Sunday 7 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 02


അനിയനോടൊപ്പം
അത്ര സുഖകരമല്ലാത്ത ഒരനുഭവം പറയാം. ഒരു പക്ഷെ sexual harassment-ന് പെൺകുട്ടികളെപോലെ ആൺകുട്ടികളും ഇരയാക്കപെടുന്നു എന്നോർമ്മിപ്പിക്കുന്ന ഒന്ന്. ഞാൻ, അഞ്ചിലോ അറിലോ പഠിക്കുന്ന സമയം മുതലാണ് സ്കൂളിലേക്ക് ബസ്സിൽ പോകാൻ തുടങ്ങിയത്. അതുവരെ ഞാനും ഉണ്ണിയും മോഹനേട്ടന്റെ ജീപ്പിലായിരുന്നു സ്കൂളിൽ പോയിരുന്നത്. കുട്ടികളെ ഭയങ്കര ഇഷ്ടമുള്ള ഒരു പാവം മനുഷ്യൻ. ഞങ്ങൾക്കെല്ലാം വലിയ ഇഷ്ടമായിരുന്നു മോഹനേട്ടനെ. വളരെ ശ്രദ്ധിച്ച് മാത്രം വണ്ടിയോടിക്കുന്ന ഒരാൾ. സാമ്പത്തിക ബാധ്യത കാരണം അദ്ദേഹം ഗൾഫിൽ പോകുന്നതോടെയാണ് ഈ പറഞ്ഞ ബസ്സ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. കമ്പിപ്പാലത്തു നിന്ന് കുന്നംകുളത്തേക്ക് കൺസക്ഷൻ നിരക്കനുസരിച്ച് രണ്ടുപേർക്ക് 1രൂപ50 പൈസയാണ് ചാർജ്ജ്. അതും കൊടുത്ത് ബസ്സുകാരുടെ തെറിവിളിയും കേട്ട്, എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി ഞങ്ങൾ രണ്ടും സ്കൂളിലേക്ക് പോകും. ഒന്നോ രണ്ടോ തവണ ബസ്സുകാരുമായി തട്ടി കയറിയിട്ടുണ്ട്. അതോടെ ഇങ്ങോട്ടുള്ള മെക്കട്ടു കേറ്റം തീർന്നുകിട്ടിയിട്ടുണ്ട്.

കുന്നംകുളത്ത് ബസ്സിറങ്ങി കുറച്ചധികം നടക്കണം. സ്കൂളാണെങ്കിൽ കുന്നിൻ പുറത്തും. ഞാൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നൊഴിച്ച് ബാക്കിയെല്ലാം കുന്നിൻ പുറത്തായിരുന്നു. സ്കൂളിലേക്ക് പോകുന്നതിലും രസം കുന്നിറങ്ങുന്നതാണ്. വേഗത്തിൽ ഓടി കുന്നിറങ്ങും. ജനഗണമന കേൾക്കുമ്പോൾ തന്നെ ബാഗെല്ലാം റെഡിയാക്കി വെക്കും. ബെല്ലടിക്കേണ്ട താമസം ഓടി ഗെയ്റ്റ് കടന്നു കാണും. ഉണ്ണി അതേ സമയത്ത് പുറത്തുവരും. അല്ലേൽ എനിക്ക് ദേഷ്യം വരും. പിന്നെ അവന്റെ കൈയ്യും പിടിച്ച് ഒറ്റ ഓട്ടമാണ്. താഴെയുള്ള കടവരെ ഞങ്ങൾ ഓടും. പുളിയച്ചാറോ, തേൻമിഠായിയോ വാങ്ങി വായിലിടും. എന്നിട്ട് ബസ്റ്റാന്റിലേക്ക് നടക്കും. ഇതെല്ലാ ദിവസത്തേയും പതിവാണ്.ഉണ്ണിക്കാണെങ്കിൽ വഴക്കുണ്ടാക്കുന്ന സ്വഭാവമുണ്ട്. അവനൽപ്പം പോക്കിരിയാണ്.

