Monday 3 February 2020

തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് കണക്കേ പ്രേക്ഷകരിലേക്ക് പടരുന്ന ചിരി



സ്റ്റോണര്‍ കോമഡി വിഭാഗത്തില്‍ മലയാളത്തില്‍ കഥ പറയുന്ന വളരെ കുറച്ച് സിനിമകളില്‍ ഒന്നാണ് ജെനീത് കാച്ചപ്പള്ളി സംവിധാനം ചെയ്യുന്ന "മറിയം വന്ന് വിളക്കൂതി". സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച കൂട്ടുകാര്‍ കോര്‍പ്പറേറ്റ് കമ്പനിയില്‍ ഒന്നിച്ചെത്തുന്നതും ഒരു പിറന്നാള്‍ ആഘോഷത്തിനായി കൂട്ടുക്കാര്‍ ഒത്തുചേരുന്നതും പിന്നീട് ആ രാത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ. കേള്‍ക്കുമ്പോള്‍ ഇത്രയേയുള്ളൂ എന്ന് തോന്നിപ്പോവുന്ന പ്ലോട്ടിനെ നല്ല വൃത്തിയായി അവതരിപ്പിച്ചിരിക്കുകയാണ് ജെനീത് കാച്ചപ്പള്ളി. തുടക്കം മുതല്‍ക്ക് തന്നെ സിനിമയുടെ ഫ്രഷ്‌നെസ് നിലനിര്‍ത്താന്‍ സംവിധായകന് സാധിക്കുന്നുണ്ട്.

ടൈറ്റില്‍ കാര്‍ഡിലേ ജെനീത് ചിരിയ്ക്ക് തിരികൊളുത്തുന്നുണ്ട്. ആ ചിരിയണയാതെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് കണക്കേ പ്രേക്ഷകര്‍ക്കിടയിലേക്ക് പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു. സിനിമയുടെ പകുതിയിലധികം ഭാഗവും മുറിക്കുള്ളില്‍ ഒതുങ്ങുമ്പോഴും, ഒട്ടും വിരസമാകാതെ കാണിക്കളെ ചിരിച്ചരടില്‍ കോര്‍ത്ത് കൊണ്ടുപോകാന്‍ ജെനീതിന് സാധിക്കുന്നുമുണ്ട്.

പ്രേമത്തില്‍ നിവിനൊപ്പം ഒന്നിച്ച മിക്കവരും (ഷറഫുദ്ദീനില്ല) സിനിമയിലുണ്ട്. റോണി, അഡ്ഡു, ഉമ്മന്‍, ബാലു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് ഈ സുഹൃത്തുക്കള്‍. ഇതില്‍ റോണിയാണ് ഭീകരന്‍. അവന്‍ എത്തുന്നതോടെ കുഴപ്പങ്ങള്‍ താനെ ഉണ്ടാകുന്നു. ട്രാന്‍സ്ഫര്‍ കിട്ടി മറ്റ് കൂട്ടുക്കാര്‍ക്കൊപ്പം ചേരുന്ന റോണി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പിറന്നാളിന് മന്ദാകിനിയുമായി എത്തുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുകയായി. ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെ വ്യത്യസ്തമായ അവതരപ്പിക്കുകയാണ് ജെനീത്. ലഹരിയുടെ പാര്‍ശ്വഫലങ്ങളെ വളരെ രസകരമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിക്കുന്നുണ്ട്.

സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം, എം. എ ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ശിവ, ബേസില്‍ ജോസഫ്, ബൈജു, സേതുലക്ഷി എന്നിവരും അവരവരുടെ ഭാഗങ്ങള്‍ ഗംഭീരമാക്കി. സിനോജ് പി. അയ്യപ്പന്റെ ഛായാഗ്രഹണവും, വസീം, മുരളി എന്നിവരുടെ സംഗീതവും, അപ്പു ഭട്ടതിരിയുടെ എഡിറ്റിങും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.

No comments:

Post a Comment