മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി തമിഴ് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് കമല്‍ഹാസന്‍. ഇന്ത്യയിലെയും തമിഴ്‌നാട്ടിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കനത്ത വിമര്‍ശകന്‍ കൂടിയായ അദ്ദേഹം ലോകസഭാ ഇലക്ഷനില്‍ മത്സരിക്കുന്നില്ല. എന്നാല്‍ മക്കള്‍ നീതി മയ്യം തമിഴ് നാട്ടിലെ 39 സീറ്റുകളിലും മത്സരിക്കുന്നുമുണ്ട്. ബാറ്ററി- ടോര്‍ച്ചാണ് പാര്‍ട്ടിയുടെ ചിഹ്നം. തമിഴ് രാഷ്ട്രീയത്തില്‍ പുതിയൊരുപാത തെളിയിക്കാന്‍ കമല്‍ഹാസന് കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.
സ്‌ക്രീനില്‍ വലിയ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന കമല്‍ ഹാസനില്‍ നിന്ന് അത്തരമൊരു മാസ്മരികത ചെറിയ വിഭാഗം വേട്ടര്‍മാരും പ്രതീക്ഷിക്കുന്നുണ്ട്. സിനിമയുടെ വിവിധങ്ങളായ വഴികളിലൂടെ നടന്ന് വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത ഈ ബഹുമുഖപ്രതിഭ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്.
സ്‌ക്രീനിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് വെച്ച് നോക്കുമ്പോള്‍ ഇതുവരെയുള്ള രാഷ്ട്രീയ വഴി നിശ്ശബ്ദമായിരുന്നു. എന്നാല്‍ ആ നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് നിലവിലെ സാഹചര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാഷ്ട്രീയ പോരിന് അദ്ദേഹം തയ്യാറായി കഴിഞ്ഞു.
ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്ന കമല്‍ഹാസന്റെ രാഷ്ട്രീയം സംസ്ഥാനത്തിന്റെ നിരീശ്വരവാദത്തിലൂന്നിയ ദ്രാവിഡ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. അത് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ യുവ തലമുറയ്ക്ക് കഴിയും എന്ന കാര്യത്തില്‍ സംശയമാണ്. എന്നാല്‍, 2019 തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്നും എഐഎഡിഎംകെയില്‍ നിന്നും അദ്ദേഹം അകലം പാലിച്ചിട്ടുണ്ട്. അതേ സമയം ഇടതുപക്ഷത്തിന് കൈകൊടുക്കുന്നുമുണ്ട്. രണ്ടുതവണ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും, പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്റെ പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ താല്പര്യമുണ്ടെങ്കില്‍ സന്തോഷമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡിഎംകെയെ പോലെ വിശ്വസനീയമായൊരു സഖ്യം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പണമെറിഞ്ഞ് വോട്ടുനേടുന്ന തമിഴ് രാഷ്ട്രീയത്തില്‍ മക്കള്‍ നീതി മയ്യം അത്രവലിയ പാര്‍ട്ടിയല്ല. കൈയില്‍ ചെളി പുരുളാന്‍ ആഗ്രഹിക്കാത്ത മധ്യവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. 'ദാരിദ്ര്യം മാറ്റാന്‍ ഫ്രീയായി സ്‌കൂട്ടറും വാഷിങ് മെഷിനും അയ്യായിരം രൂപ ചിലവിനും കൊടുക്കലല്ല വഴി. ദാരിദ്ര്യം നിരന്തരമായി ഇല്ലാതാക്കാനുള്ള വഴി കാണണം' എന്ന് കമല്‍ഹാസന്‍ പറയുന്നു. ഇത്തരം വ്യത്യസ്ത ചിന്തകളിലൂടെ തന്നെയായിരിക്കും തമിഴ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ടോര്‍ച്ചടിക്കുക. എന്നാല്‍ തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയാവുക എന്നത് ഏറെ സങ്കീര്‍ണ്ണവും, വെല്ലുവിളി നിറഞ്ഞതുമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
No comments:
Post a Comment