Monday 8 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 03



ജീവിതം, ഓരോ നിമിഷവും മുറുകുകയും, വിരലോടിച്ചാൽ വേദനയുടെ രാഗമായ് പെയ്യ്
തൊഴിയുകയും വിധം സങ്കീർണമാവുകയും ചെയ്തു. പുറമേ കാണുന്ന ചിരികളൊന്നും ചിരികളല്ലെന്നും, പുറത്തിറക്കാതെ അടക്കി വെച്ച വേദനകളാണ് അവയെന്നുമുള്ള അനുഭവങ്ങളിലേക്കെത്തപ്പെട്ടു. മറ്റൊരാൾക്കും മനസ്സിലാക്കാൻ കഴിയാത്ത വിധം അത്രമേൽ സങ്കീർണമാണ് ഓരോ ജീവനും എന്ന തിരിച്ചറിവിലേക്ക് സ്വയം സഞ്ചരിച്ചിരിക്കുന്നു.

ഞാൻ ഏഴിൽ പഠിക്കുന്ന കാലം വരെ എന്റെ വീട്ടിൽ കറന്റില്ലായിരുന്നു. അടുത്ത്, ചുരുക്കം ചില വീടുകളിലുണ്ട് എന്ന തൊഴിച്ചാൽ മറ്റുള്ള വീട്ടുകാരുടെയും അവസ്ഥ വിഭിന്നമല്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. അക്കാലത്തെ ഓർക്കുക എന്നതിൽ പരം സുഖം വേറെയില്ല. അന്ന്, നാട്ടിൽ ഒന്നോ രണ്ടോ വീട്ടിൽ മാത്രമാണ് ടി വി -യുണ്ടായിരുന്നത്. "ശക്തിമാൻ, കാട്ടിലെ കണ്ണൻ" എന്നീ സീരിയല്ലുകളിൽ കുരുങ്ങി പോയിരുന്നു ബാല്യം, ചായങ്ങളിലേക്കും, പുസ്തകങ്ങളിലേക്കും വഴുതിയിറങ്ങിയിരുന്നതും അപ്പോഴാണ്.

അന്ന് പലയിടത്തും റേഡിയോ ആണ് താരം. അതുകൊണ്ടു തന്നെ ഞങ്ങൾ കുട്ടികൾക്ക് റേഡിയോ ഒരു അത്ഭുത വസ്തുവായിരുന്നു. റേഡിയോയിൽ നിന്ന് വരുന്ന ശബ്ദത്തെക്കുറിച്ച് ഒരുപാട് സംശയമുണ്ടായിരുന്നു അന്നെനിക്ക്.

അമ്മ
പറമ്പായ പറമ്പെല്ലാം കയറിയിറങ്ങി, നാട്ടിലെ രുചികളിലേക്ക് നാക്ക് മുക്കിയിരുന്നു. മരത്തിൽ തൊലിയുരിഞ്ഞു പൊട്ടിയ വേദന സഹിച്ച്, സ്വവേഗത്താൽ ചാട്ടുരുട്ടി കാലത്തെ തട്ടിക്കളിച്ച് മുന്നേറാൻ കുതിച്ചിരുന്നു. മുറിവുകളൊന്നും ആഴങ്ങളിൽ വേരോടിച്ചിട്ടില്ലായിരുന്നു. ഒരു "ഡാ" വിളിയിൽ അവ അലിഞ്ഞിലാതാകും വിധം  ലളിതമായിരുന്നു. ചാടികടക്കാന്‍ പാകത്തില്‍ കെട്ടിനിര്‍ത്തിയ വേലികള്‍. ഉരഞ്ഞുപൊട്ടിയാലും ഒരു കമ്മ്യുണിസ്റ്റ് പച്ച-കൊണ്ട് വേദന മാറ്റിയിരുന്നു നാം. ഇടുങ്ങിയതെന്ന് നാം കരുതിയ നാട്ടിടവഴികള്‍ വലുതായിരിക്കുന്നു. നാമോ, നമുക്കിടയിലെ സൗഹൃദമോ? അതിപ്പോഴും ആ ഇടുങ്ങിയ നാട്ടിടവഴിയില്‍ നില്‍ക്കുകയാണ്.
സന്ധ്യക്ക് വിളക്കുവെച്ചു കഴിഞ്ഞാല്‍ അമ്മ കഥ പറയാന്‍ ഇരിക്കും. ചിലപ്പോഴൊക്കെ കവിതകളിലെക്കോ,പാട്ടുകളിലെക്കോ അമ്മ സഞ്ചരിക്കും. സിനിമ കാണുമ്പോലെ മനോഹരമാണ് അമ്മ കഥ പറയുന്നത്. "മുണ്ടകന്‍ പാടത്തെ ഞെണ്ടിന്‍ കുഞ്ഞും", നാഴി പയറു വറുക്കാന്‍ കൊടുത്തിട്ട് ഉരി പയറായതിനാല്‍ അമ്മക്കിളി കൊത്തിക്കൊന്ന കുഞ്ഞിക്കിളിയും മനസ്സില്‍ വേദനയായി പടരും. ചില സിനിമാ ഗാനങ്ങള്‍ക്ക് അമ്മ അക്ഷരങ്ങളാല്‍ ദൃശ്യങ്ങള്‍ നെയ്യും. പിന്നീട് ആ ഗാനങ്ങള്‍ കാണും നേരം അമ്മയുണ്ടാക്കിയ കഥയില്‍ കൗതുകം കൂറും. "ഇല കൊഴിയും ശിശിരത്തില്‍" എന്ന പാട്ടെല്ലാം അത്തരത്തിലുള്ള അമ്മക്കഥ ആയാണ് ഞാനനുഭവിച്ചത്.

