Wednesday 17 May 2017

നാം പണിയുന്ന സുരക്ഷയെന്ന വീഴ്ച്ചകൾ

അവനവന്റെ സുരക്ഷയെപറ്റി വ്യാകുലപ്പെടുന്നവരാണ് നാമടക്കമുള്ള സമൂഹം.നമുക്കുള്ളിൽ വളർന്നു വന്ന ഭയമെന്ന വികാരം കാല് പന്തുകളി തുടങ്ങിയിട്ട് നാളേറെയായി.ഫൗൾ ചെയ്തിട്ടെങ്കിലും പന്തിനെ സ്വന്തം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന ഒരു ജനതയാണ് നാം.പക്ഷെ എത്രമാത്രം ശ്രദ്ധയോടെയാണ് കാലം നമുക്കിടയിൽ കിടന്ന് പന്തുതട്ടികളിക്കുന്നത്. ആരാധകഹൃദയങ്ങളിൽ നാം കൊത്തിവെച്ച പേരുകളെ നിർദ്ദാഷണ്യം അത് വലിച്ചു കീറുന്നു.തുടരെ തുടരെ ഗോളടിച്ചുകൊണ്ട് കാലം  നമ്മെ അപമാനിക്കുകയാണ്.പാരജിതന്റെ ഭാരിച്ച തലയുമായി ഓരോ തവണയും കളം വിടേണ്ടി വരുന്നു.അപ്പോൾ, അപ്പോൾ മാത്രം നമ്മിൽ ഓരോരുത്തരും പരാജയത്തിന്റെ കാരണത്തെ തൊടുന്നു. തിരിച്ചറിവുകളുടെ ബോധത്തിൽ നിന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ ഇനിയൊരിക്കലും നികത്താനാവാത്ത ഒരു വലിയ നഷ്ടം ഹൃദയത്തിൽ വൃണമായി പൊട്ടിയൊലിക്കുന്നു.

സ്വന്തമായി ഒരു വീട് വെക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. അതിനു വേണ്ടി ഗൃഹപാഠം ചെയ്യുന്ന നാളുകൾ ഏറെയാണ്.നൂറു നൂറ് ഐഡിയകൾ, നൂറു നൂറ് അഭിപ്രായങ്ങൾ എല്ലാം ക്രോഡീകരിച്ച് വലിയ പരിക്കുകളില്ലാതെ ഒരു വീടുവെക്കുക എന്നത് ഭഗീരത പ്രയത്നം തന്നെയാണ്. ഒരു വീട് വെച്ചു കഴിയുമ്പോഴേക്കും ഇതുവരെയുള്ള സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് അതിലേക്ക് പോവുകയും ചെയ്യും.വീട് താമസിക്കാനുള്ള ഇടം എന്നതിൽ നിന്നും മറ്റു ചിലതിലേക്ക് മാറുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുന്നത്.എന്നാൽ ഈ ആഢംബരഭ്രമം വരുത്തിവെക്കുന്ന കടങ്ങൾ നികത്താൽ ഒരായുസ്സ് തന്നെ ബലി നൽകേണ്ടി വരും.വീട് എന്ന സങ്കൽപ്പത്തെ താലോലിക്കുന്നത് അമ്മയുടെ സാന്നിധ്യമാണ്.അമ്മയില്ലാതാകുമ്പോൾ വീടില്ലാത്തവരായി മാറുകയാണ് നമ്മളിൽ ഓരോരുത്തരും. അത്ര മാത്രം സുരക്ഷിതമായൊരിടം ജനനസമയത്തും ജനിച്ചശേഷവും നമുക്ക് വേറെ കിട്ടാനില്ല.ഡി.വിനയചന്ദ്രൻ വീട്ടിലേക്കുള്ള വഴി എന്ന കവിതയിൽ  കുറിക്കുന്നുണ്ട് അമ്മയില്ലാത്തവർക്കേതു വീട് എന്ന്. വീടെന്ന നമ്മുടെ സങ്കല്പം അമ്മ തന്നെയാണ്. ആ സങ്കല്പത്തെ താലോലിക്കുന്ന ഒരു കഥയാണ് അജിജേഷ് പച്ചാട്ടിന്റെ " പാർപ്പിടങ്ങൾ "



