Friday 24 May 2019

ഗോദ്സെ ആരാധകർ രാജ്യസ്നേഹികളായ ഇലക്ഷൻ


ലോകരാജ്യങ്ങളെ നോക്കൂ. അവിടത്തെ ഭരണകൂടത്തിന്റെ പ്രത്യേകത എന്താണ്? നേതൃസ്ഥാനത്തിരിക്കുന്ന നേതാക്കൾ ഫാസിസ്റ്റുകൾ തന്നെയല്ലേ? അപ്പോൾ പിന്നെ ഇന്ത്യയിൽ എൻ.ഡി.എ-യ്ക്ക് തുടർച്ചയുണ്ടാകുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? നരേന്ദ്രമോദിയെന്ന രാഷ്ട്രീയ പ്രതിയോഗിയെ നേരിടാനാവാത്ത രാഹുൽ ഗാന്ധിയെ മുൻനിർത്തിയുള്ള കോൺഗ്രസിന്റെ പ്രചരണങ്ങൾക്ക് ആയുസ്സില്ലാതെ പോയത് അതുകൊണ്ടുതന്നെയാണ്.

ഗോദ്സെ ആരാധകർ രാജ്യം ഭരിക്കുന്ന ഇന്ത്യ. അവിടെ ഭരണഘടനവരെ മാറ്റിമറിയ്ക്കപ്പെട്ടേക്കാം. സംവരണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് സ്വീകാര്യത ലഭിക്കാം. അപ്പോൾ ആശങ്കപ്പെട്ടിട്ട് ഒരു കാര്യവുമില്ല. അംബേദ്കർ ആശയങ്ങളോട് തികഞ്ഞ അവജ്ഞ വെച്ചു പുലർത്തുന്ന ഈ മത രാഷ്ട്രീയവാദികൾ തകർത്തെറിയുക ഇന്ത്യയുടെ ബഹുസ്വരതയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് ബിജെപി-യെ എതിർക്കാനാവും എന്നൊരു വിശ്വാസമാണ് ഈ ഇലക്ഷനോടെ അസ്തമിക്കുന്നത്. ബിജെപി-യ്ക്ക് കോൺഗ്രസ് ഒരു പ്രതിയോഗിയേ അല്ലാതാവുകയാണ്. അമേഠിയിലടക്കം കോൺഗ്രസിനേറ്റ തിരിച്ചടികൾക്കാണോ അതോ കേരളത്തിലെ വിജയത്തിനാണോ പ്രാധാന്യം നൽകുക? ബിജെപി വിരുദ്ധവികാരമാണ് കേരളത്തിൽ കോൺഗ്രസിന് തുണയായത്. അത് വരും വർഷങ്ങളിൽ തുടരണമെന്നില്ല. ഓരോ ഇലക്ഷൻ കഴിയുമ്പോഴും കോൺഗ്രസ് കുടുതൽ ദുർബലമാകുന്നത് നിങ്ങൾ കാണുന്നില്ല. ഈ ദുർബലമാകൽ ജനാധിപത്യ ഇന്ത്യയ്ക്കേൽക്കുന്ന കനത്ത പ്രഹരമാണ്. 50 സീറ്റിൽ 15- ഉം കേരളത്തിന്റെ സംഭാവനയായ സ്ഥിതിയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി കൊണ്ട് മാത്രം ഇലക്ഷനെ അഭിമുഖീകരിക്കുന്നതായിരിക്കും ഇടതുപക്ഷത്തിന് അഭികാമ്യം. ഇടതുപക്ഷത്തിന്റെ പരാജയം ആഘോഷിക്കുമ്പോൾ ഇപ്പോൾ രുചിക്കുന്ന മധുരം കയ്പാവാൻ അധികം സഞ്ചരിക്കേണ്ടതില്ലെന്ന് ഓർക്കുന്നത് നല്ലതാണ്.

