Thursday 11 July 2019

ഒന്നും അന്യമല്ലാത്ത കവി

ലോകം ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു കവി ഉണ്ടാകുമോ? ലോകം ഒരേ സമയം അംഗീകരിക്കുകയും, സ്നേഹിക്കുകയും ചെയ്ത കവിയാണ്‌ നെരൂദ. 1904 ജൂലൈ 12 ചിലിയിലെ പരാലില്‍ ജനിച്ചു. അമ്മയുടെ അകാല വിയോഗത്തെതുടര്‍ന്ന് അച്ഛനും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു നെരൂദ തന്റെ കുട്ടിക്കാലം ചിലവഴിച്ചത്. നെരൂദ എന്ന തൂലികാ നാമത്തില്‍ 10 വയസ്സുമുതല്‍ കവിതകള്‍ എഴുതിതുടങ്ങി. റിക്കാര്‍ഡോ എലിസെന്‍ നെഫ്താലി റെയ്സ്ബസോ ആള്‍ട്ടോ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പ്രസിദ്ധ ചിലിയന്‍ കവി ഗബ്രിയേല്‍ മിസ്റ്റ്രലിന്റെ സാഹിത്യാഭിരുചികള്‍ ചെറുപ്പം മുതല്‍ക്ക് നെരൂദയെ ആകര്‍ഷിച്ചിരുന്നു. ഇരുപത് വയസ്സായപ്പോഴേക്കും നെരൂദ ചിലിയന്‍ കവി എന്ന വിശേഷണത്തിന് അര്‍ഹനായിരുന്നു. ഭാവഗീതങ്ങളായിരുന്നു നെരൂദയുടെ കവിതയില്‍ ഏറെയും. തന്റെ ആശയങ്ങളെ പിന്തുണക്കാനുള്ള ഉപാധിയായിരുന്നു നെരൂദക്ക് കവിത. കാല്പനികതയും, ഉത്തരാധുനികതയും പ്രതിഫലിക്കുന്ന നെരൂദയുടെ കവിതകളില്‍ ചിലിയന്‍ ജനതയുടെ പ്രശ്നങ്ങളും, ഓരോ കാലഘട്ടത്തിന്റെ ചരിത്രവും  അടങ്ങിയിട്ടുണ്ട്.


ചില രചനകള്‍ക്ക് ആവര്‍ത്തിച്ച് ആവര്‍ത്തിച്ചുള്ള വിവര്‍ത്തനങ്ങള്‍ സംഭവിക്കാറുണ്ട്. എന്തായിരിക്കും അതിന് കാരണം? എത്ര തന്നെ മൊഴിമാറ്റം ചെയ്താലും ഇനിയും അവശേഷിക്കാവുന്ന സൗന്ദര്യമൂല്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നില്ല എന്നതിനാലാണ് ഓരോ വിവര്‍ത്തനവും സംഭവിക്കുന്നത്‌. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും അധികം വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുള്ളത് ‘Tonight I can write the saddest lines’ എന്ന കവിതക്കാണ്.


നഷ്ടപ്രണയത്തിന്റെ വികാരതീവ്രമായ കാവ്യാവിഷ്കാരം അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എന്‍.പി. ചന്ദ്രമോഹന്‍, സി.പി. ശിവദാസന്‍, ആര്‍. വിശ്വനാഥന്‍ തുടങ്ങിയ ഒട്ടേറെ മലയാള സാഹിത്യകാരന്മാരെ ഈ കവിത വിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചു. നെരൂദയുടെ സ്പാനിഷ്‌ ഭാഷയിലെ കവിതക്ക് ഇംഗ്ലീഷില്‍ വന്ന മൊഴിമാറ്റമാണ് മലയാള കവികളെല്ലാം ആധാരമാക്കിയിട്ടുള്ളത്. “കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍’ എന്ന് തുടങ്ങുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ഏറ്റവും ദുഃഖഭരിതമായ വരികള്‍’ എന്ന വിവര്‍ത്തനമാണ് കൂടുതല്‍ പ്രശസ്തി നേടിയത്.



ലോകത്തുള്ള ഒന്നും കവിതയ്ക്ക്‌ അന്യമല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത്‌ വെറും പ്രചാരണവസ്തുവാകരുതെന്ന നിർബന്ധം നെരൂദയ്ക്കുണ്ടായിരുന്നു. ‘അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നൽകി. ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ നീ എന്നെ പഠിപ്പിച്ചു……………. നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ, ഇനിമേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല’ എന്ന്  സ്വന്തം പാര്‍ട്ടിയെ പറ്റി അദ്ദേഹം എഴുതി. ബുക്ക്‌ ഓഫ് ട്വിലൈറ്റ്, ട്വന്റി ലവ് പോയംസ്, റെസിഡന്‍സ് ഓണ്‍ എര്‍ത്ത്, ആര്‍ട്ട്‌ ഓഫ് ബോര്‍ഡ്സ്, സ്റ്റോണ്‍സ് ഓഫ് ചിലി, ദി ഹൗസ് ഇന്‍ ദിസാന്‍ഡ്, വിന്റര്‍ ഗാര്‍ഡന്‍ എന്നിവ നെരൂദയുടെ പ്രശസ്തമായ കവിതകളാണ്. 1973 സെപ്റ്റംബര്‍ 23 ന് അദ്ദേഹം അന്തരിച്ചു.

