Tuesday 16 May 2017

സമൂഹപാതകം

തികഞ്ഞ പുരുഷബോധങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ഒരു സമൂഹത്തെ തിരിച്ചു കൊണ്ടുവരിക എന്നത് ഏറെ പ്രയാസമുള്ള ഒരു കാര്യമാണ്. എത്ര തന്നെ പുരോഗമനം പറയുന്ന ഒരാളിലും ആണിന്റെ, ആണധികാരത്തിന്റെ, ആൺബോധത്തിന്റെ പൊടിപ്പുകൾ വെണ്ണീറുവീണു മൂടപ്പെട്ട കനലായി നിലകൊള്ളും. ഒരു ചെറു കാറ്റിനാൽ ആ കനലിനെ ഒരഗ്നിയായി വീണ്ടെടുക്കാനാകും.ഇതൊരു അപകടകരമായ അവസ്ഥയാണ്.ഈ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.പുരുഷാധിപത്യം സ്ത്രീയെ ഒരു ഉപകരണമായാണ് കാണുന്നത്.സെക്സിനും, വീട്ടുജോലികൾക്കും, കുട്ടികളെ ഉത്പാദിപ്പിക്കാനുമുള്ള ഒരു ഉപകരണം.അതിനപ്പുറം സ്ത്രീ ആരുമല്ലാതെയാകുന്നു, ഒന്നുമല്ലാതാകുന്നു.ഒരു പെൺകുട്ടി ജനിക്കുന്ന നാൾ തൊട്ട് അവളെ പറഞ്ഞു പഠിപ്പിക്കുന്ന കാര്യങ്ങൾക്ക് ഇന്നും യാതൊരു മാറ്റവുമില്ല. ഇവിടെ സ്ത്രീയൊരു product മാത്രമാകുന്നു. വാർപ്പു മാതൃകകളെ പിൻപറ്റുന്ന സ്ത്രീ, സമൂഹത്തിന്റെ ഇച്ഛകൾക്കനുസരിച്ച് നിൽക്കുന്ന സ്ത്രീ,ഇവരെല്ലാം വിവാഹകമ്പോളത്തിൽ ഏറ്റവും മാർക്കറ്റുള്ള എെെറ്റമാകുന്നു.ഇതിന്റെ തുടർച്ചകൾ.ഒരറപ്പുമില്ലാതെ അതിനെ പിൻപറ്റുന്ന ഒരു സമൂഹം.ഒപ്പം ആചാരങ്ങളും വിശ്വാസങ്ങളുടെയും അയുക്തിതികമായ, അസ്വസ്ഥപ്പെടുത്തുന്ന ഗന്ധങ്ങളും.അപ്പോൾ കുറച്ച് ശുദ്ധവായു കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

പുരുഷാധിപത്യം സ്ത്രീയെ ഒരു ഉപകരണമായാണ് കാണുന്നത് എന്നത്, പഴകിയ ധാരണയല്ലേ എന്നു തോന്നുമെങ്കിലും ഇന്നും മഹാ-ഭൂരിഭാഗവും ഇങ്ങനെ തന്നെയാണ് കരുതുന്നതും സ്ത്രീയോട് പെരുമാറുന്നതും.ഞാൻ ഭാര്യയെ വീട്ടിൽ സഹായിക്കാറുണ്ടെന്ന് ഉച്ചത്തിൽ സൈബർ പോസ്റ്റിടുന്ന എത്രപേർ ,സ്ത്രൈണതയുടെ സ്ഥിരരൂപമായ വീട്ടുജോലികൾ ഒരു ദൈനംദിന സാഹചര്യത്തിൽ ഏറ്റെടുക്കും? ഇത് ,ഒന്നോ രണ്ടോ ദിവസത്തിൽ ചെയ്യേണ്ടതും; അത് മഹാസംഭവമായി കൊണ്ടാടപെടേണ്ടതുമല്ല.പുരുഷബോധത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾക്ക് തുടക്കം കുറിക്കേണ്ടത് വീട്ടിൽ നിന്നാണ്.ആൺമക്കൾ ചൂലുതൊട്ട് പഠിക്കട്ടെ, അതിൽ ഒരമ്മയ്ക്കും വിഷമം തോന്നേണ്ട കാര്യമില്ല. വീട്ടുജോലികൾ ആണിനും പെണ്ണിനും എന്ന് കാറ്റഗറി ചെയ്യുന്നതിലെ അപകടസാധതകളെ ആദ്യം മനസ്സിലാക്കേണ്ടതും അമ്മമാരാണ്.പെൺക്കുട്ടികൾ വളരട്ടെ വിലക്കുകളുടെ ചങ്ങല കളങ്ങളിൽ അവരെ കെട്ടിയിടാതിരുന്നാൽ മതി. വീടും - കലാലയവും ഇത്തരത്തിൽ ആൺ-പെൺ ബോധങ്ങളെ കുഞ്ഞിലേ തച്ചുടച്ചാൽ, പുരുഷ കാഴ്ച്ചകളുടെ ആധിപത്യസഞ്ചാരങ്ങളെ നമുക്ക് തടഞ്ഞ് നിർത്താനാകും. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗികമായ വിദ്യാഭ്യാസം.നമ്മുടെ സമൂഹത്തിൽ അതിന്റെ കുറവ് പ്രകടമാണ്.
     