അമ്മക്കഥകള്‍ വറ്റാത്ത അക്ഷയ ഖനികളാണ്. അവ, സ്നേഹത്തിന്റെയും നന്മയുടെയും പ്രതിരൂപങ്ങളായിരിക്കും. എത്രതന്നെ വളര്‍ന്നാലും അവ  നമ്മെ വിട്ടുപോകുന്നില്ല. വളര്‍ന്നപ്പോള്‍ നക്ഷ്ടമായത് അമ്മയുടെ മടിയിലേക്കുള്ള ദൂരമാണ്. നേടിയവക്കോ, ഇനി നേടാന്‍ സാധ്യതയുള്ളവക്കോ ഒരിക്കലും തരാനാകില്ല ആ സ്നേഹോന്മാദങ്ങള്‍ എന്ന തിരിച്ചറിവില്‍ അടയിരിക്കുകയാണ്. ഭംഗിയായി ചിത്രങ്ങള്‍ നെയ്യാന്‍ പഠിപ്പിച്ചത് അമ്മയാണ്, അവര്‍ പറഞ്ഞ കഥകളാണ്.

നീ ഇല്ലാത്ത ലോകത്ത് ഞാന്‍ ഏകാകിയാകുമെന്നറിയാം. നിന്നോളം എന്നെയറിയാന്‍ കഴിയുന്ന ഒരാളിനിയുണ്ടാകില്ലെന്നും. അമ്മേ, നിനക്കല്ലാതെ മറ്റാര്‍ക്കാണ് എന്നെ മനസ്സിലാക്കാനാവുക? ഭയം തിന്നുതുടങ്ങിയ ഒരു രാജ്യമാണ് ഞാന്‍. വേദനയെ ധ്യാനിച്ചിരുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി.
രണ്ടക്ഷരം കൊണ്ടൊരു ലോകമാണ് നീ (അമ്മ). ഏകാകിയും വിരഹിയുമാവാന്‍ കഴിയുന്ന എനിക്ക്, എത്തിപ്പെടാനാവുന്ന ഏക ദ്വീപ്.  ആദ്യാക്ഷരങ്ങള്‍ നാവില്‍ കുറിച്ച സ്‌നേഹം. എന്നിട്ടും ദൂരെയാണ്.

യാത്രകളെ ഇഷ്ടപ്പെടുമ്പോഴും നിന്നെ വിട്ടകന്ന് ഞാന്‍ താണ്ടുന്ന ദൂരങ്ങള്‍, വേദന മാത്രമാണ്. കാണുമ്പോഴൊക്കെ വഴക്കടിന്നു. കാണാതാകുന്ന നേരങ്ങളില്‍ തനിച്ചിരുന്ന് നിന്നിലേക്കെത്തുന്നു. നിഷേധത്തിന്റെ അള്‍രൂപം, നീ ഇല്ലെങ്കില്‍ അണഞ്ഞുപോകുന്ന വിളക്ക്. നഷ്ടപ്പെടുന്നു എന്നത്, ഉന്മാദയുടെ ചിറകരിയലായിരിക്കും .

'ഒരാളെ മാത്രമേ ജീവനോടെ കിട്ടൂ' എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുയപ്പോള്‍ അതിനെയെല്ലാം തോല്പിച്ചാണ് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഞാന്‍ നിന്റെ വിരലില്‍ തൂങ്ങിയത്‌. ഇപ്പോള്‍ ഭയം മാത്രമാണ്. നിനക്ക് വയസ്സാകുന്നു. കഴിയില്ലമ്മാ... നിന്റെ മടിയില്‍ തലചായ്ച്ച് കഥകള്‍ കേട്ടുറങ്ങുന്ന കുട്ടിയില്‍ നിന്നും ഞാന്‍ സഞ്ചരിച്ചിട്ടില്ല.  സഞ്ചരിക്കാനാവില്ല.

വിഷാദിയാകാന്‍ എളുപ്പം സാധിക്കുന്നൊരാള്‍. വേദനയിലൂടെ മനസ്സിനെ നടത്തിക്കുന്ന, നോവില്‍ അഭിരമിക്കുന്ന ഒരാള്‍. അയാള്‍ ഇടറി നില്‍ക്കുന്നത് പാട്ടുകൊണ്ടാണ്. സന്തോഷങ്ങളെ നെയ്തതിനേക്കാള്‍ വേദനകള്‍ തുന്നിയ കുപ്പായമാണ് അയാള്‍ക്ക് പാട്ട്. വേരില്ലാത്ത മരം ചെറിയ കാറ്റില്‍ തന്നെ കടപ്പിഴകും. പുസ്തകങ്ങള്‍ക്കോ, അക്ഷരങ്ങള്‍ക്കോ അയാളെ ആശ്വസിപ്പിക്കാനാവില്ല. അയാള്‍ക്കാണ്‌ അമ്മയെ വേണ്ടത്. ഒരവയവം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ പ്രാധാന്യം മനസിലാക്കാന്‍ പലരും ശ്രമിക്കുക. എന്നാല്‍ ഈ ഒരൊറ്റ പാട്ട് നിന്നില്‍നിന്നും നിന്നിലെത്തുന്ന എന്നെ വരയ്ക്കുന്നു.

രാവിന് നീളമേറുന്നു. ഡി വിനയചന്ദ്രന്‍ മാഷിന്റെ 'വീട്ടിലേക്കുള്ള വഴി' എന്ന കവിത പതിഞ്ഞ താളത്തില്‍ കാലം ചൊല്ലുന്നു..

No comments:

Post a Comment