ഒരിക്കൽ എന്റെ ക്ലാസ്സിൽ പഠിക്കുന്ന ജിഷ്ണുവുമായി അവൻ വഴകുണ്ടാക്കി. ജിഷ്ണു തടിച്ച ശരീരത്തിനുടമയും നല്ല ആരോഗ്യമുള്ളവനുമാണ്. "പ്രണവിന്റെ കോളറിൽ കയറിപിടിച്ചത് മാത്രമേ എനിക്ക് ഓർമ്മയുള്ളു" എന്ന് പിന്നീടൊരിക്കൽ അവൻ തന്നെ പറഞ്ഞത് ഞാനോർക്കുന്നുണ്ട്. ആ നിലയ്ക്ക് ഞാനവനെ മർദ്ദിച്ചവശനാക്കിയത്രെ. ദേഷ്യം വരുമ്പോ നീ പിശാശാണെന്ന് അവനടക്കം പലരുമെന്നോട് പറഞ്ഞിട്ടുമുണ്ട്. അത് ശരിയാണെന്ന് ചില പ്രവൃത്തികൾ എന്നെ ഓർമ്മിപ്പിക്കാറുമുണ്ട്. അവനെ തൊട്ടാൽ ഞാൻ ചോദിക്കാൻ വരുമെന്ന ധൈര്യത്തിൽ സ്കൂളിൽ കുറച്ചൊക്കെ അവനും വിലസാൻ തുടങ്ങിയിരുന്നു. ഞാനത് കാര്യമാക്കാറില്ലായിരുന്നു. അവൻ ജനിച്ച അവസരത്തിൽ ''ന്റെ ഉണ്ണീനെ ആരും കാണണ്ടാന്ന് " പറഞ്ഞ് ബഹളം വെച്ച്, അവന്റെ അടുത്തേക്ക് ആരെയും കടത്തിവിടാതിരുന്ന ഒരു വികൃതിയാണ് ഞാനെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.  അതേ ഞാൻ കാരണം തന്നെയാണ് അവന്റെ തലയിൽ 12 സ്റ്റിച്ചിടേണ്ടി വന്നട്ടുള്ളത്.ദേഷ്യം വന്നപ്പോ പിടിച്ച് തളളി എന്നാണ് അവനും അമ്മയും പറയുന്നത്. എനിക്കത് ഓർമ്മയില്ല. ദേഷ്യം വരുന്ന സമയത്ത് ഞാൻ എല്ലാം മറന്നു പോകുന്ന ഒരവസ്ഥയിൽ വന്നെത്താറുണ്ട്. പിന്നീട് പുസ്തകങ്ങളിലേക്കും വരയിലേക്കും എഴുത്തിലേക്കും വന്നെത്തുന്നതും അങ്ങനെയാണ്. ഇത്തരത്തിൽ ഞാൻ കാരണം ഒരുപാട് വേദനയനുഭവിച്ചുണ്ട് അവൻ. അതു കൊണ്ടുതന്നെ അവനധികം വേദനിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല. വഴക്കു കൂടുമ്പോൾ എന്നെ എതിരിടാനാവാതെ, കരഞ്ഞുകൊണ്ട് അവനെന്നെ തല്ലുമായിരുന്നു. ആദ്യമൊക്കെ ഞാനെന്റെ ദേഷ്യം തീരുന്നവരെ തിരിച്ച്തല്ലും. ഒരിക്കൽ അവനെന്നെ തല്ലുമ്പോൾ ഞാനവന്റെ കണ്ണിലേക്കുതന്നെ നോക്കി. കണ്ണു നിറഞ്ഞിരിക്കുന്നു. എന്നെ തല്ലാൻ പറ്റാത്തതിന്റെ ദേഷ്യവും, സങ്കടവും എല്ലാം മുഖത്തുണ്ട്. ബലവാനുമുന്നിൽ ദുർബലനെന്നപോലെ അവൻ. പുറമേ ചിരിച്ചു കൊണ്ട് അവന്റെ ദേഷ്യം തീരുന്നവരെ തല്ലാൻ ഞാനപ്പോൾ നിന്നുകൊടുത്തു. അന്നാണ് ദുർബലത എത്ര വലിയ ശാപമാണെന്ന് ഞാനറിഞ്ഞത്.

