Wednesday 17 May 2017

ആഗോളീകരണ കാലത്തെ കടുവകൾ

മനുഷ്യാരംഭം മുതൽ മണ്ണിനും പെണ്ണിനും വേണ്ടിയുള്ള യുദ്ധങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നെന്ന് പഴമക്കാർ പറയും. മനുഷ്യാരംഭം മുതൽ മനുഷ്യാവസാനം വരെ അതിങ്ങനെ തുടർന്നുകൊണ്ടിരിക്കും.നിലവിൽ,യുദ്ധത്തിന്റെ രൂപം മാറുകയും അത് രക്തചൊരിച്ചലില്ലാത്ത വിവേകത്തിന്റെ ഇടപെടലായി രൂപാന്തരപെടുകയും ചെയ്യുന്നു. ഉത്തരാധുനിക സമൂഹമാണ് ഇത്തരമൊരു മാറ്റത്തിന് കാരണം.ആഗോളീകരണത്തിന്റെ ഉല്പന്നമാണിത്.ശക്തിയേക്കാൾ വിവേകത്തിന് പ്രാധാന്യം നൽകുന്ന ഈ പ്രവണത ലക്ഷ്യം വയ്ക്കുന്നത് കോപ്പറേറ്റു താല്പര്യങ്ങളെ മാത്രമാണ്.അവിടെ മാനുഷികമായ മൂല്യങ്ങൾക്ക് യാതൊരു വിലയുമില്ല. പ്രകൃതിവിഭവ ചൂഷണത്തിന് പരിധികളില്ല. അത് നമ്മുടെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കും.എന്നാൽ അതിനെതിരെ പ്രതികരിക്കാനാവാത്ത വിധം നമ്മെ നിയന്ത്രിക്കുന്നുണ്ട് ആഗോളീകരണം. പ്രകൃതിക്കുമേൽ മനുഷ്യൻ ആധിപത്യം പുലർത്തുന്നതിന്റെ എത്രയോ ചിത്രങ്ങൾ കാലം വരച്ചു കഴിഞ്ഞിരിക്കുന്നു. പ്രകൃതിയും സ്ത്രീയും ഒന്നാണ്. അവയ്ക്കു നേരെയുള്ള ആക്രമണത്തിന് പ്രതിരോധമെന്ന പോലെ കലാസൃഷ്ടികൾ അനുദിനം ഇറങ്ങി കൊണ്ടിരിക്കുന്നു.എത്ര എഴുതിയാലും, എത്രകണ്ട് പറഞ്ഞാലും തീരാത്ത ഒന്നായി സ്ത്രീയും പ്രകൃതിയും മാറിയിരിക്കുന്നു.പുരുഷ്യനാൽ കോളനിവത്ക്കരിച്ച ഒരു രാജ്യമായി സ്ത്രീയും പ്രകൃതിയും മാറിയിരിക്കുന്നു എന്നു സാരം.അതിൽ നിന്നൊരു മോചനം അനിവാര്യമാണ്.അതിനു വേണ്ടി നിരന്തരം കലഹിക്കേണ്ടിവരും.ആ കലഹങ്ങളുടെ വിവിധ രൂപങ്ങളിൽ ഒന്നുമാത്രമാണ് എഴുത്ത്.അതാകട്ടെ തീയായി മാറുന്നൊരു വാഗ്-രൂപമാണ്.

"Folklore is an echo of the past, but at the same time it is also the vigourous voice of the paesent - റഷ്യൻ ഫോക്‌ലോറിസ്റ്റ് സൊക്കോളോവിന്റെ വാക്കുകളാണിവ. ഈ വാക്കുകൾ പ്രത്യക്ഷാനുഭവത്തിന്റെ തലത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ ഹാസ്യാത്മക വിശദീകരണമാണ് അയ്മനം ജോണിന്റെ 'മഹർഷിമേട് മാഹാത്മ്യം' എന്ന് എൻ.പ്രഭാകരൻ" അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായത്തോട് യോജിക്കാതെ തരമില്ല.അത് വാസ്തവമാണ്.


