Friday 5 May 2017

മൃത്യുഞ്ജയൻ

പുരാണേതിഹാസങ്ങൾ ഏതു കാലത്തും സർഗ്ഗപ്രതിഭകൾക്ക് പ്രചോദനമായിട്ടുണ്ട്.അവയെ അവലംബമാക്കി നിരവധി സാഹിത്യരൂപങ്ങൾ എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്.ഭാരതീയ പുരാണേതിഹാസങ്ങളായ രാമായണ-മഹാഭാരതാദികളുടെ കാര്യത്തിലും ഈ രീതി ഭിന്നമല്ല.ഒട്ടനവധി കൃതികളിലൂടെയും പഠനങ്ങളിലൂടെയും മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങും നമുക്കു മുമ്പിൽ എത്തിയിരിക്കുന്നു. പലതും അവിസ്മരണീയമായ രചനകൾ തന്നെയാണ്.മലയാളത്തിൽ തന്നെ ശ്രദ്ധേയമായ എത്രയോ കൃതികൾ വന്നിരിക്കുന്നു.അതിൽ തന്നെ പി.കെ.ബാലകൃഷ്ണന്റെ  "ഇനി ഞാനുറങ്ങട്ടെ" കർണന്റെ സമ്പൂർണകഥയെ അനാവരണം ചെയ്യുന്നതോടൊപ്പം സമാന്തരമായി ദ്രൗപതിയെയും വരയ്ക്കുന്നു. ദ്രൗപതിയെ വരയ്ക്കുന്ന ചായങ്ങളിൽ നിന്നും കർണനിലേക്കുള്ള ചില വർണ്ണങ്ങളുടെ ഒഴുക്ക്,കടലിലേക്കുള്ള പുഴയൊഴുക്കിന് സമാനമാണ്.

കൗരവപക്ഷത്തിൽ ഉണ്ടായിരുന്നിട്ടും അനാവൃതമാകാതെ പോകുന്ന ന്യായങ്ങളുടെയും ധർമത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രകാശമാണ് കർണനിലൂടെ ശിവാജി സാവന്ത് മൃത്യുഞ്ജയെന്ന മറാഠി നോവലിൽ വരച്ചു വെക്കുന്നത്.കർണന്റെ എഴുപതു വർഷത്തെ സംഭവബഹുലമായ ജീവിതത്തിലൂടെ മഹാഭാരതകഥ അനാവരണം ചെയ്യുകയാണ് ഈ നോവൽ. മഹാഭാരതകഥയെ കഥാപാത്രത്തിന്റെ പ്രായവുമായി തുലനം ചെയ്തു കൊണ്ട് എഴുതപ്പെട്ട അപൂർവ്വം കൃതികളിൽ ഒന്നായിരിക്കും ഈ നോവൽ.ഒരു ഇതിഹാസപുരുഷന്റെ ജീവിതാനുഭവങ്ങളിലൂടെ നടത്തുന്ന ഈ അന്വേഷണത്തിന് നിരവധി വിവർത്തനങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. ഡോ.പി.കെ.ചന്ദ്രനും, ഡോ.ടി.ആർ.ജയശ്രീയും ചേർന്ന് ഈ കൃതിയെ കർണനെന്ന പേരിൽ മനോഹരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു.


 കർണൻ, കുന്തി,വൃഷാലി, ദുരോധനൻ, ശ്രോണർ, ശ്രീകൃഷ്ണൻ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ ഒൻപത് അദ്ധ്യായങ്ങളിലായാണ് ഈ നോവൽ വികസിക്കുന്നത്.

