Wednesday, 1 May 2019

സൈബറിടത്തെ ആസിഡാക്രമങ്ങള്‍




സമൂഹമാധ്യമങ്ങളില്‍ നിരന്തരം അതിക്രമങ്ങള്‍ക്ക് വിധേയമായ വ്യക്തിയാണ് പാര്‍വതി. എന്തുകൊണ്ടാണ് പാര്‍വതിയ്ക്കുനേരെ ഇത്രയേറെ അതിക്രമങ്ങള്‍ നടക്കുന്നത്? ഒരോ അക്രമങ്ങളെയും തന്റെ ഉയര്‍പ്പിനാല്‍ തോല്പിക്കുകയും കൂടുതല്‍ ശക്തമായി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് അവര്‍. ഇതുതന്നെയാണ് പാര്‍വതിയ്ക്കുനേരെ തിരിയാന്‍ ആണധികാരകേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത്. ഭയപ്പെടുത്തി അധികാര വരുതിയില്‍ നിര്‍ത്താം എന്നു കരുതിയെങ്കില്‍ അതിനെയെല്ലാം പൊളിച്ചുകളയുന്ന സമീപനമാണ് പാര്‍വതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അവസരങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അത് സ്വയം സൃഷ്ടിക്കും എന്നു പറഞ്ഞ പാര്‍വതിയ്ക്ക് അഹങ്കാരിയെന്ന ലേബല്‍ ചാര്‍ത്തികൊടുക്കാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്.

പേരിനൊപ്പം മേനോന്‍ എന്ന ജാതിവാലിന്റെ ആവശ്യമില്ലെന്ന് തുറന്നു പറഞ്ഞ പാര്‍വതി മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി തിരുവോത്ത് എന്ന പുതിയ പേര് അനൗണ്‍സ് ചെയ്തത്. പാര്‍വതി എന്ന നടിയുടെ നിലപാടുകളുടെ ടേക്ക് ഓഫായിരുന്നു അത്. തുടര്‍ന്നാണ് പാര്‍വതി എന്ന നടിയെ മലയാളികള്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പാര്‍വതി നടത്തിയ ഈ ടേക്ക് ഓഫ് മലയാളി സമൂഹം മനസ്സിലാക്കി തുടങ്ങുകയും കുറച്ചുപേരെങ്കിലും അത്തരം മാറ്റങ്ങളെ സ്വീകരിക്കാന്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന സമയത്തുപോലും കായിക താരത്തിന്റെ ജാതി നോക്കുന്ന സവിശേഷ സ്വഭാവമുള്ളവര്‍ക്ക് ഇത്തരത്തില്‍ തന്റേടം കാട്ടുന്ന ഒരു പെണ്ണിനെ ഉള്‍ക്കൊള്ളാനാവില്ല എന്ന് തീര്‍ച്ചയാണ്.

ഫെമിനിച്ചി എന്ന പദത്തെ വലിയ തെറിയായി കാണുന്ന ആണ്‍ബോധങ്ങള്‍ക്കു നേരെയുള്ള ശക്തമായ പ്രഹരമായിരുന്നു ജൂഡ് ആന്റണിയ്ക്ക് കൊടുത്ത മറുപടി. തന്നെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിനോട് ഉപമിച്ച ജൂഡ് ആന്റണിയോട് ഓട് മലരേ കണ്ടം വഴി(OMKV) എന്ന് സോഷ്യല്‍ മീഡിയയിലൂടെ പര്‍വതി മറുപടി കൊടുത്തു. ജൂഡിനുള്ള ആ മറുപടിയായിരുന്നു അതെങ്കിലും ചെന്നുതറച്ചത് ആണധികാരകേന്ദ്രങ്ങളിലാണ്‌. പിന്നെ നാം കണ്ടത് വെര്‍ബല്‍ അബ്യൂസിന്റെ ഘോഷയാത്രയാണ്. തനിക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളില്‍ അവര്‍ തളരുന്നില്ലെന്ന് കണ്ടിട്ടും അവരെ പിന്‍തുടര്‍ന്ന് അക്രമിക്കാന്‍ വേണ്ടി ഈ അധികാരകേന്ദ്രങ്ങള്‍ തയ്യാറായികൊണ്ടിരുന്നു.



ശബരിമല വിഷയത്തിലും, നടി ആക്രമിക്കപ്പെട്ടപ്പോഴും അവര്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. 'സ്ത്രീപക്ഷ സിനിമ പുരുഷ പക്ഷ സിനിമ എന്ന വിവേചനങ്ങള്‍ക്കപ്പുറം സിനിമയെ Equalise ചെയ്തു കാണാന്‍ നമുക്ക് കഴിയണം. സിനിമയെ ഹീറോയിന്‍ സിനിമ എന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല, കാരണം ഹീറോ ഓറിയന്റഡ് എന്ന് ആരുതന്നെ പറയുന്നില്ല, അതുകൊണ്ട് അത്തരം രീതികള്‍ മാറണം' പാര്‍വതി പറയുന്നു. നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന പാര്‍വതി തന്നെപോലുള്ള ഒരുപാട് സ്ത്രീകളുടെ ശബ്ദമാകുകയാണ്.

ജീവിക്കുന്ന സമൂഹത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ബോധവും, നിലപാടുകളും, താന്‍ ഇടപെടുന്ന മേഖലയിലും മാറേണ്ടേ കാഴ്ചപ്പാടുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു സ്ത്രീയെ ആണ് അവരുടെ ഫെയ്‌സ്ബുക്കില്‍ പോയി തെറിവിളിച്ചും, ഡീഗ്രയ്ഡ് ചെയ്തും തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. സൈബറിടത്തെ വാക്കാസിഡാക്രമങ്ങള്‍ കൊണ്ട്‌ നിങ്ങള്‍ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്ന ഈ ആധികാരത്തിന് അധികദൂരം താണ്ടാനാവുകയില്ല. അത് തളര്‍ന്നുകൊണ്ടിരിക്കികയാണ്. നിങ്ങള്‍ അറിയുന്നില്ലെങ്കിലും ആ അധികാരത്തിന്റെ ജീര്‍ണതകളില്‍ നിന്ന് ഒരുമാറ്റം സാധ്യമാണ്.













2 comments: