Saturday 20 August 2016

പ്രേതം

പുണ്യാളൻ അഗർബത്തീസ്‌, സു സു സുധി വാത്മീകം എന്നീ സിനികർക്കു ശേഷം രഞ്‌ജിത്ത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ ചിത്രമാണ്‌ പ്രേതം.

ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയ അന്നുമുതൽ, തുടങ്ങിയ പ്രതീക്ഷകളെ സിനിമ നിലനിർത്തുന്നുണ്ട്.126 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, പ്രിയലാൽ, ഷിബു, ഡെന്നി എന്നീ സുഹൃത്തുക്കളിൽനിന്നും ആരംഭിക്കുന്നു. ഒരുമിച്ച്‌ താമസിക്കുന്ന ഇവർ, തങ്ങളുടെ താമസസ്ഥലത്ത്‌ അസ്വാഭാവികമായ ചിലത്‌ കണ്ടെത്തുന്നു.അതോടെ പള്ളീലച്ചന്റെ സഹായം തേടുകയാണ് മൂവരും.എന്നാൽ ആ ദൗത്യത്തിൽ അച്ഛൻ പരാജയപ്പെടുന്നു. ഈ സമയത്താണ് മെന്റലിസ്റ്റായ ജോൺ ഡോൺ ബോസ്കോ രംഗപ്രവേശം ചെയ്യുന്നത്.ലോകപ്രശസ്തരായ അഞ്ചു മെന്റലിസ്റ്റുകളിൽ ഒരാളായ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചു. ലുക്കിലും ഭാവത്തിലും എന്നും വ്യത്യസ്തപരീക്ഷണങ്ങൾ നടത്തുന്നതിൽ തത്പരനായ #Jayasurya, മറ്റുള്ളവരുടെ മനസ്സുവായിക്കുന്ന കഥാപാത്രമായി, വളരെ നല്ല രീതിയിൽത്തന്നെ പെർഫോം ചെയ്തു.
                 
ഡെന്നി എന്ന കഥാപാത്രത്തെ അജു വർഗ്ഗീസും, ഷിബു എന്ന കഥാപാത്രത്തെ ഗോവിന്ദ്‌ പത്മസൂര്യയും, പ്രിയലാൽ എന്ന കഥാപാത്രത്തെ ഷറഫുദ്ദീനും, സുഹാനിസ എന്ന കഥാപാത്രത്തെ പേർളി മാണിയും അവതരിപ്പിച്ചു. മൂന്ന് നടന്മാരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. അജു വർഗ്ഗീസ്‌, ഷറഫുദ്ദീൻ എന്നിവർ നന്നായി ചിരിപ്പിച്ചു.ധർമ്മജൻ അവതരിപ്പിച്ച ‘യേശു’ എന്ന കഥാപാത്രത്തിന്റെ സംശയങ്ങൾ, ഫേസ്ബുക്ക്‌ ട്രോളന്മാരേപ്പോലും കവച്ചുവയ്ക്കുന്ന വിധത്തിലുള്ളതാണ്‌. ഒപ്പം , മതങ്ങളെ വിമർശനാത്മകമായ സംശയങ്ങളാൽ മുൾമുനയിൽ നിർത്താനും യേശു ശ്രമിക്കുന്നു.ആകാശ്‌ കുര്യൻ എന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ വിജയ് ബാബു അവതരിപ്പിച്ചു. ഹരീഷ് പെരടി, ദേവന്‍, സുനില്‍ സുഖദ, ശ്രുതി രാമചന്ദ്രന്‍, ആര്യ സതീഷ്, അഞ്ജന, ശരണ്യാമേനോന്‍, സതി പ്രേംജി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജിത്തു ദാമോദരന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടതാണ്.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. ‘ഒരുത്തിക്ക്‌ പിന്നിൽ’ എന്നുതുടങ്ങുന്ന ഒരേയൊരു ഗാനമേ ചിത്രത്തിലുള്ളു.
 സമകാലിക സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു വിഷയമാണ്‌ ചിത്രം കൈകാര്യം ചെയ്യുന്നത്‌. വിഷയത്തോട്‌ സംവിധായകൻ പരമാവധി കൂറുപുലർത്തിയിട്ടുമുണ്ട്.കോമഡികൾ ദ്വയാർത്ഥ പ്രയോഗങ്ങളുടെയും, സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ ഒരു സമാഹാരം തന്നെയായിരുന്നു. ഇത്തരത്തിൽ സ്ത്രീവിരുദ്ധ സംഭാഷണങ്ങളുള്ള സിനിമ പുരുഷകങ്ങളിലെ ലൈംഗികതൃഷ്ണകളെ തൃപ്തിപ്പെടുത്തുന്ന ഒന്നാകുന്നു. ഹൊറർ സിനിമയ്ക്കുവേണ്ട എല്ലാ ചേരുവുകളില്ലെങ്കിലും ചിലയിടങ്ങളിൽ പ്രേക്ഷകനെ പേടിപ്പിക്കുന്നുണ്ട് സിനിമ. അതേ സമയം സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.. മറ്റ് ഹൊറർ സിനിമകളെ ഓർമ്മപ്പെടുത്തുന്ന ഭാഗങ്ങളിൽ ആ സിനിമയുടെ പേരുകൾ കൊണ്ടുവന്ന് പ്രേക്ഷകന്റെ കയ്യടി നേടാനും സംവിധായകന് കഴിയുന്നു. അതേപോലെ പ്രേതത്തിന് [സിനിമയിൽ വരുന്ന പ്രേതത്തിന് ] കണ്ടു ശീലിച്ച കോസ്റ്റ്യൂമിൽ നിന്നും മോചനം നൽകാനും സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നു.

No comments:

Post a Comment