Saturday, 10 June 2017

പ്രളയകാലം

            "പലമതസാരവുമേകമെന്നു പാരാ
            തുലകിലൊരാനയിലന്ധരെന്നപോലെ
            പലവിധയുക്തി പറഞ്ഞു പാമരൻമാ
            രലവതുകണ്ടലയാതമർന്നിടേണം" - എന്ന് ആത്മോപദേശശതകത്തിൽ ഗുരു പ്രഖ്യാപിക്കുന്നുണ്ട്.മതത്തെ,ദേവാലയങ്ങളെ എല്ലാം തള്ളി പറഞ്ഞ ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംഘപരിവാർ. ഹിന്ദുമതം,ക്രിസ്തുമതം,മുഹമ്മദുമതം തുടങ്ങിയ ഏതു മതത്തിന്റെയും സനാതനധർമ്മങ്ങൾക്ക് ഏകമായ ഭാവമുണ്ട്.ഈ ഏകം തത്ത്വവിചാരത്തിനപ്പുറം ജീവിതപ്രയോഗമാകുന്നതോടെ ജാതിവിഭജനവും മതഭേദവും അപ്രധാനമാകും.എന്നാൽ എല്ലാ മതങ്ങളിലും കണ്ടു വരുന്ന പശ്ചാതാപമെന്ന  പൊറാട്ട് നാടകത്തോട് അത്ര പ്രതിപത്തിയൊന്നും തോന്നുന്നില്ല. കുറ്റം ചെയ്ത ശേഷം ഒരു കുമ്പസാരത്താൽ വിശുദ്ധനാകുന്നപോലെ അതിങ്ങനെ മനസ്സിന്റെ ആഴങ്ങളിൽ പൊങ്ങുതടിപോലെ പൊന്തി കിടക്കുന്നു.പി.ജിംഷാറിന്റെ പ്രളയകാലത്തെ നൂഹുമാർ സംവദിക്കുന്നതും അത്തരമൊരു പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ്.എന്നാൽ ആ പശ്ചാത്തലത്തിനപ്പുറം മരണം കൊണ്ട് അവന്റെ ജീവിതം അവസാനിപ്പിക്കുകയാണ് കഥാകൃത്ത്. അതെതു കൊണ്ടാണ് നൂഹിന് ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള ഒരവസരം ഒരുക്കാതിരുന്നത്?സാം മാത്യുവിന് അടിതെറ്റി വീണുപോയ ഒരു കവിതയുടെ വിഷയ പരിസരത്തെ മതവുമായി ബന്ധപ്പെടുത്തി വരച്ചിട്ടിരിക്കുകയാണ് കഥയിൽ. കഥാകൃത്തിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേൽ പടച്ചോന്റെ പേരിന്റെ വേദനയുടെ ചിത്രപ്രദർശനമെരുക്കാനുള്ള സാധ്യത നൽകാത്ത വിധമാണ് ഇത്തവണ കഥയെ ഒരുക്കി എടുത്തിരിക്കുന്നത്.
         പ്രളയകാലത്തെ നൂഹമാർ എന്ന കഥയ്ക്ക് സുസ്മേഷ് ചന്ദ്രോന്തിന്റെ മാലിനീവിധമായ ജീവിതവുമായി ബന്ധമുണ്ടോ? കഥകളുടെ പേരു കേൾക്കുമ്പോൾ തോന്നുന്ന ഈ സംശയത്തിന് ഉത്തരമായി ഒന്നേ പറയാനാവു, രണ്ടു കഥകളിലും ഒരേ പേരിനുടമയായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്.മാലിനീവിധമായ ജീവിതത്തിൽ 12 മാലിനിമാരുണ്ടെങ്കിൽ ഇവിടെ, ഈ കഥയിൽ രണ്ട് നൂഹുമാരാണുളളത്.അവരുടെ ജീവിത സന്ദർഭങ്ങളെയാണ് കഥ കൈകാര്യം ചെയ്യുന്നത്. ചിലയിടങ്ങളിൽ ഒരല്പം കൂടി വിശദീകരണമാകാമായിരുന്നെന്ന് തോന്നിപ്പിക്കുന്നുമുണ്ട്.
