Friday 28 February 2020

ഫോറന്‍സിക്; നിഗൂഢതയുടെ സങ്കീര്‍ണ്ണതകള്‍


ടൊവിനോ തോമസിനെ നായകനാക്കി അനസ് ഖാനും അഖില്‍ പോളും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്. തിരക്കഥയും സംവിധാനവും ഒരേ ആളുകള്‍ തന്നെയായതിനാല്‍ ചിത്രത്തിന്റെ ട്രീറ്റ്‌മെന്റും ഭംഗിയാക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചിരിക്കുന്നു.

അഞ്ചു വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പെട്ടെന്നൊരു ദിവസം നഗരത്തില്‍ നിന്നും കാണാതാവുകയാണ്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം കുട്ടിയുടെ ശരീരം മൈതാനത്തിനടുത്തുള്ള പൊന്തക്കാട്ടില്‍ നിന്നും കണ്ടെടുക്കുന്നു. തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണത്തിലൂടെ നഗരത്തില്‍ നടന്ന പ്രസ്തുത കൊലപാതകത്തിനും ഇതിനുമുമ്പ് നടന്ന കൊലപാതകത്തിനും തമ്മില്‍ ബന്ധമുണ്ടെന്നും തെളിയുന്നു. തുടര്‍ന്ന് നടക്കുന്ന ഓരോ കൊലപാതകവും മറഞ്ഞിരിക്കുന്ന സീരിയല്‍ കില്ലറിലേക്കുള്ള വിരല്‍ ചൂണ്ടുന്നു. പെണ്‍കുട്ടികളുടെ തിരോധാനവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത് ക്ലീഷേ സബ്ജക്ടല്ലേ എന്ന ചിന്തയുണരുമ്പോഴേക്കും ചിത്രത്തിന്റെ ഗതിമാറുന്നു. തുടര്‍ന്ന് ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ കൊണ്ട് പ്രേക്ഷകന്റെ ചിന്തകളെ ചോദ്യം ചെയ്ത് തുടങ്ങുന്നു.

ഭരണാധികാരികളെയും ജനങ്ങളെയും ഭീതിയിലാഴ്ത്തിയ കൊലപാതകങ്ങള്‍ക്കു പിന്നിലെ ഭൂതകാലത്തിലേക്കുകൂടി അന്വേഷണം വ്യാപിക്കുന്നതോടെ ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു ശീലിച്ച സൈക്കോ ത്രില്ലര്‍ സ്വഭാവത്തിലേക്കാണ് ഫോറന്‍സിക് പ്രേക്ഷകനെ കൊണ്ടു പോകുന്നത്.  "Psychopath crime dosen't have any motives crime itself is its motive" എന്ന വാചകത്തിലൂടെ തുടങ്ങി, നിഗൂഢതയുടെ സങ്കീര്‍ണ്ണതകളിലേക്കാണ് ചിത്രം പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്.


അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായ ഒരന്വേഷണത്തെ രണ്ടു മണിക്കൂര്‍ പതിനാല് മിനുട്ടുകൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകര്‍. തിരുവന്തപുരം നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഓഫീസറും അവരുടെ സംഘത്തില്‍ പെട്ട മറ്റുദ്യോഗസ്ഥരും അവരുടെ തന്നെ വ്യക്തി ജീവിതവും ഒക്കെയായി വ്യത്യസ്ത രീതിയില്‍ ബന്ധപ്പെട്ടു കിടക്കുയാണ് ഈ ചിത്രം. അതേ സമയം മലയാളത്തില്‍ അധികം  ഉണ്ടായിട്ടില്ലാത്ത ജുവനൈല്‍ സൈക്കോ കില്ലര്‍ ചിന്തകള്‍ ചിത്രത്തിന്റെ ചിലഭാഗങ്ങളില്‍ കാണാനാകും. വര്‍ത്തമാന ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ സ്വാധീനം വരുത്തിയ ബോധപൂര്‍വമായ ചിന്തയാകാനും വഴിയുണ്ട്.


