Sunday 30 April 2017

സ്വപ്നേപി -സ്ത്രീയുടെ വസ്ത്രധാരണരീതികളിൽ പുരുഷൻ പുലർത്തുന്ന ആസ്വാദന കാഴ്ച്ചയ്ക്കൊരു മറുപുറം

ജാൻസി ജോസിന്റെ സ്വപ്നേപി ഒരു വീട്ടമ്മയുടെ സ്വപ്നാവസ്ഥയുടെ വിവരണമാണ്.ആ സ്വപ്നമാകട്ടെ വായനക്കാരനെ കൊണ്ടെത്തിക്കുന്നത് സ്ത്രീ സ്വാതന്ത്യത്തിന്റെ മേച്ചിൻ പുറങ്ങളിലേക്കാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾക്ക് മാറ്റം വരുകയും വിദ്വേഷത്തിന്റെ ഭാഷയ്ക്ക് ലയം സംഭവിച്ച് അത് അവകാശത്തെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്യുന്നിടത്തേക്കാണ് സ്വപ്നേപി കടന്നുവരുന്നത്. അനിതാതമ്പിയുടെ മുറ്റമടിക്കുമ്പോൾ എന്ന കവിതയെപ്പോലെ ആഗ്രഹങ്ങളുടെ ഭാഷയല്ല ആജ്ഞയുടെ കനത്ത ഭാഷയെ അതിന്റെ പ്രഹരപരിസരത്തിൽ വേണ്ടുവിധം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ജാൻസി ജോസഫ്.
സ്ത്രീയുടെ വസ്ത്രധാരണരീതികളിൽ പുരുഷൻ പുലർത്തുന്ന ആസ്വാദന കാഴ്ച്ചയ്ക്കൊരു മറുപുറമൊരുക്കാൻ ഈ കഥയിലൂടെ ജാൻസി ജോസഫിന് കഴിഞ്ഞിട്ടുണ്ട്. ആ കാഴ്ച്ചയാകട്ടെ സ്ത്രീയുടെ വസ്ത്രധാരണ രീതിയിൽ പുരുഷനെ കുരുക്കിയിടുന്ന ഒന്നാണ്.സ്ത്രീയിൽ നിന്നും വിഭിന്നമായി പുരുഷൻ അനുഭവിക്കുന്ന സ്വാതന്ത്ര്യലോകത്തേക്ക് സ്വപ്നത്തിലൂടെയുള്ള സ്ത്രീയുടെ പരകായപ്രവേശമാണീ കഥ. എന്നാൽ സ്വപ്നത്തിൽ പോലും ചോരയൊലിപ്പിക്കുന്ന യാഥാർത്ഥ്യം കഥക്കവസാനം അവളെ തിരിഞ്ഞു കൊത്തുന്നുണ്ട്.ആ യാഥാർത്ഥ്യത്തിലേക്കുള്ള ഇറക്കം തന്നെയാണ് ഈ കഥയെ മനോഹരമാക്കുന്നതും.

Saturday 29 April 2017

മാലിനീവിധമായ ജീവിതം -പുരുഷ- കലാസ്വാദനകാഴ്ച്ചയുടെ ചളിക്കുളത്തിൽ നിന്നും മുലകളെ സ്വതന്ത്ര്യമാക്കുമ്പോൾ