Friday 24 May 2019

ഗോദ്സെ ആരാധകർ രാജ്യസ്നേഹികളായ ഇലക്ഷൻ


ലോകരാജ്യങ്ങളെ നോക്കൂ. അവിടത്തെ ഭരണകൂടത്തിന്റെ പ്രത്യേകത എന്താണ്? നേതൃസ്ഥാനത്തിരിക്കുന്ന നേതാക്കൾ ഫാസിസ്റ്റുകൾ തന്നെയല്ലേ? അപ്പോൾ പിന്നെ ഇന്ത്യയിൽ എൻ.ഡി.എ-യ്ക്ക് തുടർച്ചയുണ്ടാകുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? നരേന്ദ്രമോദിയെന്ന രാഷ്ട്രീയ പ്രതിയോഗിയെ നേരിടാനാവാത്ത രാഹുൽ ഗാന്ധിയെ മുൻനിർത്തിയുള്ള കോൺഗ്രസിന്റെ പ്രചരണങ്ങൾക്ക് ആയുസ്സില്ലാതെ പോയത് അതുകൊണ്ടുതന്നെയാണ്.

ഗോദ്സെ ആരാധകർ രാജ്യം ഭരിക്കുന്ന ഇന്ത്യ. അവിടെ ഭരണഘടനവരെ മാറ്റിമറിയ്ക്കപ്പെട്ടേക്കാം. സംവരണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് സ്വീകാര്യത ലഭിക്കാം. അപ്പോൾ ആശങ്കപ്പെട്ടിട്ട് ഒരു കാര്യവുമില്ല. അംബേദ്കർ ആശയങ്ങളോട് തികഞ്ഞ അവജ്ഞ വെച്ചു പുലർത്തുന്ന ഈ മത രാഷ്ട്രീയവാദികൾ തകർത്തെറിയുക ഇന്ത്യയുടെ ബഹുസ്വരതയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് ബിജെപി-യെ എതിർക്കാനാവും എന്നൊരു വിശ്വാസമാണ് ഈ ഇലക്ഷനോടെ അസ്തമിക്കുന്നത്. ബിജെപി-യ്ക്ക് കോൺഗ്രസ് ഒരു പ്രതിയോഗിയേ അല്ലാതാവുകയാണ്. അമേഠിയിലടക്കം കോൺഗ്രസിനേറ്റ തിരിച്ചടികൾക്കാണോ അതോ കേരളത്തിലെ വിജയത്തിനാണോ പ്രാധാന്യം നൽകുക? ബിജെപി വിരുദ്ധവികാരമാണ് കേരളത്തിൽ കോൺഗ്രസിന് തുണയായത്. അത് വരും വർഷങ്ങളിൽ തുടരണമെന്നില്ല. ഓരോ ഇലക്ഷൻ കഴിയുമ്പോഴും കോൺഗ്രസ് കുടുതൽ ദുർബലമാകുന്നത് നിങ്ങൾ കാണുന്നില്ല. ഈ ദുർബലമാകൽ ജനാധിപത്യ ഇന്ത്യയ്ക്കേൽക്കുന്ന കനത്ത പ്രഹരമാണ്. 50 സീറ്റിൽ 15- ഉം കേരളത്തിന്റെ സംഭാവനയായ സ്ഥിതിയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി കൊണ്ട് മാത്രം ഇലക്ഷനെ അഭിമുഖീകരിക്കുന്നതായിരിക്കും ഇടതുപക്ഷത്തിന് അഭികാമ്യം. ഇടതുപക്ഷത്തിന്റെ പരാജയം ആഘോഷിക്കുമ്പോൾ ഇപ്പോൾ രുചിക്കുന്ന മധുരം കയ്പാവാൻ അധികം സഞ്ചരിക്കേണ്ടതില്ലെന്ന് ഓർക്കുന്നത് നല്ലതാണ്.

'നാഥുറാം വിനായക് ഗോദ്സെ ഒരു ദേശഭക്തനായിരുന്നു, ഇപ്പോഴും അങ്ങനെയാണ്, ഭാവിയിലും അങ്ങനെയായിരിക്കും' - രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോദ്‌സെയെ കുറിച്ച് ഇങ്ങനെ പറഞ്ഞത് സാധ്വി പ്രജ്ഞസിങ് ഠാകൂറാണ്. അവർ ഇനിമുതൽ ഗാന്ധിജിയുടെ ചിത്രം തൂങ്ങുന്ന ഇന്ത്യൻ പാർലമെൻറിലെ അംഗമായിരിക്കും. നമ്മുടെ രാജ്യം കാവിഭീകരതയിലേക്ക് മാറുന്നത് ചിലർക്ക് ആശ്വാസകരമാണെങ്കിൽ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും അവസ്ഥ അതല്ല. കഴിഞ്ഞ അഞ്ചു വർഷം പശുവിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ, കൊലപാതകങ്ങൾ ഇതെല്ലാം വരുന്ന അഞ്ചു വർഷങ്ങളിൽ തുടരില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? നോട്ടുനിരോധനം, ജി.എസ്.ടി, പെട്രോളിയം വിലവർധന എന്നിങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ട് മാത്രം സൃഷ്ടിച്ചതായിരുന്നു മോദിയുടെ ഭരണം. ആ ഭരണത്തിനാണ് തുടർച്ചയുണ്ടാകുന്നത്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ മറക്കുകയും മറപ്പിക്കുകയും ചെയ്യുന്ന തരത്തിൽ തീവ്രദേശീയതയുടെയും ഹിന്ദു ധ്രുവീകരണത്തിന്റെയും ഓളം സൃഷ്ടിക്കുന്നതിൽ ബി.ജെ.പി വിജയിച്ചിരിക്കുന്നു.


ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തെ പുൽവാമയ്ക്കു മുമ്പും ശേഷവുമെന്ന് തരംതിരിക്കേണ്ടിവരും. എങ്കിൽ മാത്രമേ ദേശസുരക്ഷയെ ആളിക്കത്തിച്ചുകൊണ്ട് മോദി - ഷാ ദ്വയം എൻ.ഡി.എ -യുടെ രണ്ടാം വരവ് അരക്കിട്ടുറപ്പിച്ചതെങ്ങനെയെന്ന് മനസ്സിലാവുകയുള്ളൂ. ഇലക്ഷനോടടുപ്പിച്ചുണ്ടായ ഭീകരാക്രമണത്തെ ദേശീയ മാധ്യമങ്ങളടക്കം സംശയത്തോടെ വീക്ഷിച്ചത് എന്തുകൊണ്ടായിരുന്നെന്ന് മനസ്സിലാകുന്നുണ്ടെങ്കിൽ നല്ലത്. പക്ഷെ അതൊക്കെ ചോദ്യം ചെയ്താൽ രാജദ്രോഹിയാകുമെന്നതിനാൽ വായ മൂടി കെട്ടിയിരിക്കാം. ഗോദ്സെ രാഷ്ട്രപിതാവിനേക്കാൾ ശ്രേഷ്ഠനാണെന്ന് ജയ് വിളിക്കാം. ഇന്ത്യയുടെ ബഹുസ്വരതയെ ഏകസ്വരത്തിലേക്ക് വലിച്ചുകെട്ടാം. ഇത്തരം അജണ്ഡകളെ തൂത്തെറിയാൻ ജനാധിപത്യ ജാഗ്രത പുലർത്തേണ്ടതായുണ്ട്.

കഴിഞ്ഞ അഞ്ചു വർഷങ്ങളെ പോലെ വരുന്ന അഞ്ചു വർഷവും കോപ്പറേറ്റുകൾക്ക് നേട്ടമുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തെ കർഷകരുടെ സ്ഥിതിയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടായാൽ നന്ന് എന്നു മാത്രമേ പറയാനാവൂ.

Wednesday 8 May 2019

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ലെങ്കില്‍ മറ്റ് ആനകളെ പൂരത്തിന് നല്‍കരുത്‌



തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പറയുന്നു. വലിയ പ്രതീക്ഷയോടെയാണ് ഈ തീരുമാനത്തെ കാണുന്നത്. വെയിലും മഴയും കൊള്ളിച്ച് ആ മൃഗത്തോട് കാട്ടുന്ന ക്രൂരതയ്ക്ക് കുറച്ച് കാലത്തേക്കെങ്കിലും അന്ത്യം ഉണ്ടാകുമല്ലോ! കരിയും കരിമരുന്നും തീര്‍ക്കുന്ന അപകടകരമായ സാഹചര്യങ്ങളെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരിക്കുന്നവര്‍ തന്നെയാണ്‌ ആചാരത്തിന്റെ പേരില്‍ മരണകെണികളൊരുക്കുന്നത്.
അപകട സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് കൈക്കൊള്ളുന്ന ഉത്തരം തീരുമാനങ്ങള്‍ക്ക് നേരെ ശക്തമായി ശബ്ദമുയര്‍ത്തണം. എന്നിട്ട് അപകടെ നടന്നുകഴിയുമ്പോള്‍ അതിന്റെ പേരില്‍ ഹാഷ് ടാഗിട്ട് പ്രതിഷേധിക്കണം. പിന്നെ വീണ്ടും കരിയും കരിമരുന്നും ആവര്‍ത്തിക്കണം. എത്രകൊണ്ടാലും പഠിക്കാത്ത ഒരു ജനത. അവര്‍ക്ക് ന്യായീകരിക്കാന്‍ ഒരു വാക്ക്, ആചാരം!
ആന വരുത്തുന്ന നാശങ്ങള്‍ക്ക് ആന ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങണം. വന-വന്യജീവി നിയമങ്ങള്‍ ശക്തമാകേണ്ടതുണ്ട്. വന്യജീവിയായ ആനയ്ക്ക് അതര്‍ഹിക്കുന്ന പരിരക്ഷ ലഭ്യമാകേണ്ടതുണ്ട്.

Wednesday 1 May 2019

സൈബറിടത്തെ ആസിഡാക്രമങ്ങള്‍




സമൂഹമാധ്യമങ്ങളില്‍ നിരന്തരം അതിക്രമങ്ങള്‍ക്ക് വിധേയമായ വ്യക്തിയാണ് പാര്‍വതി. എന്തുകൊണ്ടാണ് പാര്‍വതിയ്ക്കുനേരെ ഇത്രയേറെ അതിക്രമങ്ങള്‍ നടക്കുന്നത്? ഒരോ അക്രമങ്ങളെയും തന്റെ ഉയര്‍പ്പിനാല്‍ തോല്പിക്കുകയും കൂടുതല്‍ ശക്തമായി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് അവര്‍. ഇതുതന്നെയാണ് പാര്‍വതിയ്ക്കുനേരെ തിരിയാന്‍ ആണധികാരകേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത്. ഭയപ്പെടുത്തി അധികാര വരുതിയില്‍ നിര്‍ത്താം എന്നു കരുതിയെങ്കില്‍ അതിനെയെല്ലാം പൊളിച്ചുകളയുന്ന സമീപനമാണ് പാര്‍വതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അവസരങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അത് സ്വയം സൃഷ്ടിക്കും എന്നു പറഞ്ഞ പാര്‍വതിയ്ക്ക് അഹങ്കാരിയെന്ന ലേബല്‍ ചാര്‍ത്തികൊടുക്കാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്.