പോലീസ് ഓഫീസറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസും, ഫോറന്‍സിക് ഉദ്യോഗസ്ഥനായി ടൊവിനോയുമെത്തുന്നു. പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നതിനോടൊപ്പം അതിസൂക്ഷ്മമായ നിരീക്ഷണബുദ്ധി എങ്ങനെയാണ് കുറ്റകൃത്യങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്നതെന്ന് ഒരു മനുഷ്യന്റെ സാധ്യതയെ മുന്‍നിര്‍ത്തി ചിത്രം പറഞ്ഞുപോകുന്നു. മറക്കാനാകാത്ത, കൊലയാൡുടെ കയ്യൊപ്പ് പതിയുമെന്ന ബോധത്തോടെ ശാസ്ത്രീയമായ തെളിവുകള്‍ക്കായി സഞ്ചരിക്കുന്ന സാമുവല്‍ ജോണ്‍ കാട്ടൂക്കാരനിലൂടെ ഒരു ഫോറന്‍സിക് വിദ്ഗധന്റെ നിരീക്ഷണ ബുദ്ധിയെ അടയാളപ്പെടുത്തുന്നതോടൊപ്പം വിരലടയാളം, ഡി.എന്‍.എ ടെസ്റ്റ് എന്നിവയുടെ അനന്തസാധ്യതകളെ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്‌. അതേ സമയം ഭീതിയുടെ നിഴലിലേക്ക് പ്രേക്ഷകനെ സ്വഭാവികമായി തള്ളിയിടാന്‍ സംവിധായകര്‍ക്ക് സാധിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ അനുഭവപ്പെടുന്ന അതിശയോക്തി, ക്ലൈമാക്‌സിലൂടെ മറികടക്കുന്നുണ്ട് ചിത്രം.

ശക്തമായ തിരക്കഥയോടൊപ്പം താരങ്ങളുടെ മികവുറ്റ അഭിനയം കൂടിയാകുമ്പോള്‍ ഫോറന്‍സിക് വേറിട്ട അനുഭവമാണ് പകരുന്നത്. ബാലതാരങ്ങളെ കാസ്റ്റ് ചെയ്ത് രീതി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ടൊവിനോയെ കൂടാതെ രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, സൈജുക്കുറുപ്പ്, റോണി ഡേവിഡ്, ധനേഷ് ആനന്ദ്, അന്‍വര്‍ ഷെരീഷ്, അനില്‍ മുരളി, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍, നീനാക്കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജെയ്ക്‌സ് ബിജോയ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോറന്‍സിക് നിര്‍മ്മിച്ചിരിക്കുന്നത്.

Friday 21 February 2020

ട്രാന്‍സ്; മത രോഗബാധിതര്‍ക്കുള്ള രോഗശുശ്രൂഷ



ജീവിത വിജയത്തിലേക്ക് യന്ത്രഗോവണികളില്ല, നടന്ന് കയറേണ്ടതാണ് എന്ന് എഴുതി വച്ചിരിക്കുന്ന പടികള്‍ കയറി എത്തുന്ന വീട്ടില്‍ നിന്നും തകര്‍ന്ന ഹൃദയവുമായി വിജു പ്രസാദ് (ഫഹദ് ഫാസില്‍) നടത്തുന്ന അതിജീവനത്തിനുള്ള യാത്രയാണിത്. ആ യാത്രയില്‍ അയാളെത്തപ്പെടുന്ന ഒരിടത്തെ ജീവിതമാണ് ട്രാന്‍സ് എന്ന ചിത്രത്തിനാധാരം.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന വിജുവും അനിയനും കാണുന്നത് ഫാനില്‍ നിന്ന് കെട്ടിയിറക്കുന്ന അമ്മയുടെ മൃതദേഹമാണ്. ആ നിമിഷത്തെ ആ കുഞ്ഞുങ്ങള്‍ അതിജീവിക്കുന്നത് എങ്ങനെയായിരിക്കും? അവരുടെ കണ്ണുകളില്‍ അപ്പോള്‍ നിസ്സഹായതയാണോ നിരാശയാണോ ഉണ്ടായിരിക്കുക? പറയുക വയ്യ. ജീവിതം അമ്പരിപ്പിക്കുമ്പോഴും മുറിവേല്‍പ്പിക്കുമ്പോഴും അതിനോട് യുദ്ധം ചെയ്യുന്ന ഒരാളാണ് വിജു പ്രസാദ്. കടല്‍ത്തീരത്ത് ശംഖുമാല വിറ്റു നടന്ന വിജു പതിയെ മോട്ടിവേഷന്‍ ട്രെയ്‌നറായി മാറുന്നുണ്ടെങ്കിലും അവിടെയും വിജയം രുചിക്കാനാകുന്നില്ല അയാള്‍ക്ക്. മറ്റൊരു ഫാനില്‍ അനിയന്‍ കൂടി ജീവിതത്തെ തൂക്കിയിടുന്നതോടെ വേദനയോടെ കാലമിത്രയും കഴിഞ്ഞ വീടിന്റെ പടികള്‍ അയാളിറങ്ങുന്നു.



