Friday, 24 May 2019

ഗോദ്സെ ആരാധകർ രാജ്യസ്നേഹികളായ ഇലക്ഷൻ


ലോകരാജ്യങ്ങളെ നോക്കൂ. അവിടത്തെ ഭരണകൂടത്തിന്റെ പ്രത്യേകത എന്താണ്? നേതൃസ്ഥാനത്തിരിക്കുന്ന നേതാക്കൾ ഫാസിസ്റ്റുകൾ തന്നെയല്ലേ? അപ്പോൾ പിന്നെ ഇന്ത്യയിൽ എൻ.ഡി.എ-യ്ക്ക് തുടർച്ചയുണ്ടാകുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? നരേന്ദ്രമോദിയെന്ന രാഷ്ട്രീയ പ്രതിയോഗിയെ നേരിടാനാവാത്ത രാഹുൽ ഗാന്ധിയെ മുൻനിർത്തിയുള്ള കോൺഗ്രസിന്റെ പ്രചരണങ്ങൾക്ക് ആയുസ്സില്ലാതെ പോയത് അതുകൊണ്ടുതന്നെയാണ്.

ഗോദ്സെ ആരാധകർ രാജ്യം ഭരിക്കുന്ന ഇന്ത്യ. അവിടെ ഭരണഘടനവരെ മാറ്റിമറിയ്ക്കപ്പെട്ടേക്കാം. സംവരണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് സ്വീകാര്യത ലഭിക്കാം. അപ്പോൾ ആശങ്കപ്പെട്ടിട്ട് ഒരു കാര്യവുമില്ല. അംബേദ്കർ ആശയങ്ങളോട് തികഞ്ഞ അവജ്ഞ വെച്ചു പുലർത്തുന്ന ഈ മത രാഷ്ട്രീയവാദികൾ തകർത്തെറിയുക ഇന്ത്യയുടെ ബഹുസ്വരതയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് ബിജെപി-യെ എതിർക്കാനാവും എന്നൊരു വിശ്വാസമാണ് ഈ ഇലക്ഷനോടെ അസ്തമിക്കുന്നത്. ബിജെപി-യ്ക്ക് കോൺഗ്രസ് ഒരു പ്രതിയോഗിയേ അല്ലാതാവുകയാണ്. അമേഠിയിലടക്കം കോൺഗ്രസിനേറ്റ തിരിച്ചടികൾക്കാണോ അതോ കേരളത്തിലെ വിജയത്തിനാണോ പ്രാധാന്യം നൽകുക? ബിജെപി വിരുദ്ധവികാരമാണ് കേരളത്തിൽ കോൺഗ്രസിന് തുണയായത്. അത് വരും വർഷങ്ങളിൽ തുടരണമെന്നില്ല. ഓരോ ഇലക്ഷൻ കഴിയുമ്പോഴും കോൺഗ്രസ് കുടുതൽ ദുർബലമാകുന്നത് നിങ്ങൾ കാണുന്നില്ല. ഈ ദുർബലമാകൽ ജനാധിപത്യ ഇന്ത്യയ്ക്കേൽക്കുന്ന കനത്ത പ്രഹരമാണ്. 50 സീറ്റിൽ 15- ഉം കേരളത്തിന്റെ സംഭാവനയായ സ്ഥിതിയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി കൊണ്ട് മാത്രം ഇലക്ഷനെ അഭിമുഖീകരിക്കുന്നതായിരിക്കും ഇടതുപക്ഷത്തിന് അഭികാമ്യം. ഇടതുപക്ഷത്തിന്റെ പരാജയം ആഘോഷിക്കുമ്പോൾ ഇപ്പോൾ രുചിക്കുന്ന മധുരം കയ്പാവാൻ അധികം സഞ്ചരിക്കേണ്ടതില്ലെന്ന് ഓർക്കുന്നത് നല്ലതാണ്.

