Monday 30 May 2016

നാം ഇരകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു!

   

സ്വന്തം ആവാസ മേഖലയിൽ നിന്നും ഭൂമിയിലെ പക്ഷിമൃഗങ്ങളെപ്പോലെ നിരന്തരം കുടിയിറക്കപ്പെടുന്ന ഒരു വിഭാമാണ് ആദിവാസികൾ. അവരുടെ മണ്ണ് അവർക്ക് അന്യമാവുകയും അവിടെ പുതിയ അധികാരികൾ സ്ഥാനം പിടിക്കുകയും ചെയ്യുന്നത് നാം കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു. ഒറ്റയ്ക്കും കൂട്ടായുമുള്ള ചില പ്രതിഷേധങ്ങളിൽ താൽക്കാലികമായ ഒരു ഒത്തുതീർപ് അവരുടെ പ്രശ്നങ്ങളിലുണ്ടാകുന്നു. എന്നാലത് ശാശ്വതമല്ല. കാരണം, ആദിവാസികൾ ഇരകളും നാം വേട്ടക്കാരുമാണെല്ലോ.

അതിരപ്പിള്ളി ജലവൈദ്യൂത പദ്ധതിയുടെ ചരിത്രം

1979 ലാണ് 163 മെഗാ വാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി ആലോചനയില്‍ വരുന്നത്. 1500 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 212 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പെരിങ്ങല്‍ക്കുത്ത് വലതുകര പദ്ധതിയോടൊപ്പം ഇരട്ട പദ്ധതിയായി 1982 ലാണ് അതിരപ്പിള്ളി പദ്ധതിക്കായുള്ള നിര്‍ദേശം സമര്‍പ്പിക്കപ്പെട്ടത്. 1989ല്‍ പദ്ധതിക്കുള്ള അനുമതി ലഭിച്ചു.എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികളില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു. പിന്നീട് 98 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ( പിണറായി വിജയൻ വൈദ്യൂതി മന്ത്രിയായിരിക്കുന്ന കാലത്താണ് ) പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ ടി.ബി.ജി.ആര്‍.എ പഠനം നടത്തി പദ്ധതിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 2001 ല്‍ കേരള ഹൈക്കോടതിയുടെ ഇടപെടലിലൂടെ പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെട്ടു.

2005 ല്‍ കേന്ദ്ര ഏജന്‍സിയായ വാപ്‌കോസ് നല്‍കിയ റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. 2007ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതോടെ പദ്ധതിക്കായുള്ള പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. 2010 ല്‍ കേന്ദ്ര വനംമന്ത്രിയായിരുന്ന ജയറാം രമേഷ് പദ്ധതി ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പിന്നീട് വന്ന ഗാഡ്ഗില്‍ കമ്മിറ്റിയും എതിരായ നിലപാടെടുത്തു. 2015ല്‍ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു.

ചാലക്കുടി പട്ടണത്തിന് 36 കിലോമീറ്റര്‍ കിഴക്ക്, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് മുകളിലായാണ് പദ്ധതി. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള അണക്കെട്ടാണ് പദ്ധതിക്കായി നിര്‍മ്മിക്കുക. ഇവിടെനിന്ന് നാലര കിലോമീറ്റര്‍ നീളവും 6.4 മീറ്റര്‍ വ്യാസവുമുള്ള ടണലിലൂടെയും രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയും കണ്ണംകുഴി തോടിന്റെ കരയിലുള്ള പ്രധാന പവര്‍ഹൗസില്‍ എത്തിക്കുന്നു.