അനിയനും ഞാനും
ഞങ്ങളുടെ വഴക്കുകൾക്ക് പലപ്പോഴും കളമൊരിക്കാറ് നാട്ടിലെ മുതിർന്ന ചേട്ടന്മാരായിരുന്നു. അവർ പറയുന്നത് കേട്ട് എന്നോട് വഴക്കടിക്കാൻ വരുന്നതിലായിരുന്നു എനിക്കനിഷ്ടം.( തൽക്കാലം അത്തരക്കാരുടെ പേര് ഞാൻ എഴുതുന്നില്ല). പിന്നീട് ഞാൻ തന്നെ അവന് അത് പറഞ്ഞു ബോധ്യമാക്കിയിട്ടുമുണ്ട്. അതിനുശേഷം ഞാനും അവനും വഴക്കടിച്ചതായി ഓർമ്മയില്ല.
     
എല്ലായ്പ്പോഴും കനത്ത തലവേദന എന്നെ അലട്ടുമായിരുന്നു. ആ സമയത്ത് ആരും അടുത്തു വരുന്നതോ, ശബ്ദിക്കുന്നതോ എനിക്കിഷ്ടമില്ലായിരുന്നു. എന്നിലെ ദേഷ്യത്തിന് ഒരു പരിധിവരെ അതും കാരണമായിട്ടുണ്ട്. നീണ്ട നാളത്തെ (വർഷങ്ങളായുള്ള )ചികിത്സയിൽ അതെല്ലാം മാറുകയാണുണ്ടായത്. അതിനെല്ലാം മുമ്പ്, ഉണ്ണിക്ക് വയ്യാതെ സ്കൂളിൽ പോവാതിരുന്ന നാളുകളിൽ ഒന്നിൽ, സ്കൂൾ വിട്ട് ബസ്സിൽ കയറിയ എന്റെ പാന്റിന്റെ ഇടയിലേക്ക് ഒരാൾ കൈ നീട്ടി. ബസ്സിലെ ലോങ്ങ് സീറ്റിനും ഡബിൾസീറ്റിനും ഇടയിലുള്ള ഗേപ്പിൽ നിൽക്കുന്നതുകൊണ്ടും, ബസ്സിലെ തിരക്കു കൊണ്ടും സംഭവിച്ചതാകും എന്നാണ് ഞാനാദ്യം കരുതിയത്. ബസ്സ് വീണ്ടും നീങ്ങി. രണ്ടാമതും അയാളുടെ കൈനീണ്ടപ്പോൾ എനിക്ക് സംശയമായി. മൂന്നാമത്തെ തവണ ഞാനുറക്കെ നിലവിളിച്ചു കൊണ്ട് അയാളുടെ മൂക്കിനിടിച്ചു. എനിക്ക് വേദന സഹിക്കാനാവുന്നില്ലായിരുന്നു. അയാളെന്തിനാണ് എന്റെ ജനനേന്ദ്രിയത്തിൽ പിടിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. ബസ്സ് നിർത്തി അയാളെ ഇറക്കിവിട്ടു. എന്റെ കാഴ്ച്ചയിൽ നിന്ന് അയാൾ മായുന്നവരെ ഞാനയാളെ രൂക്ഷമായി നോക്കി.

പിന്നീടൊരിക്കൽ, എന്നും എന്റെയടുത്ത് നിൽക്കുന്ന പയ്യൻ പറഞ്ഞു.
 "അയാൾ എന്നെയാണ് സ്ഥിരമായി ഉപദ്രവിക്കാറ് ".
അവനത് പറഞ്ഞു തീരുംമുമ്പ് ഞാനവന്റെ മുഖത്തടിച്ചത് എനിക്കിന്നും ഓർമ്മയുണ്ട്. ഞാനെന്താണ് അങ്ങനെ പ്രതികരിക്കാൻ കാരണമെന്നറിയില്ല. പക്ഷെ, ഇന്നിരുന്ന് ചിന്തിക്കുമ്പോൾ ആ പ്രതികരണത്തിന് ഒരർത്ഥമുണ്ടെന്ന് തോന്നും. മറ്റു ചിലപ്പോൾ ആ പ്രതികരണം തെറ്റായിരുന്നോ എന്ന തോന്നൽ വേദനയുടെ ഭാരമേറിയ കല്ലായി നെഞ്ചിലേക്ക് പതിക്കും.

"Freedom is not worth having if it does not include the freedom to make mistakes"- Mahatma Gandhi

അവന് പറയാൻ കഴിയാതെ പോയ, പ്രതികരിക്കാനാകാതെ പോയ അവസ്ഥയെ കുറിച്ചുള്ള ബോധം ഇന്നെനിക്കുണ്ട്

No comments:

Post a Comment