Monday 30 May 2016

നാം ഇരകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു!

   

സ്വന്തം ആവാസ മേഖലയിൽ നിന്നും ഭൂമിയിലെ പക്ഷിമൃഗങ്ങളെപ്പോലെ നിരന്തരം കുടിയിറക്കപ്പെടുന്ന ഒരു വിഭാമാണ് ആദിവാസികൾ. അവരുടെ മണ്ണ് അവർക്ക് അന്യമാവുകയും അവിടെ പുതിയ അധികാരികൾ സ്ഥാനം പിടിക്കുകയും ചെയ്യുന്നത് നാം കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു. ഒറ്റയ്ക്കും കൂട്ടായുമുള്ള ചില പ്രതിഷേധങ്ങളിൽ താൽക്കാലികമായ ഒരു ഒത്തുതീർപ് അവരുടെ പ്രശ്നങ്ങളിലുണ്ടാകുന്നു. എന്നാലത് ശാശ്വതമല്ല. കാരണം, ആദിവാസികൾ ഇരകളും നാം വേട്ടക്കാരുമാണെല്ലോ.

അതിരപ്പിള്ളി ജലവൈദ്യൂത പദ്ധതിയുടെ ചരിത്രം

1979 ലാണ് 163 മെഗാ വാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി ആലോചനയില്‍ വരുന്നത്. 1500 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 212 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പെരിങ്ങല്‍ക്കുത്ത് വലതുകര പദ്ധതിയോടൊപ്പം ഇരട്ട പദ്ധതിയായി 1982 ലാണ് അതിരപ്പിള്ളി പദ്ധതിക്കായുള്ള നിര്‍ദേശം സമര്‍പ്പിക്കപ്പെട്ടത്. 1989ല്‍ പദ്ധതിക്കുള്ള അനുമതി ലഭിച്ചു.എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികളില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു. പിന്നീട് 98 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ( പിണറായി വിജയൻ വൈദ്യൂതി മന്ത്രിയായിരിക്കുന്ന കാലത്താണ് ) പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ ടി.ബി.ജി.ആര്‍.എ പഠനം നടത്തി പദ്ധതിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 2001 ല്‍ കേരള ഹൈക്കോടതിയുടെ ഇടപെടലിലൂടെ പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെട്ടു.

2005 ല്‍ കേന്ദ്ര ഏജന്‍സിയായ വാപ്‌കോസ് നല്‍കിയ റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. 2007ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതോടെ പദ്ധതിക്കായുള്ള പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. 2010 ല്‍ കേന്ദ്ര വനംമന്ത്രിയായിരുന്ന ജയറാം രമേഷ് പദ്ധതി ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പിന്നീട് വന്ന ഗാഡ്ഗില്‍ കമ്മിറ്റിയും എതിരായ നിലപാടെടുത്തു. 2015ല്‍ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു.

ചാലക്കുടി പട്ടണത്തിന് 36 കിലോമീറ്റര്‍ കിഴക്ക്, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് മുകളിലായാണ് പദ്ധതി. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള അണക്കെട്ടാണ് പദ്ധതിക്കായി നിര്‍മ്മിക്കുക. ഇവിടെനിന്ന് നാലര കിലോമീറ്റര്‍ നീളവും 6.4 മീറ്റര്‍ വ്യാസവുമുള്ള ടണലിലൂടെയും രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയും കണ്ണംകുഴി തോടിന്റെ കരയിലുള്ള പ്രധാന പവര്‍ഹൗസില്‍ എത്തിക്കുന്നു.

80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഡാമിന് തൊട്ടു താഴെയായി 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ കൂടി സ്ഥാപിച്ച് മൊത്തം 163 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. 
അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കുന്നത്. ഈ രണ്ട് ജനറേറ്ററുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനായുള്ള നീരൊഴുക്ക് നിലനിര്‍ത്താമെന്നതാണ് കെ.എസ്.ഇ.ബി.യുടെ വാദം. അണക്കെട്ടിലെ ജലാശയത്തിന് 104 ഹെക്ടര്‍ വിസ്തൃതിയാണുണ്ടാകുക.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ പോകുന്ന പ്രദേശത്ത് രണ്ട് ആദിവാസി കോളനികള്‍ ഉണ്ട്. വാഴച്ചാല്‍ കോളനിയും പൊകലപ്പാറ കോളനിയും. ഇന്ത്യൻ വനാവകാശ നിയമപ്രകാരം അവർക്കകാശപ്പെട്ട കാടാണത്. അവരുടെ അനുമതിയില്ലാതെ ഒരു മരം പോലും മുറിക്കാൻ സാധ്യമല്ല എന്നിരിക്കെയാണ് 200 ഹെക്ടർ കാട്  ഈ പദ്ധതിയ്ക്കായി കുരുതി കൊടുക്കാൻ ഉദ്ദേശിക്കുന്നത്.കാടർ എന്ന ഈ ആദിമ ഗോത്ര വിഭാഗത്തിൽ ഇന്ന് 1500-ഓളം ആളുകൾ മാത്രമാണുള്ളത് (80-കുടുംബങ്ങൾ ).


ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിനെപ്പറ്റിയുള്ള കെഎസ്.ഇ.ബി. കണക്കുകളിലും വൈരുദ്ധ്യങ്ങള്‍ ഉണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാം നിറയുമ്പോള്‍ വാച്ചുമരത്തുള്ള കനാല്‍ വഴി ഇടമലയാര്‍ ഡാമിലേക്ക് ജൂണ്‍ മുതല്‍ നവംബര്‍ വരെ ഏകദേശം 280 ദശലക്ഷം ഘനമീറ്റര്‍ വെള്ളമൊഴുകുന്നുണ്ടെന്നാണ് കണക്ക്. വേനല്‍ക്കാലത്തെ പെരിയാറിലെ ജലലഭ്യത ഉറപ്പ് വരുത്താനാണിത്. ഈ വെള്ളം ഉപയോഗിച്ച് 70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
അതിരപ്പള്ളി പദ്ധതി വന്നാല്‍ ഇടമലയാര്‍ ഡാമിലേക്ക് വെള്ളമൊഴുക്കുന്നത് നിര്‍ത്തുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അപ്പോള്‍ ഇടമലയാറില്‍ വൈദ്യുതി ഉത്പാദനത്തിന് കുറവുണ്ടാകും ഈ കണക്കുകള്‍ കെ.എസ്.ഇ.ബി. യുടെ പഠനങ്ങളിലില്ല. രണ്ട് ജല വൈദ്യുത പദ്ധതികള്‍ തമ്മില്‍ മൂന്ന് കിലോമിറ്റര്‍ ദൂരം വേണം തുടങ്ങി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകളും പദ്ധതിക്ക് തടസ്സമാകും.

163 മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിക്കാനാകും എന്ന് വൈദ്യുതി വകുപ്പ് അവകാശപ്പെടുന്ന പദ്ധതി നടപ്പിലാക്കിയാല്‍ ഇരുന്നൂറിലേറെ ഹെക്ടര്‍ വനമാണ് ഇല്ലാതാകുക. നശിക്കുന്ന ജൈവ സമ്പത്തിന്റെ കണക്കെടുക്കാന്‍ പോലുമാകില്ല എന്നതാണ് വാസ്തവം.അതിരപ്പിള്ളി,വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ ഭാവിയും പരുങ്ങലിലാകും. ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിനെ കാര്യമായി ബാധിക്കും. ജല ലഭ്യത കുറയും.


1500 കോടി  രൂപ ചെലവഴിച്ചാല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപയിലേറെയാകും ഇതിനേക്കാള്‍ ലാഭം സൗരോര്‍ജ്ജ വൈദ്യുതിയാണെന്ന് ഓർക്കുക.

കേരളത്തിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒന്നായ വാഴച്ചാൽ മേഖലയിലെ 140 ഹെക്ടറോളം വനഭൂമി നശിപ്പിച്ച് വേണമെങ്കിൽ ഈ പദ്ധതിയുമായി മുന്നോട്ടു പോകാം.എന്നാൽ ആഗോള താപനം ചെറുക്കാൻ നിലവിലുള്ള വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി എന്ന കാര്യത്തെ വിസ്മരിക്കരുത്.

