Saturday 29 April 2017

അർഷാദിന്റെ പാരിസ്ഥിതിക രാഷ്ട്രീയം - കണ്ണുകൾക്കു മീതെ.....കാതുകൾക്കു കീഴെ

ഒരു മുത്തശ്ശിക്കഥപ്പോലെ രസാവഹമാണ് "കണ്ണുകൾക്കു മീതെ കാതുകൾക്ക് കീഴെ ".സന്മാർഗിക കഥ മാത്രമായി ചുരുങ്ങാവുന്ന ഒരു വിഷയത്തെ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്തതിലെ മിടുക്കാണ് " കണ്ണുകൾക്കു മീതെ കാതുകൾക്കു കീഴെ".സുകുമാരന്റെ മകനായ ഹരി, നാട്ടിലുള്ള നിധികളെല്ലൊം എവിടെയാണെന്നറിയുന്ന ഭാസ്ക്കരനെ പിൻതുടരുന്നിടത്തു നിന്നാണ് കഥ തുടരുന്നത്.അച്ഛൻ മരിച്ചുപോയ കുട്ടിയാണ് ഹരിയെന്ന ഓർമ്മയുണ്ടായാലേ ഹരിയുടെ ദേഷ്യപ്പെടലിന്റെ ഉത്തരം കിട്ടുകയുള്ളു.അതൊരിക്കലും കഥയിൽ പറഞ്ഞുവെക്കാൻ കഥാകൃത്ത് തയ്യാറാകാത്തിടത്താണ് കഥ വായനക്കാരന് കൂടുതൽ പ്രിയങ്കരമാകുന്നത്.ഭാസ്ക്കരനെ പിൻതുടർന്ന് നിധി കയ്യിലാക്കാൻ ശ്രമിക്കുന്ന ഹരി മറ്റൊരു തിരിച്ചറിവിലേക്ക് എടുത്തെറിയപ്പെടുന്നിടത്താണ് കഥ അവസാനിക്കുന്നത്.ആ തിരിച്ചറിവ് ഹരിയെ കൊണ്ടെത്തിക്കുന്നത് പ്രകൃതിയിലേക്കാണ്..
                  
മനുഷ്യൻ പ്രകൃതിയിൽ നിന്നകലുന്ന കാലത്ത് പ്രകൃതിയെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെയല്ലേ? വസ്ത്രങ്ങളിലെ അഴുക്ക് കഴുകികളയുന്നതിൽ അലക്കുകല്ലിനുള്ള പങ്കിനെപ്പോലെ ശരീരത്തിലെ കൊഴുപ്പിനെ (അഴുക്കിനെ) നീക്കം ചെയ്യുന്നതിൽ കാന്താരിമുളകിനുള്ള പ്രാധാന്യം ചർച്ചചെയ്യുന്നത്  ഒരെഴുത്തുകാരനിലെ നിരീക്ഷണപാഠവത്തിന് ഉദ്ദാഹരണമാണ്. ഇതൊരുതരത്തിൽ എഴുത്തുകാരന്റെ തന്നെ രാഷ്ട്രീയ നിലപാടുകളെ അലക്കി വെളുപ്പിക്കുന്നതിന്റെ  ചിത്രണമായും കണക്കാക്കാം.നിധിക്കാക്കുന്ന മനുഷ്യന്റെ കഥ പഴങ്കഥയാണ് എന്നാൽ ജലം കാക്കുന്ന ഭാസ്കരന്റെ കഥ  അങ്ങനെയല്ല. രണ്ടു കൊച്ചു മരങ്ങൾ മടങ്ങി വരുന്നതും നോക്കി കാത്തുനിൽക്കാൻ ഭാസ്ക്കരനൊപ്പം നാം വിധിക്കപ്പെടുന്നതും അതുകൊണ്ടാണ്.

No comments:

Post a Comment