സ്വയം രോഗബാധിതനായിരിക്കുമ്പോഴും രോഗശുശ്രൂഷകനായി മാറേണ്ടിവരുകയാണ് വിജുവിന്. ആ മാറ്റം ദൈവം തന്നിലൂടെ പ്രവര്‍ത്തിക്കുന്നു എന്ന വിഭ്രാന്തിപ്പോലും അയാളിലുണര്‍ത്തുന്നു. അത്തരം ചിന്തയുള്ള നിരവധി അള്‍ദൈവങ്ങളെ മനസ്സില്‍ കൊണ്ടു നടക്കുന്നവരെ ചിത്രം മുറിപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇവിടെ പാസ്റ്റര്‍മാരുടെ ജീവിതത്തെയാണ് വരച്ചിട്ടിരിക്കുന്നത് എന്നതുകൊണ്ട് അത് മറ്റ് പലരെയും, അവരുടെ അന്ധമായ വിശ്വാസങ്ങളെയും ചോദ്യം ചെയ്യാതിരിക്കലായി മാറുന്നില്ല.

ചതിക്കപ്പെട്, ഒറ്റയായ യുവതിയായി നസ്രിയ കടന്നുവരുന്നു. ശരീരത്തെ വിപണിയിലേക്ക് വെച്ച് എപ്രകാരമാണ് അവള്‍ ജീവിക്കുന്നത് അതില്‍ നിന്ന് വിഭിന്നമല്ല തന്റെ ജീവിതമെന്ന തോന്നല്‍ വിജുവെന്ന പാസ്റ്റര്‍ ജെ.സി-യ്ക്കുണ്ടാകുന്നു. അത്മീമീയാനന്ദം വാഗ്ദാനം നല്‍ക്കുന്ന ജെ.സിയെ വിശ്വസിക്കുന്ന ഒരുവനായിട്ടാണ് വിനായകന്‍ അഭിനയിച്ച കഥാപാത്രം ചിത്രത്തിലുള്ളത്. വളരെ കുറച്ചുഭാഗത്തേയുള്ളുവെങ്കിലും ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയാണ് വിനായകനെന്ന നടന്‍. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. കറുപ്പ് രുചിക്കുന്നവര്‍ക്ക് അതിജീവനം സാധ്യമാണോ എന്നാണ് ട്രാന്‍സ് അന്വേഷിക്കുന്നത്. മത ലഹരി സ്വീകരിക്കുന്നവര്‍, മത ലഹരി പകര്‍ന്നുകൊടുക്കുന്നവര്‍, മത ലഹരി വിറ്റഴിക്കുന്നവര്‍ എന്നിങ്ങനെ മതത്തിന്റെ ബിസിനസ്സിനകത്തും പുറത്തും നില്‍ക്കുന്നവരുടെ ജീവിതമാണ് ട്രാന്‍സിലൂടെ കാണാനാവുക.



ഫഹദിന്റെ പകര്‍ന്നാട്ടം ഗംഭീരമാണ്. ഒരാ ചിത്രം കഴിയുമ്പോഴും അയാള്‍ വിസ്മയിപ്പിക്കുകയാണ്. ഛായാഗ്രഹണം, ബാക് ഗ്രൗണ്ട് മ്യൂസിക്, മറ്റ് അഭിനേതാക്കള്‍ എന്നിവരെല്ലാം ചിത്രത്തെ ഒരു കാതം മുന്നോട്ട് കൊണ്ടുപോകുന്നു എന്നതില്‍ സംശയമില്ല.

ട്രാന്‍സ് കാണാന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കാരണം അപ്രിയ സത്യങ്ങള്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ടാകാം. ഒന്ന് തീര്‍ച്ചയാണ് ഇത് അന്‍വര്‍ റഷീദിന്റെ മികച്ച ചിത്രമാണ്.

