Sunday 7 May 2017

കാലത്തോട് ശ്രീരാമകഥയെക്കെന്താണ് ബോധിപ്പിക്കാനുള്ളത്?

" കാലത്തോട് ശ്രീരാമകഥയെക്കെന്താണ്
ബോധിപ്പിക്കാനുള്ളത്?
ഈ വഴിയേ പോരിക എന്നോ
വഴി മാറി നടക്കുക എന്നോ?"
              ( ഹരിതരാമായണം -വി.ടി.ജയദേവൻ)
കാലത്തോട് ശ്രീരാമകഥയെക്കെന്താണ് ബോധിപ്പിക്കാനുള്ളതെന്ന് ഹരിതരാമായണത്തിൽ  ജയദേവൻ ചോദിക്കുന്നു. സങ്കീർണമായ ഈ ചോദ്യത്തിനുത്തരം തേടിയുള്ള യാത്രകളല്ലേ ഓരോ രാമകഥയും? ആ രാമകഥകളിലെല്ലാം അധികാരത്തിന്റെ അനേകം രൂപങ്ങളെ സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു.രാമായണത്തിന്റെ വശീകരണത്തിനും അതിന്റെ കാലികതയ്ക്കും കാരണം ഈ അധികാരം തന്നെയാണ്.

ഹരിതരാമായണത്തിന്റെ തുടർച്ചയായെത്തുന്ന വനാന്തരം, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിലേക്കുള്ള യാത്രയാണ്.സീതയെ പ്രകൃതിയായും, രാമനെ നാഗരികനായും, രാവണനെ പ്രാചീനനായുമാണ് വനാന്തരം ചിത്രീകരിക്കുന്നത്. സി.എൻ.ശ്രീകണ്ഠൻ നായരുടെ കാഞ്ചനസീതയ്ക്കൊരുക്കിയ ചലച്ചിത്രഭാഷയിലും സീതയെ  പ്രകൃതിയായാണ് അരവിന്ദൻ കാണുന്നത്...ഇത്തരം സാധ്യതകൾ രാമായണത്തിൽ തന്നെ ഒളിഞ്ഞു കിടക്കുന്നുമുണ്ട്.ആ സാധ്യതകളെ മുന്നോട്ടു കൊണ്ടുവരികയാണ് രാമായണത്തിന്റെ പുനരാഖ്യാനമായ വനാന്തരത്തിൽ.

അംഗഭംഗമാർന്ന ശരീരത്തിൽ നിന്നും പ്രാണൻ വേർപ്പെടുത്താനെത്തുന്ന അമ്പിൻ മുന കൊള്ളും മുമ്പേ രാമന്റെ കണ്ണിൽ നോക്കി ചിരിച്ചോർമ്മിപ്പിക്കുകയാണ് രാവണൻ.
" ശ്രീരാമാ,ദൈവാശ്രയാൽ
സാധ്യം ശത്രുസംഹാരം,
സാധ്യമോ നിനക്കിനി
സീതയിൽ അധികാരം!"
പ്രാചീനനായ രാവണന്റെ ഗോത്രജയായ സീതയ്ക്കും നാഗരികനായ രാമനുമിടയിൽ അധികാരം ലക്ഷ്മണരേഖ വരയ്ക്കുന്നു. ആ രേഖ മറികടന്ന് സീതയിലെത്താൻ രാമന് കഴിയുന്നില്ല.രാവണന്റെ ചോദ്യം സത്യമാവുകയും,
രാവണനേക്കാൾ വലിയ പരാജയം നേരിടേണ്ടിവരുന്ന രാമനാണ് കഥാന്ത്യത്തിൽ . ആരണ്യസന്ദേശം സ്നേഹത്തിന്റെയാണ് ,നാഗരികന്റേത് അധികാരത്തിന്റെയും ഹിംസയുടെയുടേതുമാണ്.ഇവ തമ്മിലെങ്ങനെ പൊരുത്തപ്പെടും?നാഗരികത ശക്തിപ്രാപിക്കുമ്പോൾ പ്രകൃതിനശിപ്പിക്കപ്പെടും.യുദ്ധം ക്ഷത്രീയന്റെ കടമയായി കാണുന്ന സമൂഹത്തിൽ സ്നേഹത്തിന് എന്ത് പ്രസക്തി?
യുദ്ധാന്തരം സീതയെ ഉപേക്ഷിക്കാൻ ഒരുങ്ങുന്ന രാമന്റെയും അതിന് ചുമതലപ്പെടുന്ന ലക്ഷ്മണന്റെയും ആന്തരസംഘർഷങ്ങൾ ഭംഗിയായി വരച്ചിടുന്നുണ്ട് വനാന്തരത്തിൽ.സീതയെ വനത്തിലുപേക്ഷിച്ച് കൊട്ടാരത്തിലേക്കു മടങ്ങുന്ന സൗമിത്രിയെ ആശ്വസിപ്പിക്കുന്ന ജാനകി- ലക്ഷ്മണനെന്നപോലെ നമുക്കുണ്ടാകുന്ന ആശ്വാസം ചെറുതല്ല.

" സാധിക്കും ഖലന്മാർക്കേതു
പൂവിനേയുമിറുക്കുവാൻ
അസാധ്യം പൂവിൽ നിന്നും
സുഗന്ധത്തെയെടുക്കാൻ "സീതയ്ക്കു മുന്നിൽ വരുന്ന രാവണനോട് സീത പറയുന്നതാണീ വരികൾ. സീത വെറും ശരീരമല്ലെന്ന് ഇവിടെ ഓർമ്മിപ്പിക്കുന്നുണ്ട്.ഇതു മനസ്സിലാക്കി തന്നെയാകണം രാവണൻ മറുപടി പറയുന്നതും ആ മറുപടിയിൽ സീത പ്രകൃതിയാണെന്ന് ഓർമ്മപ്പെടുത്തുന്നതും.പ്രകൃതിയിലേക്കുള്ള കവിയുടെ യാത്രയാണീ കവിത.

No comments:

Post a Comment