Friday 20 March 2020

ഈ കൂട്ടത്തെ നമുക്കറിയാം

''നീ തീര്‍ന്നു മോളെ. നിന്റെ കണ്ണില്‍ മുളക് അല്ല തേക്കേണ്ടത്, നിന്റെ മുഖത്ത് ആസിഡ് ഒഴിക്കണം. നായിന്റെ മോള്‍''

ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന്റെ ആരാധകരില്‍ പലരും കുറിച്ച വാക്കുകളാണിത്. ഇന്ന് അതേ ആരാധകര്‍ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിന്റെ ആഹ്ലാദത്തിലാണ്. ഫെമിനിച്ചി എന്ന പദത്തെ വലിയ തെറിയായി കാണുന്ന ആണ്‍ബോധങ്ങള്‍ തന്നെയാണ് ഈ കൂട്ടം എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

ജീവിക്കുന്ന സമൂഹത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ബോധവും, നിലപാടുകളും, താന്‍ ഇടപെടുന്ന മേഖലയിലും മാറേണ്ടേ കാഴ്ചപ്പാടുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള സ്ത്രീകളെ അവരുടെ ഫെയ്സ്ബുക്കില്‍ പോയി തെറിവിളിച്ചും, ഡീഗ്രയ്ഡ് ചെയ്തും തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂട്ടമാണിത്.

ഇതേ ആളുകള്‍ തന്നെയാണ് ഹൈദരാബാദ് പോലീസിന് ജയ് വിളിച്ചര്‍, ഇവര്‍ തന്നെയാണ് ആസിഡ് ആക്രമണം നടത്തിയവനെ പച്ചയ്ക്ക് കൊളുത്തണമെന്ന് വികാരഭരിതരായത്. ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന സമയത്തുപോലും കായിക താരത്തിന്റെ ജാതി നോക്കുന്ന സവിശേഷ സ്വഭാവമുള്ളവരാണ് ഇത്തരകാര്‍. ദളിതരെയും അന്യസംസ്ഥാന തൊഴിലാളികളെ പരിഹസിക്കുന്നതും ഇവര്‍ തന്നെയാണ്. പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതും ഇതേ കൂട്ടമായിരുന്നു. റിമ കല്ലിങ്കലിന്റെ പോസ്റ്റിനടിയില്‍ പൊരിച്ച മത്തിയെന്ന് കമന്റിടുന്ന ഈ കൂട്ടം കൂടുതല്‍ തീവ്രമാവുകയാണ്. സ്ത്രീ വിദുദ്ധതകൊണ്ട് അടയാളപ്പെടുന്ന ഇവരുടെ നാട്യങ്ങളെ എങ്ങനെയാണ് കണ്ടില്ലെന്ന് വെക്കുക?

ഗോവിന്ദ ചാമിയുടെ ജയിലിലെ സുഖങ്ങളെക്കുറിച്ച് ആത്മരോക്ഷം കൊള്ളുന്ന ഇതേ കൂട്ടം തന്നെയാണ് രേഷ്മയുടെ മുഖത്ത് ആസിഡൊഴിക്കണം എന്ന് അലറിയത്.

ഈ കൂട്ടത്തെ നമുക്കറിയാം, ഏറിയും കുറഞ്ഞും അതീ സമൂഹമാണ്‌

Sunday 15 March 2020

ഇനിയും മാറാന്‍ തയ്യാറാകാത്തതെന്താണ്?