1.16 കോടി രൂപ ചിലവിൽ, നയന - ഹരി എന്നീ 'എം ബി എ 'ക്കാരായ ദമ്പതിമാർ പണിയാൻ ഉദ്ദേശിക്കുന്ന 2500 ചതുരശ്ര അടി വലിപ്പമുള്ള വീടിനെ കുറച്ചുള്ള പ്ലാനിന്റെ സംസാരത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. മുമ്പ്, ശേഷം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന കഥയുടെ ആദ്യഭാഗം വീടുപണിയുടെ പ്ലാനിനെ പറ്റിയുള്ള സംസാരമാണ്‌. സ്ത്രീ പക്ഷത്തുനിന്നും കഥയെ നോക്കി കാണുമ്പോൾ ഹരി ഒരു മെയിൽ ഷോവനിസ്റ്റാണ്.26-ക്കാരനായ സാംശങ്കർ എന്ന ആർക്കിടെക്റ്റും ഹരിയും ചേർന്ന് വീടിന്റെ പ്ലാൻ മുൻകൂട്ടി തയ്യാറാക്കി കഴിഞ്ഞിരുന്നു. അതൊന്ന് ഭാര്യയായ നയനയെ കാണിക്കുക,വെറുതെയാണെങ്കിലും അവളുടെ അഭിപ്രായങ്ങൾ കേൾക്കുക, അതിനു മുകളിൽ സ്വന്തം തീർപ്പുകളെ കയറ്റി വെക്കുക - ഇത്രമാത്രമാണ് അയാൾ ചെയ്യുന്നത്.ആദ്യ ഭാഗത്ത് ഹരിയും നയനയും മാത്രമേ വരുന്നുള്ളു. ഹരിയുടെ അമ്മയും,അവരുടെ പൂച്ചകളും പട്ടികളുമെല്ലാം സംസാരത്തിനിടയ്ക്ക് കേറിവരുന്ന ബിംബങ്ങളോ ചിത്രങ്ങളോ ആണ്. ആ ചിത്രങ്ങൾക്ക് അതിഭംഗീരമായ മികവു കിട്ടുന്നുണ്ട് 'ശേഷ'ത്തിൽ.

"ബെഡ്റൂംസ് നാലെണ്ണം മതിയോ ഹരി?
പ്ലാൻ കിടക്കയിലേക്ക് വെച്ചുകൊണ്ട് 60 കിലോ തൂക്കം വരുന്ന നയനയുടെ ശരീരം ഹരിക്ക് അഭിമുഖമായി
കൂടുതലെന്തിനാ? നീയൊരു ഡെലിവറി നടത്തിയാൽ മതി.
ചുമരുകളിൽ മുഴുവൻ പച്ച ച്ചായം പടർന്നു കഴിഞ്ഞപ്പോൾ ഹരിയുടെ കണ്ണുകൾ വീടിനു മുകളിലൂടെ അരിച്ചു നടന്നു.
പിന്നീട് ഉണ്ടാവില്ലാ എന്നില്ലല്ലോ
നയനയുടെ മറുപടി ഹരിയുടെ നെറ്റിയിൽ ചുളിവുകളുണ്ടാക്കി
ഭ്രാന്ത് പറയല്ലെ കുട്ടാ, ഒരു കുഞ്ഞിലൂടെ എത്ര സമയാ ഭാര്യയ്ക്കും ഭർത്താവിനും നഷ്ടമാകുന്നതെന്നറിയാമോ? 21,50,000 മിനിട്ടുകൾ
നയന കുസൃതിയോടെ ചിരിച്ചു ".