"ടൈഗർഹിൽ അപ്പാർട്ട്മെന്റ്സ് എന്ന പേരിൽ പാർപ്പിടക്കൂട്ടമായി പരിണമിച്ചുകഴിഞ്ഞ, എന്റെ വീടിനടുത്തുള്ള കടുവാക്കുന്ന് എന്ന ഭൂപ്രദേശം പണ്ടു പണ്ട് 'മഹർഷിമേട് ' എന്നാണറിയപ്പെട്ടിരുന്നതെന്നും അത് സത്യവ്രതൻ, സദാനന്ദൻ, സരളമനസ്കൻ, ശാന്തചിത്തൻ എന്നിങ്ങനെ നാല് മഹർഷിമാർ ദീർഘകാലം, എന്നുവെച്ചാൽ അവരുടെ ആയുസ്സെത്തുംവരെ, തപസ്സിരുന്ന സ്ഥലമായിരുന്നുവെന്നുമാണ്‌ ഐതിഹ്യം".മഹർഷിമേട് മാഹാത്മ്യം എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.ഇവിടെ ആഖ്യാതാവ് എഴുത്തുക്കാരൻ തന്നെയാണ്.ഐതിഹ്യമാലവായിക്കുന്നപോലെ രസച്ചരടുമുറിയാതെ ആദ്യാവസാനംവരെ വായനക്കാരനെ കഥയിൽ കോർത്തിടാൻ കഥാകൃത്തിന് കഴിയുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള വലിയൊരു വളർച്ചയൊന്നും കഥയിൽ കണ്ടെത്താനാവുന്നില്ല. പാരിസ്ഥിതിക രാഷ്ട്രീയത്തിലൂന്നികൊണ്ട് ആഗോളീകരണം വരുത്തി വെക്കുന്ന വിനാശരൂപങ്ങളെ സരസമായി കഥാകൃത്ത് ആവിഷ്ക്കരിക്കുമ്പോൾ വലിയൊരു സ്ഫോടനമൊന്നും വായനക്കാരനിൽ ഉണ്ടാകുന്നില്ല. ഇതിലും എത്രയോ മുമ്പ്, ഇതിലും ശക്തമായി "ഒതപ്പെ"ന്ന നോവലിൽ പുഴക്കൽ പാടം ശോഭാ സിറ്റിയുടെ അടിത്തറയായി രൂപാന്തരപ്പെടുന്നതിനെപ്പറ്റി സാറാജോസഫ് എഴുതിയിരുന്നു.അത്രമാത്രം കൃത്യതയോടെ, കയ്യടക്കത്തോടെ ഈ വിഷയത്തെ കൈക്കാര്യം ചെയ്യാൻ എഴുത്തുക്കാരന് കഴിയുന്നില്ല. അദ്ദേഹത്തിന്റെ തന്നെ മറ്റു കഥകളുടെ ഒതുക്കവും ഭംഗിയും ഈ കഥയ്ക്ക് അവകാശപ്പെടാനില്ല.എങ്കിലും ശക്തമായൊരു പ്രമേയത്തിലൂടെ ശ്രദ്ധേയമാകുന്നുണ്ട് മഹർഷിമേട് മാഹാത്മ്യം.