കഥ വായിപ്പിക്കാനുള്ള രാസത്വരക സാന്നിധ്യം സുസ്മേഷ് ചന്ദ്രോത്തിന്റെ കഥകളുടെ പ്രത്യേകതയാണ്..അത്തരത്തിൽ ഒഴുക്കിൽ ഒതുക്കി ഒരുക്കിയെടുത്ത കഥ അതാണ് ഒറ്റവാക്കിൽ മാലിനീവിധമായ ജീവിതം. പതിനൊന്ന് മാലിനിമാർക്കിടയിലൂടെയുള്ള ഒരുവന്റെ വളർച്ചയാണീ കഥ. അതിൽ ഇനിയൊരിക്കലും തിരിച്ചുവരാത്ത ഗ്രാമീണ ജീവിതത്തിന്റെ ഊഷ്മളതയുണ്ട്. ചിലപ്പോഴൊക്കെ എന്റെ തലമുറയിലെ ചിലരെങ്കിലും അനുഭവിച്ച ഓർമ്മകളുടെ ശൃഹാതുരമായ വീണ്ടെടുപ്പുണ്ട്.കോളറക്കാലത്തെ പ്രണയത്തിൽ ഡോ.ആർബിനോ , വളർത്തു തത്തയെ പിടിക്കാൻ കയറുന്ന രംഗമുണ്ട്. അതുപോലൊരു രംഗം മാലിനീവിധമായ ജീവിതത്തിലുമുണ്ട്. ഉയരങ്ങളിൽ നിന്നും താഴേക്ക് നോക്കുന്നതും സമതല പ്രദേശത്തു നിന്ന് നോക്കുന്നതിനുമിടയിൽ രൂപപ്പെടാവുന്ന ഒരു കാഴ്ച്ച,അതീകഥയിലുണ്ട്.അതൊരു തരത്തിൽ പുരുഷ - കലാസ്വാദന കാഴ്ച്ചയുടെ ചളിക്കുളത്തിൽ പെൺമുലകളെ സ്വതന്ത്ര്യമാക്കുന്ന ഒന്നാണ്. ആണിനും പെണ്ണിനും ട്രാൻസിനുമൊക്കെ മുലകളുണ്ട്‌.എന്നാൽ പെൺ മുലകളെ ഒരു ലൈംഗിക വസ്തു (sexual Object) എന്ന നിലയിലാണ് കലയിലും സാഹിത്യത്തിലും  അടയാളപ്പെടുത്തിയിരിക്കുന്നത്.ഈ അടയാളപ്പെടുത്തലിനെ തകർത്തെറിഞ്ഞ് ഒരാണിന്റെ  കുട്ടിക്കാലം മുതലുള്ള അഭയസ്ഥാനമായി മുലകൾ മാറുന്നു.മഹാശ്വേതാദേവിയെപ്പോലെയുള്ളവർ  സഞ്ചരിച്ച പെൺമുലയുടെ ആഴങ്ങളിലേക്ക് സുസ്മേഷ് സഞ്ചരിക്കുന്നത് പെണ്ണെഴുത്തുകാരെ മറികടന്നുകൊണ്ടാണ്.

എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേക പതിനൊന്ന് മാലിനിമാരുടെയും ജീവിതത്തെ വരച്ചു വെക്കുമ്പോൾ ആസ്വാദനത്തിന്റെ രസച്ചരടു മുറിയാൻ ഇടവരാതെ  മുന്നോട്ടു നീങ്ങുന്നു എന്നതാണ്.അതിൽതന്നെ, ഭയം ഭക്തനാക്കുന്നവന്റെ ബോധം  കാതലില്ലാത്ത ഒന്നാണെന്ന് പറഞ്ഞുവെക്കാൻ കഥാകൃത്തിന് നിഷ്പ്രയാസം സാധിക്കുന്നുണ്ട്. ഞൂഞ്ഞിയടെ ഹൃദയം കവരാൻ ശ്രമിക്കുന്ന മുറപ്പെണ്ണായ മാലിനിയുടെ പ്രശ്നം അവളുടെ അതിജീവനത്തെ ആശ്രയിച്ചിരിക്കുന്നതാണെന്ന് കഥ പറയുന്നു.ഞൂഞ്ഞിയ്ക്ക് ഇഷ്ടമില്ലെങ്കിൽ ഞൂഞ്ഞിയുടെ(മായക്കുട്ടന്റെ ) ഭാര്യയായി താൻ വരില്ലെന്ന് പൊൻമാലിനി തീർത്തു പറയുന്നുണ്ടെങ്കിലും അവളിലെ ആശങ്കകൾ മായനിലേക്ക് അവളെ അടുപ്പിക്കുകയാണ്...... ഒരാണിന്റെ വളർച്ചാഘട്ടത്തിൽ അനുഭവപ്പെടുന്ന ആത്മസംഘർഷങ്ങളുടെ പച്ചയായ ആവിഷ്ക്കാരവും കുട്ടിക്കാല ഓർമ്മകളുടെ മാധുര്യവും നിറഞ്ഞതാണീ കഥ.

NB :- ലീജിഷ. A.T -യുടെ ചില നിരീക്ഷണങ്ങൾ കൈകൊണ്ടിട്ടുണ്ട്.