അർജ്ജുനനേക്കാൾ വലിയ യോദ്ധാവ്,ധർമപുത്രരെക്കാൾ ധർമിഷ്ടൻ, സ്നേഹ സൗഹൃദങ്ങൾക്ക് പ്രാണനേക്കാൾ വിലനൽകുന്നവൻ.എന്നിട്ടും ഘോരമായ അവഗണനയും,തീവ്രമായ തിരസ്കാരവും ഏറ്റുവാങ്ങാൻ വിധിക്കപ്പെടുകയാണ് കർണൻ.അമ്മ,വാക്ക്,കടമ- ഇവ മൂന്നും സർവ്വശ്രേഷ്ഠമെന്നു കരുതുന്ന കർണന്റെ ബലഹീനതയും ഇവ തന്നെയാണ്.അടയ്ക്കപ്പെട്ട ഒരു പെട്ടിയിൽ അശ്വനദിയിലൂടെ സഞ്ചരിച്ച് ഗംഗയിലൂടെ മുന്നൂറ് യോജന പിന്നിട്ട് ചമ്പാനഗരിയിലെത്തി അധിരഥന്റെയും രാധയുടെയും കൈകളിലെത്തുന്നിടത്തുനിന്നും അയാളുടെ ജീവിതത്തിന് മറ്റൊരുമാനം കൈവരുന്നു....ലോകത്തിന്റെ മുന്നിൽ സൂതപുത്രനായി ജീവിക്കേണ്ടി വരുന്നതിനെ മറികടക്കാനാണ് അയാൾ വില്ലാളിയും,രാജാവും, അജയനമാകുന്നത്.


 അനുജൻ ശ്രോണനോടൊപ്പം ചമ്പാനഗരി വിടുന്ന കർണന് നേരിടേണ്ടി വരുന്ന് ഘോരമായ അവഗണനയാണ്.ഈ അവഗണന തന്നെയാണ് അയാളെ പാകപ്പെടുത്തിയെടുക്കുന്നത്. രാജകുമാരന്മാരോടൊപ്പം അസ്ത്രവിദ്യ പഠിക്കാൻ അവസരം കിട്ടിയ കർണനെ കാത്തിരുന്നത് ദ്രോണരുടെ ജാതിയിൽ താഴ്ന്നവനെന്ന അവജ്ഞ... (നിറവും ജാതിയും മതവും തന്നെയാണ് ഇന്നും സമൂഹത്തെ ഭരിക്കുന്നത്. അതിനൊരു അറുതി വരണമെങ്കിൽ ദ്രോണരുടെ കീഴിലുള്ള ശിക്ഷണമാണ് സമൂഹം ഉപേക്ഷിക്കേണ്ടത്.) ഗുരുവിൽ നിന്നും ആരംഭിച്ച് മരണംവരെ നിരന്തരം വേട്ടയാടപ്പെടുന്നുണ്ട് കർണൻ.രാജഗുണങ്ങളിൽ ഏറെ മുന്നിലായിരുന്നിട്ടും പക്ഷപാതങ്ങളുടെ പെരുമ്പറയിൽ അവയെല്ലാം മുങ്ങി പോകുന്നു.

 മൗനങ്ങളിലൂടെയാണെങ്കിലും അംഗീകാരങ്ങൾ നൽകുന്ന ഭീഷ്മപിതാമഹൻ, ശത്രുവിന്റെ തേരാളിയായ ശ്രീകൃഷ്ണൻ, ഉത്തമ സുഹൃത്തായ ദുരോധനൻ, വസുവേട്ടാ  എന്നു വിളിച്ച് കൂടെ നിൽക്കുന്ന ശോണൻ, ഗുരു പുത്രനായ അശ്വത്ഥാമാവ്, പ്രിയപത്നി വൃഷാലി അങ്ങിനെ വളരെ ചുരുക്കംപേർ മാത്രം കർണനെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കൊന്നും മനസ്സിലാക്കാൻ കഴിയാത്ത ആത്മസംഘർഷങ്ങളുടെ ഒരഗ്നിപർവ്വതമായി അയാൾ മാറിയിരുന്നു.ശ്രീകൃഷ്ണനോ, കുന്തിക്കോ, ഭീഷ്മപിതാമഹനോ ഒരു വാക്കുകൊണ്ട് വെളിപ്പെടുത്താമായിരുന്ന കർണന്റെ ജന്മസുകൃതം അയാളുടെ മരണംവരെ മറച്ചുവെക്കപ്പെടുന്നു. ആത്മാവിൽ മുറിവേറ്റ തന്നെ ഉയർത്തിയെടുത്ത ദുരോധനോടൊപ്പം നിന്ന് സ്വന്തം സഹോദരങ്ങൾക്കുനേരെ യുദ്ധം ചെയ്യേണ്ടി വരുന്ന കർണന്റെ അവസ്ഥയെ ശിവാജി സാവന്ത് ഇനങ്ങനെ വരച്ചിടുന്നു." അങ്ങയുടെ വിജയത്തിനായി ഞാൻ എന്റെ പ്രാണൻപോലും പണയംവെക്കാം. എന്നെ സാരഥിയിൽ നിന്നും സാമ്രാട്ടാക്കിയ സുഹൃത്തേ സ്നേഹപൂർവ്വം അങ്ങയോടൊത്ത് കഴിഞ്ഞ എന്റെ ഈ ജീവിതം രണാങ്കണത്തിലും താങ്കളോടൊപ്പമേ സാർഥകമാകുകയുള്ളൂ. പൊയ്ക്കൊള്ളൂ, നിദ്രയും വാക്കും ഒരിക്കലും അപൂർണമാകാൻ പാടില്ല''.

