Friday 21 February 2020

ട്രാന്‍സ്; മത രോഗബാധിതര്‍ക്കുള്ള രോഗശുശ്രൂഷ



ജീവിത വിജയത്തിലേക്ക് യന്ത്രഗോവണികളില്ല, നടന്ന് കയറേണ്ടതാണ് എന്ന് എഴുതി വച്ചിരിക്കുന്ന പടികള്‍ കയറി എത്തുന്ന വീട്ടില്‍ നിന്നും തകര്‍ന്ന ഹൃദയവുമായി വിജു പ്രസാദ് (ഫഹദ് ഫാസില്‍) നടത്തുന്ന അതിജീവനത്തിനുള്ള യാത്രയാണിത്. ആ യാത്രയില്‍ അയാളെത്തപ്പെടുന്ന ഒരിടത്തെ ജീവിതമാണ് ട്രാന്‍സ് എന്ന ചിത്രത്തിനാധാരം.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന വിജുവും അനിയനും കാണുന്നത് ഫാനില്‍ നിന്ന് കെട്ടിയിറക്കുന്ന അമ്മയുടെ മൃതദേഹമാണ്. ആ നിമിഷത്തെ ആ കുഞ്ഞുങ്ങള്‍ അതിജീവിക്കുന്നത് എങ്ങനെയായിരിക്കും? അവരുടെ കണ്ണുകളില്‍ അപ്പോള്‍ നിസ്സഹായതയാണോ നിരാശയാണോ ഉണ്ടായിരിക്കുക? പറയുക വയ്യ. ജീവിതം അമ്പരിപ്പിക്കുമ്പോഴും മുറിവേല്‍പ്പിക്കുമ്പോഴും അതിനോട് യുദ്ധം ചെയ്യുന്ന ഒരാളാണ് വിജു പ്രസാദ്. കടല്‍ത്തീരത്ത് ശംഖുമാല വിറ്റു നടന്ന വിജു പതിയെ മോട്ടിവേഷന്‍ ട്രെയ്‌നറായി മാറുന്നുണ്ടെങ്കിലും അവിടെയും വിജയം രുചിക്കാനാകുന്നില്ല അയാള്‍ക്ക്. മറ്റൊരു ഫാനില്‍ അനിയന്‍ കൂടി ജീവിതത്തെ തൂക്കിയിടുന്നതോടെ വേദനയോടെ കാലമിത്രയും കഴിഞ്ഞ വീടിന്റെ പടികള്‍ അയാളിറങ്ങുന്നു.



സ്വയം രോഗബാധിതനായിരിക്കുമ്പോഴും രോഗശുശ്രൂഷകനായി മാറേണ്ടിവരുകയാണ് വിജുവിന്. ആ മാറ്റം ദൈവം തന്നിലൂടെ പ്രവര്‍ത്തിക്കുന്നു എന്ന വിഭ്രാന്തിപ്പോലും അയാളിലുണര്‍ത്തുന്നു. അത്തരം ചിന്തയുള്ള നിരവധി അള്‍ദൈവങ്ങളെ മനസ്സില്‍ കൊണ്ടു നടക്കുന്നവരെ ചിത്രം മുറിപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇവിടെ പാസ്റ്റര്‍മാരുടെ ജീവിതത്തെയാണ് വരച്ചിട്ടിരിക്കുന്നത് എന്നതുകൊണ്ട് അത് മറ്റ് പലരെയും, അവരുടെ അന്ധമായ വിശ്വാസങ്ങളെയും ചോദ്യം ചെയ്യാതിരിക്കലായി മാറുന്നില്ല.

ചതിക്കപ്പെട്, ഒറ്റയായ യുവതിയായി നസ്രിയ കടന്നുവരുന്നു. ശരീരത്തെ വിപണിയിലേക്ക് വെച്ച് എപ്രകാരമാണ് അവള്‍ ജീവിക്കുന്നത് അതില്‍ നിന്ന് വിഭിന്നമല്ല തന്റെ ജീവിതമെന്ന തോന്നല്‍ വിജുവെന്ന പാസ്റ്റര്‍ ജെ.സി-യ്ക്കുണ്ടാകുന്നു. അത്മീമീയാനന്ദം വാഗ്ദാനം നല്‍ക്കുന്ന ജെ.സിയെ വിശ്വസിക്കുന്ന ഒരുവനായിട്ടാണ് വിനായകന്‍ അഭിനയിച്ച കഥാപാത്രം ചിത്രത്തിലുള്ളത്. വളരെ കുറച്ചുഭാഗത്തേയുള്ളുവെങ്കിലും ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയാണ് വിനായകനെന്ന നടന്‍. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. കറുപ്പ് രുചിക്കുന്നവര്‍ക്ക് അതിജീവനം സാധ്യമാണോ എന്നാണ് ട്രാന്‍സ് അന്വേഷിക്കുന്നത്. മത ലഹരി സ്വീകരിക്കുന്നവര്‍, മത ലഹരി പകര്‍ന്നുകൊടുക്കുന്നവര്‍, മത ലഹരി വിറ്റഴിക്കുന്നവര്‍ എന്നിങ്ങനെ മതത്തിന്റെ ബിസിനസ്സിനകത്തും പുറത്തും നില്‍ക്കുന്നവരുടെ ജീവിതമാണ് ട്രാന്‍സിലൂടെ കാണാനാവുക.



ഫഹദിന്റെ പകര്‍ന്നാട്ടം ഗംഭീരമാണ്. ഒരാ ചിത്രം കഴിയുമ്പോഴും അയാള്‍ വിസ്മയിപ്പിക്കുകയാണ്. ഛായാഗ്രഹണം, ബാക് ഗ്രൗണ്ട് മ്യൂസിക്, മറ്റ് അഭിനേതാക്കള്‍ എന്നിവരെല്ലാം ചിത്രത്തെ ഒരു കാതം മുന്നോട്ട് കൊണ്ടുപോകുന്നു എന്നതില്‍ സംശയമില്ല.

ട്രാന്‍സ് കാണാന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കാരണം അപ്രിയ സത്യങ്ങള്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ടാകാം. ഒന്ന് തീര്‍ച്ചയാണ് ഇത് അന്‍വര്‍ റഷീദിന്റെ മികച്ച ചിത്രമാണ്.

No comments:

Post a Comment