              "എന്നെ വളര്‍ത്തിയ ഗര്‍ഭപാത്രത്തിന് തികയാതെ പ്രസവിച്ച കുറവുകേടുകള്‍ പേറിയ മഹാവേദനയ്ക്ക്, ചെറിയ പിറവിയ്ക്ക് കണ്ണീരിന്, എന്റെ ഉമ്മയ്ക്ക് അവരിലൂടെ തുടങ്ങുന്ന പ്രണയത്തിന്!… എന്റെയീ ജീവിതം ധന്യമായി.
         ബലാത്സംഗം ചെയ്ത് ഒരുത്തിയെ കൊന്ന കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നൂഹ് ഇങ്ങനെ ചിന്തിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ, എനിക്കിപ്പോള്‍ അതിനാവില്ല. കാരണം, ഞാനാണ് നൂഹ്. ചെയ്തുപോയ തെറ്റിന് മേല്‍ തോരാത്ത കണ്ണീരുമായി നടക്കുന്നവന്‍. ജയില്‍ തന്നെയായിരിക്കും ഇങ്ങനെ ചിന്തിക്കാന്‍ പരുവപ്പെടുത്തിയത്. ചെയ്ത കുറ്റം നിഷേധിക്കുന്നില്ല. ഒരിക്കല്‍, പ്രണയം തോന്നിയ ഒരുവളെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിനാണ് ഞാനിപ്പോള്‍ ജയിലില്‍ കിടക്കുന്നത്. കുറ്റം നിഷേധിക്കുന്നില്ല. പെട്ടെന്ന്, അവളോടുള്ള വെറുപ്പിന്റെ പുറത്ത് ചെയ്തു പോയതാണ്". എന്നു തുടങ്ങുന്ന വിചിത്ര വാദത്തോടെയാണ് കഥ തുടങ്ങുന്നത്.മോഹിപ്പിക്കുന്ന കഥയുടെ ഭാഷയിലേക്ക് വഴുതിവീഴുന്ന വായനക്കാരൻ  ഇടയ്ക്കുവെച്ച് ആ രസച്ചരടുപൊട്ടി കഥയിലേക്കു തന്നെ എത്തിപെടാൻ ഇത്തിരി പ്രയാസപ്പെടും.എന്നാൽ കഥ പാതിയെത്തുമ്പോൾ സുഖമമായ പാരായണസുഖം വീണ്ടെടുക്കുന്നുമുണ്ട്. കഥയുടെ ചിലയിടങ്ങളിൽ അപൂർണങ്ങളായ വാക്യങ്ങൾ അശ്രദ്ധകൊണ്ട് വന്നു പെട്ട പിഴവായി കാണുമ്പോൾ തന്നെ,ഇതും കഥാവായനയെ സാരമായിബാധിക്കുന്നുണ്ട്.എന്നാൽ അതിന്റെ ക്രാഫ്റ്റിൽ പുലർത്തിയ സൂക്ഷ്മത ഭ്രമിപ്പിക്കുന്നതു തന്നെയാണ്.നൂഹ് നബിയിൽ നിന്നും വധശിക്ഷ കാത്തുകിടക്കുന്ന നൂഹിലേക്കും അവനാൽ കൊല്ലപ്പെട്ട കാമുകിയിലേക്കുമുള്ള സഞ്ചാരങ്ങളാണീ കഥ.