കുഞ്ഞുപോലും ബാധ്യതയായേക്കാവുന്ന ദാമ്പത്യ ചിത്രമാണീ വരികളിൽ കഥാകൃത്ത് വരക്കുന്നതെന്ന് വ്യക്തം.21,50,000 മിനിട്ടുകൾ എന്നു വെച്ചാൽ നാലു വർഷം;ഒരു മാസം 27 ദിവസം. ഒന്നു കൂടി കൃത്യമായി പറഞ്ഞാൽ പ്രസവാനന്തരം കുഞ്ഞിന് മൂന്നു വയസും രണ്ടു മാസവും 27 ദിവസവും പ്രായം. ഈ പ്രായത്തിലാണ് കുഞ്ഞുങ്ങൾക്ക് വീടുനുള്ളിലെ താൽപര്യം കുറയുന്നതും, നഴ്സറിയിൽ പോകാൻ മാനസികായി തയ്യാറാകുന്നതും.കുട്ടിക്ക് വൈകാരിക വളർച്ച കൈവരുന്ന ഒരു സമയവും ഇതുതന്നെയാണ്.ഇത്രയും കാര്യങ്ങളറിഞ്ഞു കൊണ്ട് നയനയുടെ വാക്കുകളെ പരിശോധിക്കുമ്പോൾ അത് വെറും കുസൃതി അല്ല എന്ന് മനസ്സിലാകും.പുതിയ കാലത്തിന്റെ കാഴ്ച്ചകൾ അത് ഏതു തരത്തിലാണ് സഞ്ചരിക്കുന്നത് എന്നതിന്റെ ചിത്രമാണിത്.ഇവിടെ മാനുഷിക മൂല്യങ്ങൾക്കൊന്നും വലിയ വിലയില്ല. ഉത്തരാധുനിക സമൂഹത്തിന്റെ സ്വഭാവ സവിശേഷതകളിലെല്ലാന്നായ വേഗത്തിൽ കുരുങ്ങി എന്തിനോ വേണ്ടി യാന്ത്രികമായി സഞ്ചരിക്കുകയാണ്.

