Sunday 15 March 2020

സമൂഹത്തെ മലിനമാക്കുന്ന ഷോകള്‍




ബിഗ് ബോസ് കണ്ടിട്ടില്ല. കാണണം എന്ന് തോന്നിയിട്ടുമില്ല. അടച്ചിട്ട വീടുകളില്‍ മനുഷ്യരെങ്ങനെ കഴിയുന്നുവെന്ന് അറിയാന്‍ എനിക്കൊരു കൗതുകവുമില്ല. എന്നാല്‍ എല്ലാവരും അതുപോലയല്ല. അവരുടെ കൗതുകങ്ങള്‍ ആണധികാരത്തിന്റെ മുഖങ്ങളായി, സമൂഹത്തെ അവനവന്റെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുകയാണ്.

രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്തുപോയതോടെ മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി കലിപ്പ് തീര്‍ക്കുകയാണ് ആരാധകര്‍. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മുഖം മാറി വരുന്ന ഈ ആരാധകറുടെ സ്ഥായീഭാവം സ്ത്രീ വിരുദ്ധത തന്നെയാണ്. ഈ ആരാധക കൂട്ടത്തില്‍ ആണുങ്ങള്‍ മാത്രമല്ല സ്ത്രീകളുമുണ്ട്. ആണധികാരം സൃഷ്ടിച്ച ഉന്മാദ ലോകത്തില്‍ അവളവളെക്കുറിച്ച് മറന്നുപോയവരാണ് അവര്‍.

പാര്‍വതിയെയും റിമയെയും തെറിവിളിച്ചും, ഇപ്പോള്‍ രേഷ്മയുടെ മുഖത്ത് ആസിഡ് ഒഴിക്കണം എന്ന് ആര്‍ത്തും സൈബര്‍ ആക്രമണം നടത്തുന്ന ഒരു കൂട്ടത്തെ മോഹന്‍ലാല്‍ എന്ന നടന്റെ പേജില്‍ കാണാനാകും. മോഹന്‍ലാലിന്റെ ആരാധകരില്‍ പലരും രജിത് കുമാര്‍ വിഷയത്തില്‍ താരത്തോട് എതിരിടുന്നുവെങ്കില്‍ അദ്ദേഹം ഇത്രയും കാലം ഏത് ആശയത്തിന്റെ പേരിലാണ്, എത്തരം സിനിമകളുടെ പേരിലാണ് അവരുടെ ആരാധനാപാത്രമായത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്ത്രീ വിരുദ്ധ - ട്രാന്‍സ് വിരുദ്ധ - ശാസ്ത്ര വിരുദ്ധമായ നിലപാടുകളുമായി രജിത് കുമാര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ ഏറെ ആനന്ദിക്കുന്ന ഈ കൂട്ടം നമുക്ക് മുന്നിലേക്ക് വെക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതകളാണ്. വിദ്യാഭ്യാസം കിട്ടിയിട്ടും ഒരു മാറ്റവും സംഭവിക്കാത്ത ചിലരുണ്ട് എന്നതിന് ഇതിനേക്കാള്‍ മികച്ച തെളിവ് ഇനി എന്തിനാണ്? സംഘപരിവാര്‍ അവരുടെ ആശയങ്ങളിലേക്ക് ദളിതരെ കൂട്ടികൊണ്ടുവരുന്നപോലെയാണ്; രജിതിന്റെ നിലപാടുകള്‍ ദോഷകരമായി ബാധിക്കുന്ന വിഭാഗത്തെ അയാളുടെ ആരാധകരാകുന്നതിലൂടെ സംഭവിക്കുന്നത്.

ബിഗ് ബോസ് എന്ന പോഗ്രാം സമൂഹത്തില്‍ പടര്‍ത്തുന്ന ഈ വൈറസിനെ തുടച്ചുകളയുക അത്ര എളുപ്പമല്ല. ഏഷ്യാനെറ്റ് സമൂഹത്തെ പുറകോട്ട് നടത്തുന്നതില്‍ കാട്ടുന്ന ശ്രദ്ധ കണ്ടില്ലെന്ന് നടിക്കരുത്.

No comments:

Post a Comment