ട്.


ചില രചനകള്‍ക്ക് ആവര്‍ത്തിച്ച് ആവര്‍ത്തിച്ചുള്ള വിവര്‍ത്തനങ്ങള്‍ സംഭവിക്കാറുണ്ട്. എന്തായിരിക്കും അതിന് കാരണം? എത്ര തന്നെ മൊഴിമാറ്റം ചെയ്താലും ഇനിയും അവശേഷിക്കാവുന്ന സൗന്ദര്യമൂല്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നില്ല എന്നതിനാലാണ് ഓരോ വിവര്‍ത്തനവും സംഭവിക്കുന്നത്‌. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും അധികം വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുള്ളത് ‘Tonight I can write the saddest lines’ എന്ന കവിതക്കാണ്.


നഷ്ടപ്രണയത്തിന്റെ വികാരതീവ്രമായ കാവ്യാവിഷ്കാരം അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എന്‍.പി. ചന്ദ്രമോഹന്‍, സി.പി. ശിവദാസന്‍, ആര്‍. വിശ്വനാഥന്‍ തുടങ്ങിയ ഒട്ടേറെ മലയാള സാഹിത്യകാരന്മാരെ ഈ കവിത വിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചു. നെരൂദയുടെ സ്പാനിഷ്‌ ഭാഷയിലെ കവിതക്ക് ഇംഗ്ലീഷില്‍ വന്ന മൊഴിമാറ്റമാണ് മലയാള കവികളെല്ലാം ആധാരമാക്കിയിട്ടുള്ളത്. “കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍’ എന്ന് തുടങ്ങുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ഏറ്റവും ദുഃഖഭരിതമായ വരികള്‍’ എന്ന വിവര്‍ത്തനമാണ് കൂടുതല്‍ പ്രശസ്തി നേടിയത്.



ലോകത്തുള്ള ഒന്നും കവിതയ്ക്ക്‌ അന്യമല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത്‌ വെറും പ്രചാരണവസ്തുവാകരുതെന്ന നിർബന്ധം നെരൂദയ്ക്കുണ്ടായിരുന്നു. ‘അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നൽകി. ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ നീ എന്നെ പഠിപ്പിച്ചു……………. നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ, ഇനിമേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല’ എന്ന്  സ്വന്തം പാര്‍ട്ടിയെ പറ്റി അദ്ദേഹം എഴുതി. ബുക്ക്‌ ഓഫ് ട്വിലൈറ്റ്, ട്വന്റി ലവ് പോയംസ്, റെസിഡന്‍സ് ഓണ്‍ എര്‍ത്ത്, ആര്‍ട്ട്‌ ഓഫ് ബോര്‍ഡ്സ്, സ്റ്റോണ്‍സ് ഓഫ് ചിലി, ദി ഹൗസ് ഇന്‍ ദിസാന്‍ഡ്, വിന്റര്‍ ഗാര്‍ഡന്‍ എന്നിവ നെരൂദയുടെ പ്രശസ്തമായ കവിതകളാണ്. 1973 സെപ്റ്റംബര്‍ 23 ന് അദ്ദേഹം അന്തരിച്ചു.