അത്യന്തം നൂതനമായ കഥാഖ്യാനരീതിയും ഭാവതലങ്ങളെ തൊട്ടുണർത്തുന്ന വൈകാരിക സംഭവങ്ങളുമായി ഒരു ശില്പിയുടെ കരവിരുത് പ്രകടമാകുന്നുണ്ട്  ഈ നോവലിൽ.. രഥ ചക്രങ്ങളുയർത്തവെ ചതിയുടെ ബാണമേറ്റ് മരണം കാത്തു കിടക്കുമ്പോൾ ഭിക്ഷ തേടിയെത്തുന്ന വൃദ്ധ ബ്രാഹ്മണന് തന്റെ സ്വർണപ്പല്ല് കല്ലുകൊണ്ട് ഇളക്കി നൽകുന്ന കർണൻ, പതിവ്രതയായ പാഞ്ചാലിയോട് ഞാൻ മാപ്പ്  ചോദിച്ചതായി പറയണമെന്ന് ശ്രീകൃഷ്ണനോട്  കർണൻ പറയുന്നതും, വായുജിത്തെന്ന കർണന്റെ കുതിര യജമാനന്റെ ജഡത്തിനരികിൽ വാലിലെ രോമങ്ങളിളക്കി നിൽക്കുന്നതടക്കം നിരവധി മൃദുലസന്ദർഭങ്ങളാൽ മനസ്സിനെ മഥിക്കുന്നുണ്ട് ഈ നോവൽ. രഹസ്യമായി  കുന്തിമാതാവിനെ കാണിച്ച ശേഷം കുന്നിൻമുകളിൽ കരിങ്കലുകൾ മാത്രം നിറഞ്ഞ ഇടത്ത് കർണന് ചിതയൊരുക്കുന്നു.കത്തുന്ന ചിതയിൽ പ്രിയഭാര്യ വൃഷാലി ആത്മാർപ്പണം ചെയ്യുന്നു. വായുജിത്തിനൊപ്പം  കുന്നിറങ്ങുന്ന കൃഷ്ണൻ പറയുകയാണ് "ചിതയുടെ നാളങ്ങൾ കണ്ട് കുന്ന് ഓടിക്കയറുമാൻ തുടങ്ങിയിരുന്നു.ഞാൻ വ്യക്തമായി കണ്ടു .ആളിക്കത്തുന്ന പന്തങ്ങൾ അഞ്ചെണ്ണമുണ്ട്.അത് പാണ്ഡവർ തന്നെയാണ്. പക്ഷേ വൈകിപ്പോയി, വളരെ വൈകിപ്പോയി ".

ഇത്രയും മനോഹരമായി ഒരു രചന അവസാനിക്കുന്നത് അപൂർവ്വമാണ്.ഒറ്റപ്പെട്ടവന്റെ കരളുറപ്പിന്റെ കഥ മൃത്യുവിനെ കടന്നു പോകുന്ന ജീവിതം...ഒറ്റപ്പെട്ടുപോകുന്നവർക്ക് വന്നു ചേരാനുള്ള ഒരു തുരുത്താണ് ഈ നോവൽ.വായനക്കവസാനം കണ്ണുനിറഞ്ഞാൽ അത്ഭുതപ്പെടാനില്ല.

No comments:

Post a Comment