അമലിന്റെ "പാതകം വാഴക്കൊലപാതകം" എന്ന കഥ ഇത്തരം ചിന്തകളെ ,അതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മോട് സംസാരിക്കുന്നുണ്ട്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമപ്പെട്ട ഒരാളുടെ പ്രവൃത്തിയിലൂടെ പത്മനാഭക്കുകുറുപ്പിനുണ്ടാകുന്ന പ്രശ്നങ്ങളെ പ്രശ്നവത്ക്കരിക്കുകയാണ് ഈ കഥ.ആ പ്രശ്നങ്ങളാകട്ടെ സാമൂഹികാപചയത്തിന്റെ നേർക്കാഴ്ച്ചകളാകുന്നു. കഥയുടെ തുടക്കത്തിൽ,പത്മനാഭൻ പറഞ്ഞതത്രയും കേട്ട് വിറക്കുന്ന തന്റെ ശരീരത്തെ അടുത്തു നിൽക്കുന്ന തെങ്ങിലേക്ക് ചാരി നിർത്തിയ റൊസാരിയോയെപോലെ  കഥ വായിച്ചു കഴിയുന്നൊരാൾ ഒരു താങ്ങ് അന്വേഷിച്ചാൽ അത്ഭുതപ്പെടാനില്ല... മൂന്നു മക്കളെയും കെട്ടിച്ചയച്ച പത്മനാഭക്കുറിപ്പ് തന്റെ കയ്യിൽ അവശേഷിക്കുന്ന, ഭഗവതി നടയുടെ പിറകിൽ ഇടിഞ്ഞുവീണ മതിലിനോട് ചേർന്നു കിടക്കുന്ന ഒരേക്കർ ഭൂമിയിൽ വാഴ കൃഷി ചെയ്യുന്നു. ഈ ഒരേക്കർ വാഴതോപ്പ് തന്റെ പേരിൽ എഴുതി തരണമെന്ന് ഇളയമകൾ അച്ഛനോട് പറയുന്നുണ്ട്... സ്വന്തം പെൺമക്കളെ എന്നപോലെ വാഴകളെ നോക്കുന്ന പത്മനാഭൻ അതിനു കഴിയുന്നില്ല.പത്മനാഭന്റെ പ്രവൃത്തികളിൽ അദ്ദേഹത്തിന്റെ ഭാര്യ കനകപ്രഭ ഒട്ടും തൃപ്തയല്ല.പത്മനാഭൻ കൊള്ളാവുന്നൊരു മെയിൽ ഷോവനിസ്റ്റാണെന്നതിനുള്ള മതിയായ തെളിവുകൾ കഥയിൽ തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട്.എന്നിരുന്നാലും സ്ത്രീ സുരക്ഷയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അയാൾ വ്യാകുലപെടുന്നുണ്ട്. അതുകൊണ്ടാണ് സെയിദിന്റെ മകൾക്ക് വയ്യെന്നും ഒന്നു രണ്ടു തവണ ശർദ്ദിച്ചെന്നും പറഞ്ഞപ്പോൾ ഉടനെ ഡോക്ടറെ കാണിക്കാൻ പറയുന്നത്.വായിച്ചറിയുന്ന വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പീഢനമെന്ന വാക്കിന്റെ ഊക്കൻ പ്രഹരത്താൽ വിങ്ങുന്ന ഹൃദയവും താണ്ടി നടക്കുകയാണയാൾ.എന്നാൽ അയാളുടെ വാഴകളിൽ ചിലത് വാടി തുടങ്ങിയും അവയുടെ തണ്ടുകൾ തുരക്കപ്പെട്ട നിലയിൽ കാണുകയും ചെയ്തപ്പോൾ ആരെങ്കിലും ശത്രുതയ്ക്ക് ചെയ്തതാകും എന്നാണ് അയാൾ കരുതുന്നത്.സത്യം സർപ്പത്തെ കണക്കേ അയാളെ ആഞ്ഞു കൊത്തുന്ന വേളയിൽ അപകർഷതാബോധത്തിന്റെയും പകയുടെയും ആൾരൂപമായി അയാൾ മാറുന്നു. വീണ്ടും വീണ്ടും അപമാനിക്കപ്പെട്ട വാഴകളെ നോക്കി അരിശം പൂണ്ട് അവയെ എല്ലാം വെട്ടിനിരത്തുകയും ചെയ്യുന്നു. ഒരിക്കലും പിടിക്കപ്പെടാത്ത,വാഴകൾ തുരന്ന് ലൈംഗികതയിലേർപ്പെടുന്ന ആൾ വ്യക്തിയല്ല. അതൊരു സമൂഹമാണ്. ആസക്തിയുടെ ലോകത്തേക്ക് അവനെ തള്ളിവിട്ട ഞാനും നിങ്ങളുമടങ്ങുന്ന ഒരു സമൂഹം.ആ സമൂഹ കാഴ്ച്ചയുടെ ചിത്രമാണ് പാതകം വാഴക്കൊലപാതകം എന്ന കഥ. അമലൊരു ചിത്രക്കാരനാണെന്നതിന്റെ മികവ് അയാളുടെ വാക്കുകളിൽ പ്രകടമാണ്. അക്ഷരങ്ങൾ കൂട്ടിവായിക്കുമ്പോൾ മുതൽ ഒരു സിനിമ കാണുന്ന പ്രതീതി ജനിപ്പിക്കാൻ അമലിന് കഴിയുന്നുണ്ട്.