   "ഇതുങ്കുടി പെണ്ണാണെങ്കില്, നീ നിന്റെ വീട്ടിൽ പൊയ്ക്കോണം പന്നീന്റെ മോളെ, വീടിന്റെ പടി കടക്കുമ്പോൾ ഇങ്ങനെ പിറുപിറുത്തത് റാബിയ കേട്ടില്ലെങ്കിലും ഫൈനൂസത്ത് അതു കേട്ട് ഞെട്ടി. പകൽ ,ഇരുളുന്നതായും ഉമ്മ കരയുന്നതായും ഫൈനൂസത്ത് അറിഞ്ഞു.ഇപ്പോൾ, നൂഹും!". യാഥാർത്ഥ്യത്തെ മറച്ചുവെച്ച് മറ്റൊന്നിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമൊന്നും കഥയിലില്ല.പ്രസവമെന്ന ജൈവിക പ്രവൃത്തിയെ ആവിഷ്കരിക്കുന്നതിനിടയിൽ സമൂഹം അതിനെ എങ്ങനെയാണ് കാണുന്നതെന്ന ദൃഷ്ടാന്തവും ഈ കഥയിലുണ്ട്.. നൂറ്റാണ്ടുകൾ ഏറെ പിന്നിട്ടിട്ടും, ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും, സ്ത്രീജീവിതം പുരുഷാധികാര ചിഹ്നലോകത്തു നിന്നും അതിന്റെ സമ്പ്രദായിക ചട്ടക്കൂടിൽ നിന്നും ഇന്നും പുറത്തു കടന്നട്ടില്ല. അമിതാവേശത്താൽ വികാരാധീനനാവാനൊന്നും ശ്രമിക്കാതെ വായനക്കാരനെ ചിന്തയുടേതായ ലോകത്തേക്ക് തള്ളിയിട്ട് നിശ്ശബ്ദനായി മാറി നിൽക്കുന്നുണ്ട് കഥാകൃത്ത്.
           " ഒരു യാത്രക്കിടയിൽ തന്നെ തൊട്ടുരുമ്മിക്കൊണ്ട് വന്നുനിന്ന ഒരു നായയെ നോക്കി വെറുപ്പോടുകൂടി അദ്ദേഹം പറഞ്ഞു ഛീ...... മാറിപ്പോ നായേ നികൃഷ്ട ജീവിയായ നീയെന്തിനാണ് എന്റെ ചാരത്തു വന്ന് നിൽക്കുന്നത്.നൂഹ് നബി(അ) വാക്കുകൾക്ക് മറുപടിയെന്നോണം അള്ളാഹു, ആ ജന്തുവിന് സംസാരശേഷി നൽകി മറുപടി നൽകിച്ചു. അല്ലയോ, നൂഹ് നബിയേ, എന്റെ ഇഷ്ടത്തിനാണ് ഞാൻ സൃഷ്ടിക്കപ്പെടുന്നതെങ്കിൽ ഇത്രമേൽ വൃത്തികെട്ടൊരു നായയായി പിറക്കില്ലായിരുന്നു. താങ്കൾ എന്നില്ല എന്റേയും താങ്കളുടെയും സൃഷ്ടാവിനേയാണ്.ഇത് എന്നെ അവഹേളിച്ചതിനു ഫലമാണ്. നായയുടെ സ്ഥാനത്ത് നൂഹ് നബി പടച്ചോനെ ദർശിച്ചു". ചണ്ഡാലരൂപം ധരിച്ച് ശ്രീ ശങ്കരനെ പരീക്ഷിച്ച ശിവന്റെ കഥപോലെയാണിഭാഗം. മതങ്ങൾക്ക്,അവയുടെ ആശയ പ്രകടനോപാദികളിൽ സാമ്യമുണ്ട്.ഇത് ഏകമായ ഭാവത്തെയാണ്‌ പ്രകടമാക്കുന്നത്.
           നൂഹിന് സ്വപ്ന ദർശനങ്ങളാണ് കിട്ടുന്നത്.അവൾ കുറിക്കുന്ന ഓരോ സ്വപ്നങ്ങളെയും വ്യാഖ്യാനിക്കാൻ നൂഹ് ശ്രമിക്കുന്നു. പശ്ചാതാപവിവശനായി അവസാനം അള്ളാഹുവിനോട് മണ്ണിനടിയിൽ കിടന്ന് മാപ്പിരക്കുന്ന നൂഹിലൂടെ കഥ അവസാനിക്കുന്നു. എങ്കിലും സന്ദേഹങ്ങൾ ഏറെ ബാക്കിയാകുന്നു. വായനയിൽ പൂരിപ്പിക്കപ്പെടേണ്ട ഉഷ്ണമായവ വായനക്കാരനെ പൊള്ളിക്കുന്നു.
     

No comments:

Post a Comment