പേരിനൊപ്പം മേനോന്‍ എന്ന ജാതിവാലിന്റെ ആവശ്യമില്ലെന്ന് തുറന്നു പറഞ്ഞ പാര്‍വതി മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി തിരുവോത്ത് എന്ന പുതിയ പേര് അനൗണ്‍സ് ചെയ്തത്. പാര്‍വതി എന്ന നടിയുടെ നിലപാടുകളുടെ ടേക്ക് ഓഫായിരുന്നു അത്. തുടര്‍ന്നാണ് പാര്‍വതി എന്ന നടിയെ മലയാളികള്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പാര്‍വതി നടത്തിയ ഈ ടേക്ക് ഓഫ് മലയാളി സമൂഹം മനസ്സിലാക്കി തുടങ്ങുകയും കുറച്ചുപേരെങ്കിലും അത്തരം മാറ്റങ്ങളെ സ്വീകരിക്കാന്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന സമയത്തുപോലും കായിക താരത്തിന്റെ ജാതി നോക്കുന്ന സവിശേഷ സ്വഭാവമുള്ളവര്‍ക്ക് ഇത്തരത്തില്‍ തന്റേടം കാട്ടുന്ന ഒരു പെണ്ണിനെ ഉള്‍ക്കൊള്ളാനാവില്ല എന്ന് തീര്‍ച്ചയാണ്.

ഫെമിനിച്ചി എന്ന പദത്തെ വലിയ തെറിയായി കാണുന്ന ആണ്‍ബോധങ്ങള്‍ക്കു നേരെയുള്ള ശക്തമായ പ്രഹരമായിരുന്നു ജൂഡ് ആന്റണിയ്ക്ക് കൊടുത്ത മറുപടി. തന്നെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിനോട് ഉപമിച്ച ജൂഡ് ആന്റണിയോട് ഓട് മലരേ കണ്ടം വഴി(OMKV) എന്ന് സോഷ്യല്‍ മീഡിയയിലൂടെ പര്‍വതി മറുപടി കൊടുത്തു. ജൂഡിനുള്ള ആ മറുപടിയായിരുന്നു അതെങ്കിലും ചെന്നുതറച്ചത് ആണധികാരകേന്ദ്രങ്ങളിലാണ്‌. പിന്നെ നാം കണ്ടത് വെര്‍ബല്‍ അബ്യൂസിന്റെ ഘോഷയാത്രയാണ്. തനിക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളില്‍ അവര്‍ തളരുന്നില്ലെന്ന് കണ്ടിട്ടും അവരെ പിന്‍തുടര്‍ന്ന് അക്രമിക്കാന്‍ വേണ്ടി ഈ അധികാരകേന്ദ്രങ്ങള്‍ തയ്യാറായികൊണ്ടിരുന്നു.



ശബരിമല വിഷയത്തിലും, നടി ആക്രമിക്കപ്പെട്ടപ്പോഴും അവര്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. 'സ്ത്രീപക്ഷ സിനിമ പുരുഷ പക്ഷ സിനിമ എന്ന വിവേചനങ്ങള്‍ക്കപ്പുറം സിനിമയെ Equalise ചെയ്തു കാണാന്‍ നമുക്ക് കഴിയണം. സിനിമയെ ഹീറോയിന്‍ സിനിമ എന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല, കാരണം ഹീറോ ഓറിയന്റഡ് എന്ന് ആരുതന്നെ പറയുന്നില്ല, അതുകൊണ്ട് അത്തരം രീതികള്‍ മാറണം' പാര്‍വതി പറയുന്നു. നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന പാര്‍വതി തന്നെപോലുള്ള ഒരുപാട് സ്ത്രീകളുടെ ശബ്ദമാകുകയാണ്.

ജീവിക്കുന്ന സമൂഹത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ബോധവും, നിലപാടുകളും, താന്‍ ഇടപെടുന്ന മേഖലയിലും മാറേണ്ടേ കാഴ്ചപ്പാടുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു സ്ത്രീയെ ആണ് അവരുടെ ഫെയ്‌സ്ബുക്കില്‍ പോയി തെറിവിളിച്ചും, ഡീഗ്രയ്ഡ് ചെയ്തും തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. സൈബറിടത്തെ വാക്കാസിഡാക്രമങ്ങള്‍ കൊണ്ട്‌ നിങ്ങള്‍ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്ന ഈ ആധികാരത്തിന് അധികദൂരം താണ്ടാനാവുകയില്ല. അത് തളര്‍ന്നുകൊണ്ടിരിക്കികയാണ്. നിങ്ങള്‍ അറിയുന്നില്ലെങ്കിലും ആ അധികാരത്തിന്റെ ജീര്‍ണതകളില്‍ നിന്ന് ഒരുമാറ്റം സാധ്യമാണ്.













Monday 29 April 2019

ദേശഭക്തർ ആർക്ക് വോട്ട് ചെയ്യും?



ദേശഭക്തർ ആർക്ക് വോട്ട് ചെയ്യും? ചൗക്കിദാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദിക്കാണോ അതോ ബി.എസ്.എഫിൽ കോൺസ്റ്റബിൾ ആയിരുന്ന തേജ് ബഹാദൂർ യാദവിനോ? ജമ്മു കശ്മീരില്‍ ബി.എസ്.എഫിൽ കോൺസ്റ്റബൾ ആയിരിക്കെ 2017-ൽ സുഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യാദവ് നമുക്ക് സുപരിചിതനാകുന്നത്‌.