'നാഥുറാം വിനായക് ഗോദ്സെ ഒരു ദേശഭക്തനായിരുന്നു, ഇപ്പോഴും അങ്ങനെയാണ്, ഭാവിയിലും അങ്ങനെയായിരിക്കും' - രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോദ്‌സെയെ കുറിച്ച് ഇങ്ങനെ പറഞ്ഞത് സാധ്വി പ്രജ്ഞസിങ് ഠാകൂറാണ്. അവർ ഇനിമുതൽ ഗാന്ധിജിയുടെ ചിത്രം തൂങ്ങുന്ന ഇന്ത്യൻ പാർലമെൻറിലെ അംഗമായിരിക്കും. നമ്മുടെ രാജ്യം കാവിഭീകരതയിലേക്ക് മാറുന്നത് ചിലർക്ക് ആശ്വാസകരമാണെങ്കിൽ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും അവസ്ഥ അതല്ല. കഴിഞ്ഞ അഞ്ചു വർഷം പശുവിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ, കൊലപാതകങ്ങൾ ഇതെല്ലാം വരുന്ന അഞ്ചു വർഷങ്ങളിൽ തുടരില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? നോട്ടുനിരോധനം, ജി.എസ്.ടി, പെട്രോളിയം വിലവർധന എന്നിങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ട് മാത്രം സൃഷ്ടിച്ചതായിരുന്നു മോദിയുടെ ഭരണം. ആ ഭരണത്തിനാണ് തുടർച്ചയുണ്ടാകുന്നത്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ മറക്കുകയും മറപ്പിക്കുകയും ചെയ്യുന്ന തരത്തിൽ തീവ്രദേശീയതയുടെയും ഹിന്ദു ധ്രുവീകരണത്തിന്റെയും ഓളം സൃഷ്ടിക്കുന്നതിൽ ബി.ജെ.പി വിജയിച്ചിരിക്കുന്നു.


ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തെ പുൽവാമയ്ക്കു മുമ്പും ശേഷവുമെന്ന് തരംതിരിക്കേണ്ടിവരും. എങ്കിൽ മാത്രമേ ദേശസുരക്ഷയെ ആളിക്കത്തിച്ചുകൊണ്ട് മോദി - ഷാ ദ്വയം എൻ.ഡി.എ -യുടെ രണ്ടാം വരവ് അരക്കിട്ടുറപ്പിച്ചതെങ്ങനെയെന്ന് മനസ്സിലാവുകയുള്ളൂ. ഇലക്ഷനോടടുപ്പിച്ചുണ്ടായ ഭീകരാക്രമണത്തെ ദേശീയ മാധ്യമങ്ങളടക്കം സംശയത്തോടെ വീക്ഷിച്ചത് എന്തുകൊണ്ടായിരുന്നെന്ന് മനസ്സിലാകുന്നുണ്ടെങ്കിൽ നല്ലത്. പക്ഷെ അതൊക്കെ ചോദ്യം ചെയ്താൽ രാജദ്രോഹിയാകുമെന്നതിനാൽ വായ മൂടി കെട്ടിയിരിക്കാം. ഗോദ്സെ രാഷ്ട്രപിതാവിനേക്കാൾ ശ്രേഷ്ഠനാണെന്ന് ജയ് വിളിക്കാം. ഇന്ത്യയുടെ ബഹുസ്വരതയെ ഏകസ്വരത്തിലേക്ക് വലിച്ചുകെട്ടാം. ഇത്തരം അജണ്ഡകളെ തൂത്തെറിയാൻ ജനാധിപത്യ ജാഗ്രത പുലർത്തേണ്ടതായുണ്ട്.

കഴിഞ്ഞ അഞ്ചു വർഷങ്ങളെ പോലെ വരുന്ന അഞ്ചു വർഷവും കോപ്പറേറ്റുകൾക്ക് നേട്ടമുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തെ കർഷകരുടെ സ്ഥിതിയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടായാൽ നന്ന് എന്നു മാത്രമേ പറയാനാവൂ.