ആത്മാന്വേഷണത്തിന്റെ കേന്ദ്രസ്ഥാനത്ത് സത്യത്തെ പ്രതിഷ്ഠിച്ച്, മനുഷ്യമനസ്സിന്റെ ഓരോ ചോദനകൾക്കും പിറകിൽ പ്രവർത്തിക്കുന്ന പ്രപഞ്ചസത്യങ്ങൾ ഏതേതൊക്കെയാണെന്നുള്ള അന്വേഷണമായിരുന്നു സത്യവ്രതമഹർഷിയ്ക്ക് ജീവിതം. ആനന്ദമെന്ന അനുഭവത്തെ സദാനേരവും ഹൃദയത്തിൽ സൂക്ഷിക്കാനും അന്യർക്ക് പകർന്നുനൽകാനുമുള്ള മാർഗ്ഗങ്ങളെന്തൊക്കെ എന്ന് കണ്ടെത്താനുള്ള യജ്ഞമായിരുന്നു സദാനന്ദ മഹർഷിയ്ക്ക് ജീവിതം.സരളതയാണ് ഭൂജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും വലിയ സദ്ഗുണം എന്ന് വിശ്വസിച്ചുപോന്ന ഒരു മുനിയായിരുന്നു സരളമനസ്ക മഹർഷി .മനശ്ശാന്തി മന്ത്രങ്ങളുടെ ഉപാസകനായിരുന്നു ശാന്തിചിത്ത മഹർഷി.ഈ പറയുന്ന മഹർഷിമാരുടെ വംശത്തെ കടുവകളുടെ വംശം അതിജീവിച്ചതിനാലാണ് മഹർഷിമേട് പിൽക്കാലത്ത് കടുവാക്കുന്നാവുന്നത്.മഹർഷിമാർ തപസ്സിരുന്ന പ്രദേശങ്ങളായിരുന്നതു കൊണ്ടു തന്നെ ആ നാട്ടുകാർക്കിടയിൽ കടുവാക്കുന്നിന് പുണ്യസ്ഥലത്തിന്റെ പരിവേഷം ഉണ്ടായിരുന്നു. രാജഭരണകാലത്ത് സൗജന്യമായി തീറെഴുതിക്കിട്ടിയതുമുതൽ കടുവാക്കുന്നിന്റെ ഉടമസ്ഥരായിത്തീർന്ന മേലേക്കാട് മനക്കാർ ഏറെക്കാലത്തോളം അത് വിൽക്കാനിട്ടു.ഭയമാണെല്ലോ മതത്തിന്റെ ആയുദ്ധം..., അതു കൊണ്ടു തന്നെ നാട്ടുകാരാരും അവിടെ സ്ഥലം വാങ്ങാൻ താല്പര്യപ്പെട്ടില്ല.എന്നാൽ അഞ്ചാറുവർഷങ്ങൾക്കുമുമ്പ് ഗോൾഡൻ ബേ ബിൽഡേഴ്സ് ആ സ്ഥലം വാങ്ങി ടൈഗർഹിൽ അപ്പാർട്ട്മെന്റ്സ് പണികഴിപ്പിച്ച് വിറ്റ് വൻ ലാഭമുണ്ടാക്കി.ഇത്തരത്തിൽ വില്ലകളായി മാറിയ കടവാക്കുന്നെന്ന സ്ഥലത്തെ മുൻനിർത്തി ആഖ്യാതാവിന്റെ ഓർമ്മകളിലേക്കും ,വർത്തമാനകാല അവസ്ഥകളിലേക്കും, മുൻഷി സാർ രചിച്ച ആറ്റിറമ്പു മാഹാത്മ്യത്തിലേക്കും ആഖ്യാതാവ് നടത്തുന്ന സഞ്ചാരമാണീ കഥ. കഥയിലൊരിടത്ത് പ്രത്യക്ഷപ്പെടുന്ന ബംഗാളി, അന്യസംസ്ഥാനക്കാർക്ക് പറുദ്ദീസയാണ് കേരളമെന്ന് പറഞ്ഞു നടക്കുന്ന ബോധത്തിന്റെ ഛേദിക്കുന്നുണ്ട്.ഇതൊരു തരത്തിൽ സാക്ഷരതയെ ചോദ്യം ചെയ്യുന്ന ഒന്നാകുന്നു.അക്ഷരങ്ങൾ എഴുതി സാക്ഷര കേരളത്തെ സൃഷ്ടിക്കുന്ന നമ്മുടെ സംസ്കാര സാക്ഷരതയെയാണ് കഥാകൃത്തിവിടെ ചോദ്യം ചെയ്യുന്നത്.കഥയിലൊരിടത്ത് ലൈബ്രേറിയനായി മാറും മുമ്പ് നാട്ടിലെങ്ങും ഇഷ്ടികക്കച്ചവടക്കാരനായി അറിയപ്പെട്ടിരുന്ന കരുണാകരൻ ചേട്ടൻ ആറ്റിറമ്പ് മാഹാത്മ്യം തേടിച്ചെന്ന ആഖ്യാതാവുമായി സംസാരിക്കുന്നുണ്ട്. സംസാരത്തിൽ സ്വ-വംശീയ അക്ഷേപത്തിന് തുടക്കം കുറിക്കുന്നുണ്ട്.അയാൾ സ്വയം പരിഹസിക്കുന്ന ഒരു ചിത്രമാണിത്. സവർണ്ണമായൊരു ബോധമാണ് അവിടെ അയാളെ ഭരിക്കുന്നത്.സത്യ മഹർഷിയുടെ തപോവനം - ക്രിമിനൽ വക്കീൽ ജോർജ് സെബാസ്റ്റ്യന്റെയും ,സദാനന്ദമഹർഷിയുടേത് ഫൈനാൻസിയർ മുനിയപ്പയുടെയും, സരളമനസ്ക മഹർഷിയുടേത് ജൂവലർകുളത്തുങ്കൽ കുര്യന്റെയും, ശാന്തചിത്തമഹർഷിയുടേത് ഷെയർ ബ്രോക്കർ സദാനന്ദ ഷേണായുടെയും വില്ലകളായി രൂപാന്തരപ്പെടുകയാണ്. ഇത് ആശയപരമായി രണ്ടാശയങ്ങളുടെ എതിർദിശയിലേക്കുള്ള സഞ്ചാരമാണ്. മഹർഷിമാർ ചിന്താസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകി പരസ്പരമുള്ള സംസാരം വരെ കുറച്ച് പ്രവൃത്തികളിൽ മുഴുകിയിരുന്നെങ്കിൽ, സ്വവർളർച്ചയുടെ പുതിയ സിലബസുകളുമായി പഴമയെ മാറ്റി നിർത്തുകയാണ് പുതിയ താമസക്കാർ.