മത,പരിസ്ഥിതി,സ്ത്രീ-രാഷ്ട്രീയം - ഉമ്മ കയറാത്ത തീവണ്ടിയിൽ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അർഷാദ് ബത്തേരിയുടെ "ഉമ്മ കയറാത്ത തീവണ്ടി "സമീപകാലത്തെ ശ്രദ്ധേയമായ കഥകളിൽ ഒന്നാണ്.ഒട്ടേറെ തലങ്ങളിൽ വായിച്ചെടുക്കാനാവും ഈ കഥ. വയനാടൻ ഗ്രാമത്തിലെ വീടിനകത്ത് തളച്ചിടപ്പെട്ട ഉമ്മയും, അവരുടെ മകനായ അൻവുമാണ് ഈ കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. പണ്ട് ഉമ്മയ്ക്കു വന്ന കത്തിലൂടെ അറിഞ്ഞ ഉമ്മയുടെ കാമുകനെ അന്വേഷിച്ചുള്ള അൻവറിന്റെ യാത്രകളിലൂടെയാണ് ഉമ്മ കയറാത്ത തീവണ്ടി എന്ന കഥ അർഷാദ് ബത്തേരി ആരംഭിക്കുന്നത്.ഗ്രാമങ്ങൾ നഗരങ്ങളാകുന്ന അപകട യാത്രയെ, വയനാട്ടിലേക്ക് ഓടിയെത്താൻ പോകുന്ന തീവണ്ടിയിലൂടെ അർഷാദ് വരച്ചു വെക്കുന്നു.ജയിൽ മുറിയിലെന്നപോലെ വീടിനുള്ളിൽ കുരുങ്ങി പോകുന്ന ഉമ്മയുടെ സന്തോഷങ്ങളിലേക്കുള്ള യാത്രയുടെ വാഹനചിഹ്നവും തീവണ്ടിയാകുന്നത്, തീവണ്ടി ഒരേസമയം കരുത്തിന്റെയും വേഗതയുടെയും രൂപമായി മാറുന്നതിലൂടെയാണ്.ഉമ്മയുടെ കാമുകനെ കണ്ടെത്തി ഉമ്മയെയും കൊണ്ട് കാമുകനടുത്തേക്ക് തീവണ്ടിയിൽ പോകുന്ന മകനെ വെട്ടിച്ച് പാതിയിൽ ഇറങ്ങി പോകുന്ന ഉമ്മ അഴിച്ചു വെക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വീണ്ടെടുക്കുന്നു.

ഈ വീണ്ടെടുപ്പ് പ്രകൃതിയിലേക്കുള്ള പ്രണയാതുരമായ യാത്രാവുകയാണ്.ഉമ്മയെ വരക്കുമ്പോൾ അർഷാദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് , ട്രെയിൻ യാത്രക്കിടയിൽ അവർ വാങ്ങിയ കടല അടുത്തിരിക്കുന്നവർക്ക് കൊടുക്കുന്നതും അവരത് വാങ്ങാതിരിക്കുമ്പോൾ വിഷമിക്കുന്നതും വാങ്ങുമ്പോൾ സന്തോഷിക്കുന്നതുമെല്ലാം. നാഗരികതയുടെ മുഖപേച്ചുകൾ ഗ്രാമത്തിനില്ല.എന്നാൽ വികസനമെന്ന രാസായുധത്താൽ നാം ഗ്രാമങ്ങളെ കൊന്നൊടുക്കുന്നതിന്റെ തീവ്രമായ നോവ് എഴുത്തുകാരനിൽ കാണാം.തീവണ്ടിയിൽ ആവർത്തിച്ചാവർത്തിച്ച് നിർവ്വഹിക്കപ്പെടുന്ന ഹജിൽ ഊറ്റം കൊള്ളുന്ന പണച്ചാക്കുകൾക്കൊപ്പം മരുന്ന് വാങ്ങാൻ കാശില്ലാതെ വിങ്ങുന്ന കാൻസർ രോഗിയും സഞ്ചരിക്കുന്നു. ഈ സഞ്ചാരം അവനവനിലേക്കെത്തിക്കാൻ കഴിയുന്നു എന്നിടത്താണ് ഈ കഥയുടെ വിജയം. പ്രവാചകൻ ഒരിക്കൽ മാത്രം നിർവ്വഹിച്ച ഹജ്, ചിലർ ധാരാളം പണമുള്ളതിനാൽ ആവർത്തിക്കുന്നു- ഇതിലെ നീതികേടിനെ ചോദ്യം ചെയ്യുകയാണ് ഈ സന്ദർഭത്തിലൂടെ അർഷാദ്. ഉമ്മ എന്ന കഥാപാത്രത്തിലൂടെ സ്ത്രീയുടെ വിഹ്വലതയും സ്വാതന്ത്രേച്ഛയും നന്നായി വരച്ചുകാട്ടുന്നു ഈ കഥ , ഒപ്പം പരിസ്ഥിതിയും രാഷ്ട്രീയ പ്രലോഭനവും മത ജീർണതയുമെല്ലാം വിഷയീഭവിക്കുന്നു.....