Tuesday 24 May 2016

കഥായനം;ആധുനികോത്തര മലയാള ചെറുകഥയുടെ പ്രമേയപരിസരങ്ങളിലേക്കുള്ള യാത്ര

കാലത്തെ അതിവർത്തിക്കുമെന്ന ധാരണയിൽ നിന്നുണ്ടായ ദാർശനിക ബോധമായിരുന്നു ആധുനിക മലയാള ചെറുകഥയുടെ ശക്തിയും ദൗർബല്യവും .എഴുത്തുകാരന്റെ കണ്ണിലൂടെ ലോകത്തെ കാണാൻ പ്രേരിപ്പിക്കുന്ന ആത്മങ്ങളുടെ ആഖ്യാന വഴികളായിരുന്നു അത്. ഒരർത്ഥത്തിൽ അത് സാഹിത്യത്തിലെ എഴുത്തുകാരനെന്ന സംവർഗ്ഗത്തിന് ആദർശാത്മക നില സൃഷ്ടിച്ചു നൽകി. എഴുത്തുകാരന്റെ ബോധം ഏറെ ഗാഢവും അഗാധവുമായ അയായുടെ ചിന്തകളുടെ ഭാഗമായി തിരിച്ചറിയപ്പെട്ടു. ആദർശമുക്തവും മുൻധാരണകളാൽ വികലമാക്കപ്പെടാത്തതുമായ ജീവിതമാണ് ആധുനികോത്തര മലയാളചെറുകഥാകൃത്തുക്കളുടെ എഴുത്തിൽ നിറയുന്നത്. അസ്തിത്വ പ്രശ്നങ്ങളേക്കാൾ സാംസ്ക്കാരികമായ അന്വേക്ഷണമായി ഓരോ കഥയും മാറുന്നു. ഏകതലത്തിലേക്ക് പൊട്ടിയമരുന്ന ആധുനികതയുടെ കഥന ഭാവുകത്വത്തിൽ നിന്നും അനേക തലങ്ങളിലേക്ക് പൊട്ടിച്ചിതറുന്ന സാംസ്കാരികരൂപമായി നവീനകഥ മാറി. ആധുനികോത്തര മലയാളകഥയിൽ വിപണിസംസ്ക്കാരം, മാധ്യമസംസ്ക്കാരം, സ്ത്രീവാദം, ദളിത് വാദം, പരിസ്ഥിതിവാദം തുടങ്ങിയ വ്യത്യസ്ത ആശയ മണ്ഡലങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സ്വാധീനത്തിന്റെ ഫലമായി ആധുനികോത്തര മലയാളചെറുകഥ എങ്ങനെ രൂപപ്പെട്ടു എന്ന അന്വേക്ഷണമാണ് ഡോ.ദിവ്യ ധർമ്മദത്തന്റെ കഥായനം.
           ആധുനികോത്തര മലയാളചെറുകഥയിലെ ദിശാവ്യതിയാനം രേഖപ്പെടുത്തുന്ന പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ കൃതിയെ രണ്ടുഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സമകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പന്ത്രണ്ട് ലേഖനങ്ങൾ പ്രാതിനിധ്യ സ്വഭാവമുള്ള ഇരുപത്തെട്ട് കഥകളെയാണ് പഠനവിധേയമാക്കുന്നത്. ആധുനികോത്തര സമൂഹം ശരീരത്തെ എങ്ങനെ വീക്ഷിക്കുന്നു എന്ന പഠനമാണ് " ആധുനികോത്തരകഥയിലെ ശരീരം " എന്ന ലേഖനം.P.V. ഷാജികുമാറിന്റെ വെള്ളരിപ്പാടം, E.P. ശ്രീകുമാറിന്റെ പരസ്യശരീരം, സിതാര.എസി-ന്റെ കറുത്തകുപ്പായക്കാരി എന്നീ കഥകളിലൂടെ സ്ത്രീ ശരീരത്തെ എങ്ങനെ പ്രതിരോധത്തിന്റെ മാധ്യമമായും കാഴ്ച്ചവസ്തുവായും ഉപഭോഗവസ്തുവായും മാറ്റുന്നുവെന്ന് ദിവ്യ സമർത്ഥിക്കുന്നു. ഈ ലേഖനത്തോട് ചേർത്തുവെച്ച് വായിക്കാവുന്ന ലേഖനമാണ് " ശരീരവും വിപണിയും -ഇ.പി.ശ്രീകുമാറിന്റെ കഥകളിൽ" എന്നത്. അതിനെക്കുറിച്ച് വഴിയേ പറയാം. അടുത്ത ലേഖനം "വിമതലൈംഗികത മലയാളചെറുകഥയിൽ" എന്ന വിഷയത്തെ ആധാരമാക്കിയുള്ളതാണ്.സ്ത്രീ-പുരുഷ ബന്ധമാണ് പ്രകൃതിസഹജമെന്നു കരുതുന്നവരാണ് ഭൂരിപക്ഷ സമൂഹവും.എന്നാൽ സമൂഹത്തിന്റെ ഈ വ്യവസ്ഥാപിത ലൈംഗിക ശീലങ്ങളിൽ നിന്നും വ്യതിചലിച്ചു ജീവിക്കുന്നവരുടെ ഏതാനും ചെറുകഥകൾ മലയാള സാഹിത്യത്തിലുണ്ട്. മാധവിക്കുട്ടിയുടെ നപുംസകങ്ങൾ, ഇന്ദുമേനോന്റെ ഒരു ലെസ്ബിയൻ പശു, പ്രമോദ് രാമന്റെ ഛേദാംശജീവിതം, സിതാര.