സൈനികർക്ക് ഭക്ഷണത്തിനായി അനുവദിക്കുന്ന തുകയിൽ വലിയ
ശതമാനം ആരൊക്കെയോ കൈയ്യടക്കി വെച്ചിരിക്കുകയാണ്.  അതുകൊണ്ട്‌
സൈനികര്‍ക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ല. വസ്ത്രത്തിനു വേണ്ടി അനുവദിക്കുന്ന തുകയുടെ 30% മാത്രമാണ് ചിലവഴിക്കുന്നത്. ഈ ദുരവസ്ഥ പലവട്ടം പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കുന്നില്ല എന്ന് സോഷ്യൽ മീഡിയ വഴി രാജ്യത്തോട് തുറന്നു പറയുകയായിരുന്നു തേജ് ബഹാദൂര്‍ യാദവ്‌. ഇത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

മോദിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് യാദവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നിര്‍ണായക മത്സരം നടക്കുന്ന മണ്ഡലത്തില്‍ സൈനികനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ എസ്പി തീരുമാനിക്കുകയായിരുന്നു.

അഴിമതി ചൂണ്ടികാട്ടിയതിന്റെ പേരിലാണ് തന്നെ പിരിച്ചുവിട്ടത്. അതുകൊണ്ടുതന്നെ സൈന്യത്തിനകത്തെ അഴിമതി തുടച്ചു നീക്കാനുള്ള കാര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നതായിരിക്കും തന്റെ ലക്ഷ്യമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി യാദവ് പറഞ്ഞു.

ധീരജവാന്മാരുടെ പേരില്‍ മോദി വോട്ട് ചോദിക്കുന്ന പശ്ചാത്തലത്തില്‍ യാദവിന്റെ സ്ഥാനാര്‍ഥിത്വത്തിന് പ്രസക്തിയേറുന്നു. ഇപ്പോള്‍ പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ്. ഈ തിരഞ്ഞെടുപ്പില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിയോഗിയായി കാണുന്ന നരേന്ദ്രമോദിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി തേജ് ബഹാദൂര്‍ യാദവ് മാറുമോ? സ്വന്തം സ്ഥാനാര്‍ഥി അജയ് റായിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് തേജ് ബഹാദൂര്‍ യാദവിനെ പിന്തുണ പ്രഖ്യാപിച്ചാലേ ഇത് സാധ്യമാവൂ. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച തേജ് ബഹാദൂര്‍ യാദവിന് വേണ്ടി സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയായിരുന്നു സമാജ് വാദ് പാര്‍ട്ടി.

മോദിക്കെതിരെ ഒന്നിച്ചു നിൽക്കാത്ത വാരണാസിയിലെ സാഹചര്യം പ്രതിപക്ഷ പാർട്ടികളുടെ ഐക്യമില്ലായ്മക്കും സാർഥ താല്പര്യങ്ങൾക്കും തെളിവായി ഉയർത്തിക്കാണിക്കപ്പെടും. പ്രിയങ്ക ഗാന്ധി വാരണാസിയില്ലെന്നു വന്നതോടെ, മോദിക്കെതിരെ ശക്തമായ പോരാട്ടം നടക്കണമെങ്കിൽ സംയുക്ത പ്രതിപക്ഷ നേതാവായി തേജ് ബഹാദൂർ യാദവ് മാറേണ്ടതുണ്ട്‌.

തന്നെ വിമര്‍ശിക്കുന്നത് സൈന്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്ന് പ്രസ്താവനയിറക്കാന്‍ മടിയില്ലാത്ത ഒരു ഭരണാധികാരിക്കെതിരെ മത്സരിക്കുകയാണ് തേജ് ബഹാദൂര്‍ യാദവ്. സൈന്യത്തിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച പേരില്‍ പുറത്താക്കപ്പെട്ട സൈനികനാണ് ഇപ്പോള്‍ ജനവിധി തേടുന്നത്. ദേശഭക്തര്‍ ആര്‍ക്കാണ് ഈ അവസരത്തില്‍ വോട്ടുചെയ്യുക? രാജ്യത്തിന്റെ ചൗക്കിദാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദിക്കോ അതോ സൈന്യത്തിനകത്തെ അഴിമതി തുറന്നുകാട്ടിയ തേജ് ബഹാദൂര്‍ യാദവിനോ?

Wednesday 24 April 2019

ഓര്‍മ്മയുടെ തിരകള്‍


കൗതുകങ്ങളടങ്ങാത്ത കുട്ടിയുടെ മനസ്സുമായാണ് കടല്‍ക്കരയിലെത്തുക. ഒന്നിനുപുറകെ ഒന്നായെത്തുന്ന തിരകളില്‍ നോക്കിയിരിക്കും. പതിയെ മറവിയിലേക്കെറിയാന്‍ വെച്ചതെല്ലാം ഉള്ളില്‍ പിടഞ്ഞെണീക്കും.




Azheekal Beach, Mobile Photography

Saturday 20 April 2019

ആലത്തൂര്‍ സംവരണ സീറ്റാണ്: അവിടെ മത്സരിക്കുന്ന രമ്യ അത് ചിന്തിക്കേണ്ടിയിരിക്കുന്നു



എ. വിജയരാഘവനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചിതിനു പിന്നാലെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആലത്തൂരിലെ യൂഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.  'മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാഴ്ന്നു' എന്ന് രമ്യ പറയുന്നു. ഇതിലൂടെ രമ്യ അര്‍ത്ഥമാക്കുന്നത് എന്താണ്? രാഷ്ട്രീയ ജാഗ്രതയില്ലാത്ത രമ്യയുടെ ഇത്തരം പ്രസ്ഥാവനകള്‍ അവരെ തന്നെ തിരിഞ്ഞുകൊത്തും എന്ന് തീര്‍ച്ച. തൂപ്പുകാരന്റെ ജോലി മോശമാണ് എന്ന അര്‍ത്ഥം ഉല്പാദിപ്പിക്കുന്നത് തന്നെയാണ് രമ്യയുടെ പുതിയ പ്രസ്ഥാവന.

ഒരു ജോലിയെ തരം താഴത്തുമ്പോള്‍ ആ ജോലി ചെയ്യുന്ന ജനതയെ മൊത്തമായി അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. രമ്യയ്ക്ക് ഡിജിപിയെയും, മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിക്കാം. എന്നാലത് ഒരു ജനവിഭാഗത്തെ അധിക്ഷേപിച്ചുകൊണ്ടാകരുത്.
ഏത് തൊഴിലിനും മാന്യതയുണ്ടെന്ന് പറഞ്ഞ വ്യക്തിയാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ യുവ നേതാവ് ഒരു വിഭാഗത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള രാഷ്ട്രീയ ജാഗ്രതയാണ് നമുക്ക് വിദ്യാഭ്യാസം നല്‍കിയിട്ടുള്ളത്.


പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം രമ്യയ്‌ക്കെതിരെയും ഈ അവസരത്തില്‍ ഉയരേണ്ടതുണ്ട്. ഓരോ വാക്കിലും പൊളിറ്റിക്കല്‍ കറക്റ്റനസ്സ് അളക്കുന്ന കാലത്ത് അതില്ലാത്ത ഒരു വ്യക്തിയെ ജനപ്രതിനിധിയായി ജയിപ്പിച്ചുവിടേണ്ട ആവശ്യമെന്താണ്? ആലത്തൂര്‍ സംവരണ സീറ്റാണ്. കുറഞ്ഞപക്ഷം അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെങ്കിലും അത് ചിന്തിക്കേണ്ടിയിരിക്കുന്നു.

Friday 19 April 2019

ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് സായ് പല്ലവി



സിനിമയിലാണെങ്കിലും  ജീവിതത്തിലാണെങ്കിലും മേക്കപ്പിനോട് താല്പര്യമില്ലാത്ത നടിയാണ് സായ്പല്ലവി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ അപൂര്‍വ്വമായെ താരം മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു. ഇപ്പോഴിതാ രണ്ടുകോടി രൂപ പ്രതിഫലം ലഭിക്കുന്ന പരസ്യത്തില്‍ നിന്നും താരം പിന്മാറിയിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്റെ പരസ്യമാണ് താരം വേണ്ടെന്ന് വെച്ചത്. സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ് പുതിയ തീരുമാനമെങ്കിലും ഇത്തരം നിലപാടുകള്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കേണ്ടതാണ്.


കറുപ്പും വെളുപ്പും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലം കുറെയായി. വെളുപ്പ് എന്നത്തെയുംപോലെ വരേണ്യതയുടെ ചിഹ്നമായി ഇന്നും നിലനില്‍ക്കുന്നു. ഈ വര്‍ണ്ണവെറി ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ലോകത്ത് നടന്നിട്ടുണ്ട്. പക്ഷെ കറുപ്പിനോടുള്ള വിരോധം ലേകത്തുനിന്ന് പൂര്‍ണ്ണമായും മാറ്റിയെടുക്കാനോ ഇല്ലാതാക്കാനോ കഴിഞ്ഞിട്ടില്ല.

കറുപ്പിന് ഏഴഴകാണെന്ന് പറയുമെങ്കിലും വൈരൂപ്യത്തിന്റെ പര്യാമായാണ് പലരും കറുപ്പിനെ കാണുന്നത്. അതുകൊണ്ടാണ് ഇത്രയധികം ഫെയര്‍നെസ്സ് ക്രീമുകള്‍ വിപണിയില്‍ ലഭ്യമാകുന്നത്.
വര്‍ഷം 18% വളര്‍ച്ചയാണ് ഫെയര്‍നെസ്സ് ക്രീമുകളുടെ വിപണിയില്‍ ഉണ്ടാകുന്നത്. ഇത് വിപണിയുടെ വളര്‍ച്ചയായല്ല കാണേണ്ടത്. നിറമില്ലാത്തതിന്റെ പേരില്‍ മാനസ്സിക സമ്മര്‍ദ്ദമനുഭവിക്കുന്നവരുടെ നിരക്കില്‍ വലിയ വളര്‍ച്ചയുണ്ടാകുന്നു എന്ന സത്യമാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്.
പ്രതീക്ഷ വിറ്റുകൊണ്ട് വിപണി കയ്യടക്കിയിരിക്കുകയാണ് ഫെയര്‍നെസ്സ് ക്രീമുകള്‍. അവരുടെ വിപണന താല്പര്യങ്ങള്‍ക്ക് തലവെച്ചുകൊടുക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കാനും താന്‍ തയ്യാറല്ല എന്നുതന്നെയാണ് സായ് പല്ലവി പറയുന്നത്. മറ്റുപല താരങ്ങള്‍ക്കുമില്ലാത്തതാണ് (കങ്കണയും ലക്ഷ്മി ഗോപാലസ്വാമിയും ഫെയര്‍നെസ്സ് ക്രീമുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുകയില്ലെന്ന അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്) ഇത്തരം നിലപാടുകള്‍.

