Wednesday 31 May 2017

അവനവനിലെ അപരത്വം

അവനവന്റെ  ശത്രു അവനവൻ തന്നെയാണ്.സ്വയം മറികടക്കാൻ ആവാത്തതാണ് അവനവനിലെ പരിമിതി.ഓരോ വ്യക്തിയും അവനവനെ മറികടക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അവനവനെ മറികടക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. സാഹിത്യവത്ക്കരിച്ച് പറഞ്ഞാൽ ഇത് ഭ്രാന്തമായൊരു അവസ്ഥയാണ്.ജീവിതത്തിനും മരണത്തിനുമിടയിലെ സഞ്ചാരം. ഒരു നിമിഷത്തെ അശ്രദ്ധയാൽ സ്വജീവിതം നഷ്ടമായെന്നും വരാം.അത്തരമൊരു അവസ്ഥ കത്തി എന്ന കഥയിൽ ഒരുക്കി വെച്ചിരിക്കുകയാണ്  ബി.മുരളി.



Now I understand
How you suffered for Samily
How you tried to set them free.
               -song by Don Maclean
           (Vincent-starry Starry nights)

കത്തിയെന്ന കഥ ആരംഭിക്കുന്നത് ഈ ആമുഖവാക്യത്തോടെയാണ്.
           ജീവിക്കാൻ വേണ്ടി ചെറുതും വലുതുമായ എല്ലാത്തരം ജോലികളും ചെയ്തും,എല്ലായിടത്തും അൺഫിറ്റായി ഒടുവിൽ ഒരു സെയിൽസ് ഏജന്റിന്റെ വേഷംകെട്ടി നഗരത്തിലെത്തുന്ന ഗോപാലകൃഷ്ണനിലൂടെയാണ് കത്തി എന്ന കഥ ആരംഭിക്കുന്നത്.തന്റെ നിവൃത്തികേടുകൊണ്ട് ഓഫീസിലെ തന്നെ ജീവനക്കാരനായ ജോസഫിന്റെ മുറി പങ്കിടേണ്ടി വരുകയാണ് ഗോപാലകൃഷ്ണന്.അയാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തലപൊക്കുന്നതും ആ ഒരു നിമിഷത്തിലാണ്.ഗോപാലകൃഷ്ണനെ സംബന്ധിച്ച് റൂമെന്നൊൽ വീണ് തളർന്നുറങ്ങാനുള്ള ഒരിടമാണ്.തന്റെ ശത്രുവിനെ കൊല്ലാൻ കത്തിയുമായി റൂമിലൂടെ നടക്കുന്ന ജോസഫ് ഒരു ഭീതിത ചിത്രമായി ഗോപാലകൃഷ്ണനിൽ നിറയുന്നു.ജോസഫ് തന്നെ ഉപദ്രവിക്കുമോ എന്ന ചിന്തയാണ് അയാളിൽ.അതോടെ ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ വരുന്ന ഒരു വ്യക്തിയായി ഗോപാലകൃഷ്ണൻ മാറുന്നു. ഗോപാലകൃഷ്ണനെ കുറിച്ച് ജോസഫ് ചോദിച്ചറിഞ്ഞിരുന്നെങ്കിലും ജോസഫിനെക്കുറിച്ച് യാതൊന്നും അറിയാത്ത ഒരു വ്യക്തിയാണ് ഗോപാലകൃഷ്ണൻ.ജോസഫിനെ കാണാതാകുന്ന ഒരു ദിവസം ഇത്തരം ചിന്തകളിൽ കുഴങ്ങി പോകുന്നുണ്ട് അയാൾ.പിറ്റേന്ന് ഓഫീസിൽ വെച്ച് ജോസഫിനെ കാണുമ്പോഴും ആശ്ചര്യം മാറുന്നില്ല ഗോപാലകൃഷ്ണനിൽ.അവസാനം ഭയത്താൽ ചെവി നഷ്ടമായ ഗോപാലകൃഷ്ണനെയാണ് കഥാന്ത്യത്തിൽ നാം കാണുന്നത്.ആരാണ് ഗോപാലകൃഷ്ണന്റ ചെവി മുറിച്ചത്? ഗോപാലകൃഷ്ണൻ സ്വയം മുറിച്ചതാണോ ചെവി, അതോ ജോസഫ് മുറിച്ചതോ?ഈ ഒരു ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ കഥാകൃത്ത് തയ്യാറാകുന്നില്ല.എന്നാൽ വിൻസെന്റ് വാൻഗോഗിനെ പറ്റി കുറിച്ച പിൻകുറിപ്പ് കഥയുടെ  ആസ്വാദനത്തെ സാരമായി ബാധിക്കുന്നുമുണ്ട്.യഥാർത്ഥത്തിൽ എല്ലാം ഗോപാലകൃഷ്ണന്റ തോന്നലുകളാണോ?ജോസഫ് കെല്ലാൻ ശ്രമിക്കുന്നത് ജോസഫിനെ തന്നെയാണോ?ജീവിതത്തിലെ അരക്ഷിതാവസ്ഥ, ചുറ്റിലും ജീവിതം സമാധാനപ്പെടുമ്പോൾ താൻ മാത്രമെന്തേ ഇങ്ങനെ എന്ന തോന്നലാൽ ഉളളിൽ ഉടലെടുക്കുന്ന നിരാശ അയാളെ മാനസികമായി തകർത്തതായിരിക്കുമോ?                       ജോസഫിനെ ഗോപാലകൃഷ്ണനിലെ തന്നെ അപരനായി കാണാനാവും.ഗോപാലകൃഷ്ണൻ ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കുന്ന ഒരു വ്യക്തി. വലിയ പിരിമുറുക്കമേതുമില്ലാത്ത, വായിക്കുകയും അൽപം മദ്യപിക്കുകയും മറ്റും ചെയ്ത് ജീവിതം ആസ്വദിക്കുന്ന ജോസഫ്-അത്തരമൊരു ജീവിതം ഗോപാലകൃഷ്ണന്റെ മനസ്സിലുണ്ടാകും. ആ ജീവിതത്തിലെത്താൻ കഴിയാത്ത ഒരാളുടെ ആന്തരിക സംഘർഷങ്ങളായി ഈ കഥയെ വായിച്ചെടുക്കാം.അവനവനോട് മത്സരിക്കാനാവാത്ത,സ്വന്തം ശബ്ദത്തോടുപോലും എതിരിടാനാവാത്ത ഒരാളുടെ പരാജയമായും ഈ കഥയെ വായിക്കാം. അങ്ങനെ വരുമ്പോൾ അവനവനിലെ അപരനോട് തോൽക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് കത്തി എന്ന് പറയാനാവും.നിരവധി ഇടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കഥ  തുറന്നിടുന്നുണ്ടെങ്കിലും അടിക്കുറിപ്പ് അതിനെല്ലാം വിരാമമിടുന്നു.

No comments:

Post a Comment