Thursday 6 February 2020

വിധേയരാക്കുമ്പോള്‍ പാവകളാകുന്ന ജനത



രാജ്യങ്ങള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന വിധേയരായ ജനതയാണ് തീവ്ര ദേശീയവാദികള്‍. കൃതമായ അജണ്ഡകള്‍ നടപ്പാക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കയ്യിലെ വെറും പാവകളായി മാറാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണവര്‍. സ്വയം വിസ്മരിക്കുകയും മറ്റാരോ ആയിമാറുകയും ചെയ്യുന്ന, അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിയാത്ത ഒരു ജനയാണ് അവര്‍. ഏറ്റവും നിസ്സഹായരാണവര്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതിശയം തോന്നിയേക്കാം. സത്യം ചിലപ്പോഴൊക്കെ വലിയ കളവാണെന്ന തോന്നലുണ്ടാക്കുന്നതാണ്. ദുര്‍ബലരായതു കൊണ്ടാണ് അവരുടെ ചിന്തകളില്‍ അടിമത്തത്തിന്റെ വിത്തുകള്‍ പാകാന്‍ എളുപ്പം കഴിയുന്നത്. അതിര്‍ത്തികളില്ലാതാകുന്നതിനെക്കുറുച്ച് അവര്‍ക്ക് ചിന്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്‌നം പങ്കുവെയ്ക്കുന്ന, മാറ്റിവയ്ക്കപ്പെടുന്ന ഭൂപടത്തില്‍ ഇടം നഷ്ടമാകുന്നവരുടെ ആകുലതകള്‍ പങ്കുവെക്കുന്ന ഒരു രാഷ്ട്രീയ വായന സാധ്യമാകുന്ന കഥയാണ് ഇ. സന്തോഷ്‌കുമാറിന്റെ "പാവകളുടെ വീട്".

'ഇന്‌നിപ്പോള്‍ നിലവിലില്ലാത്ത സ്ഥാപനത്തെ'ക്കുറുച്ചുള്ള അന്വേഷണത്തോടെയാണ് കഥ ആരംഭിക്കുന്നത്. കാളിചരണ്‍ മുഖര്‍ജിയുടെ ജീവിതത്തിന്റെ ചലനാത്മകതയും 'ഇന്‌നിപ്പോള്‍ നിലവിലില്ലാത്ത സ്ഥാപനവുമായി' ബന്ധപ്പെട്ട് നിലച്ചുപോയതായി കാണാം. സൊറാബ് ജിയുടെ നിര്‍ദേശപ്രകാരം 'ഇന്‌നിപ്പോള്‍ നിലവിലില്ലാത്ത സ്ഥാപനത്തെ'ക്കുറിച്ചറിയാന്‍ മുഖര്‍ജിയെ അഭിമുഖം ചെയ്യാനെത്തുന്നിടത്തു നിന്നാണ് കഥയാരംഭിക്കുന്നത്. സ്ഥാപനത്തെക്കുറിച്ചുള്ള സംസാരത്തിലൂടെ മുഖര്‍ജി സ്വന്തം കഥ പറയുകയും അയാളുടെ ദേശസഞ്ചാരങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്യുന്നു. ഓരോ ദേശങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും മുഖര്‍ജി ശേഖരിച്ച അമ്പത്തിയഞ്ച് ആണ്‍പാവകളും അത്രതന്നെ പെണ്‍പാവകളും അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. എന്നാല്‍ കാനഡയില്‍ നിന്നും വന്ന മുഖര്‍ജിയുടെ പേരക്കുട്ടികള്‍ പാവകളോടൊപ്പം വെച്ച രാജ്യങ്ങളുടെ പേരുകള്‍ പരസ്പരം മാറ്റി. അതോടെ അസ്തിത്വം നഷ്ടമായവരാകുകയാണ് പാവകള്‍ക്ക്. പാവകള്‍ അസ്തിത്വമില്ലാത്ത ജനതയുടെ പ്രതീകമെന്നതിനേക്കാള്‍ അതിര്‍ത്തികളില്ലാത്തവരുടെ പ്രതിനിധികളായി മാറുന്നു. രാജ്യങ്ങളെക്കുറിച്ചൊക്കെ കുട്ടികള്‍ മനസ്സിലാക്കുന്നേയുള്ളൂ എങ്കില്‍ അതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ സ്വതന്ത്ര സഞ്ചാരികളായി പാവകള്‍ മാറുന്നു. ഒരിടത്തിരുത്തിയാല്‍ ഇരിക്കാത്ത കുട്ടികളെപ്പോലെയാകുന്ന പാവകള്‍. അവയുടെ സംസാരങ്ങള്‍ നിറഞ്ഞ വീട്. പതിനെട്ടാം വയസ്സില്‍ ലാഹോറില്‍ നിന്ന് ഇന്ത്യയിലെത്തിയ മുഖര്‍ജി ലോഹോറിലെ ആ പഴയ വീട്ടില്‍ കഴിയുന്നത് അവിടം തന്റേത് കൂടിയാണ് എന്ന ബോധത്തോടെയാണ്. എന്നാല്‍ കൊല്‍ക്കത്തയിലെ മുഖര്‍ജിയുടെ വീട്ടില്‍ അവയ്ക്ക് നിശ്ചയിച്ചു നല്‍കിയ അതിരുകളെ മായ്ച്ചുകളഞ്ഞുകൊണ്ട് രാജ്യങ്ങളെക്കുറുച്ചറിയാത്ത കുട്ടികളെപ്പോലെയാകുന്ന പാവകള്‍. പുറത്ത് പാവകളെപ്പോലെ ഒരിടത്തൊതുങ്ങുന്ന മനുഷ്യര്‍. അതിര്‍ത്തികളില്ലാത്ത പാവകളെപ്പോലെയാകാന്‍ സാധിക്കാത്ത ഒരു ജനതയുടെ ഇടയിലിരുന്ന് വായിക്കുമ്പോള്‍ പാവകളുടെ വീട് എന്ന കഥയുടെ മുഴക്കം ഭയപ്പെടുത്തുകതന്നെ ചെയ്യും.

No comments:

Post a Comment