Wednesday 8 May 2019

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ലെങ്കില്‍ മറ്റ് ആനകളെ പൂരത്തിന് നല്‍കരുത്‌



തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പറയുന്നു. വലിയ പ്രതീക്ഷയോടെയാണ് ഈ തീരുമാനത്തെ കാണുന്നത്. വെയിലും മഴയും കൊള്ളിച്ച് ആ മൃഗത്തോട് കാട്ടുന്ന ക്രൂരതയ്ക്ക് കുറച്ച് കാലത്തേക്കെങ്കിലും അന്ത്യം ഉണ്ടാകുമല്ലോ! കരിയും കരിമരുന്നും തീര്‍ക്കുന്ന അപകടകരമായ സാഹചര്യങ്ങളെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരിക്കുന്നവര്‍ തന്നെയാണ്‌ ആചാരത്തിന്റെ പേരില്‍ മരണകെണികളൊരുക്കുന്നത്.
അപകട സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് കൈക്കൊള്ളുന്ന ഉത്തരം തീരുമാനങ്ങള്‍ക്ക് നേരെ ശക്തമായി ശബ്ദമുയര്‍ത്തണം. എന്നിട്ട് അപകടെ നടന്നുകഴിയുമ്പോള്‍ അതിന്റെ പേരില്‍ ഹാഷ് ടാഗിട്ട് പ്രതിഷേധിക്കണം. പിന്നെ വീണ്ടും കരിയും കരിമരുന്നും ആവര്‍ത്തിക്കണം. എത്രകൊണ്ടാലും പഠിക്കാത്ത ഒരു ജനത. അവര്‍ക്ക് ന്യായീകരിക്കാന്‍ ഒരു വാക്ക്, ആചാരം!
ആന വരുത്തുന്ന നാശങ്ങള്‍ക്ക് ആന ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങണം. വന-വന്യജീവി നിയമങ്ങള്‍ ശക്തമാകേണ്ടതുണ്ട്. വന്യജീവിയായ ആനയ്ക്ക് അതര്‍ഹിക്കുന്ന പരിരക്ഷ ലഭ്യമാകേണ്ടതുണ്ട്.

Wednesday 1 May 2019

സൈബറിടത്തെ ആസിഡാക്രമങ്ങള്‍




സമൂഹമാധ്യമങ്ങളില്‍ നിരന്തരം അതിക്രമങ്ങള്‍ക്ക് വിധേയമായ വ്യക്തിയാണ് പാര്‍വതി. എന്തുകൊണ്ടാണ് പാര്‍വതിയ്ക്കുനേരെ ഇത്രയേറെ അതിക്രമങ്ങള്‍ നടക്കുന്നത്? ഒരോ അക്രമങ്ങളെയും തന്റെ ഉയര്‍പ്പിനാല്‍ തോല്പിക്കുകയും കൂടുതല്‍ ശക്തമായി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് അവര്‍. ഇതുതന്നെയാണ് പാര്‍വതിയ്ക്കുനേരെ തിരിയാന്‍ ആണധികാരകേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത്. ഭയപ്പെടുത്തി അധികാര വരുതിയില്‍ നിര്‍ത്താം എന്നു കരുതിയെങ്കില്‍ അതിനെയെല്ലാം പൊളിച്ചുകളയുന്ന സമീപനമാണ് പാര്‍വതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അവസരങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അത് സ്വയം സൃഷ്ടിക്കും എന്നു പറഞ്ഞ പാര്‍വതിയ്ക്ക് അഹങ്കാരിയെന്ന ലേബല്‍ ചാര്‍ത്തികൊടുക്കാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്.

പേരിനൊപ്പം മേനോന്‍ എന്ന ജാതിവാലിന്റെ ആവശ്യമില്ലെന്ന് തുറന്നു പറഞ്ഞ പാര്‍വതി മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി തിരുവോത്ത് എന്ന പുതിയ പേര് അനൗണ്‍സ് ചെയ്തത്. പാര്‍വതി എന്ന നടിയുടെ നിലപാടുകളുടെ ടേക്ക് ഓഫായിരുന്നു അത്. തുടര്‍ന്നാണ് പാര്‍വതി എന്ന നടിയെ മലയാളികള്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പാര്‍വതി നടത്തിയ ഈ ടേക്ക് ഓഫ് മലയാളി സമൂഹം മനസ്സിലാക്കി തുടങ്ങുകയും കുറച്ചുപേരെങ്കിലും അത്തരം മാറ്റങ്ങളെ സ്വീകരിക്കാന്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന സമയത്തുപോലും കായിക താരത്തിന്റെ ജാതി നോക്കുന്ന സവിശേഷ സ്വഭാവമുള്ളവര്‍ക്ക് ഇത്തരത്തില്‍ തന്റേടം കാട്ടുന്ന ഒരു പെണ്ണിനെ ഉള്‍ക്കൊള്ളാനാവില്ല എന്ന് തീര്‍ച്ചയാണ്.

