Saturday 29 April 2017

മാലിനീവിധമായ ജീവിതം -പുരുഷ- കലാസ്വാദനകാഴ്ച്ചയുടെ ചളിക്കുളത്തിൽ നിന്നും മുലകളെ സ്വതന്ത്ര്യമാക്കുമ്പോൾ

കഥ വായിപ്പിക്കാനുള്ള രാസത്വരക സാന്നിധ്യം സുസ്മേഷ് ചന്ദ്രോത്തിന്റെ കഥകളുടെ പ്രത്യേകതയാണ്..അത്തരത്തിൽ ഒഴുക്കിൽ ഒതുക്കി ഒരുക്കിയെടുത്ത കഥ അതാണ് ഒറ്റവാക്കിൽ മാലിനീവിധമായ ജീവിതം. പതിനൊന്ന് മാലിനിമാർക്കിടയിലൂടെയുള്ള ഒരുവന്റെ വളർച്ചയാണീ കഥ. അതിൽ ഇനിയൊരിക്കലും തിരിച്ചുവരാത്ത ഗ്രാമീണ ജീവിതത്തിന്റെ ഊഷ്മളതയുണ്ട്. ചിലപ്പോഴൊക്കെ എന്റെ തലമുറയിലെ ചിലരെങ്കിലും അനുഭവിച്ച ഓർമ്മകളുടെ ശൃഹാതുരമായ വീണ്ടെടുപ്പുണ്ട്.കോളറക്കാലത്തെ പ്രണയത്തിൽ ഡോ.ആർബിനോ , വളർത്തു തത്തയെ പിടിക്കാൻ കയറുന്ന രംഗമുണ്ട്. അതുപോലൊരു രംഗം മാലിനീവിധമായ ജീവിതത്തിലുമുണ്ട്. ഉയരങ്ങളിൽ നിന്നും താഴേക്ക് നോക്കുന്നതും സമതല പ്രദേശത്തു നിന്ന് നോക്കുന്നതിനുമിടയിൽ രൂപപ്പെടാവുന്ന ഒരു കാഴ്ച്ച,അതീകഥയിലുണ്ട്.അതൊരു തരത്തിൽ പുരുഷ - കലാസ്വാദന കാഴ്ച്ചയുടെ ചളിക്കുളത്തിൽ പെൺമുലകളെ സ്വതന്ത്ര്യമാക്കുന്ന ഒന്നാണ്. ആണിനും പെണ്ണിനും ട്രാൻസിനുമൊക്കെ മുലകളുണ്ട്‌.എന്നാൽ പെൺ മുലകളെ ഒരു ലൈംഗിക വസ്തു (sexual Object) എന്ന നിലയിലാണ് കലയിലും സാഹിത്യത്തിലും  അടയാളപ്പെടുത്തിയിരിക്കുന്നത്.ഈ അടയാളപ്പെടുത്തലിനെ തകർത്തെറിഞ്ഞ് ഒരാണിന്റെ  കുട്ടിക്കാലം മുതലുള്ള അഭയസ്ഥാനമായി മുലകൾ മാറുന്നു.മഹാശ്വേതാദേവിയെപ്പോലെയുള്ളവർ  സഞ്ചരിച്ച പെൺമുലയുടെ ആഴങ്ങളിലേക്ക് സുസ്മേഷ് സഞ്ചരിക്കുന്നത് പെണ്ണെഴുത്തുകാരെ മറികടന്നുകൊണ്ടാണ്.

എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേക പതിനൊന്ന് മാലിനിമാരുടെയും ജീവിതത്തെ വരച്ചു വെക്കുമ്പോൾ ആസ്വാദനത്തിന്റെ രസച്ചരടു മുറിയാൻ ഇടവരാതെ  മുന്നോട്ടു നീങ്ങുന്നു എന്നതാണ്.അതിൽതന്നെ, ഭയം ഭക്തനാക്കുന്നവന്റെ ബോധം  കാതലില്ലാത്ത ഒന്നാണെന്ന് പറഞ്ഞുവെക്കാൻ കഥാകൃത്തിന് നിഷ്പ്രയാസം സാധിക്കുന്നുണ്ട്. ഞൂഞ്ഞിയടെ ഹൃദയം കവരാൻ ശ്രമിക്കുന്ന മുറപ്പെണ്ണായ മാലിനിയുടെ പ്രശ്നം അവളുടെ അതിജീവനത്തെ ആശ്രയിച്ചിരിക്കുന്നതാണെന്ന് കഥ പറയുന്നു.ഞൂഞ്ഞിയ്ക്ക് ഇഷ്ടമില്ലെങ്കിൽ ഞൂഞ്ഞിയുടെ(മായക്കുട്ടന്റെ ) ഭാര്യയായി താൻ വരില്ലെന്ന് പൊൻമാലിനി തീർത്തു പറയുന്നുണ്ടെങ്കിലും അവളിലെ ആശങ്കകൾ മായനിലേക്ക് അവളെ അടുപ്പിക്കുകയാണ്...... ഒരാണിന്റെ വളർച്ചാഘട്ടത്തിൽ അനുഭവപ്പെടുന്ന ആത്മസംഘർഷങ്ങളുടെ പച്ചയായ ആവിഷ്ക്കാരവും കുട്ടിക്കാല ഓർമ്മകളുടെ മാധുര്യവും നിറഞ്ഞതാണീ കഥ.

NB :- ലീജിഷ. A.T -യുടെ ചില നിരീക്ഷണങ്ങൾ കൈകൊണ്ടിട്ടുണ്ട്.

No comments:

Post a Comment