Friday 19 April 2019

ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് സായ് പല്ലവി



സിനിമയിലാണെങ്കിലും  ജീവിതത്തിലാണെങ്കിലും മേക്കപ്പിനോട് താല്പര്യമില്ലാത്ത നടിയാണ് സായ്പല്ലവി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ അപൂര്‍വ്വമായെ താരം മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു. ഇപ്പോഴിതാ രണ്ടുകോടി രൂപ പ്രതിഫലം ലഭിക്കുന്ന പരസ്യത്തില്‍ നിന്നും താരം പിന്മാറിയിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്റെ പരസ്യമാണ് താരം വേണ്ടെന്ന് വെച്ചത്. സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ് പുതിയ തീരുമാനമെങ്കിലും ഇത്തരം നിലപാടുകള്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കേണ്ടതാണ്.


കറുപ്പും വെളുപ്പും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലം കുറെയായി. വെളുപ്പ് എന്നത്തെയുംപോലെ വരേണ്യതയുടെ ചിഹ്നമായി ഇന്നും നിലനില്‍ക്കുന്നു. ഈ വര്‍ണ്ണവെറി ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ലോകത്ത് നടന്നിട്ടുണ്ട്. പക്ഷെ കറുപ്പിനോടുള്ള വിരോധം ലേകത്തുനിന്ന് പൂര്‍ണ്ണമായും മാറ്റിയെടുക്കാനോ ഇല്ലാതാക്കാനോ കഴിഞ്ഞിട്ടില്ല.

കറുപ്പിന് ഏഴഴകാണെന്ന് പറയുമെങ്കിലും വൈരൂപ്യത്തിന്റെ പര്യാമായാണ് പലരും കറുപ്പിനെ കാണുന്നത്. അതുകൊണ്ടാണ് ഇത്രയധികം ഫെയര്‍നെസ്സ് ക്രീമുകള്‍ വിപണിയില്‍ ലഭ്യമാകുന്നത്.
വര്‍ഷം 18% വളര്‍ച്ചയാണ് ഫെയര്‍നെസ്സ് ക്രീമുകളുടെ വിപണിയില്‍ ഉണ്ടാകുന്നത്. ഇത് വിപണിയുടെ വളര്‍ച്ചയായല്ല കാണേണ്ടത്. നിറമില്ലാത്തതിന്റെ പേരില്‍ മാനസ്സിക സമ്മര്‍ദ്ദമനുഭവിക്കുന്നവരുടെ നിരക്കില്‍ വലിയ വളര്‍ച്ചയുണ്ടാകുന്നു എന്ന സത്യമാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്.
പ്രതീക്ഷ വിറ്റുകൊണ്ട് വിപണി കയ്യടക്കിയിരിക്കുകയാണ് ഫെയര്‍നെസ്സ് ക്രീമുകള്‍. അവരുടെ വിപണന താല്പര്യങ്ങള്‍ക്ക് തലവെച്ചുകൊടുക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കാനും താന്‍ തയ്യാറല്ല എന്നുതന്നെയാണ് സായ് പല്ലവി പറയുന്നത്. മറ്റുപല താരങ്ങള്‍ക്കുമില്ലാത്തതാണ് (കങ്കണയും ലക്ഷ്മി ഗോപാലസ്വാമിയും ഫെയര്‍നെസ്സ് ക്രീമുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുകയില്ലെന്ന അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്) ഇത്തരം നിലപാടുകള്‍.

സിനിമയില്‍ സാധാരണ കറുത്ത ഉടലുകളുടെ കഥ പറയാന്‍ വെളുത്ത ശരീരങ്ങളില്‍ ചായം പൂശിയാണ് അവതരിപ്പിക്കാറ്. ഇത്തരത്തില്‍ വെളുത്ത ഉടലുകള്‍ തന്നെ കറുപ്പിനെ അടയാളപ്പെടുത്തുന്നതോടെ മുഖ്യധാരയില്‍ നിന്നും കറുത്ത ഉടലുകള്‍ കൃത്യമായി പിന്‍വാങ്ങും. ചെറിയ വേഷങ്ങളില്‍ ഒതുക്കപ്പെടുകയും ചെയ്യും. ഇതിനെതിരെ ശബ്ദമുയര്‍ത്താനും, സ്വന്തം കറുപ്പില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് പറയാനും ആര്‍ജ്ജവം കാണിച്ച ഏകനടി നന്ദിത ദാസാണ്‌. 'ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍' എന്ന പേരില്‍ കറുപ്പിനെ പ്രകീര്‍ത്തിച്ച് അവരൊരു പ്രചാരണ പരിപാടി തന്നെ നടത്തി.

വെളുപ്പിനെ പ്രകീര്‍ത്തിച്ച് പുണ്യവല്‍ക്കരിക്കുന്ന പ്രവണതകളെ എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അത്‌ ശരീരത്തില്‍ കറുത്ത നിറം വാരി തേച്ച് നടത്തുന്ന പ്രഹസനങ്ങളിലൂടെയാവരുത്. കറുത്ത ചായം പൂശിയതുകൊണ്ട് കറുത്തവര്‍ അനുഭവിക്കുന്ന സാമൂഹിക വെല്ലുവിളികളില്‍ കൂടി കടന്നുപോകുമെന്ന് കരുതുന്നുവെങ്കില്‍ വിവരക്കേടാണ്, അതൊരുതരത്തില്‍ ക്രൂരതകൂടിയാണ്‌. വെളുത്ത ശരീരത്തില്‍ കറുപ്പ് തേച്ച് സിനിമയില്‍ കാണിക്കുന്ന പ്രച്ഛന്നവേഷങ്ങളില്‍ നിന്നും ഇവയ്ക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. കറുത്ത ശരീരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന ഇത്തരം പ്രഹസനങ്ങള്‍ക്ക് വലിയ കഴമ്പില്ല എന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കുക.

തൊലിയുടെ  നിറത്തിന്റെ പേരിലല്ല, മറിച്ച് കഴിവിന്റെ പേരിലാണ് ഓരോ വ്യക്തിയും അംഗീകരിക്കപ്പെടേണ്ടത്.


No comments:

Post a Comment