Thursday 6 February 2020

വിധേയരാക്കുമ്പോള്‍ പാവകളാകുന്ന ജനത



രാജ്യങ്ങള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന വിധേയരായ ജനതയാണ് തീവ്ര ദേശീയവാദികള്‍. കൃതമായ അജണ്ഡകള്‍ നടപ്പാക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കയ്യിലെ വെറും പാവകളായി മാറാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണവര്‍. സ്വയം വിസ്മരിക്കുകയും മറ്റാരോ ആയിമാറുകയും ചെയ്യുന്ന, അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയാത്ത ഒരു ജനയാണ് അവര്‍. ഏറ്റവും നിസ്സഹായരാണവര്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതിശയം തോന്നിയേക്കാം. സത്യം ചിലപ്പോഴൊക്കെ വലിയ കളവാണെന്ന തോന്നലുണ്ടാക്കുന്നതാണ്. ദുര്‍ബലരായതു കൊണ്ടാണ് അവരുടെ ചിന്തകളില്‍ അടിമത്തത്തിന്റെ വിത്തുകള്‍ പാകാന്‍ എളുപ്പം കഴിയുന്നത്. അതിര്‍ത്തികളില്ലാതാകുന്നതിനെക്കുറുച്ച് അവര്‍ക്ക് ചിന്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്‌നം പങ്കുവെയ്ക്കുന്ന, മാറ്റിവയ്ക്കപ്പെടുന്ന ഭൂപടത്തില്‍ ഇടം നഷ്ടമാകുന്നവരുടെ ആകുലതകള്‍ പങ്കുവെക്കുന്ന ഒരു രാഷ്ട്രീയ വായന സാധ്യമാകുന്ന കഥയാണ് ഇ. സന്തോഷ്‌കുമാറിന്റെ "പാവകളുടെ വീട്".

'ഇന്‌നിപ്പോള്‍ നിലവിലില്ലാത്ത സ്ഥാപനത്തെ'ക്കുറുച്ചുള്ള അന്വേഷണത്തോടെയാണ് കഥ ആരംഭിക്കുന്നത്. കാളിചരണ്‍ മുഖര്‍ജിയുടെ ജീവിതത്തിന്റെ ചലനാത്മകതയും 'ഇന്‌നിപ്പോള്‍ നിലവിലില്ലാത്ത സ്ഥാപനവുമായി' ബന്ധപ്പെട്ട് നിലച്ചുപോയതായി കാണാം. സൊറാബ് ജിയുടെ നിര്‍ദേശപ്രകാരം 'ഇന്‌നിപ്പോള്‍ നിലവിലില്ലാത്ത സ്ഥാപനത്തെ'ക്കുറിച്ചറിയാന്‍ മുഖര്‍ജിയെ അഭിമുഖം ചെയ്യാനെത്തുന്നിടത്തു നിന്നാണ് കഥയാരംഭിക്കുന്നത്. സ്ഥാപനത്തെക്കുറിച്ചുള്ള സംസാരത്തിലൂടെ മുഖര്‍ജി സ്വന്തം കഥ പറയുകയും അയാളുടെ ദേശസഞ്ചാരങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്യുന്നു. ഓരോ ദേശങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും മുഖര്‍ജി ശേഖരിച്ച അമ്പത്തിയഞ്ച് ആണ്‍പാവകളും അത്രതന്നെ പെണ്‍പാവകളും അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. എന്നാല്‍ കാനഡയില്‍ നിന്നും വന്ന മുഖര്‍ജിയുടെ പേരക്കുട്ടികള്‍ പാവകളോടൊപ്പം വെച്ച രാജ്യങ്ങളുടെ പേരുകള്‍ പരസ്പരം മാറ്റി. അതോടെ അസ്തിത്വം നഷ്ടമായവരാകുകയാണ് പാവകള്‍ക്ക്. പാവകള്‍ അസ്തിത്വമില്ലാത്ത ജനതയുടെ പ്രതീകമെന്നതിനേക്കാള്‍ അതിര്‍ത്തികളില്ലാത്തവരുടെ പ്രതിനിധികളായി മാറുന്നു. രാജ്യങ്ങളെക്കുറിച്ചൊക്കെ കുട്ടികള്‍ മനസ്സിലാക്കുന്നേയുള്ളൂ എങ്കില്‍ അതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ സ്വതന്ത്ര സഞ്ചാരികളായി പാവകള്‍ മാറുന്നു. ഒരിടത്തിരുത്തിയാല്‍ ഇരിക്കാത്ത കുട്ടികളെപ്പോലെയാകുന്ന പാവകള്‍. അവയുടെ സംസാരങ്ങള്‍ നിറഞ്ഞ വീട്. പതിനെട്ടാം വയസ്സില്‍ ലാഹോറില്‍ നിന്ന് ഇന്ത്യയിലെത്തിയ മുഖര്‍ജി ലോഹോറിലെ ആ പഴയ വീട്ടില്‍ കഴിയുന്നത് അവിടം തന്റേത് കൂടിയാണ് എന്ന ബോധത്തോടെയാണ്. എന്നാല്‍ കൊല്‍ക്കത്തയിലെ മുഖര്‍ജിയുടെ വീട്ടില്‍ അവയ്ക്ക് നിശ്ചയിച്ചു നല്‍കിയ അതിരുകളെ മായ്ച്ചുകളഞ്ഞുകൊണ്ട് രാജ്യങ്ങളെക്കുറുച്ചറിയാത്ത കുട്ടികളെപ്പോലെയാകുന്ന പാവകള്‍. പുറത്ത് പാവകളെപ്പോലെ ഒരിടത്തൊതുങ്ങുന്ന മനുഷ്യര്‍. അതിര്‍ത്തികളില്ലാത്ത പാവകളെപ്പോലെയാകാന്‍ സാധിക്കാത്ത ഒരു ജനതയുടെ ഇടയിലിരുന്ന് വായിക്കുമ്പോള്‍ പാവകളുടെ വീട് എന്ന കഥയുടെ മുഴക്കം ഭയപ്പെടുത്തുകതന്നെ ചെയ്യും.

