Saturday 18 June 2016

When I was born,I was black
When I grew up,I was black
When I get hot,I'm black
When I get cold,I'm black
When I'm sick,I'm black
When I die,I'm black
When you were born,you were pink
When you grew up,you were white
When you get hot,you go red
When you get cold,you go blue
When you are sick,you go purple
When you die,you go green
AND YET YOU CALL ME COLOURED......
കറുത്തവനു ദാഹജലം പകർന്നു കൊടുക്കാൻ മടിച്ച ആര്യവർഗ്ഗ ധാർഷ്ട്യത്തിനെതിരെ ഇംഗ്ലണ്ടിലെ ബർമിങ്ങ്ഹാം സ്കൂളിലെ വിദ്യാർത്ഥിയുടെ കവിതയാണിത്.കറുപ്പിനോടുള്ള അസഹിഷ്ണുത ലോകമെമ്പാടുമുള്ളതാണ്.

ഒഴിവുദിവസത്തെ കളി അനുവർത്തനത്തിന്റെ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഉണ്ണി.ആർ-ന്റെ ഇതേ പേരിലുള്ള കഥയെ സിനിമയാക്കിയിരിക്കുകയാണ് സനൽകുമാർ ശശിധരൻ. അവസാനനിമിഷം വരെ ആകാംക്ഷ നിലനിർത്തുന്ന ഉദ്വേഗഭരിതമായ രചനയാണ് ഒഴിവുദിവസത്തെ കളി.ഒഴിവുദിവസത്തെ ഒരു കളി എന്നമട്ടിൽ തുടങ്ങുന്ന ആഖ്യാനം അവസാനിക്കുമ്പോഴാണ് അതൊരു കൊലപാതകമായിരുന്നു എന്ന് അനുവാചകർക്ക് മനസ്സിലാവുന്നത്.ഈ കൊലപാതകകഥയെ ഒരു കളി എന്ന നിലയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞ ആഖ്യാനരീതിയാണ് ഈ കഥയെ ശ്രദ്ധേയമാക്കുന്നത്.
    ഒഴിവുദിവസത്തെ കളിയിലെ സൂക്ഷ്മമായ രാഷ്ട്രീയം അധികാരത്തിന്റെ ശ്രേണീവൽക്കരണത്തെയും, ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെയും വെളിവാക്കുന്നു. ഇന്ത്യയിലെ ഭരണവർഗത്തിലൂടെ ബ്രാഹ്മണൻ തങ്ങളുടെ ആശയസംഹിതകളെയാണ് എക്കാലത്തും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇന്ത്യയിലെ അധഃകൃത വർഗ്ഗത്തിൽപ്പെട്ട സാധാരണ മനുഷ്യൻ ഇത്രത്തോളം പതിതരും, ഹതാശരും തരംതാഴ്ന്നവരും ആയിരിക്കുന്നതിന്റെ കാരണം പൂർണമായും ബ്രാഹ്മണരും അവരുടെ ദർശനവുമാണെന്ന ഡോ.ബി.ആർ.അംബേദ്കരുടെ വിലയിരുത്തലുകളെ ശരി വയ്ക്കുകയാണ് സിനിമ.ഒരു സിനിമ എന്നതിനപ്പുറം യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായി ഒഴിവുദിവസത്തെ കളി മാറുന്നു... ശരാശരി മലയാളിയിലെ വംശീയ യാഥാസ്ഥിതികത്വം വച്ചു പുലർത്തുന്ന ,കൂട്ടത്തിലെപ്പോലും അൽപം കറുത്തവനെ തങ്ങളുടെ ആജ്ഞാനുവർത്തിയാക്കാൻ ശ്രമിക്കുന്ന ജുഗുപ്സാവഹമായ ചട്ടമ്പിത്തരത്തിനെയാണ് ഒഴിവുദിവസത്തെ കളി അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. ചക്കയിടാനും കോഴിയെക്കൊല്ലാനും ഒക്കെ അനുയോജ്യൻ കറുത്തവൻ / ദളിതനാണെന്ന സവർണ ബോധത്തെ സിനിമ കാട്ടിതരുന്നു.
     ജാതിയുടെ പേരിൽ ദളിതന് അയിത്തം കൽപിക്കുന്ന സാമൂഹ്യാവസ്ഥ പ്രത്യക്ഷത്തിൽ കേരളത്തിൽ ഇല്ലെങ്കിലും, പരോക്ഷമായി ജാതിയുടെ അടിവേരുകൾ ശക്തമായി ഇവിടെ വ്യാപിച്ചിട്ടുണ്ടെന്ന് സിനിമ കാട്ടിത്തരുന്നു (സമകാലിക സംഭവങ്ങളും). ബ്രാഹ്മണനും ക്ഷത്രിയും വൈശ്യനുമെല്ലാം ചേർന്ന അധികാരവ്യവസ്ഥ തന്ത്രപൂർവം എങ്ങനെ കീഴാളനെ നിഷ്കാസനം ചെയ്യുന്നു എന്നും സ്ത്രീയെ ശരീരമായി മാത്രം കാണുന്ന ആണധികാരത്തെയും തുറന്നുകാട്ടുകയാണ് ഒഴിവുദിവസത്തെ കളി എന്ന സിനിമ .മുഖ്യധാരാ സിനിമകളുടെ ധാരാളിത്തമോ ദുർമ്മേദസ്സോ ഇല്ലാതെ എടുത്ത നല്ല സിനിമയാണിത്. എടുത്തു പറയേണ്ടത് കാസ്റ്റിംഗ് ആണ്. എല്ലാ നടീനടന്മാരും സ്വഭാവികമായ അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു. കുറഞ്ഞ ചിലവിൽ നല്ല സിനിമകൾ ഒരുക്കാമെന്ന് സനൽകുമാർ ശശിധരൻ കാട്ടിത്തരുന്നു.....

No comments:

Post a Comment