Monday 2 March 2020

അനിവാര്യമായ മാറ്റത്തിലേക്ക് ചുവടുവെക്കേണ്ടത് നമ്മളാണ്


അഴകളവുകളിൽ നിറവും വണ്ണവും ഇന്നും പ്രസക്തമാണെന്ന ധാരണയുള്ളവർക്കിടയിലൂടെ Modeling, സിനിമാ രംഗത്തേക്ക് യാത്ര തിരിച്ച വർഷിതയ്ക്ക് (Varshitha Thatavarthiarshi) നഷ്ടമായത് അഞ്ചു വർഷങ്ങളാണ്. ലോക പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയുടെ സൂപ്പർ മോഡലാക്കാൻ വർഷിതയ്ക്ക് സാധിച്ചതുകൊണ്ടാണ് അഴകളവുകളെ കുറിച്ചൊരു സംവാദം സമൂഹത്തിൽ സാധ്യമാകുന്നത്. സിനിമയിൽ അവസരം അന്വേഷിച്ചു നടന്ന അഞ്ചു വർഷവും അവർ ഏറ്റവും അധികം കേട്ടത്  'തടി കുറച്ച് നിറം കൂട്ടി വരിക' എന്ന ഉപദേശമാണ്. കറുത്ത മുഖങ്ങളെ സ്വീകരിക്കാൻ ഇത്ര വിമുഖത എന്ത് കൊണ്ടാണ്? ആ ചോദ്യത്തിനുത്തരം ജീവനു വേണ്ടി ഓടിപോകേണ്ടി വന്ന, സ്വന്തം മുഖം സ്ക്രീനിൽ കാണാൻ പോലുമാകാതെ വന്ന റോസിയിൽ നിന്ന് തുടങ്ങുന്നതാണ്.



ഇന്ത്യൻ സിനിമയിലെ നായികമാരെല്ലാം വെളുത്തവരായത് എന്തുകൊണ്ടാണ്? കറുത്ത ശരീരമുള്ള ജീവിത പശ്ചാത്തലത്തിലെ കഥ പറയാൻ കറുത്ത ഛായം പൂശിയ വെളുത്ത ഉടലുകൾ തന്നെ വേണമെന്ന നിർബന്ധം എന്തിനാണ്? നിറത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ് പ്രതിഭയെന്ന ധാരണയെങ്ങാനും നിങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ പിന്നെന്തിനാണ് ഉറൂബിന്റെ രാച്ചിയമ്മയായി പാർവതിയെ കാസ്റ്റ് ചെയ്തത്?


വെളുത്ത ഉടലുകളുള്ളവരോട് യാതൊരു വിരോധവും ഇല്ലെന്ന് ആദ്യമേ പറയട്ടെ. മറിച്ച് കറുത്ത നിറത്തിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്നു. അതിനെതിരെയാണ് ഈ ശബ്ദം! വെളുത്ത ഉടലുകളെ കറുത്ത ഛായം പൂശി ക്യാമറയ്ക്ക് മുന്നിൽ നിർത്തുന്നതിൽ ആർക്കും യാതൊരു അസ്വഭാവികതയും തോന്നാത്തതെന്താണ്?

"മെലിഞ്ഞ മോഡലുകളെ നമ്മൾ മോഡലുകൾ എന്നു വിളിക്കുന്നു. എന്നാൽ ശരീരവണ്ണം കൂടിയവരെ പ്ലസ് സൈസ് മോഡൽ എന്നും. ഇത് വിവേചനമല്ലാതെ മറ്റെന്താണ്?" വർഷിതയുടെ ഈ ചോദ്യത്തിന്റെ തീവ്രത ഉൾക്കൊള്ളാനുള്ള കാമ്പൊന്നും മോഡലിങ് സിനിമാരംഗത്തുള്ളവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഫെയർനെസ്സ് ക്രീമിന്റെ പരസ്യങ്ങളിൽ അഭിനയിക്കാൻ  വിമുഖത കാട്ടുന്ന സായ് പല്ലവിയെ പോലുള്ള ചിലരെങ്കിലും വിരളമായിട്ടാണെങ്കിലും ആ രംഗത്തുണ്ട് എന്നതാണ് ഏക ആശ്വാസം.

അനിവാര്യമായ മാറ്റത്തിലേക്ക് ചുവടുവെക്കേണ്ടത് നമ്മളാണ്.

No comments:

Post a Comment