ലിനോയെ മലയാളികള് മറന്നു കാണില്ല. അപ്പന്റെ മൃതദേഹം കാണാതെ, അടക്കിന് കൂടാതെ സ്വയം ഐസൊലേഷനില് ഇരുന്ന കരുതലിന്റെ / ജാഗ്രതയുടെ പേരാണ് ലിനോ. നാട്ടില് വന്ന ശേഷം തന്റെ കുഞ്ഞിനെ തൊടാതെ, ആരോഗ്യവകുപ്പിന്റെ ജാഗ്രതയുള്ള മനുഷ്യരുള്ള നാടാണ് ഇത്. തൊഴിലിടത്തേക്ക് പോകാനാകാത്ത, നാട്ടിലെത്തിയ വിദേശികള്ക്ക് തിരിച്ച്‌പോകാനാകാതെയും നാട്ടിലൊരു മുറിയോ ഭക്ഷണമോ ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് കേട്ടിരുന്നു. വിവിധ വകുപ്പിലെ ജീവനക്കാര് അഹോരാത്രം തൊഴിലെടുക്കേണ്ടിവരുന്ന ഒരവസ്ഥയിലാണ് നമ്മുടെ നാട്.
രേഷ്മയുടെ കണ്ണില് മുളകരച്ച് തേച്ചതിന് ബിഗ് ബോസ് എന്ന ടിവി ഷോയില് നിന്ന് പുറത്തായ ക്രിമിനലിനെ സ്വീകരിക്കാന് ആരാധക വൃന്ദം കൂട്ടമായെത്തി വിമാനത്താവളത്തില് അഴിഞ്ഞാടിയത്. Social Distance പാലിച്ചുകൊണ്ടാണ് ലോകം കൊറോണയെ പ്രതിരോധിക്കാന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് അതീവ ജാഗ്രത പുലര്ത്തേണ്ട എയര്പോട്ട് പരിസരത്ത് ഒരു വലിയ കൂട്ടം ആളികള് മറ്റൊരു ദുരന്തത്തിന് സ്വീകരണം ഒരുക്കുന്നത്. ഗവണ്മെന്റിന്റെ എല്ലാ ഉത്തരവുകളും അനേകം ആളുകളുടെ എഫേര്ട്ടും ഒരു നിമിഷം കൊണ്ട് തള്ളിക്കളഞ്ഞ്, സിസ്റ്റം മുഴുവന് അവതാളത്തിലാക്കി. ഈ ദുരിത സമയത്തും ഇത്തരം ഊളത്തരം കാണിക്കാന് മലയാളിക്കല്ലാതെ മറ്റാര്ക്കും കാണിക്കാന് കഴിയില്ലെന്ന് അവര് തെളിയിച്ചു.
സ്ത്രീ വിരുദ്ധ - ട്രാന്സ് വിരുദ്ധ - ശാസ്ത്ര വിരുദ്ധമായ നിലപാടുകളുമായി രജിത് കുമാര് രംഗപ്രവേശം ചെയ്യുമ്പോള് ആനന്ദിക്കുന്ന ജനത പെട്ടെന്നൊരു ദിവസം രൂപപ്പെട്ടതല്ല. അവര് ആണ് പൊതുബോധസമൂഹത്തിന്റെ ഉല്പന്നങ്ങളാണ്. നിങ്ങള് മാറുമോ ഇല്ലയോ എന്നതിനേക്കാള് ഭയപ്പെടുത്തുന്നത്, നിങ്ങളുടെ വിവരക്കേടിന് വരും നാളുകളില് വലിയ വില കൊടുക്കേണ്ടിവരും എന്ന സത്യമാണ്‌.

സമൂഹത്തെ മലിനമാക്കുന്ന ഷോകള്‍




ബിഗ് ബോസ് കണ്ടിട്ടില്ല. കാണണം എന്ന് തോന്നിയിട്ടുമില്ല. അടച്ചിട്ട വീടുകളില്‍ മനുഷ്യരെങ്ങനെ കഴിയുന്നുവെന്ന് അറിയാന്‍ എനിക്കൊരു കൗതുകവുമില്ല. എന്നാല്‍ എല്ലാവരും അതുപോലയല്ല. അവരുടെ കൗതുകങ്ങള്‍ ആണധികാരത്തിന്റെ മുഖങ്ങളായി, സമൂഹത്തെ അവനവന്റെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുകയാണ്.

രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്തുപോയതോടെ മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി കലിപ്പ് തീര്‍ക്കുകയാണ് ആരാധകര്‍. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മുഖം മാറി വരുന്ന ഈ ആരാധകറുടെ സ്ഥായീഭാവം സ്ത്രീ വിരുദ്ധത തന്നെയാണ്. ഈ ആരാധക കൂട്ടത്തില്‍ ആണുങ്ങള്‍ മാത്രമല്ല സ്ത്രീകളുമുണ്ട്. ആണധികാരം സൃഷ്ടിച്ച ഉന്മാദ ലോകത്തില്‍ അവളവളെക്കുറിച്ച് മറന്നുപോയവരാണ് അവര്‍.

പാര്‍വതിയെയും റിമയെയും തെറിവിളിച്ചും, ഇപ്പോള്‍ രേഷ്മയുടെ മുഖത്ത് ആസിഡ് ഒഴിക്കണം എന്ന് ആര്‍ത്തും സൈബര്‍ ആക്രമണം നടത്തുന്ന ഒരു കൂട്ടത്തെ മോഹന്‍ലാല്‍ എന്ന നടന്റെ പേജില്‍ കാണാനാകും. മോഹന്‍ലാലിന്റെ ആരാധകരില്‍ പലരും രജിത് കുമാര്‍ വിഷയത്തില്‍ താരത്തോട് എതിരിടുന്നുവെങ്കില്‍ അദ്ദേഹം ഇത്രയും കാലം ഏത് ആശയത്തിന്റെ പേരിലാണ്, എത്തരം സിനിമകളുടെ പേരിലാണ് അവരുടെ ആരാധനാപാത്രമായത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്ത്രീ വിരുദ്ധ - ട്രാന്‍സ് വിരുദ്ധ - ശാസ്ത്ര വിരുദ്ധമായ നിലപാടുകളുമായി രജിത് കുമാര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ ഏറെ ആനന്ദിക്കുന്ന ഈ കൂട്ടം നമുക്ക് മുന്നിലേക്ക് വെക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതകളാണ്. വിദ്യാഭ്യാസം കിട്ടിയിട്ടും ഒരു മാറ്റവും സംഭവിക്കാത്ത ചിലരുണ്ട് എന്നതിന് ഇതിനേക്കാള്‍ മികച്ച തെളിവ് ഇനി എന്തിനാണ്? സംഘപരിവാര്‍ അവരുടെ ആശയങ്ങളിലേക്ക് ദളിതരെ കൂട്ടികൊണ്ടുവരുന്നപോലെയാണ്; രജിതിന്റെ നിലപാടുകള്‍ ദോഷകരമായി ബാധിക്കുന്ന വിഭാഗത്തെ അയാളുടെ ആരാധകരാകുന്നതിലൂടെ സംഭവിക്കുന്നത്.

ബിഗ് ബോസ് എന്ന പോഗ്രാം സമൂഹത്തില്‍ പടര്‍ത്തുന്ന ഈ വൈറസിനെ തുടച്ചുകളയുക അത്ര എളുപ്പമല്ല. ഏഷ്യാനെറ്റ് സമൂഹത്തെ പുറകോട്ട് നടത്തുന്നതില്‍ കാട്ടുന്ന ശ്രദ്ധ കണ്ടില്ലെന്ന് നടിക്കരുത്.

