Saturday 18 June 2016

"രക്തമെല്ലാം തീരാറായി
ഇനി മുന്നോട്ടു നീങ്ങാൻ
ശക്തിയില്ല "

'കഥകളി' എന്ന സിനിമയ്ക്ക് പ്രദർശന അനുമതി നിഷേധിച്ചിരിക്കുകയാണ്.സിനിമയിൽ നഗ്നതാ പ്രദർശനം ഉണ്ടെന്ന കാരണത്താലാണ് പ്രിയ സുഹൃത്ത് സൈജോ കണ്ണാനിക്കൽ സംവിധാനം ചെയ്ത കഥകളി എന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവച്ചിരിക്കുന്നത്..
സിനിമ കണ്ട സെൻസർ ബോർഡ് അംഗങ്ങൾ കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരിൽ സെൻസർ ബോർഡിന്‍റെ സംസ്ഥാന പ്രതിനിധി സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. സിനിമയുടെ നഗ്നതാ പ്രദർശനമുള്ള ക്ലൈമാക്സ് മാറ്റണം എന്നാണ് സെൻസർബോ‍ർഡ് പറഞ്ഞിരിക്കുന്നത്. എന്നാൽ സിനിമ അതാവശ്യപ്പെടുന്ന ഒന്നാണെന്നാണ് സിനിമ കണ്ട എനിക്ക് പറയാനുള്ളത്...'''

         നിലവില്‍ ഫ്രാന്‍സിലെ നീസ് ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച സിനിമക്കും മികച്ച സിനിമാട്ടോഗ്രാഫിക്കുമായി രണ്ടു ഔദ്യോഗിക നോമിനേഷന്‍ ലഭിച്ചിരുന്നു. മാത്രമല്ല അമേരിക്കയിലെ ലോസ് അഞ്ചലോസിലെ സിനി ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നായകന്‍ കഥകളി വേഷം ഉരിഞ്ഞുകൊണ്ട് തികച്ചും ആത്മീയപരമായ പശ്ചാത്തലത്തിലാണ് ചിത്രം പര്യവസാനിക്കുന്നത്. ജനനേന്ദ്രിയങ്ങളോ, സ്ത്രീകളുടെ നഗ്നതയോ കാണിക്കാതെ നഗ്നനായി അകലേക്ക് നടന്നുപോകുന്ന നായകന്‍റെ അവസാന സീനുകള്‍ പൂര്‍ണ്ണമായും മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതായത് climax മാറ്റണമെന്ന് സാരം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ കത്രിക വെക്കുന്ന സെൻസർ ബോർഡിന്റെ നടപടികളെ തടയുക തന്നെ വേണം.
           ദാസ് എന്ന അനാഥന്റെ കഥയാണ് സിനിമ പറയുന്നത്. അനാഥാലയത്തിൽ നിന്നിറങ്ങിയ ദാസിനെ ആശാൻ ഒപ്പം കൂട്ടുന്നതും തുടർന്ന് ആശാന്റെ ചീത്ത വിളി കേട്ട് അലക്കുകാരനായി അയാൾക്കൊപ്പം കഴിയുന്ന ദാസ് ഒരു വിദേശ വനിതയുമായുള്ള സൗഹൃദത്തിലൂടെ തന്റെ നാടിന്റെ കല (കഥകളി )പഠിക്കാൻ തീരുമാനിക്കുന്നതുമാണ് സിനിമ .അന്നേരം അവനു നേരിടുന്ന പ്രശ്നങ്ങളെ സിനിമ അനാവരണം ചെയ്യുന്നു..... കാസ്റ്റിംഗിൽ ചെറിയ പാളിച്ച പറ്റിയിട്ടുണ്ടെങ്കിലും മെയിൻ നടീ നടന്മാരെല്ലാം തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്. ചിലയിടങ്ങൾ തനി ഡ്രാമറ്റിക്കായെന്നു തന്നെ പറയാം .എന്നാലും നല്ലൊരു ആവിഷ്ക്കാരമാണ് കഥകളി എന്നതിൽ സംശയമില്ല.

No comments:

Post a Comment