Saturday 13 August 2016

ശരീരത്തിൻമേലുള്ള പേരെന്ന പകിട്ടിന്റെ അസാന്നിധ്യത്തെ തലപ്പാവാക്കുന്ന പേരറിയാത്തവരിലേക്കുള്ള ദൂരം കുറച്ചധികമാണ്. അവരുടെ ജീവിതങ്ങളെ മുഴുവനായും ഉൾക്കൊള്ളാനാവാതെ (ആന്തര സംഘർഷങ്ങളിലേക്ക് കടന്നു കയറാനാവാതെ ) പുറംപേച്ചിൽ നിന്നു പോവുന്നുണ്ട്  Bijukumar Damodaran-ന്റെ പേരറിയാത്തവർ.അമ്മയോടുള്ള ( മരിച്ചുപോയ തന്റെ അമ്മയോടുള്ള ) മകന്റെ ആത്മഭാഷണത്തിലൂടെ (അതൊരു ആത്മഭാഷണമാണെന്ന് കുട്ടിക്ക് മനസിലാകണം എന്നില്ല) വികസിക്കുന്ന കഥയ്ക്ക് കൃത്യമായ വൈകാരിക അന്തരീക്ഷം ഒരുക്കാനാവാതെ പരാജയപ്പെട്ടു പോകുന്നുണ്ട് സംവിധായകൻ എന്ന നിലയിൽ Dr.ബിജു. അച്ഛൻ മകൻ സ്നേഹ ബന്ധങ്ങളെ വേണ്ട വിധം പ്രേക്ഷകനിലേക്ക് എത്തിക്കാനായോ എന്ന ചോദ്യം ബാക്കിയാണ്. കാരണം, അത്തരത്തിലുള്ള ഒരു ആഴം ആ സിനിമയിലില്ല. നിരവധി പേരറിയാത്തവരുടെ ജീവിതങ്ങളെ ദൃശ്യവത്ക്കരിക്കുന്നുണ്ടെങ്കിലും കഥാപാത്രങ്ങളെ ഉൾക്കൊണ്ടവർ വളരെ കുറച്ച് .ഇടയ്ക്കു കടന്നുവരുന്ന പശ്ചാത്തല സംഗീതം സിനിമയോട് അത്ര കണ്ട് ചേർന്നു നിൽക്കുന്നില്ല. ഇത്തരം പോരായ്മകൾ ഒരു ആസ്വാദകനെന്ന നിലയിൽ എന്നിൽ പടർത്തിയ നിരാശ വലുതാണ്. സുരാജ് വെഞ്ഞാറമൂട്,മാസ്റ്റർ ഗോവർദ്ധൻ, ഇന്ദ്രൻസ്, ചെമ്പിൻ അശോകൻ, ബാലകൃഷ്ണൻ എന്നിവരുടെ അഭിനയങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണ്. കഥാനായകന്റെ മകന്റെ ചെരുപ്പ് നേരെയാക്കിയ ശേഷം ഒരു ചായ കുടിക്കാനായി എഴുന്നേൽക്കുന്ന ചെരുപ്പുകുത്തി ( ചെമ്പൻ അശോകൻ) തന്റെ ഭാഗം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്; ഊരിലെ ഭാഷയും നാഗരിക ഭാഷയും സംസാരിക്കുന്ന ഇന്ദ്രൻസും, അദ്ദേഹത്തിന്റെ മകളും വളരെ തന്മയത്തത്തോടെ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. ഇന്ദ്രൻസിന്റെ ഭാര്യയുടെ ( സീമാജി.നായർ ) നാഗരിക പേച്ച് ഒരു കല്ലുകടി തന്നെയായിരുന്നു.
