Friday, 9 June 2017

ഭ്രമിപ്പിക്കുന്ന തൊട്ടപ്പൻ

ഒരു കഥ പറയുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഏതൊരാൾക്കും വേണമെങ്കിൽ ഒന്നോ രണ്ടോ കഥകൾ പറയുകയും ആകാം.എന്നാൽ കഥയുടെ പ്രമേയത്തിനും,ആഖ്യാന ശൈലിയ്ക്കും പ്രകടമായ മാറ്റം വരുത്തി കൊണ്ട് കഥ പറയുക എന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്.അത്തരം കഥ പറച്ചലു രീതികൾ മലയാള സാഹിത്യത്തെ വിപുലമാക്കുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആ കാഴ്ച്ചയിലേക്ക് വായനക്കാരെ വലിച്ചിടുകയാണ് ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ.



പാമ്പ് പടം പൊഴിക്കുന്നപോലെ നിലനിൽക്കുന്ന ഭാഷയുടെ പടം പൊഴിച്ച് ഭ്രമിപ്പിക്കും വിധം എഴുതപ്പെട്ട ഒരു കഥയാണ്  തൊട്ടപ്പൻ.സ്കൂൾ പൂട്ടിന് പിള്ളേരുമായി മെതിച്ചു നടക്കുന്ന,ചെറിയ കളവുകളിൽ മുഴുകുന്ന, കുഞ്ഞാടെന്ന് വിളിപേരുള്ള നായികയിൽ തുടങ്ങിയ കഥ അവസാനിക്കുന്നത് , സ്കൂൾ പൂട്ടിന് മെതിച്ചു നടക്കുന്ന പൂച്ചകളുടെ നടത്തത്തെ കഥയുടെ ആദ്യ ഭാഗവുമായി താരതമ്യം ചെയ്താണ്. ഇത്തരത്തിൽ മേനാഹരമായ ആദിയും അന്തവുമാണ് ഈ കഥയ്ക്ക് .കള്ളനായ തൊട്ടപ്പനിലൂടെ കളവിന് സഹായിയായി പാതിയിൽ ആ പാതയിൽ നിന്നും സ്വയം മാറി നടക്കുന്ന നായിക ക്രിസ്തുവിലൂടെ തൊട്ടപ്പന്റെ മരണത്തെ പറ്റി മനസ്സിലാക്കുന്നു.അതിന് പ്രതികാരം ചെയ്യാൻ ശ്രമിച്ച് മരണം വരിക്കുന്നു.വിദഗ്ധമാം വിധം മത ചിഹ്നങ്ങളെ സന്നിവേശിപ്പിക്കുന്നുണ്ട് കഥാകൃത്ത്.കാലങ്ങളുടെ ഈ വേളയിൽ സംഭവിക്കുന്ന ഒത്തിരി സംഭവങ്ങളാൽ  ദൃഢപ്പെടുന്ന കഥയിൽ നിരവധി കഥാപാത്രങ്ങളുമുണ്ട്. ഒരു കുട്ടിയുടെ വളർച്ചയിൽ എപ്രകാരമാണോ ഓരോ കാലഘട്ടങ്ങളും സുപ്രധാനമാകുന്നത് അപ്രകാരം പ്രാധാന്യമഹർക്കുന്നുണ്ട് കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്ന സംഭവങ്ങൾക്ക് . തൊട്ടപ്പന്റെ മരണവും അതിനു ശേഷം അധികം വൈകാതെ അമ്മ മരിക്കുന്നതും കൂഞ്ഞാടിനെ ഒറ്റപ്പെടുത്തുന്നു..ഒറ്റപ്പെടുമ്പോൾ സുരക്ഷ എത്രമാത്രം ഭീതി ഉണർത്തുന്നതാണെന്ന് കുഞ്ഞാടിലൂടെ കഥ നമ്മെ ഓർമ്മപ്പെടുത്തുന്നു.ഈ അവസരത്തിലാണ് കുഞ്ഞാട് പന്ത്രണ്ടു പൂച്ചകളെ തനിക്കൊപ്പം വളർത്തുന്നത്. യേശുവിന്റെ ശിക്ഷന്മാരുടെ പേര് ചൊല്ലി വിളിച്ച പന്ത്രണ്ടുപേരും കഥാന്ത്യത്തിൽ യൂദാസുമാരാകുന്ന ഞെട്ടിപ്പിക്കുന്ന  യാഥാർത്ഥ്യത്തിലേക്കാണ് കഥ നമ്മെ കൊണ്ടെത്തിക്കുന്നത്.എന്നാൽ ഈ യാഥാർത്ഥ്യം പുരുഷന്റെ വിജയത്തിളക്കത്തെ തന്നെയാണ് താലോലിക്കുന്നത്.വെളിപ്പറമ്പിൽ തൂറാൻ വിട്ട് , ചാരായം കൊണ്ട് ചന്തി കഴുകിച്ച് തന്റെ നായികയുടെ ജീവിത രീതികളെ മൊത്തത്തിൽ പൊളിച്ചെഴുതി അരികു ജീവിതങ്ങളെ അതിന്റെ തനിമയിൽ പകർത്തിയ നൊറോണ എന്തുകൊണ്ടാണ് നായികയെ മരണത്തിന് വിട്ടുകൊടുത്തത്?.ഒരു പുരുഷ കഥാപാത്രത്തെ എതിർത്തു തോൽപ്പിക്കാൻ ശക്തിയില്ലാത്തവളാണ് തന്റെ നായികയെന്ന് കഥാകൃത്തിന് തോന്നി കാണുമോ?പുരുഷ വിജയത്തിന്റെ ആവർത്തനം,അതിന്റെ വിരസമായ കഥാപരിസരം എന്നിവയെ കൂടി മറികടന്നിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

കള്ളന്മാർക്ക് അവരുടേതായ വേദപുസ്തകങ്ങളുണ്ടാകും.സ്വന്തം വേദങ്ങളിൽ അവർ വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യും.അത്തരത്തിൽ സ്വന്തം വേദങ്ങളിൽ ജീവിച്ച് കൊല്ലപ്പെട്ട ഒരാളാണ് തൊട്ടപ്പൻ.വളരെ ലിബറലായ ഒരു കള്ളൻ.അത്തരം കള്ളന്റെ മരണം ഒരു വേദന തന്നെയാണ്.

No comments:

Post a Comment