Wednesday 31 May 2017

വായനക്കാരന്റെ 'സങ്കടം'

ഭ്രമാത്മകമായ എഴുത്തിനുടമയാണ് ഉണ്ണി.ആർ.പ്രത്യേകിച്ചും പുരുഷകാഴ്ച്ചയുടെ ഭ്രാന്തമായ ഒരനുപൂതി വായനക്കാരന് പകർന്നു നൽക്കുന്നവയാണ് അവ. ഉണ്ണിയുടെ കഥകളെ മുൻനിർത്തി വിശകലനം ചെയ്താൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളു.എന്നാൽ പുതിയ കഥയായ 'സങ്കടം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് - 2017, ലക്കം-12 ) വായക്കാരനെ നിരാശപ്പെടുത്തുന്നുണ്ട്. യാത്രകളിൽ സ്ത്രീകൾ നേരിടുന്ന  പ്രശ്നത്തെ പ്രശ്നവത്ക്കരിക്കുന്ന കഥ;രാധ,സുമതി എന്നീ രണ്ടു സ്ത്രീകളുടെ ജീവിതത്തിലൂടെ മുന്നേറുന്നു.ബസ്സിൽ നിന്നിറങ്ങുന്ന രാധയുടെ ചന്തിക്ക് ആരോ മുറുക്കെപ്പിടിക്കുന്നു.ഈ സംഭവത്തിന്റെ തുടർച്ചയായിട്ടാണ് കഥ ആരംഭിക്കുന്നത്.അവനിട്ട് രണ്ട് കൊടുക്കാനാവാത്ത ആത്മരോക്ഷമാണ് ആറു പേജോളം നീളുന്ന ഉണ്ണി.ആർ - ന്റെ പുതിയ കഥ. കോട്ടയത്തെ കെ.കെ റോഡിലുള്ള തുണിക്കടയിലെ ജോലിക്കാരായ സുമതിയും രാധയും അതോടെ അയാളെ(രമേശനെ) തേടിയിറങ്ങുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അയാളുടെ പേര് രമേശൻ എന്നാണെന്നും അയാളൊരു പച്ചക്കറി കച്ചവടക്കാരനാണെന്നും അവർ മനസ്സിലാക്കുന്നു.എന്നാൽ അയാളെ കണ്ടെത്താൻ കഴിയാത്ത അവർ,രമേശന്റെ പച്ചക്കറി വണ്ടിക്ക് അടുത്ത് നിൽക്കുന്ന പയ്യനോട് ചോദിച്ച് പല സ്ഥലങ്ങളിലും അയാളെ അന്വേഷിക്കുന്നു.അയാളുടെ വീടുവരെ എത്തുന്നുണ്ട് രാധയും സുമതിയും.ഭർത്താവിന്റെ കയ്യിലിരിപ്പിനെക്കുറിച്ച് അയാളുടെ ഭാര്യയെ ബോധ്യപ്പെടുത്തി മടങ്ങുന്ന അവർ വീണ്ടും പയ്യനോട് അയാളെ കുറിച്ച് അന്വേഷിക്കുന്നു. പലിശക്കാശ് വാങ്ങാൻ ഗുഡ്ഷെഡ്ഡില് അയാൾ വരുമെന്ന് അവൻ പറയുന്നു.അവിടെ രമേശനെ കാത്തുനിന്ന അവർ കാണുന്നത് അയാൾക്ക് കുത്തൽക്കുന്നതാണ്.അയാളെ ഹോസ്പിറ്റലാക്കുന്ന രാധയെയും സുമതിയെയുമാണ് കഥയിൽ പിന്നെ നമ്മൾ കാണുന്നത്.നല്ല ബോധത്തിലായിരിക്കുമ്പോൾ നാല് തെറി പറഞ്ഞ് രണ്ടെണ്ണം കൊടുക്കണം എന്നു കരുതി രാധ ഒരാഴ്ച്ചയ്ക്ക് ശേഷം ഹോസ്പിറ്റലിലേക്ക് പോകുന്നു.അവിടെനിന്നും അയാളെ  ബന്ധുക്കൾ മാറ്റിയെന്ന് അവരറിയുന്നു.എന്നാൽ മറ്റു ഹോസ്പിറ്റലുകളിൽ അയാളെ കണ്ടെത്താനാവുന്നുമില്ല.രമേശനെ തേടി വീണ്ടും അയാളുടെ വീട്ടിലെത്തും മുമ്പ് അയാൾ മരിച്ചെന്ന വാർത്ത രാധയും സുമതിയും അറിയുന്നു..രമേശനിട്ട് രണ്ട് കൊടുക്കാനാവാത്ത രാധയുടെയും സുമതിയുടെയും സങ്കടമാണ് ഈ കഥ.



ഉണ്ണി.ആർ-ന്റെ മുൻകാല രചനകളിൽ കാണുന്ന ഭ്രമിപ്പിക്കുന്ന ഭാഷാമികവ് അവകാശപ്പെടാനാവാത്താണ് സങ്കടം. കാലികപ്രസക്തിയുള്ള വിഷയത്തെ അതിന്റെ പ്രാധാന്യം  ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കാനാവാത്ത ഒരു കഥാക്കാരന്റെ ആവിഷ്ക്കാരമെന്ന നിലയിൽ വേണമെങ്കിൽ ഈ കഥയെ വായിക്കാം.

No comments:

Post a Comment