          മഴ പെയ്ത് റോഡരുകിൽ തളം കെട്ടിയ വെള്ളത്തിൽ തെളിഞ്ഞ ഫ്ലാറ്റും , അതിനെ മായ്ച്ചു കളഞ്ഞ് കടന്നുപോയ കോപ്പറേഷൻ ലോറിയും ഏറെ മനോഹരമായ ദൃശ്യമായിരുന്നു (മഴ പെയ്ത് റോഡരുകിൽ തളം കെട്ടിയ വെള്ളത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങൾ പ്രതിഫലിക്കാതെ പോകുന്നത് സമൂഹക്കാഴ്ച്ചയുടെ സൗന്ദര്യബിംബങ്ങളിൽ  അവർക്ക് ഇടമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ പര്യാപ്തമാണ്).അതു പോലെ ട്രാഫിക്ക് സിഗ്നലിനു മുന്നിൽ വന്നു നിന്ന രണ്ടു വാഹനങ്ങളിൽ ഒന്നിൽ തൊഴിലാളികളും മറ്റൊന്നിൽ അറക്കാൻ കൊണ്ടു പോകുന്നമാടുകളും വരുന്നതോടെ ആ ദൃശ്യത്തിന്റെ രാഷ്ട്രീയം പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങുന്നു.ഇരുവഴിയിലേക്കു പിരിയുന്ന ആ വാഹനങ്ങൾ ജീവിതാവസ്ഥയുടെ വിഭിന്ന ഭാവങ്ങളാണ്. ഒരു പക്ഷെ ഈ സിനിമയുടെ മുഴുവൻ രാഷ്ട്രീയാവസ്ഥകളെയും ഉൾക്കൊള്ളുന്ന ദൃശ്യങ്ങളായിരുന്നു അവ.  യഥാർത്ഥത്തിൽ കഥാനായകനിൽ അപരിചിതമായിരുന്ന പ്രതീഷേധഭാവങ്ങളാണ് അയാളുടെ നിസ്സഹായതയ്ക്ക് ഒരു പരിധിവരെ കാരണം.എന്നാൽ ഇത്തരം ഭാവങ്ങളെ മറികടന്നു കൊണ്ട് സ്വജീവിതത്തെയും സമൂഹത്തെയും നാളെക്കു വേണ്ടി സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് സോനാ നായരും ബാലകൃഷ്ണനും ചെയ്ത കഥാപാത്രങ്ങളിൽ കണ്ടത്. ഒരു സമൂഹത്തോട് നാം കാണിക്കുന്ന അവജ്ഞയോടുള്ള ചിലരുടെയെങ്കിലും പ്രതിഷേധത്തിന്റെ മുഖമാണ് അറക്കാൻ കൊണ്ടുപോകുന്ന മാടുകളിൽ ഒന്നിൽ സ്വഭാവികമായി പ്രകടമായത്. ഇത്തരമൊരു സ്വഭാവിക പ്രതികരണം പോലും നഷ്ടമായവരുടെ ജീവിതമാണ് Dr.ബിജു ദൃശ്യവത്ക്കരിക്കാൻ ശ്രമിച്ചത്.
              ജോലി  സമയ-ദേശബന്ധിതമല്ലെന്ന ബോധ്യം ഉൾക്കൊണ്ടു കൊണ്ട് പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു മനുഷ്യനായാണ് സുരാജിന്റെ കഥാപാത്രം പേരറിയാത്തവനിൽ എത്തുന്നത്.നാഗരിക ജീവിതങ്ങളുടെ പാഴ്വസ്തുക്കളിൽ ആനന്ദത്തിന്റെ ഊടുംപാവും നെയ്ത് ജീവിതത്തിന് (മകന്റെ )നിറം കൊടുക്കുകയാണ് അയാൾ. നിറങ്ങൾ വൈവിധ്യത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും പേരറിയാത്തവരുടെ വർണങ്ങൾ പ്രബലരുടെ സമൂഹത്തിൽ മങ്ങി പോകുന്ന കാഴ്ച്ചയാണ് നമുക്ക് കാണാനാവുന്നത്.

No comments:

Post a Comment