ഫെമിനിച്ചി എന്ന പദത്തെ വലിയ തെറിയായി കാണുന്ന ആണ്‍ബോധങ്ങള്‍ക്കു നേരെയുള്ള ശക്തമായ പ്രഹരമായിരുന്നു ജൂഡ് ആന്റണിയ്ക്ക് കൊടുത്ത മറുപടി. തന്നെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിനോട് ഉപമിച്ച ജൂഡ് ആന്റണിയോട് ഓട് മലരേ കണ്ടം വഴി(OMKV) എന്ന് സോഷ്യല്‍ മീഡിയയിലൂടെ പര്‍വതി മറുപടി കൊടുത്തു. ജൂഡിനുള്ള ആ മറുപടിയായിരുന്നു അതെങ്കിലും ചെന്നുതറച്ചത് ആണധികാരകേന്ദ്രങ്ങളിലാണ്‌. പിന്നെ നാം കണ്ടത് വെര്‍ബല്‍ അബ്യൂസിന്റെ ഘോഷയാത്രയാണ്. തനിക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളില്‍ അവര്‍ തളരുന്നില്ലെന്ന് കണ്ടിട്ടും അവരെ പിന്‍തുടര്‍ന്ന് അക്രമിക്കാന്‍ വേണ്ടി ഈ അധികാരകേന്ദ്രങ്ങള്‍ തയ്യാറായികൊണ്ടിരുന്നു.



ശബരിമല വിഷയത്തിലും, നടി ആക്രമിക്കപ്പെട്ടപ്പോഴും അവര്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. 'സ്ത്രീപക്ഷ സിനിമ പുരുഷ പക്ഷ സിനിമ എന്ന വിവേചനങ്ങള്‍ക്കപ്പുറം സിനിമയെ Equalise ചെയ്തു കാണാന്‍ നമുക്ക് കഴിയണം. സിനിമയെ ഹീറോയിന്‍ സിനിമ എന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല, കാരണം ഹീറോ ഓറിയന്റഡ് എന്ന് ആരുതന്നെ പറയുന്നില്ല, അതുകൊണ്ട് അത്തരം രീതികള്‍ മാറണം' പാര്‍വതി പറയുന്നു. നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന പാര്‍വതി തന്നെപോലുള്ള ഒരുപാട് സ്ത്രീകളുടെ ശബ്ദമാകുകയാണ്.

ജീവിക്കുന്ന സമൂഹത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ബോധവും, നിലപാടുകളും, താന്‍ ഇടപെടുന്ന മേഖലയിലും മാറേണ്ടേ കാഴ്ചപ്പാടുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു സ്ത്രീയെ ആണ് അവരുടെ ഫെയ്‌സ്ബുക്കില്‍ പോയി തെറിവിളിച്ചും, ഡീഗ്രയ്ഡ് ചെയ്തും തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. സൈബറിടത്തെ വാക്കാസിഡാക്രമങ്ങള്‍ കൊണ്ട്‌ നിങ്ങള്‍ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്ന ഈ ആധികാരത്തിന് അധികദൂരം താണ്ടാനാവുകയില്ല. അത് തളര്‍ന്നുകൊണ്ടിരിക്കികയാണ്. നിങ്ങള്‍ അറിയുന്നില്ലെങ്കിലും ആ അധികാരത്തിന്റെ ജീര്‍ണതകളില്‍ നിന്ന് ഒരുമാറ്റം സാധ്യമാണ്.