മഴ പെയ്തു തുടങ്ങുമ്പോൾ വീടു പൊളിക്കാനുള്ള ശ്രമത്തിൽ നിന്നാണ് രണ്ടാമത്തെ ഭാഗമായ ശേഷം ആരംഭിക്കുന്നത്. സുരക്ഷയുടെ കാരണങ്ങൾ പറഞ്ഞ് ഹരി നിർമ്മിച്ച വീട് അവനുമുമ്പിൽ തന്നെ ഒരു ചോദ്യച്ചിഹ്നംപോലെ ഉയർന്നു നിൽക്കുകയാണ്. ആർക്കിടെക്റ്റായ സാംശങ്കർ ഈ ഒരു അവസരത്തിൽ തീർത്തും പരാചിതനാകുന്നു.പ്രകാശൻ,നിസാർ, ആശാരിമുരളി, വാർപ്പ് പണിക്കാരൻ അബോകർക്ക, ആർക്കിടെക്റ്റ്റ് സാംശങ്കർ - അങ്ങനെ എല്ലാരും വീടിനുള്ളിൽ എങ്ങനെ കയറുമെന്ന് ചിന്തിച്ച് യാതൊരു മാർഗ്ഗവും കാണാതെ ജെ സി ബി കൊണ്ടുവരുന്നു. വർക്ക് ഏരിയായുടെ ചുമരിൽ ഒരാൾക്ക് കടന്നു പോകാൻ പതിനേഴ് ഇഞ്ചോളം ഉള്ളോട്ട് തുരക്കുന്നു.. അതിലൂടെ കടന്ന നിസാറും, ഹരിയും, സാംശങ്കറും ഉള്ളിൽ തിരച്ചിൽ നടത്തുകയാണ്. സുരക്ഷയുടെ കാരണങ്ങൾ പറഞ്ഞ് ഹരിയൊരുക്കിയ സജ്ജീകരണങ്ങൾ ഈ നിമിഷത്തിൽ അയാൾക്ക് തന്നെ പാരയാകുന്നു.ഇവരിതെന്തിനാണ് വീട് പൊളിച്ച് അകത്തു കയറിയത് എന്ന ചോദ്യത്തെ ക്ലൈമാക്സാക്കി സൂക്ഷിച്ചിരിക്കുകയാണ് കഥാക്കാരൻ .ആ ക്ലൈമാക്സിനു തൊട്ടുമുമ്പ് അത്രതന്നെ മനോഹരമായൊരു രംഗമുണ്ട്. അതിങ്ങനെ-"നിസാറിന്റെ കൈയ്യിലെ ബള്‍ബ്, വെളിച്ചത്തിനേയും കൊണ്ട് പാസ്സേജിലേക്ക് പാഞ്ഞു. പാസ്റ്റേജിന്റെ വലത്തേയറ്റത്തുള്ള ബെഡ്‌റൂമിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഹരിയുടെ ശ്രദ്ധ അവിടെ പറ്റി നില്‍ക്കുമ്പോള്‍ നിസ്സാര്‍ ബള്‍ബ് ഇടത്തേയറ്റത്തേക്ക് നീട്ടി.
പൊടുന്നനെ ആ ഭാഗത്തുനിന്നും ഒരു കനമുള്ള കറുത്ത പൂച്ച മുരള്‍ച്ചയോടെ അവര്‍ക്ക് നേരെ ചാടി. സാംശങ്കറിന്റെ നെഞ്ചില്‍ നഖങ്ങള്‍കൊണ്ട് ഭംഗിയുള്ള ചില ചിത്രങ്ങള്‍ നിര്‍മ്മിച്ച് തികഞ്ഞ അഭ്യാസിയെപ്പോലെ അത് നിലത്തേക്ക് പതുങ്ങി തേറ്റ കാട്ടി അപ്പുറത്തെ ഇരുട്ടിലേക്ക് കലങ്ങി ".അമ്മ വളർത്തുന്ന പൂച്ചകൾക്ക് മിഴിവേറുന്നത് ഈ ഇത്രയും വായിച്ച് അടുത്ത വരികളിലേക്ക് കടക്കുമ്പോഴാണ്.പൂച്ചകൾ സാംശങ്കറിനെ ആക്രമിച്ചതിനെ സാധൂകരിക്കുന്നതാണ് ആ ഭാഗം. ഒരു ആർക്കിടെക്റ്റിനുവേണ്ട വിവേകമില്ലാത്ത അയാളെ സമൂഹമാണ് ശിക്ഷിക്കേണ്ടത്.ആ ശിക്ഷയുടെ വിധിയിൽ അവരുടെ ഭാഗം അവർ ഭംഗിയായി ചെയ്യ്തു.
"മാർബിൾ തറയിൽ ചീഞ്ഞഗന്ധം ഉല്പാദിപ്പിച്ച് അഴുകി കിടക്കുന്ന മാംസത്തിലെ വെളുത്ത പുഴുക്കളുടെ പുളഞ്ഞുമറിയുന്ന ശരീരചലനങ്ങളിലേക്ക് കണ്ണുകൾ തുറിക്കവേ ഹരി ആദ്യമായി തന്റെ അനാഥമായ പുക്കിൾച്ചുഴി അമർത്തിപ്പിടിച്ച് പതുക്കെ ചുമരിലേക്ക് ചാരി". കഥ ഇവിടെ തീരുകയാണ്.വീടില്ലാത്തവനായി ഹരി മാറുകയാണ്..... ഒരു പക്ഷെ ആ നിമിഷത്തിൽ നയനയോടു പറഞ്ഞ ആ വാക്കുകൾ അതിങ്ങനെ [ മികച്ച ഓരോ വീടും തികവുറ്റ സ്ത്രീയുടൽ പോലെയാകണം. വഴിതെറ്റി അലയണം അപ്പഴേ ആസ്വദിക്കാനാവു] വേദനയുടെ വൃണമായി അയാളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരിക്കും. സുരക്ഷയ്ക്കു വേണ്ടി നാം ഒരുക്കുന്ന ഓരോന്നും ഒരു നാഗത്തെ പോലെ നമ്മെ തിരിഞ്ഞു കൊതുകയാണെന്ന് ഓർമ്മിച്ചു കൊണ്ട് കഥ അവസാനിക്കുന്നു.

No comments:

Post a Comment