എസി-ന്റെ ചാന്തുപൊട്ട് എന്നീ കഥകളുടെ വെളിച്ചത്തിൽ വിമതലൈംഗീകത മലയാള ചെറുകഥയിൽ എങ്ങനെ അടയാളപ്പെടുന്നുവെന്ന് ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയൽ കാലഘട്ടത്തിൽ രൂപപ്പെട്ട ഇന്ത്യൻ ദേശീയബോധം എങ്ങനെ ഏകശിലാത്മകമായ ദേശീയതയ്ക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് കെ.രേഖയുടെ മഞ്ഞുകുട്ടികൾ, ഇന്ദുമേനോന്റെ സംഘപരിവാർ എന്നീ കഥകളുടെ അടിസ്ഥാനത്തിൽ "ദേശീയതയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ " എന്ന ലേഖനത്തിൽ പറയുന്നു.
      അഗോളവത്ക്കരണം, കമ്പോളസംസ്ക്കാരം, മാധ്യമസംസ്ക്കാരം എന്നിവയാണ് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ കേരളസമൂഹത്തെ സ്വാധീനിച്ച ചില പ്രധാന ഘടകങ്ങൾ.ഇതിന്റെ ഫലമായി സമൂഹത്തെ മുഴുവൻ വിപണിയായി കാണുന്ന, വ്യക്തിയുടെ സ്വകാര്യതപോലും വിറ്റുകാശാക്കുന്ന കമ്പോള - മാധ്യമസംസ്ക്കാരത്തിന്റെ ഇരകളായി മാറിയിരിക്കുകയാണ് കേരളീയർ. സമൂഹത്തിലെ മൂല്യവ്യവസ്ഥകൾക്കുപകരം കമ്പോളാധിഷ്ഠിത മൂല്യങ്ങൾ സ്ഥാനം പിടിക്കുന്നു. തത്ഫലമായി അപമാനവീകരണം കേരള സമൂഹത്തെ അർബുദം പോലെ ബാധിച്ചിരിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ചരിഞ്ഞ സുഷിരങ്ങൾ, കൊച്ചുബാവയുടെ വ്യദ്ധമാതാവ്, ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ മലബാർ എക്സ്പ്രസ്, സുഭാഷ്ചന്ദ്രന്റെ തല്പം, എം.മുകുന്ദന്റെ ഫോട്ടോ, ഇ.പി.ശ്രീകുമാറിന്റെ വൃദ്ധജനബാങ്ക്, അശോകൻ ചരുവിലിന്റെ പലതരംവീടുകൾ എന്നീ കഥകളെ പഠനവിധേയമാക്കി അപമാനവീകരണം മലയാള ചെറുകഥയിൽ എങ്ങനെ അടയാളപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ലേഖനമാണ് "അപമാനവീകരണം ആധുനികാനന്തര ചെറുകഥയിൽ ". ആധുനികോത്തര മലയാള ചെറുകഥയിൽ വൈവിധമാർന്ന നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അതിൻ പ്രധാനമായ ഒന്നാണ് പാഠാന്തരത. സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിനയ മുഹൂർത്തനങ്ങൾ പി.സുരേന്ദ്രന്റെ രവിയുടെ ഇതിഹാസാനന്തരജീവിതം എന്നീ കഥകളിലൂടെ പാഠാന്തരതയെ ആധുനികാന്തര കഥാകൃത്തുക്കൾ ഉപയോഗിച്ചതെങ്ങനെയാണെന്ന പഠനമാണ് "പാഠാന്തരത സമകാലീന കഥയിൽ " എന്ന ലേഖനം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിർത്ഥികൾ നിർണയിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ പ്രതിരോധങ്ങളായി മലയാളകഥയിൽ വന്ന കെ.ആർ മീരയുടെ ഓർമയുടെ ഞരമ്പ് ,കെ.