Friday 12 June 2020

ബാല്യം വരയ്ക്കുന്ന കുട്ടി - 07

അവളുടെ വാക്കുകളിൽ ഒന്ന് പതറി, ക്ലാസ്സിൽ നിന്ന് വേനലിലേക്കിറങ്ങി. ഒരു സഹോദരന്റെ സ്ഥാനത്തെങ്കിലും എന്നെ കാണുന്നുണ്ടല്ലോ എന്നൊരാശ്വാസം അപ്പോൾ എന്നെ വന്ന് സ്പർശിച്ചതേയില്ല. വിവേകാനന്ദ കോളേജിന്റെ പടികളിറങ്ങി ബസ്സ് കാത്ത് നിൽക്കുമ്പോൾ അവൾ ചോദിച്ചു "കല്യാണത്തിന് വിളിച്ചാൽ വരില്ലേ?''

ഒന്നു പറഞ്ഞില്ല. തല കുനിഞ്ഞ് പോകുന്നപോലെ തോന്നി. നടക്കാമെന്ന് മനസ്സ് പറഞ്ഞ് തുടങ്ങി. നടത്തത്തിന് പഴയ വേഗമില്ല. കരഞ്ഞുപോയാൽ?

കുന്നിറങ്ങി നടന്നാൽ അച്ഛന്റെ വർക്ക് ഷോപ്പിലെത്താം. മുഖം വാടിയതു കണ്ടാൽ അച്ഛന്റെ നെഞ്ചിടിപ്പേറും. "എന്താടാ?" എന്ന ചോദ്യം ഇടറിയാൽ.... മനസ്സൊന്ന് പിടഞ്ഞു.

അടുത്തു കണ്ട പൈപ്പ് തുറന്ന് വെള്ളമെടുത്ത് മുഖം കഴുകി. നേരെ വർക്ക്ഷോപ്പിലേക്ക് നടന്നു.

"തലവേദനിക്കുന്നുണ്ടോ നിനക്ക്?" അച്ഛൻ ചോദിച്ചു.

"ഉം!"

"എന്നാ വാ ഒരു ചായ കുടിക്കാം"

മണിയേട്ടൻ ചായ കൊണ്ടുവന്ന് മുന്നിൽ വച്ചു..

"പഴംപൊരി കൊടുക്ക്"

"അതവൻ എടുക്കാറുള്ളതല്ലേ?"

"നല്ല തലവേദനയാണെന്ന് തോന്നുന്നു. അതാണ് ഈ ഇരുത്തം"

"ഞാനും കരുതി ഇന്നെന്താ ഇങ്ങനെയെന്ന്. അല്ലേൽ പത്രം കിട്ടീലാ എന്നൊക്കെ പറഞ്ഞ് വഴക്കടിക്കാൻ വരണ്ടതല്ലേ?"

അച്ഛനൊന്ന് ചിരിച്ചു. തെളിച്ചമുള്ള ചിരി.

"എന്താ അവന്റെയൊരു ചിരി" അച്ഛന്റെ അടുത്തിരിക്കുന്നതിനിടയിൽ ഷാജിയേട്ടൻ പറഞ്ഞു.

വിഷാദത്തിന്റെ പിടി അയഞ്ഞിരിക്കുന്നു. അച്ഛന്റെ ചിരിയുടെ മാന്ത്രിക സ്പർശം വന്ന് തൊട്ടിരിക്കുന്നു. എന്റെ ചുണ്ടുകൾ അതേ ചിരിയെ പകർത്തി.

"ഹാ... രണ്ടിന്റേയും ചിരി കണ്ടില്ലേ?"
കൈകൾ കൊണ്ട് ഒരു ചായ എന്ന് പറയുന്നതിനിടയിൽ ഷാജിയേട്ടൻ പറഞ്ഞു.

"കഴിഞ്ഞില്ലേ? ഇനി എന്താ പ്ലാൻ?"

"പി ജി ചെയ്യണം എന്നുണ്ട്‌."

ചായ കുടിച്ച് ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു.  "ഒന്നിച്ച് പോകാം"

പഞ്ചറായ ബൈക്കും തള്ളി കമിതാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേരെത്തിയപ്പോൾ അച്ഛൻ വർക്ക് ഷോപ്പിലേക്ക് നടന്നു. ബാക്ക് വീൽ അഴിച്ചെടുത്ത് അദ്ദേഹം പണിയാരംഭിച്ചു.

"വാടാ" ഷാജിയേട്ടൻ വിളിച്ചു.

മൂപ്പരുടെ കൂടെ കടയിൽ കയറി ഒന്നു രണ്ട് ഈന്തപ്പഴമെടുത്ത് തിന്നു. പുള്ളി ശ്രദ്ധയോടെ ഈന്തപ്പഴങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി. അതിനൊപ്പം ചോദ്യങ്ങൾ പല വഴിയ്ക്ക് വന്നു.
ഞങ്ങളുടെ സംസാരങ്ങളിൽ സിനിമ വന്നു നിറങ്ങി. പതിയെ ഇരുട്ട് പെയ്തു. കടയിലെ പെണ്ണുങ്ങൾ വീടുകളിലേക്ക് മടങ്ങി. റോഡുകളിൽ ഇലക്ട്രിക് വെളിച്ചം വീണ് തിളങ്ങി. മഴ പൊടിച്ചു.... ഞാനതിലേക്കിറങ്ങിയപ്പോൾ അച്ഛന്റെ ശ്വാസനയെത്തി, "പനി പിടിക്കും"

തിരിച്ചു കേറുമ്പോൾ ഒരു മാഞ്ഞു പോകാത്തൊരു വിഷാദം ചിരിയായ് പെയ്തു

No comments:

Post a Comment