Friday 28 February 2020

ഫോറന്‍സിക്; നിഗൂഢതയുടെ സങ്കീര്‍ണ്ണതകള്‍


ടൊവിനോ തോമസിനെ നായകനാക്കി അനസ് ഖാനും അഖില്‍ പോളും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്. തിരക്കഥയും സംവിധാനവും ഒരേ ആളുകള്‍ തന്നെയായതിനാല്‍ ചിത്രത്തിന്റെ ട്രീറ്റ്‌മെന്റും ഭംഗിയാക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചിരിക്കുന്നു.

അഞ്ചു വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പെട്ടെന്നൊരു ദിവസം നഗരത്തില്‍ നിന്നും കാണാതാവുകയാണ്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം കുട്ടിയുടെ ശരീരം മൈതാനത്തിനടുത്തുള്ള പൊന്തക്കാട്ടില്‍ നിന്നും കണ്ടെടുക്കുന്നു. തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണത്തിലൂടെ നഗരത്തില്‍ നടന്ന പ്രസ്തുത കൊലപാതകത്തിനും ഇതിനുമുമ്പ് നടന്ന കൊലപാതകത്തിനും തമ്മില്‍ ബന്ധമുണ്ടെന്നും തെളിയുന്നു. തുടര്‍ന്ന് നടക്കുന്ന ഓരോ കൊലപാതകവും മറഞ്ഞിരിക്കുന്ന സീരിയല്‍ കില്ലറിലേക്കുള്ള വിരല്‍ ചൂണ്ടുന്നു. പെണ്‍കുട്ടികളുടെ തിരോധാനവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത് ക്ലീഷേ സബ്ജക്ടല്ലേ എന്ന ചിന്തയുണരുമ്പോഴേക്കും ചിത്രത്തിന്റെ ഗതിമാറുന്നു. തുടര്‍ന്ന് ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ കൊണ്ട് പ്രേക്ഷകന്റെ ചിന്തകളെ ചോദ്യം ചെയ്ത് തുടങ്ങുന്നു.

ഭരണാധികാരികളെയും ജനങ്ങളെയും ഭീതിയിലാഴ്ത്തിയ കൊലപാതകങ്ങള്‍ക്കു പിന്നിലെ ഭൂതകാലത്തിലേക്കുകൂടി അന്വേഷണം വ്യാപിക്കുന്നതോടെ ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു ശീലിച്ച സൈക്കോ ത്രില്ലര്‍ സ്വഭാവത്തിലേക്കാണ് ഫോറന്‍സിക് പ്രേക്ഷകനെ കൊണ്ടു പോകുന്നത്.  "Psychopath crime dosen't have any motives crime itself is its motive" എന്ന വാചകത്തിലൂടെ തുടങ്ങി, നിഗൂഢതയുടെ സങ്കീര്‍ണ്ണതകളിലേക്കാണ് ചിത്രം പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്.


അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായ ഒരന്വേഷണത്തെ രണ്ടു മണിക്കൂര്‍ പതിനാല് മിനുട്ടുകൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകര്‍. തിരുവന്തപുരം നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഓഫീസറും അവരുടെ സംഘത്തില്‍ പെട്ട മറ്റുദ്യോഗസ്ഥരും അവരുടെ തന്നെ വ്യക്തി ജീവിതവും ഒക്കെയായി വ്യത്യസ്ത രീതിയില്‍ ബന്ധപ്പെട്ടു കിടക്കുയാണ് ഈ ചിത്രം. അതേ സമയം മലയാളത്തില്‍ അധികം  ഉണ്ടായിട്ടില്ലാത്ത ജുവനൈല്‍ സൈക്കോ കില്ലര്‍ ചിന്തകള്‍ ചിത്രത്തിന്റെ ചിലഭാഗങ്ങളില്‍ കാണാനാകും. വര്‍ത്തമാന ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ സ്വാധീനം വരുത്തിയ ബോധപൂര്‍വമായ ചിന്തയാകാനും വഴിയുണ്ട്.


പോലീസ് ഓഫീസറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസും, ഫോറന്‍സിക് ഉദ്യോഗസ്ഥനായി ടൊവിനോയുമെത്തുന്നു. പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നതിനോടൊപ്പം അതിസൂക്ഷ്മമായ നിരീക്ഷണബുദ്ധി എങ്ങനെയാണ് കുറ്റകൃത്യങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്നതെന്ന് ഒരു മനുഷ്യന്റെ സാധ്യതയെ മുന്‍നിര്‍ത്തി ചിത്രം പറഞ്ഞുപോകുന്നു. മറക്കാനാകാത്ത, കൊലയാൡുടെ കയ്യൊപ്പ് പതിയുമെന്ന ബോധത്തോടെ ശാസ്ത്രീയമായ തെളിവുകള്‍ക്കായി സഞ്ചരിക്കുന്ന സാമുവല്‍ ജോണ്‍ കാട്ടൂക്കാരനിലൂടെ ഒരു ഫോറന്‍സിക് വിദ്ഗധന്റെ നിരീക്ഷണ ബുദ്ധിയെ അടയാളപ്പെടുത്തുന്നതോടൊപ്പം വിരലടയാളം, ഡി.എന്‍.എ ടെസ്റ്റ് എന്നിവയുടെ അനന്തസാധ്യതകളെ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്‌. അതേ സമയം ഭീതിയുടെ നിഴലിലേക്ക് പ്രേക്ഷകനെ സ്വഭാവികമായി തള്ളിയിടാന്‍ സംവിധായകര്‍ക്ക് സാധിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ അനുഭവപ്പെടുന്ന അതിശയോക്തി, ക്ലൈമാക്‌സിലൂടെ മറികടക്കുന്നുണ്ട് ചിത്രം.

ശക്തമായ തിരക്കഥയോടൊപ്പം താരങ്ങളുടെ മികവുറ്റ അഭിനയം കൂടിയാകുമ്പോള്‍ ഫോറന്‍സിക് വേറിട്ട അനുഭവമാണ് പകരുന്നത്. ബാലതാരങ്ങളെ കാസ്റ്റ് ചെയ്ത് രീതി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ടൊവിനോയെ കൂടാതെ രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, സൈജുക്കുറുപ്പ്, റോണി ഡേവിഡ്, ധനേഷ് ആനന്ദ്, അന്‍വര്‍ ഷെരീഷ്, അനില്‍ മുരളി, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍, നീനാക്കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജെയ്ക്‌സ് ബിജോയ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോറന്‍സിക് നിര്‍മ്മിച്ചിരിക്കുന്നത്.

No comments:

Post a Comment