'നാഥുറാം വിനായക് ഗോദ്സെ ഒരു ദേശഭക്തനായിരുന്നു, ഇപ്പോഴും അങ്ങനെയാണ്, ഭാവിയിലും അങ്ങനെയായിരിക്കും' - രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോദ്‌സെയെ കുറിച്ച് ഇങ്ങനെ പറഞ്ഞത് സാധ്വി പ്രജ്ഞസിങ് ഠാകൂറാണ്. അവർ ഇനിമുതൽ ഗാന്ധിജിയുടെ ചിത്രം തൂങ്ങുന്ന ഇന്ത്യൻ പാർലമെൻറിലെ അംഗമായിരിക്കും. നമ്മുടെ രാജ്യം കാവിഭീകരതയിലേക്ക് മാറുന്നത് ചിലർക്ക് ആശ്വാസകരമാണെങ്കിൽ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും അവസ്ഥ അതല്ല. കഴിഞ്ഞ അഞ്ചു വർഷം പശുവിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ, കൊലപാതകങ്ങൾ ഇതെല്ലാം വരുന്ന അഞ്ചു വർഷങ്ങളിൽ തുടരില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? നോട്ടുനിരോധനം, ജി.എസ്.ടി, പെട്രോളിയം വിലവർധന എന്നിങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ട് മാത്രം സൃഷ്ടിച്ചതായിരുന്നു മോദിയുടെ ഭരണം. ആ ഭരണത്തിനാണ് തുടർച്ചയുണ്ടാകുന്നത്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ മറക്കുകയും മറപ്പിക്കുകയും ചെയ്യുന്ന തരത്തിൽ തീവ്രദേശീയതയുടെയും ഹിന്ദു ധ്രുവീകരണത്തിന്റെയും ഓളം സൃഷ്ടിക്കുന്നതിൽ ബി.ജെ.പി വിജയിച്ചിരിക്കുന്നു.


ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തെ പുൽവാമയ്ക്കു മുമ്പും ശേഷവുമെന്ന് തരംതിരിക്കേണ്ടിവരും. എങ്കിൽ മാത്രമേ ദേശസുരക്ഷയെ ആളിക്കത്തിച്ചുകൊണ്ട് മോദി - ഷാ ദ്വയം എൻ.ഡി.എ -യുടെ രണ്ടാം വരവ് അരക്കിട്ടുറപ്പിച്ചതെങ്ങനെയെന്ന് മനസ്സിലാവുകയുള്ളൂ. ഇലക്ഷനോടടുപ്പിച്ചുണ്ടായ ഭീകരാക്രമണത്തെ ദേശീയ മാധ്യമങ്ങളടക്കം സംശയത്തോടെ വീക്ഷിച്ചത് എന്തുകൊണ്ടായിരുന്നെന്ന് മനസ്സിലാകുന്നുണ്ടെങ്കിൽ നല്ലത്. പക്ഷെ അതൊക്കെ ചോദ്യം ചെയ്താൽ രാജദ്രോഹിയാകുമെന്നതിനാൽ വായ മൂടി കെട്ടിയിരിക്കാം. ഗോദ്സെ രാഷ്ട്രപിതാവിനേക്കാൾ ശ്രേഷ്ഠനാണെന്ന് ജയ് വിളിക്കാം. ഇന്ത്യയുടെ ബഹുസ്വരതയെ ഏകസ്വരത്തിലേക്ക് വലിച്ചുകെട്ടാം. ഇത്തരം അജണ്ഡകളെ തൂത്തെറിയാൻ ജനാധിപത്യ ജാഗ്രത പുലർത്തേണ്ടതായുണ്ട്.

കഴിഞ്ഞ അഞ്ചു വർഷങ്ങളെ പോലെ വരുന്ന അഞ്ചു വർഷവും കോപ്പറേറ്റുകൾക്ക് നേട്ടമുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തെ കർഷകരുടെ സ്ഥിതിയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടായാൽ നന്ന് എന്നു മാത്രമേ പറയാനാവൂ.

No comments:

Post a Comment