വാഴകളിൽ ലൈംഗികാസക്തി തീർക്കുന്നവനും, പെൺകുഞ്ഞുങ്ങളെ ലാളിക്കുന്നതിൽ അസ്വഭാവികമായതെല്ലാം കാണാനാവുന്ന, പെൺകുട്ടികളുടെ മൂത്രപ്പുരയിൽ ഒളിഞ്ഞു നോക്കിയതിന് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട നകുലനുമെല്ലാം ചികിത്സ ആവശ്യമുള്ള മാനസ്സിക രോഗികളാണ്. ലൈംഗികതയെക്കുറിച്ച് അറിവില്ലാത്തതും പുരുഷ ബോധവുമാണ് അവരുടെ പ്രശ്നമെങ്കിൽ, വികസനത്തിന്റെ പേരിൽ കൃഷിയെ കൊല്ലുന്ന എന്തിലും ലാഭം മാത്രം കാണുന്ന പുതുതലമുറയുടെ കമ്പോളബോധമാണ് ഇളയമകളിലും അവളുടെ ഭർത്താവിലും ഉള്ളത്. ആ ബോധത്തെ താലോലിക്കുന്ന കനകപ്രഭയുടെ മാനസ്സികാവസ്ഥയും ശരിയാണെന്ന് തോന്നുന്നില്ല.  ഇത്തരത്തിൽ വായിക്കുമ്പോൾ മനസ്സിന്റെ താളം തെറ്റിയ ഒരു സമൂഹം നടത്തുന്ന പാതകത്തിന്റെ, കൊലപാതകത്തിന്റെ കഥയാണ് "പാതകം വാഴക്കൊലപാതകം".

6 comments:

  1. ലൈംഗികാസക്തി കൂടാതെ വലിയ അധിനിവേശങ്ങൾ മൂന്നാം ലോകത്തിലേക്കും സാധാരണജീവിതത്തിലേക്കും പടരുമ്പോൾ തന്റേതായ എല്ലാം നശിപ്പിക്കുക എന്നതിനപ്പുറം ബാക്കിയൊന്നുമില്ലാതാവുന്നു എന്ന സത്യം കൂടിയുണ്ട്

    ReplyDelete