അർഷാദിന്റെ പാരിസ്ഥിതിക രാഷ്ട്രീയം - കണ്ണുകൾക്കു മീതെ.....കാതുകൾക്കു കീഴെ

ഒരു മുത്തശ്ശിക്കഥപ്പോലെ രസാവഹമാണ് "കണ്ണുകൾക്കു മീതെ കാതുകൾക്ക് കീഴെ ".സന്മാർഗിക കഥ മാത്രമായി ചുരുങ്ങാവുന്ന ഒരു വിഷയത്തെ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്തതിലെ മിടുക്കാണ് " കണ്ണുകൾക്കു മീതെ കാതുകൾക്കു കീഴെ".സുകുമാരന്റെ മകനായ ഹരി, നാട്ടിലുള്ള നിധികളെല്ലൊം എവിടെയാണെന്നറിയുന്ന ഭാസ്ക്കരനെ പിൻതുടരുന്നിടത്തു നിന്നാണ് കഥ തുടരുന്നത്.അച്ഛൻ മരിച്ചുപോയ കുട്ടിയാണ് ഹരിയെന്ന ഓർമ്മയുണ്ടായാലേ ഹരിയുടെ ദേഷ്യപ്പെടലിന്റെ ഉത്തരം കിട്ടുകയുള്ളു.അതൊരിക്കലും കഥയിൽ പറഞ്ഞുവെക്കാൻ കഥാകൃത്ത് തയ്യാറാകാത്തിടത്താണ് കഥ വായനക്കാരന് കൂടുതൽ പ്രിയങ്കരമാകുന്നത്.ഭാസ്ക്കരനെ പിൻതുടർന്ന് നിധി കയ്യിലാക്കാൻ ശ്രമിക്കുന്ന ഹരി മറ്റൊരു തിരിച്ചറിവിലേക്ക് എടുത്തെറിയപ്പെടുന്നിടത്താണ് കഥ അവസാനിക്കുന്നത്.ആ തിരിച്ചറിവ് ഹരിയെ കൊണ്ടെത്തിക്കുന്നത് പ്രകൃതിയിലേക്കാണ്..
                  
മനുഷ്യൻ പ്രകൃതിയിൽ നിന്നകലുന്ന കാലത്ത് പ്രകൃതിയെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെയല്ലേ? വസ്ത്രങ്ങളിലെ അഴുക്ക് കഴുകികളയുന്നതിൽ അലക്കുകല്ലിനുള്ള പങ്കിനെപ്പോലെ ശരീരത്തിലെ കൊഴുപ്പിനെ (അഴുക്കിനെ) നീക്കം ചെയ്യുന്നതിൽ കാന്താരിമുളകിനുള്ള പ്രാധാന്യം ചർച്ചചെയ്യുന്നത്  ഒരെഴുത്തുകാരനിലെ നിരീക്ഷണപാഠവത്തിന് ഉദ്ദാഹരണമാണ്. ഇതൊരുതരത്തിൽ എഴുത്തുകാരന്റെ തന്നെ രാഷ്ട്രീയ നിലപാടുകളെ അലക്കി വെളുപ്പിക്കുന്നതിന്റെ  ചിത്രണമായും കണക്കാക്കാം.നിധിക്കാക്കുന്ന മനുഷ്യന്റെ കഥ പഴങ്കഥയാണ് എന്നാൽ ജലം കാക്കുന്ന ഭാസ്കരന്റെ കഥ  അങ്ങനെയല്ല. രണ്ടു കൊച്ചു മരങ്ങൾ മടങ്ങി വരുന്നതും നോക്കി കാത്തുനിൽക്കാൻ ഭാസ്ക്കരനൊപ്പം നാം വിധിക്കപ്പെടുന്നതും അതുകൊണ്ടാണ്.