മഹർഷിവേഷം കെട്ടി ദൂരെയുള്ള അമ്പലങ്ങളിൽ പോയി ഭജനയിരുന്ന് കാശുണ്ടാക്കിയിരുന്ന കേശവൻ ആത്മീയതയെ കമ്പോളവത്ക്കരിക്കുന്ന ചിത്രവും, അതിലൂടെ സ്ത്രീയെ പ്രാപിക്കാനുള്ള ശ്രമങ്ങളും മറ്റും നടത്തുന്നതിന്റെ ചിത്രവും അയാളെ സന്യാസ വേഷത്തിൽ നിന്ന് നാട്ടുകാർ മുക്തനാക്കുന്ന ചിത്രവും വരച്ചിടുന്നു.കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്;"മുൻഷി സാർ തന്റെ 'ആറ്റിറമ്പ് മാഹാത്മ്യം 'എന്ന ദേശചരിത്ര പുസ്തകത്തിന്റെ തുടക്കത്തിൽ മഹർഷിമേടിൽ മഹർഷിമാർക്കൊപ്പം ധാരാളം കടുവകളും പാർത്ത്ത് പോന്നിരുന്നുവെന്നും കടുവകളുടെ വംശം മഹർഷിമാരുടെ വംശത്തെ അതിജീവിച്ചുവെന്നും എഴുതിയത് വഴി നാടിന്റെ ചരിത്രവും പാരമ്പര്യവും മഹർഷിമാരിലൂടെയെന്ന പോലെതന്നെ കടുവകളിലൂടെയും വായിക്കാനുള്ള വഴി തുറന്നിട്ടിരുന്നത് എത്ര നന്നായി !" ഉത്തരാധുനികമായൊരു  (പരിഷ്കൃത) സമൂഹം നടത്തുന്ന ആപൽക്കരമായ സഞ്ചാരമാണീ കഥ. പരിഷ്കൃത സമൂഹത്തിന്റെ സമൂഹചോദനങ്ങളെ നാമിനിയും വിചിന്തനത്തിന്റെ മുൾമുനയിൽ നിർത്തേണ്ടിയിരിക്കുന്നു.അല്ലെങ്കിൽ ഇഞ്ചിക്കാടിന്റെ കവിത പോലെ ഈ ഭൂമിയെ നോക്കി നിസ്സഹായരായി നമുക്ക് പാടേണ്ടി വരും;ഇനി വരുന്നൊരു തലമുറയ്ക്ക്.......

No comments:

Post a Comment