Tuesday 18 May 2021

ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെ പാർട്ടിയ്ക്കക്ക് ന്യായീകരിക്കാനാവില്ല


മുഖ്യമന്ത്രിയും പുതിയ ആൾ വരട്ടെ! നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാകണം. സിപിഎം റീപ്ലെയ്സ് ചെയ്യാൻ സാധിക്കാത്ത മന്ത്രിയാണോ പിണറായി വിജയൻ? കെ കെ ശൈലജ ടീച്ചർക്കു വേണ്ടി വാദിക്കുന്നത് വൈകാരിക പ്രകടനമാണെന്ന് പറയുന്നവർ ആദ്യം മനസ്സിലാക്കേണ്ടത് പാർട്ടിക്കുള്ളിൽ സൂക്ഷ്മ തലത്തിൽ ജെൻഡർ വർക്ക് ചെയ്യുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെയാണ് ടേം വ്യവസ്ഥയിൽ പിണറായി വിജയന് ആനുകൂല്യം ലഭിക്കുന്നത്. അതിലൊരു ശരികേടും കാണാത്തത് അന്ധത തന്നെയാണ്. 

1994 ജനുവരി ഒന്നിന് കെ.ആർ. ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയത് എന്തിനായിരുന്നു? കെ.കെ. ശൈലജ ടീച്ചറെ തഴഞ്ഞതെന്തിനായിരുന്നു എന്നീ ചോദ്യങ്ങളുടെ ഉത്തരം ജെൻഡർ എന്നു തന്നെയെന്ന് പറയേണ്ടിവരും. LDF മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാരില്ലേ എന്നാണ് ചോദ്യമെങ്കിൽ, ഉത്തരം ഇത്രയേയുള്ളൂ: കേരളം LDF തുടർച്ച ആഗ്രഹിച്ചത് LDF മന്ത്രിസഭയുടെ സംഘാടന മികവുകൊണ്ടായിരുന്നു. ലോകം മുഴുവൻ വിറങ്ങലിച്ചു നിന്നപ്പോൾ കോവിഡിനെ ഫലപ്രദമായി ചെറുത്ത ശൈലജ ടീച്ചറുടെ സംഘാടന മികവിനെ പ്രശംസിക്കാതിരിക്കാനാവില്ല. ലോകം കേരളത്തിലെ ഒരു വനിതാ നേതാവിനെ ആദരിച്ചിട്ടുണ്ടെങ്കിൽ അത് കെ കെ ശൈലജ ടീച്ചറെ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കൈക്കാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ അവസ്ഥ എന്തായിരുന്നു എന്ന് കഴിഞ്ഞ അഞ്ചു വർഷം കേരളം കണ്ടതാണ്. പരാജിതനായ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു പിണറായി എന്നും ഈ അവസരത്തിൽ വിസ്മരിക്കരുത്.

61,000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.കെ. ശൈലജ ടീച്ചർ മട്ടന്നൂരിൽ നിന്ന് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ മറ്റാർക്കും നേടാനാകാത്ത വിജയം. അതവരുടെ പ്രവർത്തന മികവിന്റെ കൂടി അംഗീകാരമാണ്. എന്തൊക്കെ ന്യായീകരണങ്ങൾ നടത്തിയാലും പാർട്ടിയുടെ ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ല.

നൂറാം വാർഷികത്തിൽ ലഡുവും കൊണ്ട് ചെന്നുകണ്ടാലോ, മരണശേഷം പാർട്ടി പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചതു കൊണ്ടോ കാര്യമില്ല. നീതി കാട്ടേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്.

പാർട്ടിയുടെ ഏത് നിയമത്തിലാണ് ക്യാപ്റ്റനെന്ന് പിണറായി വിജയനെ അഭിസംബോധന ചെയ്യുന്ന ശീലം പെടുക? ജനങ്ങൾ ക്യാപ്റ്റനെന്ന് വിളിച്ചു തുടങ്ങിയപ്പോൾ പാർട്ടി വിലക്കിയിരുന്നോ? ഇഴകീറി പരിശോധിക്കണം. വീഴ്ചവന്ന അവസരങ്ങൾ മനസ്സിലാകും. അത് തിരുത്തി വേണം മുന്നേറാൻ. അല്ലെങ്കിൽ ഈ ചരിത്രത്തിന്റെ ഭാരം താങ്ങാനാവാതെ വേച്ചു പോകുന്ന അവസ്ഥ വരും