മഴയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. എന്നാൽ മഴ പെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ, മഴ കാരണം നഷ്ടപ്പെട്ട ഒരു ദിവസത്തെ കൂലിയെക്കുറിച്ച് ചിന്തിച്ച് വിശന്നിരിക്കുന്നവന് മഴയെ വർണ്ണിക്കാനാവില്ല. അവനു മുന്നിൽ മഴ ദുരിതചിഹ്നമാണ്.ഇനി മഴയെ ആസ്വദിച്ചിരിക്കാന്നുവെച്ചാൽ, യാഥാർത്ഥം അതിന് അനുവദിക്കത്തില്ല. സംഘടിക്കുക എന്നത് ഏതു കാലത്തിന്റെയും ആവശ്യമാണ്. വ്യക്തിയിൽ നിന്ന് ഗണത്തിലേക്ക് മാറുന്നത് കെട്ടുറപ്പ് നൽകപ്പെടുന്ന ഒന്നാണെന്ന വിശ്വാസത്തെ കഥ ചോദ്യം ചെയ്യുന്നുണ്ട്.എന്തിനാണ് നാം സംഘടിക്കുന്നതെന്ന ലളിതമായ ചോദ്യം കഥയ്ക്കുള്ളിൽ ഒളിച്ചു കടത്തപെട്ടിരിക്കുന്നു.ഒരു വ്യക്തിയുടെ പരിമിതികളെ മറികടക്കാൻ ഇത്തരം സംഘടിക്കൽ ഗുണം ചെയ്യും. എന്നാൽ ചില വ്യക്തികളിലെ സ്ഥാപിത താല്പര്യങ്ങളെ താലോലിക്കുന്നതാണ് ഇത്തരം സംഘടിക്കലിന്റെ ഉദ്ദേശമെങ്കിലോ? M.R.രാജേഷിന്റെ കുടുംബശ്രീ അഥവാ കുടുംബസ്ത്രീ എന്ന കഥ അനാവരണം ചെയ്യുന്നതും ഇത്തരം ഉദ്ദേശങ്ങളെ തന്നെയാണ്.അമ്മിണി സ്വപ്നം കാണുന്ന സുഗന്ധ ഗന്ധങ്ങളെ മലിനമാക്കുന്ന ചില തീരുമാനങ്ങളുടെ ലളിത ആവിഷ്ക്കാരമാണ് ഈ കഥ.
പുറംപണിക്ക് പോകുന്ന അമ്മിണി കുടുംബശ്രീയിൽ ചേരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സ്വയം തൊഴിലിലൂടെ സ്ഥിരവരുമാനം എന്ന രീതിയിലേക്ക് മുന്നേറാവുന്ന കുടുംബശ്രീ പദ്ധതിയോടുള്ള അമിത വിശ്വാസവും, അവളുടെ ആഗ്രഹങ്ങളും അവയ്ക്കേൽക്കുന്ന ക്ഷതങ്ങളുമാണ് ഈ കഥ. അന്യസംസ്ഥാനക്കാർ പണിക്കെത്താത്ത തൃക്കല്ലൂർ കുന്നിന്റെ മാറ്റം, സംസ്കരിക്കാനാവാത്ത മാലിന്യങ്ങളും അവയുടെ ഗന്ധവും, കമ്മ്യൂണിസ്റ്റ് അനുഭാവികൾ ഏറെയുള്ള ഒരിടത്ത് ചിലർ ദാരിദ്രം അനുഭവിക്കുന്നതും ചിലർ പണക്കാരായി കഴിയുന്നതുമായ വിപരീത ദ്വന്ദ്വങ്ങളെ ശക്തമായി വരച്ചിടുന്നുനുണ്ട് കുടുംബശ്രീ അഥവാ കുടുംബ സ്ത്രീ. മൈക്രോ ഫിനാൻസ് പോലുള്ള കൊള്ളപലിശ ഈടാക്കുന്ന ഇടങ്ങളേക്കാൾ നല്ലത് കുടുംബശ്രീ പോലുള്ള പദ്ധതികളും അവയിലൂടെ കൈകൊള്ളാവുന്ന വായ്പകളുമാണ്. എന്നാൽ അതിനൊന്നും മുതിരാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയാനുള്ള ഒരിടമായി കുടുംബശ്രീയെ മാറ്റുന്നു. ഒടിയപാടത്ത് നെല്ല് കൊയ്യാനും കറ്റ ഏറ്റാനും ഒക്കെ കൂടിയിരുന്ന, കൂലി വർധനവിനുവേണ്ടി സംഘടിച്ചിരുന്ന ഒരു ജനതയാണ് കുടുംബശ്രീയുടെ പേരിൽ പരദൂഷണം പറയാൻ സംഘടിക്കുന്നത്. അതുമാത്രമല്ല മൈക്രോ ഫിനാൻസിന്റെ ഇടപാടിനു മുമ്പ് ഗുരവിന്റെ ദൈവദശകം ചൊല്ലുന്നതിലെ വിരോധാപാസം എത്രമാത്രം പരിഹാസ്യമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പണക്കാരെ മാത്രം ഉൾക്കൊള്ളുന്ന ദൈവങ്ങളെയും പുരോഹിതന്മാരെയും കഥ വലിച്ച് ചുമരിൽ തേക്കുന്നു.മിനമം അൻപതുരൂപയില്ലാതെ ദൈവത്തെ അമ്പലത്തിൽ പോയി കാണാനാവില്ലെന്ന അവസ്ഥയെയാണ് ഇവിടെ പരിഹസിക്കുന്നത്.അതെ,കുടുംബശ്രീ അഥവാ കുടുംബസ്ത്രീ എന്ന കഥ നമുക്കു നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ്. നമുക്ക് കാണാനും കാണാതിരിക്കാനും സൗകര്യമുണ്ട്. അത്രമാത്രം.
No comments:
Post a Comment