Monday, 29 April 2019

ദേശഭക്തർ ആർക്ക് വോട്ട് ചെയ്യും?



ദേശഭക്തർ ആർക്ക് വോട്ട് ചെയ്യും? ചൗക്കിദാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദിക്കാണോ അതോ ബി.എസ്.എഫിൽ കോൺസ്റ്റബിൾ ആയിരുന്ന തേജ് ബഹാദൂർ യാദവിനോ? ജമ്മു കശ്മീരില്‍ ബി.എസ്.എഫിൽ കോൺസ്റ്റബൾ ആയിരിക്കെ 2017-ൽ സുഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യാദവ് നമുക്ക് സുപരിചിതനാകുന്നത്‌.

സൈനികർക്ക് ഭക്ഷണത്തിനായി അനുവദിക്കുന്ന തുകയിൽ വലിയ
ശതമാനം ആരൊക്കെയോ കൈയ്യടക്കി വെച്ചിരിക്കുകയാണ്.  അതുകൊണ്ട്‌
സൈനികര്‍ക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ല. വസ്ത്രത്തിനു വേണ്ടി അനുവദിക്കുന്ന തുകയുടെ 30% മാത്രമാണ് ചിലവഴിക്കുന്നത്. ഈ ദുരവസ്ഥ പലവട്ടം പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കുന്നില്ല എന്ന് സോഷ്യൽ മീഡിയ വഴി രാജ്യത്തോട് തുറന്നു പറയുകയായിരുന്നു തേജ് ബഹാദൂര്‍ യാദവ്‌. ഇത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

മോദിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് യാദവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നിര്‍ണായക മത്സരം നടക്കുന്ന മണ്ഡലത്തില്‍ സൈനികനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ എസ്പി തീരുമാനിക്കുകയായിരുന്നു.

അഴിമതി ചൂണ്ടികാട്ടിയതിന്റെ പേരിലാണ് തന്നെ പിരിച്ചുവിട്ടത്. അതുകൊണ്ടുതന്നെ സൈന്യത്തിനകത്തെ അഴിമതി തുടച്ചു നീക്കാനുള്ള കാര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നതായിരിക്കും തന്റെ ലക്ഷ്യമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി യാദവ് പറഞ്ഞു.

ധീരജവാന്മാരുടെ പേരില്‍ മോദി വോട്ട് ചോദിക്കുന്ന പശ്ചാത്തലത്തില്‍ യാദവിന്റെ സ്ഥാനാര്‍ഥിത്വത്തിന് പ്രസക്തിയേറുന്നു. ഇപ്പോള്‍ പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ്. ഈ തിരഞ്ഞെടുപ്പില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിയോഗിയായി കാണുന്ന നരേന്ദ്രമോദിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി തേജ് ബഹാദൂര്‍ യാദവ് മാറുമോ? സ്വന്തം സ്ഥാനാര്‍ഥി അജയ് റായിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് തേജ് ബഹാദൂര്‍ യാദവിനെ പിന്തുണ പ്രഖ്യാപിച്ചാലേ ഇത് സാധ്യമാവൂ. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച തേജ് ബഹാദൂര്‍ യാദവിന് വേണ്ടി സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയായിരുന്നു സമാജ് വാദ് പാര്‍ട്ടി.

മോദിക്കെതിരെ ഒന്നിച്ചു നിൽക്കാത്ത വാരണാസിയിലെ സാഹചര്യം പ്രതിപക്ഷ പാർട്ടികളുടെ ഐക്യമില്ലായ്മക്കും സാർഥ താല്പര്യങ്ങൾക്കും തെളിവായി ഉയർത്തിക്കാണിക്കപ്പെടും. പ്രിയങ്ക ഗാന്ധി വാരണാസിയില്ലെന്നു വന്നതോടെ, മോദിക്കെതിരെ ശക്തമായ പോരാട്ടം നടക്കണമെങ്കിൽ സംയുക്ത പ്രതിപക്ഷ നേതാവായി തേജ് ബഹാദൂർ യാദവ് മാറേണ്ടതുണ്ട്‌.

തന്നെ വിമര്‍ശിക്കുന്നത് സൈന്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്ന് പ്രസ്താവനയിറക്കാന്‍ മടിയില്ലാത്ത ഒരു ഭരണാധികാരിക്കെതിരെ മത്സരിക്കുകയാണ് തേജ് ബഹാദൂര്‍ യാദവ്. സൈന്യത്തിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച പേരില്‍ പുറത്താക്കപ്പെട്ട സൈനികനാണ് ഇപ്പോള്‍ ജനവിധി തേടുന്നത്. ദേശഭക്തര്‍ ആര്‍ക്കാണ് ഈ അവസരത്തില്‍ വോട്ടുചെയ്യുക? രാജ്യത്തിന്റെ ചൗക്കിദാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദിക്കോ അതോ സൈന്യത്തിനകത്തെ അഴിമതി തുറന്നുകാട്ടിയ തേജ് ബഹാദൂര്‍ യാദവിനോ?

No comments:

Post a Comment