സിനിമയില്‍ സാധാരണ കറുത്ത ഉടലുകളുടെ കഥ പറയാന്‍ വെളുത്ത ശരീരങ്ങളില്‍ ചായം പൂശിയാണ് അവതരിപ്പിക്കാറ്. ഇത്തരത്തില്‍ വെളുത്ത ഉടലുകള്‍ തന്നെ കറുപ്പിനെ അടയാളപ്പെടുത്തുന്നതോടെ മുഖ്യധാരയില്‍ നിന്നും കറുത്ത ഉടലുകള്‍ കൃത്യമായി പിന്‍വാങ്ങും. ചെറിയ വേഷങ്ങളില്‍ ഒതുക്കപ്പെടുകയും ചെയ്യും. ഇതിനെതിരെ ശബ്ദമുയര്‍ത്താനും, സ്വന്തം കറുപ്പില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് പറയാനും ആര്‍ജ്ജവം കാണിച്ച ഏകനടി നന്ദിത ദാസാണ്‌. 'ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍' എന്ന പേരില്‍ കറുപ്പിനെ പ്രകീര്‍ത്തിച്ച് അവരൊരു പ്രചാരണ പരിപാടി തന്നെ നടത്തി.

വെളുപ്പിനെ പ്രകീര്‍ത്തിച്ച് പുണ്യവല്‍ക്കരിക്കുന്ന പ്രവണതകളെ എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അത്‌ ശരീരത്തില്‍ കറുത്ത നിറം വാരി തേച്ച് നടത്തുന്ന പ്രഹസനങ്ങളിലൂടെയാവരുത്. കറുത്ത ചായം പൂശിയതുകൊണ്ട് കറുത്തവര്‍ അനുഭവിക്കുന്ന സാമൂഹിക വെല്ലുവിളികളില്‍ കൂടി കടന്നുപോകുമെന്ന് കരുതുന്നുവെങ്കില്‍ വിവരക്കേടാണ്, അതൊരുതരത്തില്‍ ക്രൂരതകൂടിയാണ്‌. വെളുത്ത ശരീരത്തില്‍ കറുപ്പ് തേച്ച് സിനിമയില്‍ കാണിക്കുന്ന പ്രച്ഛന്നവേഷങ്ങളില്‍ നിന്നും ഇവയ്ക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. കറുത്ത ശരീരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന ഇത്തരം പ്രഹസനങ്ങള്‍ക്ക് വലിയ കഴമ്പില്ല എന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കുക.

തൊലിയുടെ  നിറത്തിന്റെ പേരിലല്ല, മറിച്ച് കഴിവിന്റെ പേരിലാണ് ഓരോ വ്യക്തിയും അംഗീകരിക്കപ്പെടേണ്ടത്.


Wednesday 17 April 2019

ഇന്ന് മക്കൊണ്ടോയുടെ മാന്ത്രികന്റെ ഓര്‍മ്മദിനം

ജീവിച്ചതല്ല ജീവിതം,
നാം ഓര്‍മ്മയില്‍ വെക്കുന്നതാണ്...
പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി
നാം ഓര്‍മ്മയില്‍ വൊക്കുന്നതാണ് ജീവിതം
                                                                                 - ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ്‌


My Drawing

#IvorySheet, #CharcoalPencil, Rajinikanth

Saturday 13 April 2019

കമല്‍ ഹാസന്‍ സങ്കീര്‍ണ്ണനായ രാഷ്ട്രീയക്കാരന്‍



മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി തമിഴ് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് കമല്‍ഹാസന്‍. ഇന്ത്യയിലെയും തമിഴ്‌നാട്ടിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കനത്ത വിമര്‍ശകന്‍ കൂടിയായ അദ്ദേഹം ലോകസഭാ ഇലക്ഷനില്‍ മത്സരിക്കുന്നില്ല. എന്നാല്‍ മക്കള്‍ നീതി മയ്യം തമിഴ് നാട്ടിലെ 39 സീറ്റുകളിലും മത്സരിക്കുന്നുമുണ്ട്. ബാറ്ററി- ടോര്‍ച്ചാണ് പാര്‍ട്ടിയുടെ ചിഹ്നം. തമിഴ് രാഷ്ട്രീയത്തില്‍ പുതിയൊരുപാത തെളിയിക്കാന്‍ കമല്‍ഹാസന് കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

സ്‌ക്രീനില്‍ വലിയ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന കമല്‍ ഹാസനില്‍ നിന്ന് അത്തരമൊരു മാസ്മരികത ചെറിയ വിഭാഗം വേട്ടര്‍മാരും പ്രതീക്ഷിക്കുന്നുണ്ട്. സിനിമയുടെ വിവിധങ്ങളായ വഴികളിലൂടെ നടന്ന് വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത ഈ ബഹുമുഖപ്രതിഭ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്.



സ്‌ക്രീനിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് വെച്ച് നോക്കുമ്പോള്‍ ഇതുവരെയുള്ള രാഷ്ട്രീയ വഴി നിശ്ശബ്ദമായിരുന്നു. എന്നാല്‍ ആ നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് നിലവിലെ സാഹചര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാഷ്ട്രീയ പോരിന് അദ്ദേഹം തയ്യാറായി കഴിഞ്ഞു.




ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്ന കമല്‍ഹാസന്റെ രാഷ്ട്രീയം സംസ്ഥാനത്തിന്റെ നിരീശ്വരവാദത്തിലൂന്നിയ ദ്രാവിഡ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. അത് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ യുവ തലമുറയ്ക്ക് കഴിയും എന്ന കാര്യത്തില്‍ സംശയമാണ്. എന്നാല്‍, 2019 തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്നും എഐഎഡിഎംകെയില്‍ നിന്നും അദ്ദേഹം അകലം പാലിച്ചിട്ടുണ്ട്. അതേ സമയം ഇടതുപക്ഷത്തിന് കൈകൊടുക്കുന്നുമുണ്ട്. രണ്ടുതവണ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും, പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്റെ പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ താല്പര്യമുണ്ടെങ്കില്‍ സന്തോഷമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡിഎംകെയെ പോലെ വിശ്വസനീയമായൊരു സഖ്യം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പണമെറിഞ്ഞ് വോട്ടുനേടുന്ന തമിഴ് രാഷ്ട്രീയത്തില്‍ മക്കള്‍ നീതി മയ്യം അത്രവലിയ പാര്‍ട്ടിയല്ല. കൈയില്‍ ചെളി പുരുളാന്‍ ആഗ്രഹിക്കാത്ത മധ്യവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. 'ദാരിദ്ര്യം മാറ്റാന്‍ ഫ്രീയായി സ്‌കൂട്ടറും വാഷിങ് മെഷിനും അയ്യായിരം രൂപ ചിലവിനും കൊടുക്കലല്ല വഴി. ദാരിദ്ര്യം നിരന്തരമായി ഇല്ലാതാക്കാനുള്ള വഴി കാണണം' എന്ന് കമല്‍ഹാസന്‍ പറയുന്നു. ഇത്തരം വ്യത്യസ്ത ചിന്തകളിലൂടെ തന്നെയായിരിക്കും തമിഴ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ടോര്‍ച്ചടിക്കുക. എന്നാല്‍ തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയാവുക എന്നത് ഏറെ സങ്കീര്‍ണ്ണവും, വെല്ലുവിളി നിറഞ്ഞതുമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Friday 12 April 2019

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് നൂറ് വര്‍ഷം


പഞ്ചഭൂഖണ്ഡങ്ങളിലും വ്യാപിച്ചുകിടക്കുന്ന കോളനികളുടെ അധീശത്വത്തിലൂടെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപൊക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് (1921-നു ശേഷം വടക്കന്‍ ഭാഗം മാത്രം) എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു കൊച്ചുദ്വീപ് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി രൂപപ്പെട്ടു. മനുഷ്യ കബന്ധങ്ങളില്‍ കെട്ടിപ്പെടുത്തതാണ് ബ്രിട്ടന്റെ ഈ സാമ്രാജ്യം എന്ന് നിസ്സംശയം പറയാം.

കൊളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യം ചെയ്തുകൂട്ടിയ നിരവധി ക്രൂരകൃത്യങ്ങളില്‍ ഏറ്റവും ക്രൂരമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല. ഇന്ത്യന്‍ സ്വാതന്ത്യസമരത്തിന്റെ ചരിത്രത്തില്‍ ചുടുചോരകൊണ്ട് അടയാളപ്പെട്ട അധ്യായമാണ് ജാലിയന്‍വാലാ ബാഗ്. 1919 ഏപ്രില്‍ 13-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ ജഡ്ജിയായിരുന്ന സര്‍ സിഡ്‌നി റൗലറ്റ് രൂപപ്പെടുത്തുകയും  ഡല്‍ഹിയിലെ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പാസാക്കുകയും ചെയ്ത, 'റൗലറ്റ് ആക്ട്‌' എന്ന പേരില്‍ കുപ്രസിദ്ധി നേടിയ 'അനാര്‍ക്കിക്കല്‍ ആന്‍ഡ് റെവലൂഷനറി ക്രൈംസ് ആക്ട് 1919' എന്ന കരിനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അമൃത്സറിലെ ജാലിയന്‍വാലാ പാര്‍ക്കില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്കുനേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയാണ് ചെയ്തത്. ബ്രിട്ടീഷ് കേണലായ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തില്‍ നടന്ന ഈ വെടിവെപ്പാണ് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെടുന്നത്. നിരായുധരായ ആയിരത്തിലേറെ പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്.

സ്രാമ്രാജ്യത്വം അന്നും ഇന്നും കൂട്ടക്കൊലകളുടെ നടത്തിപ്പുകാരാണ്. അവര്‍ ചെയ്ത ക്രൂരതകള്‍ക്ക്, മാനവരാശിക്കുമേല്‍ അവര്‍ ഏല്പിച്ച ആഘാതങ്ങള്‍ക്ക് നീതിപൂര്‍വമായ പരിഹാരം എങ്ങനെയാണ് നല്‍കാനാവുക? ആര്‍ക്കാണ് നല്‍കാനാവുക?

ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഇന്ത്യയില്‍ നടത്തിയ അരുതായ്മകള്‍ക്കെല്ലാം നഷ്ടപരിഹാരം വേണമെന്നുമുള്ള ആവശ്യം ബ്രിട്ടീഷ് സദസ്സുകളില്‍ ശശി തരൂര്‍ നിരന്തരം ഉന്നയിക്കാറുണ്ടായിരുന്നു. ജാലിയന്‍വാലാ ബാഗ് ശതാബ്ദിയിലേക്ക് കടക്കുന്ന അവസരത്തില്‍ ഈ ആവശ്യം ശക്തിപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ വംശജനും ലേബര്‍ പാര്‍ട്ടി എംപിയുമായ വിരേന്ദര്‍ ശര്‍മ ബ്രിട്ടന്‍ ഔദ്യോഗികമായി മാപ്പ് പറയണമെന്ന പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രസ്തുത പ്രമേയം ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 10-ന്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ പേരില്‍ ഖേദപ്രകടനം നടത്തിയത്. എന്നാല്‍, അല്പമെങ്കിലും ധാര്‍മ്മികത ബാക്കിയുണ്ടെങ്കില്‍ ബ്രിട്ടന്‍ മാപ്പ് പറയേണ്ടതാണ്. പക്ഷെ, അവരത് ചെയ്യില്ല! കാരണം മാപ്പ് പറഞ്ഞുകഴിഞ്ഞാല്‍ യൂറോപ്യന്‍ നിയമങ്ങള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടിവരും. അതുകൊണ്ടാണ് വെറുമൊരു ഖേദപ്രകടനത്തില്‍ ഒതുക്കിയത്.