രേഖയുടെ നല്ലനടി എന്നീ കഥകളുടെ പഠനമാണ് " ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്ഥികൾ ". മതഭ്രാന്തൻ, ഒരു പാട്ടിന്റെ ദൂരം എന്നീ ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ വ്യക്തിഭയം സമൂഹത്തിന്റെ ഭയവായി മാറുന്നതിന്റെ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളെ വിശകലനം ചെയ്യുകയാണ് "ഭരണകൂടത്തിന്റെയും പുരുഷാധിപത്യസമൂഹത്തിന്റെയും ഭയപ്പെടുത്തലിന്റെ പാഠങ്ങൾ " എന്ന ലേഖനത്തിലൂടെ.ഇ.പി.ശ്രീകുമാറിന്റെ വൈദ്യം, ശവവസ്ത്രക്കച്ചവടം എന്നീ കഥകൾ ശരീരം എങ്ങനെ ഒരു വിപണിയാകുന്നുവെന്ന് സൂചിപ്പിക്കുന്നു[ലേഖനം - ശരീരവും വിപണിയും ഇ.പി.ശ്രീകുമാറിന്റെ കഥകളിൽ ]." രണ്ടുമത്സ്യങ്ങൾ;അതിജീവനത്തിന്റെ ഗാഥ " എന്ന ലേഖനം രണ്ടുമത്സ്യങ്ങൾ എന്ന അംബികാസുതൻ മാങ്ങാടിന്റെ കഥയെ ആധാരമാക്കി അമിതവിഭവചൂഷണംമൂലം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ചർച്ച ചെയ്ത് അതിനുകാരണമായ ആഗോളവത്കൃത ലോകത്തിന്റെ വിപണന താല്പര്യങ്ങളെ വിചിന്തനം ചെയ്യുന്നു. "ഒഴിവുദിവസത്തെ കളി കാര്യമാകുമ്പോൾ " എന്ന ലേഖനം ഉണ്ണി.ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥയെ വിശകലനം ചെയ്ത് അധികാരത്തിന്റെ ശ്രേണീ വൽകരണത്തെയും ജാതിയുടെ ഉച്ചനീചത്വങ്ങളെയും വെളിവാക്കുന്നു. ഗ്രേസിയുടെ ഗൗളിജന്മം എന്ന കഥയുടെ പഠനമാണ് "ഗ്രേസിയുടെ ഗൗളിജന്മം - ചില സ്ത്രീപക്ഷ ചിന്തകൾ " എന്ന ലേഖനം. സ്ത്രീ സ്വത്യാനേക്ഷണത്തിലേക്കും അതിന്റെ ആത്മസംഘർഷത്തിലേക്കും ഈ ലേഖനം കടന്നു ചെല്ലുന്നു.'' സന്തോഷ് ഏച്ചിക്കാനത്തിന്റെ ഡേവിഡ്ജികോഡിലെ ആഖ്യാനം" ഡേവിഡ്ജികോഡെന്ന കഥയുടെ പഠനമാണ്. അതിനൊപ്പം മലയാള ചെറുകഥ നാളിതുവരെ കടന്നുവന്ന വഴികളെ ലേഖനം രേഖപ്പെടുത്തുന്നു .സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ ആഖ്യാനത്തെക്കുറിച്ചും പാഠാന്തരതയെക്കുറിച്ചും ലേഖനം വിശകലനം ചെയ്യുന്നു.
           ആധുനികോത്തരകഥ''മനുഷ്യൻ എന്ന ഏകവചനത്തിൽ ശ്വാസം മുട്ടിച്ചത്ത" സകല വൈവിദ്ധ്യങ്ങളെയും തിരികെ കൊണ്ടുവരുന്നു. പകരം ആധുനികതയുടെ സാഹിത്യബോധ്യങ്ങളെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നുവെന്ന് കഥായനം ധ്വനിപ്പിക്കുന്നു. കഥായനം, മികച്ച വായനാനുഭവമാകുന്ന അതേ അവസരത്തിൽ ഈ കൃതിയിൽ പഠനവിധേയമായ കഥകളെല്ലാം മുഖ്യധാരാ സാഹിത്യത്തിൽ ഇടംപിടിച്ചവരുടെ ശ്രദ്ധേയമായ രചനകളാണെന്ന കാര്യം വിസ്മരിക്കരുത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് അത്ര ലിബ്രലായ ഒന്നല്ല എന്നാണ് എന്റെ കാഴ്ച്ചപ്പാട്. കാരണം പഠനവിധേയമാക്കേണ്ട ഒട്ടനവധി കഥകൾ പുറത്തു നിൽക്കപ്പെടുന്നത് സാഹിത്യത്തിലെ ഒരു തരം വരേണ്യ കാഴ്ച്ചയുടെ അവസ്ഥാവിശേഷമാണെന്ന് പറയാതെ വയ്യാ. എന്നിരുന്നാലും ദിവ്യയുടെ കഥായനം , ആധുനികോത്തര മലയാള ചെറുകഥകളുടെ മികച്ചപഠനങ്ങളിൽ ഒന്നാകുമെന്ന കാര്യത്തിൽ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്.