80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഡാമിന് തൊട്ടു താഴെയായി 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ കൂടി സ്ഥാപിച്ച് മൊത്തം 163 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. 
അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കുന്നത്. ഈ രണ്ട് ജനറേറ്ററുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനായുള്ള നീരൊഴുക്ക് നിലനിര്‍ത്താമെന്നതാണ് കെ.എസ്.ഇ.ബി.യുടെ വാദം. അണക്കെട്ടിലെ ജലാശയത്തിന് 104 ഹെക്ടര്‍ വിസ്തൃതിയാണുണ്ടാകുക.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ പോകുന്ന പ്രദേശത്ത് രണ്ട് ആദിവാസി കോളനികള്‍ ഉണ്ട്. വാഴച്ചാല്‍ കോളനിയും പൊകലപ്പാറ കോളനിയും. ഇന്ത്യൻ വനാവകാശ നിയമപ്രകാരം അവർക്കകാശപ്പെട്ട കാടാണത്. അവരുടെ അനുമതിയില്ലാതെ ഒരു മരം പോലും മുറിക്കാൻ സാധ്യമല്ല എന്നിരിക്കെയാണ് 200 ഹെക്ടർ കാട്  ഈ പദ്ധതിയ്ക്കായി കുരുതി കൊടുക്കാൻ ഉദ്ദേശിക്കുന്നത്.കാടർ എന്ന ഈ ആദിമ ഗോത്ര വിഭാഗത്തിൽ ഇന്ന് 1500-ഓളം ആളുകൾ മാത്രമാണുള്ളത് (80-കുടുംബങ്ങൾ ).


ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിനെപ്പറ്റിയുള്ള കെഎസ്.ഇ.ബി. കണക്കുകളിലും വൈരുദ്ധ്യങ്ങള്‍ ഉണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാം നിറയുമ്പോള്‍ വാച്ചുമരത്തുള്ള കനാല്‍ വഴി ഇടമലയാര്‍ ഡാമിലേക്ക് ജൂണ്‍ മുതല്‍ നവംബര്‍ വരെ ഏകദേശം 280 ദശലക്ഷം ഘനമീറ്റര്‍ വെള്ളമൊഴുകുന്നുണ്ടെന്നാണ് കണക്ക്. വേനല്‍ക്കാലത്തെ പെരിയാറിലെ ജലലഭ്യത ഉറപ്പ് വരുത്താനാണിത്. ഈ വെള്ളം ഉപയോഗിച്ച് 70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
അതിരപ്പള്ളി പദ്ധതി വന്നാല്‍ ഇടമലയാര്‍ ഡാമിലേക്ക് വെള്ളമൊഴുക്കുന്നത് നിര്‍ത്തുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അപ്പോള്‍ ഇടമലയാറില്‍ വൈദ്യുതി ഉത്പാദനത്തിന് കുറവുണ്ടാകും ഈ കണക്കുകള്‍ കെ.എസ്.ഇ.ബി. യുടെ പഠനങ്ങളിലില്ല. രണ്ട് ജല വൈദ്യുത പദ്ധതികള്‍ തമ്മില്‍ മൂന്ന് കിലോമിറ്റര്‍ ദൂരം വേണം തുടങ്ങി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകളും പദ്ധതിക്ക് തടസ്സമാകും.

163 മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിക്കാനാകും എന്ന് വൈദ്യുതി വകുപ്പ് അവകാശപ്പെടുന്ന പദ്ധതി നടപ്പിലാക്കിയാല്‍ ഇരുന്നൂറിലേറെ ഹെക്ടര്‍ വനമാണ് ഇല്ലാതാകുക. നശിക്കുന്ന ജൈവ സമ്പത്തിന്റെ കണക്കെടുക്കാന്‍ പോലുമാകില്ല എന്നതാണ് വാസ്തവം.അതിരപ്പിള്ളി,വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ ഭാവിയും പരുങ്ങലിലാകും. ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിനെ കാര്യമായി ബാധിക്കും. ജല ലഭ്യത കുറയും.


1500 കോടി  രൂപ ചെലവഴിച്ചാല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപയിലേറെയാകും ഇതിനേക്കാള്‍ ലാഭം സൗരോര്‍ജ്ജ വൈദ്യുതിയാണെന്ന് ഓർക്കുക.

കേരളത്തിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒന്നായ വാഴച്ചാൽ മേഖലയിലെ 140 ഹെക്ടറോളം വനഭൂമി നശിപ്പിച്ച് വേണമെങ്കിൽ ഈ പദ്ധതിയുമായി മുന്നോട്ടു പോകാം.എന്നാൽ ആഗോള താപനം ചെറുക്കാൻ നിലവിലുള്ള വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി എന്ന കാര്യത്തെ വിസ്മരിക്കരുത്.

No comments:

Post a Comment