Monday 20 July 2020

മലയാളികളുടെ ശീമ തമ്പുരാന് ജന്മദിനാശംസകള്‍


ചലച്ചിത്ര നടൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ നസറുദ്ദീൻ ഷായുടെ ജന്മദിനമാണ് ഇന്ന്. ഉത്തർ പ്രദേശിലുള്ള ബാരബാങ്കി ജില്ലയിൽ 1950, ജൂലൈ 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. അജ്മീറില്‍ ഉള്ള സെയിന്റ് ആൻസെൽ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാ, അലിഗഡ് മുസ്ലീം യൂണിവേർഴ്സിറ്റിയിൽ നിന്ന് 1971-ൽ കലയിൽ ബിരുദം നേടി. ഡൽഹിയിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠനം നടത്തിയിട്ടുണ്ട്.
1980-ൽ പുറത്തിറങ്ങിയ ഹം പാഞ്ച് എന്ന സിനിമയോടുകൂടി അഭിനയരംഗത്തെത്തിയ നസറുദ്ദീൻ ഷാ, ബോളിവുഡിലെ വ്യാണിജ്യ ചലച്ചിത്രങ്ങളിലും സമാന്തര ചലച്ചിത്രങ്ങളിലും ഒരേ പോലെ അഭിനയിച്ച് വിജയം കൈവരിച്ചു. ചില അന്തർദേശീയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ (The League of Extraordinary Gentlemen) എന്ന ചലച്ചിത്രത്തിലെ ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രം അവയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ഇജാസത് (1987), ജൽ‌വ (1988), ഹീറോ ഹീരാലാൽ (1988) എന്നിവ നസറുദ്ദീൻ ഷാ നായകനായ സിനിമകളാണ്. 1988-ൽ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ രത്ന പാഠക് നായികയും ആയി ഇൻസ്പെക്റ്റർ ഗോട്ടേ എന്ന സിനിമയും പുറത്തിറങ്ങി. ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) എന്നിവയായിരുന്നു പീന്നീട് അദ്ദേഹം അഭിനയിച്ച മുഖ്യ സിനിമകൾ.
1993 – ൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന മലയാള ചിത്രത്തിൽ ഷാ അവിസ്മരണീയമാക്കിയ ശീമ തമ്പുരാൻ എന്ന കഥാപാത്രം മലയാളികൾ മറക്കാൻ വഴിയില്ല. 1940- കളിലെ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്ന ചലച്ചിത്രത്തിന്റെ കേന്ദ്ര പ്രമേയം താഴ്ന്ന ജാതിക്കാരനായ പൊന്തൻമാടയും(മമ്മൂട്ടി) ഐറിഷ് റിപബ്ലിക് ആർമിയെ പിന്തുണച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും(ഷാ) തമ്മിലുള്ള അസ്വാഭാവിക ബന്ധമാണ് ചിത്രം പറയുന്നത്. സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമ തമ്പുരാൻ എന്നീ രണ്ട്  കഥകളുടെ ദൃശ്യാവിഷ്കാരം കൂടിയായിരുന്നു ചിത്രം.
cover
ഷായുടെ സ്വപ്നമായിരുന്നു മഹാത്മാ ഗാന്ധിയുടെ റോൾ അഭിനയിക്കണം എന്നത്. 2000-ത്തിൽ കമലഹാസന്റെ ഹേ റാം എന്ന ചിത്രം ഈ ആഗ്രഹത്തിന്റെ പൂർത്തീകരണമായി. മഹാത്മാ ഗാന്ധി വധം ഘാതകന്റെ ദൃഷ്ഠിയിൽ നിന്ന് കാണാനുള്ള ഒരു ശ്രമമായിരുന്നു ഈ സിനിമ.
2001-ൽ പുറത്തിറങ്ങിയ മൺസൂൺ വെഡ്ഡിങ്ങ് എന്ന സിനിമയും 2003-ൽ ഷെയിൻ കോണറിയോടൊപ്പം അഭിനയിച്ച ദ ലീഗ് ഓഫ് എക്ടാ ഓർഡിനറി ജെന്റിൽമെൻ എന്ന സിനിമയും ആണ് അദ്ദേഹം അഭിനയിച്ച പ്രധാന വിദേശചിത്രങ്ങൾ.
2006-ൽ നിർമ്മിക്കപ്പെട്ട യൂ ഹോതാ തൊ ക്യാ ഹോത എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസം‌രംഭം. ഈ സിനിമയിൽ പരേശ് റാവൽ, ഇർഫാൻ ഖാൻ, അയിഷ ടാക്കിയ തുടങ്ങിയവരാണ് വേഷമിട്ടത്.

No comments:

Post a Comment