Monday 3 February 2020

തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് കണക്കേ പ്രേക്ഷകരിലേക്ക് പടരുന്ന ചിരി



സ്റ്റോണര്‍ കോമഡി വിഭാഗത്തില്‍ മലയാളത്തില്‍ കഥ പറയുന്ന വളരെ കുറച്ച് സിനിമകളില്‍ ഒന്നാണ് ജെനീത് കാച്ചപ്പള്ളി സംവിധാനം ചെയ്യുന്ന "മറിയം വന്ന് വിളക്കൂതി". സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച കൂട്ടുകാര്‍ കോര്‍പ്പറേറ്റ് കമ്പനിയില്‍ ഒന്നിച്ചെത്തുന്നതും ഒരു പിറന്നാള്‍ ആഘോഷത്തിനായി കൂട്ടുക്കാര്‍ ഒത്തുചേരുന്നതും പിന്നീട് ആ രാത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ. കേള്‍ക്കുമ്പോള്‍ ഇത്രയേയുള്ളൂ എന്ന് തോന്നിപ്പോവുന്ന പ്ലോട്ടിനെ നല്ല വൃത്തിയായി അവതരിപ്പിച്ചിരിക്കുകയാണ് ജെനീത് കാച്ചപ്പള്ളി. തുടക്കം മുതല്‍ക്ക് തന്നെ സിനിമയുടെ ഫ്രഷ്‌നെസ് നിലനിര്‍ത്താന്‍ സംവിധായകന് സാധിക്കുന്നുണ്ട്.

ടൈറ്റില്‍ കാര്‍ഡിലേ ജെനീത് ചിരിയ്ക്ക് തിരികൊളുത്തുന്നുണ്ട്. ആ ചിരിയണയാതെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് കണക്കേ പ്രേക്ഷകര്‍ക്കിടയിലേക്ക് പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു. സിനിമയുടെ പകുതിയിലധികം ഭാഗവും മുറിക്കുള്ളില്‍ ഒതുങ്ങുമ്പോഴും, ഒട്ടും വിരസമാകാതെ കാണിക്കളെ ചിരിച്ചരടില്‍ കോര്‍ത്ത് കൊണ്ടുപോകാന്‍ ജെനീതിന് സാധിക്കുന്നുമുണ്ട്.

പ്രേമത്തില്‍ നിവിനൊപ്പം ഒന്നിച്ച മിക്കവരും (ഷറഫുദ്ദീനില്ല) സിനിമയിലുണ്ട്. റോണി, അഡ്ഡു, ഉമ്മന്‍, ബാലു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് ഈ സുഹൃത്തുക്കള്‍. ഇതില്‍ റോണിയാണ് ഭീകരന്‍. അവന്‍ എത്തുന്നതോടെ കുഴപ്പങ്ങള്‍ താനെ ഉണ്ടാകുന്നു. ട്രാന്‍സ്ഫര്‍ കിട്ടി മറ്റ് കൂട്ടുക്കാര്‍ക്കൊപ്പം ചേരുന്ന റോണി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പിറന്നാളിന് മന്ദാകിനിയുമായി എത്തുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുകയായി. ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെ വ്യത്യസ്തമായ അവതരപ്പിക്കുകയാണ് ജെനീത്. ലഹരിയുടെ പാര്‍ശ്വഫലങ്ങളെ വളരെ രസകരമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്.

സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം, എം. എ ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ശിവ, ബേസില്‍ ജോസഫ്, ബൈജു, സേതുലക്ഷി എന്നിവരും അവരവരുടെ ഭാഗങ്ങള്‍ ഗംഭീരമാക്കി. സിനോജ് പി. അയ്യപ്പന്റെ ഛായാഗ്രഹണവും, വസീം, മുരളി എന്നിവരുടെ സംഗീതവും, അപ്പു ഭട്ടതിരിയുടെ എഡിറ്റിങും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.

Saturday 1 February 2020

നാം പ്രതികളാകുന്ന അന്വേഷണങ്ങൾ



ചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം നേര്‍ത്തുവരുമ്പോള്‍ കാണികളില്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. കഥകളെക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ കാണികളുടെ ചിന്തകള്‍ക്കുമേലെക്കൂടിയുള്ള സുഖ സഞ്ചാരമായി ചിത്രം മാറുന്നു.
ചെറിയ അപകടത്തെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട കുട്ടിക്കുനേരെ Child abuse നടന്നിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു തെറ്റിനെ വിവിധ കോണുകളില്‍ നിന്നും കാണുമ്പോളുയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ ചിത്രം. സമയാനുസൃതമായ ഒഴുക്കിനെ മറികടന്ന്, സസ്‌പെന്‍സിന് കോട്ടം വരാതെയാണ് സിനിമയുടെ യാത്ര. അതിവൈകാരിക മുഹൂര്‍ത്തങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുകയും അതേ സമയം കഥ ആവശ്യപ്പെടുന്ന നാടകീയത നിലനിര്‍ത്താനും അഭിനേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അരവിന്ദനും(ജയസൂര്യ), ഭാര്യ കവിത (ശ്രുതി രാമചന്ദ്രനും), സുഹൃത്തായ ഡോ. ഗൗതമും (വിജയ് ബാബു) നമുക്ക് അടുത്ത് പരിചയമുള്ളവരാണെന്നേ തോന്നു. മീഡിയ ടീമിന്റെ തലപ്പത്തിരിക്കുന്ന ജാഡകളില്ലാത്ത ഫാമിലിമാനായ അരവിന്ദന് സിനിമ വിട്ടിറങ്ങിയാലും നമ്മുടെ കൂടെപോരുന്നുണ്ട് എന്നത് ജയസൂര്യ എന്ന നടന്റെ വിജയമാണ്. ഗര്‍ഭിണിയായ പോലീസ് കമ്മീഷ്ണര്‍ ലതയായി ലിയോണയും പ്രശംസയര്‍ഹിക്കുന്നു. തന്റെ ജീവിതത്തിലെ ദുരനുഭവം മറ്റാര്‍ക്കും വരരുതെന്നാഗ്രഹിക്കുന്ന ഹെഡ് നഴ്‌സായി ലെനയും, പോലീസ് സര്‍ജനായി ലാലും, കസറുന്ന അന്വേഷണവുമായി നന്ദുവും ട്വിസ്റ്റില്‍ നിന്നും ട്വിസ്റ്റിലേക്ക് പ്രേക്ഷകരെ വലിച്ചിടുന്നു.
മാതൃ-പിതൃ ഭാവങ്ങളിലൂടെ സുജിത്ത് വാസുദേവിന്റെ ക്യാമറ ചലിച്ചു. അരവിന്ദിന്റെയും കവിതയുടെയും മക്കളായെത്തിയ അശുതോഷും, ബേബി ജെസ്സും പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നുണ്ട്. അവസാനം സിനിമ തീരുമ്പോള്‍ നീണ്ടുവരുന്ന ആ വിരല്‍ നമുക്കുനേരെയാണെന്ന ബോധഅയമാണ് ഈ സിനിമ സമ്മാനിക്കുന്നത്. ആ തിരിച്ചറിവ് ചെറുതല്ല. ലില്ലിയിലൂടെ തുടങ്ങിയ പ്രശോഭിന്റെ പ്രയാണത്തിലൂടെ നിരവധി മികച്ച സിനിമകള്‍ നമുക്ക് ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല...