Saturday 29 April 2017

മത,പരിസ്ഥിതി,സ്ത്രീ-രാഷ്ട്രീയം - ഉമ്മ കയറാത്ത തീവണ്ടിയിൽ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അർഷാദ് ബത്തേരിയുടെ "ഉമ്മ കയറാത്ത തീവണ്ടി "സമീപകാലത്തെ ശ്രദ്ധേയമായ കഥകളിൽ ഒന്നാണ്.ഒട്ടേറെ തലങ്ങളിൽ വായിച്ചെടുക്കാനാവും ഈ കഥ. വയനാടൻ ഗ്രാമത്തിലെ വീടിനകത്ത് തളച്ചിടപ്പെട്ട ഉമ്മയും, അവരുടെ മകനായ അൻവുമാണ് ഈ കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. പണ്ട് ഉമ്മയ്ക്കു വന്ന കത്തിലൂടെ അറിഞ്ഞ ഉമ്മയുടെ കാമുകനെ അന്വേഷിച്ചുള്ള അൻവറിന്റെ യാത്രകളിലൂടെയാണ് ഉമ്മ കയറാത്ത തീവണ്ടി എന്ന കഥ അർഷാദ് ബത്തേരി ആരംഭിക്കുന്നത്.ഗ്രാമങ്ങൾ നഗരങ്ങളാകുന്ന അപകട യാത്രയെ, വയനാട്ടിലേക്ക് ഓടിയെത്താൻ പോകുന്ന തീവണ്ടിയിലൂടെ അർഷാദ് വരച്ചു വെക്കുന്നു.ജയിൽ മുറിയിലെന്നപോലെ വീടിനുള്ളിൽ കുരുങ്ങി പോകുന്ന ഉമ്മയുടെ സന്തോഷങ്ങളിലേക്കുള്ള യാത്രയുടെ വാഹനചിഹ്നവും തീവണ്ടിയാകുന്നത്, തീവണ്ടി ഒരേസമയം കരുത്തിന്റെയും വേഗതയുടെയും രൂപമായി മാറുന്നതിലൂടെയാണ്.ഉമ്മയുടെ കാമുകനെ കണ്ടെത്തി ഉമ്മയെയും കൊണ്ട് കാമുകനടുത്തേക്ക് തീവണ്ടിയിൽ പോകുന്ന മകനെ വെട്ടിച്ച് പാതിയിൽ ഇറങ്ങി പോകുന്ന ഉമ്മ അഴിച്ചു വെക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വീണ്ടെടുക്കുന്നു.

ഈ വീണ്ടെടുപ്പ് പ്രകൃതിയിലേക്കുള്ള പ്രണയാതുരമായ യാത്രാവുകയാണ്.ഉമ്മയെ വരക്കുമ്പോൾ അർഷാദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് , ട്രെയിൻ യാത്രക്കിടയിൽ അവർ വാങ്ങിയ കടല അടുത്തിരിക്കുന്നവർക്ക് കൊടുക്കുന്നതും അവരത് വാങ്ങാതിരിക്കുമ്പോൾ വിഷമിക്കുന്നതും വാങ്ങുമ്പോൾ സന്തോഷിക്കുന്നതുമെല്ലാം. നാഗരികതയുടെ മുഖപേച്ചുകൾ ഗ്രാമത്തിനില്ല.എന്നാൽ വികസനമെന്ന രാസായുധത്താൽ നാം ഗ്രാമങ്ങളെ കൊന്നൊടുക്കുന്നതിന്റെ തീവ്രമായ നോവ് എഴുത്തുകാരനിൽ കാണാം.തീവണ്ടിയിൽ ആവർത്തിച്ചാവർത്തിച്ച് നിർവ്വഹിക്കപ്പെടുന്ന ഹജിൽ ഊറ്റം കൊള്ളുന്ന പണച്ചാക്കുകൾക്കൊപ്പം മരുന്ന് വാങ്ങാൻ കാശില്ലാതെ വിങ്ങുന്ന കാൻസർ രോഗിയും സഞ്ചരിക്കുന്നു. ഈ സഞ്ചാരം അവനവനിലേക്കെത്തിക്കാൻ കഴിയുന്നു എന്നിടത്താണ് ഈ കഥയുടെ വിജയം. പ്രവാചകൻ ഒരിക്കൽ മാത്രം നിർവ്വഹിച്ച ഹജ്, ചിലർ ധാരാളം പണമുള്ളതിനാൽ ആവർത്തിക്കുന്നു- ഇതിലെ നീതികേടിനെ ചോദ്യം ചെയ്യുകയാണ് ഈ സന്ദർഭത്തിലൂടെ അർഷാദ്. ഉമ്മ എന്ന കഥാപാത്രത്തിലൂടെ സ്ത്രീയുടെ വിഹ്വലതയും സ്വാതന്ത്രേച്ഛയും നന്നായി വരച്ചുകാട്ടുന്നു ഈ കഥ , ഒപ്പം പരിസ്ഥിതിയും രാഷ്ട്രീയ പ്രലോഭനവും മത ജീർണതയുമെല്ലാം വിഷയീഭവിക്കുന്നു.....

No comments:

Post a Comment