Monday 2 March 2020

അനിവാര്യമായ മാറ്റത്തിലേക്ക് ചുവടുവെക്കേണ്ടത് നമ്മളാണ്


അഴകളവുകളിൽ നിറവും വണ്ണവും ഇന്നും പ്രസക്തമാണെന്ന ധാരണയുള്ളവർക്കിടയിലൂടെ Modeling, സിനിമാ രംഗത്തേക്ക് യാത്ര തിരിച്ച വർഷിതയ്ക്ക് (Varshitha Thatavarthiarshi) നഷ്ടമായത് അഞ്ചു വർഷങ്ങളാണ്. ലോക പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയുടെ സൂപ്പർ മോഡലാക്കാൻ വർഷിതയ്ക്ക് സാധിച്ചതുകൊണ്ടാണ് അഴകളവുകളെ കുറിച്ചൊരു സംവാദം സമൂഹത്തിൽ സാധ്യമാകുന്നത്. സിനിമയിൽ അവസരം അന്വേഷിച്ചു നടന്ന അഞ്ചു വർഷവും അവർ ഏറ്റവും അധികം കേട്ടത്  'തടി കുറച്ച് നിറം കൂട്ടി വരിക' എന്ന ഉപദേശമാണ്. കറുത്ത മുഖങ്ങളെ സ്വീകരിക്കാൻ ഇത്ര വിമുഖത എന്ത് കൊണ്ടാണ്? ആ ചോദ്യത്തിനുത്തരം ജീവനു വേണ്ടി ഓടിപോകേണ്ടി വന്ന, സ്വന്തം മുഖം സ്ക്രീനിൽ കാണാൻ പോലുമാകാതെ വന്ന റോസിയിൽ നിന്ന് തുടങ്ങുന്നതാണ്.



ഇന്ത്യൻ സിനിമയിലെ നായികമാരെല്ലാം വെളുത്തവരായത് എന്തുകൊണ്ടാണ്? കറുത്ത ശരീരമുള്ള ജീവിത പശ്ചാത്തലത്തിലെ കഥ പറയാൻ കറുത്ത ഛായം പൂശിയ വെളുത്ത ഉടലുകൾ തന്നെ വേണമെന്ന നിർബന്ധം എന്തിനാണ്? നിറത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ് പ്രതിഭയെന്ന ധാരണയെങ്ങാനും നിങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ പിന്നെന്തിനാണ് ഉറൂബിന്റെ രാച്ചിയമ്മയായി പാർവതിയെ കാസ്റ്റ് ചെയ്തത്?


വെളുത്ത ഉടലുകളുള്ളവരോട് യാതൊരു വിരോധവും ഇല്ലെന്ന് ആദ്യമേ പറയട്ടെ. മറിച്ച് കറുത്ത നിറത്തിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്നു. അതിനെതിരെയാണ് ഈ ശബ്ദം! വെളുത്ത ഉടലുകളെ കറുത്ത ഛായം പൂശി ക്യാമറയ്ക്ക് മുന്നിൽ നിർത്തുന്നതിൽ ആർക്കും യാതൊരു അസ്വഭാവികതയും തോന്നാത്തതെന്താണ്?

"മെലിഞ്ഞ മോഡലുകളെ നമ്മൾ മോഡലുകൾ എന്നു വിളിക്കുന്നു. എന്നാൽ ശരീരവണ്ണം കൂടിയവരെ പ്ലസ് സൈസ് മോഡൽ എന്നും. ഇത് വിവേചനമല്ലാതെ മറ്റെന്താണ്?" വർഷിതയുടെ ഈ ചോദ്യത്തിന്റെ തീവ്രത ഉൾക്കൊള്ളാനുള്ള കാമ്പൊന്നും മോഡലിങ് സിനിമാരംഗത്തുള്ളവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഫെയർനെസ്സ് ക്രീമിന്റെ പരസ്യങ്ങളിൽ അഭിനയിക്കാൻ  വിമുഖത കാട്ടുന്ന സായ് പല്ലവിയെ പോലുള്ള ചിലരെങ്കിലും വിരളമായിട്ടാണെങ്കിലും ആ രംഗത്തുണ്ട് എന്നതാണ് ഏക ആശ്വാസം.

അനിവാര്യമായ മാറ്റത്തിലേക്ക് ചുവടുവെക്കേണ്ടത് നമ്മളാണ്.